Menu
കവിതകള്‍
Loading...

റിസ : ഏഴാം ഭാഗം

മക്കാവിലുള്ള മുഹമ്മദും തൃത്താലാക്കാരൻ മുഹമ്മദ് കുട്ടിയും ചേർന്നാണ് അൽ ഹറം ഗ്രാമത്തിലുള്ള ജാഫർ മൻസിൽ എന്ന അറബി ബംഗ്ലാവ് ഭരിച്ചിരുന്നത്. മുഹമ്മദിന്റെ അളിയൻ കാദറും, മുഹമ്മദ് കുട്ടിയുടെ എളാപ്പ മുഹമ്മദാലിയും കൂടാതെ കുറെ ബംഗാളികളും ഗുജറാത്തികളുമെല്ലാം ജാഫർ മൻസിലിലെ തോട്ടത്തിലും ജോലി നോക്കുന്നു.

ഹറത്തിലെ അറബി, മലയാളികൾക്കിടയിൽ മാത്രമല്ല ബർക്കമുതൽ അങ്ങ് റൂവി, മസ്ക്കറ്റ് മത്രയിടങ്ങളിൽ പോലും ജാഫർ മൻസിൽ പ്രസിദ്ധപ്പെട്ടിരുന്നു. 

വിശാലമായ തോട്ടത്തിന്റെ നടുവിലുള്ള ആ ബംഗ്ലാവിലേക്ക് സാധാരണക്കാർക്കൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല. വിശാലമായ സ്ഥലമായതിനാൽ വഴിയാത്രക്കാർക്കായി തോട്ടത്തിന് നടുവിലൂടെ വഴി അനുവദിച്ചു കൊടുത്തിരുന്നെങ്കിലും അധികമാരും ആ വഴിയിലൂടെ സഞ്ചരിച്ചിരുന്നില്ല. മുഹമ്മദിന്റെയും മുഹമ്മദ് കുട്ടിയുടേയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വല്ലപ്പോഴും വരാറുള്ളത്. മുഹമ്മദിന്റെ ബന്ധുവായത് കൊണ്ട് എനിക്ക് എപ്പോഴും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ജാഫർ മൻസിലിന്റെ ഉടമയായ അർബാബ് ജാഫർ ഹിന്ദി സംസാരിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ പിൻതലമുറക്കാരനായിരുന്നു. അയാളുടെ മാനേജർ ആവട്ടെ ഒരു ബലൂചിയും. ഒമാനിൽ വിതരണം ചെയ്യപ്പെടുന്ന ചില മുന്തിയ തരം അരി, പാൽപ്പൊടി, തേയില,  തുടങ്ങിയയുടെ ഷിപ്പിംഗ് ഏജൻസിയും മറ്റെന്തൊക്കെയോ ബിസിനസ്സും ഒക്കെയായിരുന്നു.

ഇന്ത്യയിൽ നിന്നും കുടിയേറിയ ഗുജറാത്തികളും ബലൂചിസ്ഥാനിൽ നിന്നെത്തിയ ബലൂചികളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 
താൻസാനിയക്കാരും ഇറാനിൽ നിന്നുള്ള പാഴ്‌സികളും ഒക്കെക്കൂടി വൈവിധ്യമാർന്നതാണ്‌ ഒമാനിലെ ജനപദങ്ങൾ. അതിൽ ബലൂചിസ്ഥാനിൽ നിന്നെത്തിയവരാണ് കുടിയേറ്റ ജനസംഖ്യയിൽ മുന്നിലുള്ളത്. അവർ സൈനികരും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഭരണരംഗത്തെ  ഉന്നതസ്ഥാനീയരും ഒക്കെയായി.

വള്ളിച്ചാതി എന്നാണ് മുഹമ്മദും മുഹമ്മദ് കുട്ടിയും കാദറുമെല്ലാം മാനേജരായ ബലൂചിയെ വിളിച്ചുപോന്നിരുന്നത്. വള്ളിച്ചാതിയാണ് ജാഫർ അർബാബിന്റെ ബിസിനസ്സും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത്. കൂടാതെ മുഹമ്മദ് എന്ന ഒരു ഒമാനി ഡ്രൈവറും സദാ കൂടെയുണ്ടാകും. പ്രായമായ ജാഫർ അർബാബിന് ഭാര്യയും കുട്ടികളും ഉണ്ടായിരുന്നില്ല. മത്ര എന്ന തലസ്ഥാന നഗരിയിലായിരുന്നു സ്ഥിരവാസം. വ്യാഴം വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഹറത്തിലെ ബംഗ്ലാവിലേക്ക് സുഖവാസത്തിനെത്തുന്നത്. ആ ദിവസങ്ങളിൽ ബംഗ്ലാവിന്റെ അടുക്കളയിൽ നിന്നും പുറത്തുകടക്കാൻ മുഹമ്മദിനും മുഹമ്മദ് കുട്ടിക്കും സമയം കിട്ടാറില്ല. ബാക്കിയുള്ള ദിവസങ്ങളിൽ ഊണും ഉറക്കവുമായി അവർ ആഘോഷിക്കും. ഹറത്തിലെ ഓരോ മലയാളിയും അതുകണ്ട് അസൂയയോടെ നെടുവീർപ്പിടുന്നു.

രണ്ടുമൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം ഇനി ഏതുസമയത്തും അർബാബിന്റെ വിളിയെത്താമെന്ന് ഉള്ളിൽ നിന്നാരോ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ ആരും കാണാതെ ജാഫർ മൻസിലിലേക്ക് വച്ചടിച്ചു. മുല്ലവള്ളികൾ പൂത്തുവിരിഞ്ഞ വഴിത്താരയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ നീണ്ട ഒരിടവേളയ്ക്ക് ശേഷം നാട്ടിലെത്തിപ്പെട്ട ഒരു ആഹ്ലാദവും സന്തോഷവും അനുഭവിച്ചു. പൊതുജന സമ്പർക്കം പൊതുവെ കുറവായതുകൊണ്ട് മുഹമ്മദ് കുട്ടിയും മുഹമ്മദും കാദരുമെല്ലാം എന്നെ സസന്തോഷം എതിരേറ്റു.

എന്നെ സംബന്ധിച്ചിടത്തോളം ജാഫർ മൻസിലിലെ നിരവധി അൽഭുതക്കാഴ്ച്ചകളാണ് കാണാൻ കാത്തിരുന്നത്. വെണ്ണക്കല്ലുകൾ പാകിയ രണ്ട് സ്വിമ്മിങ് പൂളുകൾ ഉണ്ടായിരുന്നെങ്കിലും തലയിലെ മുറിവ് കാരണം അവയിൽ നിന്നും വെള്ളം മുക്കിയെടുത്ത് കരയിലിരുന്ന് കുളിക്കാനേ കഴിഞ്ഞുള്ളൂ. മുല്ലവള്ളികളും കടലാസ് പൂക്കൾ ചെടികളും തണലും തണുപ്പുമേകിയ വള്ളിക്കുടിലുകളിൽ ഇരുന്ന് കാറ്റ് കൊണ്ടപ്പോഴെ ക്ഷീണമൊക്ക മാറി. വൈവിധ്യമാർന്ന പനിനീർപ്പൂക്കളുടെ പൂന്തോട്ടമായിരുന്നു മറ്റൊരാകർഷണം. പോരെങ്കിൽ വിവിധതരത്തിലുള്ള ഈന്തപ്പനകളും മാവും പേരയും പപ്പായയുമെല്ലാം നിറഞ്ഞ തോട്ടവും.

ബംഗ്ലാവിന്റെ അകത്തളങ്ങളിലും അപൂർവ്വമായ കാഴ്ച്ചകൾ ഉണ്ടായിരുന്നു.  ആർട്ട് ഗ്യാലറിപോലെ അലങ്കരിച്ച വിശാലമായ ഒരു മുറി നിറയെ അത്യപൂർവ്വമായ സ്റാമ്പുകളുടെ ശേഖരണം. വളരെ അടുക്കോടും ചിട്ടയോടും കൂടി ഏതോ ബഹുമാന്യനായ സന്ദർശകനെ പ്രതീക്ഷിച്ച് ഒരുക്കി വെച്ച നിലയിൽ സംരക്ഷിക്കപ്പെട്ട ഒരമൂല്യ നിധിശേഖരം തന്നെയായിരുന്നു അത്. ഏറെക്കാലമായി അർബാബ്‌ അതിലൊന്നും ശ്രദ്ധിക്കാറില്ലെന്നും വല്ലപ്പോഴും വരുന്ന അതിഥികൾക്ക് വേണ്ടി മാത്രമാണ് ആ മുറി തുറക്കാറുള്ളതെന്നും അവർ പറഞ്ഞു. പോർച്ചുഗീസ് കാലത്തെയും മുഗൾ ഭരണകാലത്തേയുമൊക്കെ ധാരാളം ഇന്ത്യൻ നാണയങ്ങളും സ്റ്റാമ്പുകളും. ലോകരാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന അതിപുരാതനമായ സ്റാമ്പുകളുടെയും നാണയങ്ങളുടെയും യഥാർത്ഥ മൂല്യമൊന്നും തിരിച്ചറിയാതെ മുഹമ്മദും മുഹമ്മദ് കുട്ടിയും അവയെല്ലാം തൂത്തും തുടച്ചും വയ്ക്കുന്നു.

ലോകത്തുള്ള വിശേഷ വസ്തുക്കളാണ് മറ്റൊരു മുറിയിലെ കൗതുകം. വിവിധതരം വാച്ചുകളും ക്ലോക്കുകളും പേനകളും പാത്രങ്ങളും ഗ്രന്ഥങ്ങളും ചരിത്രവസ്തുക്കളും ഉണ്ട്. വെള്ളിയും പവിഴവും ചെമ്പും പിച്ചളയുമെല്ലാം അലമാരയിൽ അഭിപ്രായവിത്യാസങ്ങളില്ലാതെ ഇരിക്കുന്നു. അർബാബിന്റെ സ്വകാര്യ ഡയറിയിൽ എല്ലാറ്റിനും കൃത്യമായ കണക്കും വിശദമായ വിവരണവും കാണുമെന്ന് അൽപ്പം സങ്കടത്തോടെ അവർ സമ്മതിച്ചു.



വിവിധ തരം റോസാപ്പൂക്കളുടെ ചിത്രങ്ങളും അവയുടെ വർഗ്ഗം, ഗുണം, തരം ഒക്കെ വിവരിക്കുന്ന  പുസ്തകങ്ങളും ഒക്കെയായിരുന്നു അടുത്തമുറിയിലെ കാഴ്ച്ചകൾ. എല്ലാം ഒരു നോട്ടം കണ്ടുകഴിഞ്ഞപ്പോൾ  ജാഫർ മാൻസിലിന്റെ ഉടമയായ അർബാബ് ജാഫറിന്റെ ഉള്ളിലെ വലിയ കലാകാരനെ ഞാൻ മനസ്സുകൊണ്ട് നമിച്ചു.

കുറച്ചുകാലം മുമ്പ് അർബാബിന് എന്തോ രോഗം പിടിപെട്ടപ്പോൾ അവിടെയുണ്ടായിരുന്ന ചില പെട്ടികൾ അർബാബ്‌ ജാഫർ രാജ്യത്തിന്റെ ഖജനാവിലേക്ക് സമർപ്പിച്ചുവത്രെ. അതിൽ സ്വർണ്ണനാണയങ്ങളും ഉണ്ടായിരുന്നെന്ന് അവർ വിശ്വസിക്കുന്നു. അത് പറയുമ്പോഴെല്ലാം മുഹമ്മദ് കുട്ടിയുടെ മുഖത്ത് ഒരു ദുഃഖവും നിരാശയും പ്രകടമായിരുന്നു. ആ നിമിഷം വരെ അങ്ങിനെയൊരു നിധിശേഖരം അവിടെ സൂക്ഷിച്ചിരിക്കുന്ന കാര്യം അവർക്ക് അറിവുണ്ടായിരുന്നില്ലത്രെ. അധികം താമസിയാതെ  ഇക്കാണുന്നതെല്ലാം ഗവർമന്റിലേക്ക്‌ കൊടുക്കുമെന്നും അപ്പോൾ തങ്ങളുടെ ജോലി ഇതിലും എളുപ്പമാകും എന്നുമാണ് ഇപ്പോഴത്തെ അവരുടെ പ്രതീക്ഷ.

ചിലപ്പോൾ ഇത്തരം പ്രതീക്ഷകൾ തന്നെയാവാം പ്രവാസജീവിതത്തിന്റെ ആവർത്തന വിരസതയിൽ നിന്നും ഓരോ പ്രവാസിയേയും മരുഭൂമിയിൽ തന്നെ പിടിച്ചു നിർത്തുന്നത്.

പിൽക്കാലത്തും അർബാബ്‌ ജാഫർ രോഗബാധിതനായി. അത്യാസന്നനിലയിൽ കുറേയധികം ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് ജീവിതത്തിലേക്ക്  തിരിച്ചു വന്നത്. അതിനു ശേഷം അർബാബിന്  മുഹമ്മദിനോടും മുഹമ്മദ് കുട്ടിയോടും പതിവിലും കൂടുതൽ അടുപ്പവും സ്നേഹവും തുടങ്ങി. രാത്രിയിൽ ഉറങ്ങുന്നേരം തന്റെ ഇടത്തും വലത്തും മുഹമ്മദും മുഹമ്മദ് കുട്ടിയും ഉണ്ടാവണമെന്ന്‌ നിർബ്ബന്ധം. മുഹമ്മദിനും മുഹമ്മദ് കുട്ടിക്കും ആദ്യം അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെ സന്തോഷമായി. അവർ ആത്മാർഥതയോടെ അർബാബിനു കൂട്ടുകിടന്നു. ഒരുപക്ഷേ മരിക്കുന്നതിന് മുമ്പ് അർബാബ്‌ ഒരു മരണപത്രം എഴുതി വയ്ക്കുമെന്നും അതിൽ അയാളുടെ ഭാരിച്ച സ്വത്തിൽ നിന്നും ഒരു പങ്ക്‌ തങ്ങളുടെ പേരിൽ മാറ്റിവയ്ക്കുമെന്നും ആ ഉറക്കത്തിൽ അവർ സ്വപ്നം കണ്ടു. 

എന്നാൽ അർബാബ്‌ ജാഫർ അപ്പോഴൊന്നും മരിച്ചില്ല. തന്റെ രണ്ട് മലബാറികളുടെ സ്നേഹസാമീപ്യം ഏറെക്കാലം അയാളെ മരണഭയമില്ലാതെ ഉറക്കി. അയാൾക്ക് പഴയതിനേക്കാൾ ആരോഗ്യം തിരിച്ചുകിട്ടി. ഇടക്കിടെ ജാഫർ മൻസിൽ സന്ദർശിക്കാറുണ്ടായിരുന്ന ഒമാനി ഡ്രൈവറുടെ കുട്ടികൾ അന്ന് മദ്രസ്സയിൽ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലുമൊക്കെ പഠിക്കുകയായിരുന്നു. അവർ വളർന്നു വലുതായി ഉന്നത ബിരുദങ്ങൾ നേടി ഉദ്യോഗസ്ഥരായി മാറി. ആ പത്തിരുപത് വർഷങ്ങൾ അർബാബ്‌ ജാഫർ ആരോഗ്യ ദൃഢഗാത്രനായി ജീവിതത്തിൽ നീണ്ടു നിവർന്നു നടന്നു.  

ഒടുവിൽ മുഹമ്മദിന്റേയും മുഹമ്മദ് കുട്ടിയുടെയും എല്ലാ സ്വപ്നങ്ങളുടെയും മുള നുള്ളിക്കൊണ്ടാണ് അയാൾ കഥാവശേഷനായത്. അയാളുടെ ഭാരിച്ച സമ്പത്തെല്ലാം മാനേജർ വള്ളിച്ചാതിയുടേയും ഒമാനി ഡ്രൈവറുടേയും കൈകളിലായി. അവിടെ ജോലി ചെയ്തിരുന്നവർക്കെല്ലാം അവരവരുടെ കാലപ്പഴക്കം അനുസരിച്ചുള്ള സർവ്വീസ്, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ മാത്രം കിട്ടി.

അതിനെപ്പറ്റിയൊക്കെ സംസാരിക്കുമ്പോൾ മാനേജർ വള്ളിച്ചാതി എല്ലാവരേയും പറ്റിച്ചതായിരിക്കുമെന്ന് പറഞ്ഞു മുഹമ്മദ് കുട്ടി നെടുവീർപ്പിടും. അക്കാലം കൊണ്ട് അയാൾ സാമാന്യം ഭേദപ്പെട്ട ഒരു വീട് വച്ചു. പക്ഷേ അർബാബിന്റെ കൗതുക ശേഖരത്തിൽ നിന്നും ചിലതൊക്കെ തന്റെ വീടിന്റെ സ്വീകരണമുറിയിൽ പ്രദർശിപ്പിക്കണമെന്ന ചിരകാലാഭിലാഷം പൂർത്തീകരിക്കാൻ പറ്റാത്തതിന്റെ നിരാശ കാർമേഘമായി ആ മുഖത്തു നിറഞ്ഞു. തന്റെ അഞ്ച് സഹോദരിമാരെയും നല്ല രീതിയിൽ വിവാഹം കഴിച്ചുവിടാനുള്ള തത്രപ്പാടിൽ വീടൊന്നും ഉണ്ടാക്കാൻ സാധിക്കാതിരുന്ന മുഹമ്മദാവട്ടെ കിട്ടിയത് ലാഭം എന്ന് മാത്രം ആശ്വസിച്ചുകൊണ്ട് നിർവ്വികാരതയോടെ ചിരിച്ചു. എന്നാലും ഇരുവർക്കും ഒരുപോലെ പിടിപെട്ട പ്രഷർ, ഷുഗർ മുതലായവയേക്കുറിച്ച് പറയുമ്പോൾ മരുഭൂമിയിലെ  ജീവിതത്തെ ഒരേ ഈണത്തിൽ പ്രാകിപ്പാടി.

ജാഫർ മൻസിലിലെ ഏതാനും ദിവസത്തെ സുഖവാസത്തിന് ശേഷമാകട്ടെ, അർബാബ്‌ മുഹമ്മദലിയുടെ തോട്ടത്തിലെ വിരസമായ എന്റെ തൊഴിൽ ദിനങ്ങൾ വീണ്ടും ആരംഭിക്കപ്പെട്ടു.


ചിത്രം-ഗൂഗിൾ 
(തുടരും)
Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

15 comments :

  1. .....അങ്ങിനെ ഞാനും ഒരു തീരുമാനമെടുത്തു.'വൈവിധ്യമാർന്നതാണ്‌ ഒമാനിലെ ജനപദങ്ങൾ'വായിക്കാന്‍ തന്നെ...ആദ്യത്തെ കുറച്ചു ഭാഗങ്ങള്‍ വായിക്കാന്‍ വിട്ട ഖേദവും ഒരു 'പൂര്‍വാപര'ബന്ധമിലാത്ത 'സുഖ പ്രദ'വായന നല്‍കുന്നസന്തോഷവും കൂഒടെക്കൂടിയത് കൊണ്ട്, താങ്കളെ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആനന്ദവും കൈ വിടാന്‍ പറ്റില്ല.റസയുടെ 7-ാം ഖണ്ഡം വായിച്ചു തീര്‍ന്നപ്പോള്‍ ഏതൊ മായാജാലത്തത്തില്‍ അകപ്പെട്ട പോലെ.....എല്ലാ ഭാവുകങ്ങളും നേരുന്നു .ഇന്ഷാ അല്ലാഹ് ഞാനുമുണ്ടാകും കൂടെ !

    ReplyDelete
  2. ആദ്യത്തെ വായനക്കാരനായി വന്നതിലും പ്രോത്സാഹനസമമായ ഈ അഭിപ്രായത്തിനും വളരെയധികം സന്തോഷം മാഷേ.. അൽപ്പം മുമ്പേ തമ്മിൽ കണ്ട ഒരു പ്രതീതി...

    ReplyDelete
  3. മധുര മനോഹരമായ പ്രതീക്ഷകളാണല്ലോ ജീവിതം മാഷേ!
    നല്ല എഴുത്ത് ... തുടരൂ
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. പ്രവാസികളുടെ കാര്യത്തിൽ പ്രതേകിച്ചും..അല്ലെ..!

      Delete
  4. ജാഫർ ബംഗ്ലാവ് അങ്ങനെ നാഥനില്ലാ കളരിയായി ...

    ReplyDelete
    Replies
    1. നാഥനില്ലാതായില്ല.. പുതിയ അവകാശികൾ വന്നുകാണും..

      Delete
  5. ഓർമ്മക്കുറിപ്പുകൾ നന്നായി പകർത്തി .

    ReplyDelete
  6. മാഷിന്റെ എഴുത്തുകൾ ഏറെ പ്രിയം. അതിശയോക്തി തൊട്ടു തീണ്ടാതെ, അനാവശ്യമായി എടുത്തു കളയാൻ ഒരു വാക്കുപോലുമില്ലാതെ വളരെ ലളിതമായി എന്നാൽ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്ത്. ഒമാനിലെ മായാലോകങ്ങൾ എന്നെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ!

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  7. മാഷെ ഞാൻ ആമാക്കാവിലൊക്കെ വന്നിട്ടുണ്ട് ട്ടാ.ഓരോ വാക്കുകളും ദൃശ്യങ്ങളാകുന്നത് വായനയിലുടനീളം അനുഭവിച്ചു.ഞാനും വിചാരിച്ചു ആ ഭാരിച്ച സ്വത്തുക്കളിൽ കുറച്ചെങ്കിലും രണ്ടു പേർക്കും കിട്ടുമായിരിക്കും ന്ന്.സലാം ട്ടാ.പിന്നേയ് ഈ ചിത്രം ആര് വരച്ചതാ.നല്ല ഇഷ്ടായി.

    ReplyDelete
    Replies
    1. അതെയോ.. തൃശൂരിൽഎവിടെയാണ്?..പിന്നെ ചിത്രം ഗൂഗിളിൽ നിന്നാണ്..

      Delete
    2. നെല്ലുവായ്ക്ക് അടുത്ത് പതിയാരം‌ ആണ് മാഷേ.കറുകപുത്തൂർ ന്ന് ഒരു 7 Km അത്രേ ഉള്ളൂ.

      Delete
  8. ഞാനിപ്പഴാണ് എത്തിയത്. അറബി നാട്ടിൽ നാമോരോരുത്തരം പിടിച്ച് നിൽക്കുന്നത് ഇത്തരം പ്രതീക്ഷകളിലാണ്. ആ പ്രതീക്ഷകൾ അവസാനിക്കുമ്പോഴേക്കും നമ്മുടെ ജീവിതവും അവസാനിച്ചിരിക്കും.
    ആശംസകൾ...

    ReplyDelete
  9. പ്രതീക്ഷകൾ മാത്രമാണ് ഇത്തരം
    ആളുകളെ ജീവിതം മുന്നോട്ട് നയിപ്പിക്കുന്നത് ..

    ReplyDelete


Powered by Blogger.