Apr 1, 2025 12:52:32 PM Menu
കവിതകള്‍

സ്നേഹപ്പൂവിന്‍റെ ഇതള്‍





യിഷ ഭവാനിയുടെ കൂട്ടുകാരിയായിരുന്നു.

ആയിഷക്ക് നിന്നെ ഇഷ്ടമാണത്രെ എന്ന് ഒരു പരിഹാസത്തോടെയാണ് ഭവാനി എന്നോടു പറഞ്ഞത്. മുമ്പൊരിക്കല്‍, നിന്‍റെ സൈക്കിള്‍ സീറ്റ് പോലെയുള്ള മുഖം കണ്ടാല്‍ ആയിഷക്ക്‌ ചര്‍ദ്ദിക്കാന്‍ തോന്നുമത്രെ എന്നുപറഞ്ഞത് ഈ ഭവാനി തന്നെയാണ്. അതുകൊണ്ട് വിശ്വസിക്കാതിരിക്കാനും തോന്നിയില്ല.

എട്ടാം ക്ലാസ്സ് വരെ ഒരേ ബഞ്ചിലിരുന്നു പഠിച്ചവരാണവർ. മനസ്സാകട്ടെ അന്യോന്യം പണയം വച്ചപോലെയാണ് പെരുമാറ്റം. മാസത്തില്‍ ഒരിക്കലെങ്കിലും പിഴയും പലിശയുമടച്ചു സൌഹൃദം പുതുക്കിയില്ലെങ്കില്‍ ഇരുവർക്കും ഉറക്കവും വരില്ല.

സാധാരഗതിയില്‍ ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ആയിഷ അങ്ങാടിയിലേക്ക് വരും. മിക്കപ്പോഴും അവളുടെ ഉപ്പയും ഉമ്മയും ഒപ്പം കാണും. ഉപ്പ ടാപ്പിംഗ് കത്തികൾ കാച്ചി മൂര്‍ച്ച കൂട്ടാനായി കരുവാന്‍ മാണിയുടെ ആലയില്‍ കയറിയാല്‍ ഉമ്മ ഭവാനിയുടെ അമ്മയില്‍ നിന്നും കുത്തരി വാങ്ങി തിരിച്ചുപോകും. ഭവാനിയുടെ അമ്മക്ക് നെല്ലുകുത്തി അരിയാക്കി വില്‍ക്കുന്ന പണിയാണ്.

നേരില്‍ കാണുമ്പോള്‍ ആയിഷയുടെ മുഖത്തുനിന്നും ആ മനസ്സ് വായിച്ചെടുക്കാനൊന്നും കഴിയില്ല. ഉള്ളിലെ ശുഭാപ്തി വിശ്വാസത്തിന്‍റെ തിളക്കമായിരുന്നു അവളുടെ കണ്ണുകളിലെ ചിരസ്ഥായിയായ ഭാവം.

ആയിഷയെ ഒറ്റക്ക് കണ്ടാല്‍  ഒരു വസന്തകാലം വന്നെത്തിയതു പോലെയാണ് എനിക്ക് തോന്നുക. എന്നാല്‍ അവളുടെ ഉപ്പ കൂടെയുണ്ടെങ്കില്‍ അതൊരു ഗ്രീഷ്മമായി മാറും. മകൾക്ക് ചുറ്റും പാറിനടക്കുന്ന വണ്ടുകളേയും കിളികളേയും അകറ്റാന്‍ പാകത്തില്‍ ആ കണ്ണുകള്‍ എപ്പോഴും തീഷ്ണമായി ജ്വലിച്ചു. അതുകൊണ്ടു തന്നെ പല നാളുകളിലെ വിദൂരക്കാഴ്ച്ചകള്‍ക്ക് ശേഷവും എനിക്കവളോട് ഒന്നുമിണ്ടാൻ പോലും ധൈര്യമുണ്ടായിരുന്നില്ല.

അങ്ങിനെയൊക്കെ ഇരിക്കെയാണ് ഭവാനിയുടെ ഈ പരിഹാസം. ഞാനതിന് ഒരു മറുപടിയും പറഞ്ഞില്ല. എന്നാല്‍ മറ്റൊരു ദിവസം ഭവാനി എന്നെ വിളിച്ചു ചോദിച്ചു: നീ ആയിഷയെ കണ്ടാല്‍ ഓരോന്നൊക്കെ പറയുന്നുണ്ടത്രേ.. ഉം.. എന്താ.. കാര്യം..?

അത് ശരിയായിരുന്നു. ആയിഷയെ കാണുമ്പോൾ ഞാന്‍ പലതും ചോദിക്കാറുണ്ട്. പലതും പറയാറുണ്ട്. എന്നാൽ അതെല്ലാം എന്റെ മനസ്സിലാണെന്നു മാത്രം. എന്നാലും അതെല്ലാം ഭവാനി എങ്ങിനെയറിഞ്ഞു?

ആയിഷ പറഞ്ഞതാണെന്ന് !

പക്ഷെ, ആയിഷ ഇതൊക്കെ എങ്ങിനെയാണ് അറിഞ്ഞത്?

എത്ര ആലോചിച്ചിട്ടും എനിക്കതിന്റെ പൊരുള്‍ പിടികിട്ടിയില്ല. എങ്കിലും എനിക്കു തോന്നിയതെല്ലാം ഞാൻ മനസ്സിൽതന്നെ പറഞ്ഞുകൊണ്ടിരുന്നു. ആയിഷ അതൊന്നും കേട്ടില്ലെങ്കിലെന്ത്.. അവൾ ഇടക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നു. എനിക്ക് സായൂജ്യമടയാന്‍ അതൊക്കെത്തന്നെ ധാരാളം.

അങ്ങിനെയിരിക്കെ ഒരു ദിവസം ഞാന്‍ ചോദിച്ചു: ആയിഷാ.. ആരെ കാണിക്കാനാണ് നീ എന്നുമിങ്ങനെ ചമഞ്ഞൊരുങ്ങി വരുന്നത്? മനസ്സിലാണെങ്കിലും അവൾ മണത്തറിഞ്ഞെങ്കിലോ എന്ന ഭയത്താൽ  തെല്ലകലെ എത്തിയിട്ടാണ് എൻറെ ചോദ്യം. എന്നാലോ,   അതേ നിമിഷം തന്നെ അവളെന്നെ കടുപ്പിച്ചൊന്നു നോക്കുകയും ചെയ്തു.

പിറ്റേന്നു തന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് ഭവാനി ചോദിക്കുകയാണ്:

നീയെന്ത് പണിയാ കാട്ടീത്? അന്യൊരു പെണ്‍കുട്ടിയോട് ഇങ്ങിനെയൊക്കെ ചോദിക്കാനും പറയാനും പാടുണ്ടോ? അവളുടെ ഉപ്പ നിന്നോട് പകരം ചോദിക്കാന്‍ വരുന്നുണ്ട്.

എന്തു ചോദിച്ചെന്നാണ് നീ പറയുന്നത് എന്നൊക്കെ ഞാന്‍ അത്ഭുതവും ആശങ്കയും മുഖത്ത് മറച്ചു വച്ചെങ്കിലും എന്നെത്തന്നെ സശയിക്കാനും തുടങ്ങി. എന്‍റെ നാവില്‍നിന്നും അറിയാതെ വല്ലതും പുറത്തു ചാടിയിരിക്കുമോ? അങ്ങിനെ അവളെന്തെങ്കിലും കേട്ടിരിക്കുമോ എന്നൊരു സംശയം. അങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ സംശയിക്കാനൊന്നുമില്ല. ആയിഷയുടെ ഉപ്പ ടാപ്പിംഗ് കത്തിക്ക് മൂര്‍ച്ച കൂട്ടുന്നുണ്ടാകും.

എങ്കിലും പേടിയൊന്നും ഞാൻ പുറത്തു കാട്ടിയില്ല: ഏയ്,, ഞാനൊന്നും പറഞ്ഞില്ല..

പക്ഷെ ഭവാനി സമ്മതിക്കുന്നില്ല: ആയിഷ ഒരിക്കലും നുണപറയില്ലല്ലൊ,,

എങ്കിൽ..ഊം... ഞാന്‍ തിരുത്തി: ചിലപ്പോള്‍ മനസ്സില്‍ എന്തെങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടാകും..ആ..

അങ്ങിനെ വരട്ടെ,, എന്നു മാത്രം ഭവാനി എന്നെ നോക്കി നീട്ടിയൊന്നു മൂളി.

അടുത്ത ദിവസം പൂക്കാലവും ശര്ത്ക്കാലവും ഗ്രീഷ്മവും ഒക്കെ ഒന്നിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. എന്നാല്‍ ആയിഷയുടെ ഉപ്പയും ഉമ്മയും പ്രത്യേകിച്ചു ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോയി. രണ്ടുനാലടി നടന്നശേഷം ആയിഷ തല ചരിച്ചു എന്നെനോക്കി ഇടംകണ്ണിട്ടു. ഞാന്‍ അവള്‍ കാണാതെ തെല്ലു ശ്വാസം വിട്ടു.

എനിക്ക് ഒരു കല്ലുപോലിരുന്ന് ആയിഷയെ കാണാം. പക്ഷെ, ഒന്നും പറയാൻ പാടില്ല. ശരിതന്നെ.. പക്ഷെ, ഒന്നും ചിന്തിക്കാനേ പാടില്ലത്രെ. ഇതൊക്കെ എവിടെ നടക്കും? മനസ്സില്‍ ദേഷ്യവും സങ്കടവും വന്നു. പക്ഷെ അടക്കിവക്കാതെന്തു ചെയ്യും. എങ്കിലും ഞാന്‍ തന്നെ അതിനൊരു പോംവഴിയും കണ്ടെത്തി. ആയിഷയെ കണ്ടാല്‍ മുന്നില്‍ ചെല്ലാതെ ദൂരെ മാറി നില്‍ക്കുക. അപ്പോള്‍ ഒരു ചിന്തയും ഉണ്ടാവില്ല. കാണാത്തപ്പോള്‍ ആ ഒരു ചിന്തയെ ഉള്ളുവെങ്കിലും മറ്റാരും അറിയില്ലല്ലോ.

അങ്ങിനെ പല ദിവസങ്ങള്‍..

ഒരു ദിവസം ഭവാനി ചോദിച്ചു: അല്ല, ഇപ്പോളെന്താ നീ ആയിഷയോട് ഒന്നും മിണ്ടാറില്ലത്രെ..  എന്താ പിണക്കമാ..?

മിണ്ടിയില്ലെങ്കിലും മിണ്ടിയെന്നല്ലേ കുറ്റപ്പെടുത്താറ്.. ഇനി കാണുന്നുമില്ല.. എന്താ..പോരെ? ഞാൻ ഒരു സങ്കടം അഭിനയിച്ചു. ഭവാനി പറഞ്ഞു: എന്നാ ആയിഷക്കതിലും വിഷമം ഉണ്ട് ട്ടൊ..

നേരോ.. എന്‍റെ പരിഹാസം.

അറിയാമോ..? നിന്നെക്കാണാൻ കൂടിയാ അവള്‍ വല്ലപ്പോഴും വരുന്നത് തന്നെ..

എനിക്കറിയില്ലേ,യെന്ന് ഞാന്‍ വീണ്ടും പരിഹാസത്തിന്റെ തലയാട്ടി. എന്നാല്‍ ഭവാനിയുടെ നാക്ക് സത്യം തന്നെയാണോ പറയുന്നതെന്നു ചിന്തിച്ച് പുകയുന്നുണ്ടായിരുന്നു അതിന്‍റെ മറുതല.

ഒരിക്കൽ തിരിച്ചുപോകുന്ന നേരത്ത് ആയിഷ എന്റെ അടുത്തു വന്നു നിന്നു. ചങ്കിടിപ്പിനിടയിലും എന്തെങ്കിലും കുഴപ്പമുണ്ടൊ എന്നറിയാനായി ആ ചന്തമുള്ള മുഖത്തേക്ക് ഞാനൊന്നു പാളി നോക്കി. എന്നാൽ ഒന്നും പറയാതെ അവള്‍ എനിക്കുനേരെ ഒരു മിഠായി നീട്ടി. ഞാൻ ഒരു സങ്കോചത്തോടെ അതു വാങ്ങുമ്പോള്‍ അവള്‍ ചിരിച്ചു. എവിടെയോ ഒരു പൂമരം ഉലഞ്ഞപോലെ എന്‍റെ മുന്നില്‍ വാടിയ കുറെ പൂക്കള്‍ വീണു.

ആയിഷ പഠിക്കാന്‍ എന്തൊരു മിടുക്കിയായിരുന്നെന്നറിയോ..? പിന്നൊരു ദിവസം അങ്ങിനെയായിരുന്നു ഭവാനിയുടെ തുടക്കം. പഠിക്കാന്‍ പറ്റാത്തതില്‍ അവള്‍ക്ക് വളരെ സങ്കടം ഉണ്ടെന്നും, ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടെന്നും ഒക്കെ ഭവാനി വിസ്തരിച്ചു. ആയിഷയുടെ മനസ്സ് എന്നെക്കാണിക്കാന്‍ എല്പ്പിച്ചതു പോലെയായിരുന്നു അവളുടെ ഭാവവും ഭാഷ്യവും. ആയിഷ ഒരു പാവമാണെന്നും വളരെ നല്ല സ്വഭാവണെന്നും മറ്റും ചില സര്‍ട്ടിഫിക്കറ്റുകളിലും അവള്‍ വാക്കാല്‍ മുദ്രവച്ചു.

ആയിഷ പട്ടത്തെ നാരായണന്‍ കുട്ടിനായരുടെ കടയില്‍ നിന്നും അല്ലറചില്ലറ സൌന്ദര്യവര്‍ധക വസ്തുക്കളെല്ലാം വാങ്ങി ഭവാനിയെ കാണും. ഒരുപാട് നേരം അവര്‍ വര്‍ത്തമാനം പറയും. പിന്നെ തിരിച്ചു പോകുന്ന നേരം റോഡിന്റെ വളവില്‍ ചെന്നുനിന്ന് എന്നെ മാടിവിളിക്കും. മറ്റാരും കാണാതെ മൈലാഞ്ചിക്കൈ നിവര്‍ത്തി എനിക്കൊരു മിഠായി നീട്ടും. അതിനൊപ്പം ചുണ്ടില്‍ ഒരു പുഞ്ചിരിയും വിരിയും.

അപ്പോഴും എനിക്ക്‌ എന്തെങ്കിലും ചോദിക്കാനും പറയാനുമുള്ള ധൈര്യമൊന്നും ഇല്ല. എന്നാല്‍ അവള്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ പറയേണ്ടതെല്ലാം മനസ്സില്‍ പാകപ്പെടുത്തി വച്ചു. കേൾക്കേണ്ടതെല്ലാം ആയിഷ മനസ്സില്‍ കേള്‍ക്കുന്നുണ്ട്. അവളുടെ പുഞ്ചിരിക്കു വട്ടം വച്ചു. വരുന്നോ എന്നൊരു ചോദ്യവും ചുണ്ടിലൂറി.

പാടത്തിനക്കരെയുള്ള റബ്ബര്‍ തോട്ടത്തിലെ തേക്കും കുന്നിവാകയുമെല്ലാം അവള്‍ക്ക് തണൽക്കുടകൾ പിടിച്ചുകൊടുക്കുന്നത് എന്നുമെന്നെ പ്രലോഭിപ്പിച്ചു. എങ്കിലും ധാരാളം അതിര്‍ വരമ്പുകള്‍ ഉള്ള ഒരു പാടം ഞങ്ങള്‍ക്കിടയില്‍ നെല്ലും പതിരും കലര്‍ന്നു കിടന്നിരുന്നു. അതുകൊണ്ടുതന്നെ പിന്നെ വരാം എന്നൊരു മറുപടിയാല്‍ ഞാനെപ്പോഴും കൃത്യമായൊരു അകലം പാലിച്ചു.

അവള്‍ക്കറിയാമായിരിക്കണം എന്‍റെ മൌനത്തിലടങ്ങിയ ഭയവും നിസ്സഹായതയുമെല്ലാം. അവള്‍ തട്ടത്തിന്റെ തലപ്പ് വാരിയിട്ട് പാതി വിടർന്ന മുഖവുമായി പാടത്തേക്കിറങ്ങും. ഇടക്കിടെ തിരിഞ്ഞു നോക്കി കൈവീശിക്കാണിക്കും. തൃക്കോവിലിന്‍റെ മുന്നിലൂടെ റബ്ബര്‍ കാടിന്റെ പച്ചപ്പില്‍ ലയിക്കുന്ന ആയിഷയെ നോക്കി ഞാന്‍ ഇലകൊഴിഞ്ഞ മരം പോലെ നില്‍ക്കും. പിന്നെ അവളെ വീണ്ടും കണ്ടുമുട്ടും വരെ എന്‍റെ എല്ലാ കണ്ണുകളും ആകാശം ചൂഴ്ന്നുകൊണ്ടിരിക്കും.

ചിലപ്പോള്‍ കുറെ ദിവസത്തേക്ക് ആയിഷയെ കാണാതാവും. ഉപ്പയും ഉമ്മയും കൂടി മകളെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും പട്ടാമ്പിയിലേക്കുള്ള ബസ്സില്‍ കയറ്റിയിരുത്തും. വീട്ടിൽ കയറിയ പാമ്പിനെ പിടിച്ച് കാട്ടില്‍ കൊണ്ടുപോയി വിടുന്നതുപോലെ അവര്‍ അവളെ എവിടെയോ കൊണ്ടുപോയി വിടും.

കൂട്ടുകാരിയെ കാണാതായാല്‍ വിശേഷങ്ങളറിയാതെ വീര്‍പ്പുമുട്ടുന്ന ഭവാനി ചിലപ്പോള്‍ ആയിഷ എന്നുവരും എന്നു ചോദിച്ചുകൊണ്ട് വായനശാലയില്‍ പ്രത്യക്ഷപ്പെട്ടു. റബ്ബര്‍ തോട്ടത്തിന്റെ നടുക്കുള്ള പാടിയിലെ വീട്ടുമുറ്റത്ത് ആയിഷക്കൊരു മയിലാഞ്ചിക്കാടുണ്ട്. ഭവാനിയുടെ കയ്യും കാലും കണ്ടാൽ മതി ആയിഷയുടെ മയിലാഞ്ചി ചുവന്നു തുടുക്കും. ആ മയിലാഞ്ചിച്ചുവപ്പ് മങ്ങാന്‍ തുടങ്ങിയാല്‍ ആയിഷ തിരിച്ചെത്തിയോ എന്നറിയാനായി അവള്‍ കുഞ്ഞിമോയ്തീനെ കാത്തിരിക്കും.

ആയിഷയുടെ അയല്‍ക്കാരനായതുകൊണ്ട് കുഞ്ഞുമൊയ്തീന്  ആ പോക്കുവരവുകളുടെ മുഴുവന്‍ ചരിത്രവും അറിയാം. എല്ലാ വൈകുന്നേരവും കുഞ്ഞുമൊയ്തീന്‍ വായനശാലയില്‍ ഉണ്ടാകും. ആയിഷ വന്നോ, വന്നില്ലെങ്കില്‍ എന്നുവരും എന്നെല്ലാം കുഞ്ഞുമൊയ്തീന്‍ പറയും.

ഒരു ദിവസം കുഞ്ഞിമൊയ്തീനില്‍ നിന്നാണ് ഞാന്‍ ആ സത്യം അറിയുന്നത്. ആയിഷ വിവാഹിതയാണ്. അവളുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അവള്‍ക്ക് ഭര്‍തൃവീട്ടില്‍ കഴിയാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ് എന്നും ഇവിടെത്തന്നെ താമസിക്കുന്നതെന്നും ഇടക്കിടക്ക് നിര്‍ബന്ധപൂര്‍വ്വം അവിടെ കൊണ്ടുപോയി വിടുകയാണ് എന്നും മറ്റുമുള്ള കഥകള്‍.

ആദ്യമായി ഇതെല്ലാം കേട്ടപ്പോള്‍ ഞാന്‍ ഏറെ നേരം വായും പൊളിച്ചിരുന്നു. ഭവാനിക്ക് ഇതെല്ലാം അറിയാം. എന്നിട്ടും ഇതേവരെ എനിക്കൊരു സൂചന പോലും തന്നില്ല. ഇപ്പോഴാണ് അവളുടെ ഉപ്പയുടെ കണ്ണിലെ കത്തിമുനയുടെ മൂര്‍ച്ച എന്‍റെ മനസ്സില്‍തട്ടിയത്. അതൊരു കുറ്റബോധത്തിന്‍റെ നീറ്റലായി മാറി. എന്നാല്‍ അരുതാത്തതൊന്നും ചെയ്തില്ലെന്ന ആത്മവിശ്വാസം ആ മുറിവ് ഉണക്കി. എങ്കിലും എന്‍റെ നാവിന്‍റെ കടിഞ്ഞാണ്‍ അതോടെ പൊട്ടി. ആയിഷയെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും മാത്രമാണ് പിന്നെ അതിന്‍റെ തുമ്പില്‍. അതൊക്കെ കേട്ടപ്പോള്‍ കുഞ്ഞിമൊയ്തീന്‍ വയറ്റില്‍ കൈവച്ചു ചിരിക്കാന്‍ തുടങ്ങി. ചിരിച്ചുചിരിച്ച് അവനു വയറുവേദന വന്നു.

പക്ഷെ, കുഞ്ഞുമൊയ്തീന് അറിയാത്ത പലതും ഉണ്ടാകാമല്ലൊ. ആയിഷയുടെ മനസ്സിലെന്താണ്? വേറെ ആരെങ്കിലും ഉണ്ടൊ? അവള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകാനും അവിടെ കഴിയാനുമുള്ള ഇഷ്ടക്കുറവിനുള്ള കാരണമെന്താണ്? അതിന്‍റെ ഉള്ളുകള്ളികള്‍ അറിയാന്‍ അവന്‍ ഒരു നിഴല്‍പോലെ കുറേക്കാലം അവളെ പിന്തുടര്‍ന്നുവത്രെ. ഞങ്ങളുടെ ചങ്ങാത്തവും മിഠായിക്കച്ചവടവുമൊക്കെ അവനറിയാമായിരുന്നെങ്കിലും ആയിഷയെ ആകര്‍ഷിക്കാനുള്ള ഒരു കോപ്പും എന്‍റെ മോന്തയില്‍ ഇല്ലെന്ന തിരിച്ചറിവില്‍ അവന്‍ എന്നെ മാത്രം സംശയിച്ചില്ല.

ചിലപ്പോള്‍ ഭവാനിക്ക് എല്ലാം അറിയാമായിരിക്കുമെന്ന് ഞാനൂഹിച്ചു. എന്നാല്‍ അവളോട്‌ ചോദിച്ചാല്‍ കിട്ടുന്ന ഉത്തരവും അതിന്‍റെ അനന്തരഫലങ്ങളും ഓര്‍ത്തുള്ള ഒരു ഭയം എന്നെയും പിന്തിരിപ്പിച്ചു.

ആയിഷ ഭര്‍തൃവീട്ടില്‍ നിന്നും വന്നാല്‍ തിരിച്ചുപോകേണ്ട ഇടവേളയ്ക്കു് ക്രമേണ ദൈര്‍ഘ്യം കൂടി. ഒരിക്കല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍നിന്നും അവധിക്കു വന്ന ഭര്‍ത്താവ് വന്നു വിളിച്ചിട്ടുപോലും ആയിഷ തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. അങ്ങിനെ അയാള്‍ അവളെ മൊഴിചൊല്ലി. അതോടെ അവളുടെ വിവാഹജീവിതം അവസാനിച്ചു.

കുറച്ചു കാലം വീട്ടിനകത്ത് തന്നെ തളക്കപ്പെട്ടുവെങ്കിലും വീണ്ടും അവള്‍ അങ്ങാടിയില്‍ വന്നു തുടങ്ങി. ചിരിയും കളിയും കുറഞ്ഞെങ്കിലും മൈലാഞ്ചിക്കൈയില്‍ എന്നും മിഠായിയുണ്ടാകും. അവള്‍ എന്‍റെ അടുത്തു കൂടി പോകുമ്പോഴേക്കും ആലയില്‍ നിന്നും തീയാളും. മകളുടെ ചുവടുകള്‍ക്കൊപ്പം പിച്ചവക്കുന്ന പരിക്ഷീണമായ രണ്ടു കണ്ണുകള്‍ ഞങ്ങള്‍ക്കിടയില്‍ എന്നും അങ്ങോട്ടുമിങ്ങോട്ടും പറന്നു.

കാലം വിശാലമായി പടര്‍ന്നു പന്തലിച്ച ഒരു പൂമരത്തണലായി. അതിനുമീതെ എനിക്ക് ചുറ്റും ആയിഷയുടെ വാക്കുകളുടേയും കാറ്റില്‍ പൊഴിയുന്ന പൂക്കളുടേയും പ്രളയം.

ആരും ആവശ്യപ്പെടാതെത്തന്നെ ഭവാനി എന്‍റെ മുന്നില്‍ ആയിഷയുടെ മനസ്സു തുറന്നു കൊണ്ടിരുന്നു. അങ്ങിനെയാണ് അവളുടെ ഭര്‍തൃവിരക്തിയുടെ കാരണം മനസ്സിലായത്‌. ഒരാളെ കല്യാണം കഴിക്കുക. പിന്നെ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുക. അതിനു കഴിയാഞ്ഞിട്ടാണ് ബന്ധം ഒഴിയാന്‍ ശ്രമിച്ചത്. പിടിച്ചു നില്‍ക്കാന്‍ പരമാവധി നോക്കിയതാണ്. ആ വീട്ടില്‍ ജീവിച്ചാല്‍ എന്നെങ്കിലും താനും അങ്ങിനായിപ്പോകും. അതാ അവിടത്തെ സാഹചര്യമെന്ന് പറഞ്ഞ് അവള്‍ കരഞ്ഞതിനു കണക്കില്ലത്രെ.

അവള്‍ക്ക് ഇനി ഒരേയൊരു ആഗ്രഹം മാത്രം. പഠിക്കണം. അതിന് ഉപ്പ സമ്മതിക്കുന്നില്ല. ഒരിക്കലും ഒരു ചീത്തപ്പേരും ഉണ്ടാക്കില്ലെന്ന് സത്യം ചെയ്തിട്ടാണ്‌ പുറത്തേക്കുതന്നെ വിടുന്നത്. ആ പാവത്തിന്റെ മനസ്സ് ആരും കാണുന്നില്ലല്ലോ ഈശ്വരാ എന്ന് അവള്‍ നെടുവീര്‍പ്പിട്ടു.

അങ്ങിനെയിരിക്കെ പൂക്കളുടെ പ്രളയകാലത്തിലേക്ക് പെട്ടെന്നൊരു ചുഴലിക്കാറ്റ് വീശി. കരിയിലകള്‍ പറന്നു. അതിനിടയില്‍ മരുഭൂമിയിലേക്കൊരു പാത തെളിഞ്ഞു. ആ പാതയിലേക്ക് ഞാൻ കാലെടുത്തു വക്കാൻ തുടങ്ങുകയായിരുന്നു, ഒരു ദിവസം ആയിഷ നടന്നു വരുന്നു. മുന്നിൽ കയറി നിൽക്കുന്നു.





ഒരുപാട് മിഠായികൾ നീട്ടിയ മയിലാഞ്ചിക്കൈയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ആ മുഖത്ത് പതിവില്‍ കവിഞ്ഞ ഒരു സന്തോഷമുണ്ട്. അതുമുഴുവന്‍ എന്നിലേക്ക് ചൊരിഞ്ഞു:

അങ്ങിനെ ഒടുവില്‍ ഉപ്പയെന്നെ പഠിപ്പിക്കാമെന്നു സമ്മതിച്ചു.. ട്ടൊ അടക്കലോ ഒതുക്കലോ ഇല്ലാതെ അവള്‍ ചിരിച്ചു.

എന്‍റെ മനസ്സ് മരുപ്പാതയുടെ നീളം അളക്കുകയായിരുന്നുവല്ലൊ. എങ്കിലും ഞാനെന്ത് മനസ്സില്‍ പറഞ്ഞാലും ആയിഷക്ക്‌ അതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന മനസ്സിന് അപ്പോഴും വയസ്സായിട്ടൊന്നും ഇല്ല: ഇനി പഠിച്ചിട്ടൊക്കെ എന്തിനാ..എന്ന എന്റെ ആത്മഗതം കെട്ടിരിക്കണം.

അവളുടെ മുഖം വാടി: അതെന്താ.. ഇങ്ങിനെ..? അപ്പൊ ഞാൻ പഠിക്കുന്നത് ഇഷ്ടമല്ലേ..? എങ്ങിനെയെങ്കിലും എനിക്കും ജീവിക്കണ്ടേ?

ആ,,ഊ,, എന്നൊക്കെ ഞാന്‍ മുക്കിയതും മൂളിയതും പോലും അവൾ വേറെന്തൊക്കെയൊ കേട്ടു..

എന്തുപറ്റി.. ഒരു സന്തോഷവും കാണുന്നില്ലല്ലോ.. മനസ്സ് ഇവിടെയൊന്നുമല്ലെന്നു തോന്നുന്നു?

ഏയ്‌.. അതൊന്നുമല്ല..  ചിരിക്കുന്നുണ്ടെങ്കിലും എന്‍റെ കണ്ണുകള്‍ അപ്പോള്‍ ആകാശം അളന്നുകൊണ്ടിരുന്നു.

അതല്ല.. എന്തോ ഉണ്ട്.. അവള്‍ക്ക് സംശയം മാറിയില്ല..ഈ മുഖം പറയുന്നുണ്ട് ഇവിടെയൊന്നുമല്ലെന്ന്.. എന്താ.. എന്തെങ്കിലും തിരക്കുണ്ടോ..? വല്ല ഓട്ടവും പോകാനുണ്ടൊ?

എയ്.. അതൊന്നും ഇല്ല..ഒരു തിരക്കുമില്ല.. ഞാ‍ൻ എന്നെത്തന്നെ ഒന്ന് ഉഷാറാക്കി.. മരുപ്പാത മറവിയിലേക്ക് മാഞ്ഞുപോയി.

എന്നാ ഈ സഞ്ചി ഒന്നു പിടിക്ക്വോ.. പാടം കയറും വരെയെങ്കിലും എന്‍റെ കൂടെ വര്വോ..?

പ്രതീക്ഷയും സങ്കോചവും ചേരുമ്പോഴും അവളുടെ മുഖത്തിനു ചന്തം കൂടും. ഇതവളുടെ ജീവിതസ്സഞ്ചിയാണോ എന്നായി അപ്പോള്‍ എന്‍റെ സംശയം. അതുകൊണ്ടു തന്നെ ചുറ്റും നോക്കി. എന്‍റെ മനസ്സു പോലെത്തന്നെ വിജനമാണ് ഞങ്ങളുടെ എല്ലാ വഴികളും. അവളുടെ കൈയില്‍ നിന്നും ആ പുസ്തകസഞ്ചി വാങ്ങി. അതിന് വെറും ഒരു തൂവലിന്‍റെ ഭാരം മാത്രം. ഞാന്‍ അതു തൂക്കിനോക്കുന്നതു കണ്ടപ്പോള്‍ അവള്‍ ചിരിച്ചു:

അതേയ്.. പാടവരമ്പിലൂടെ അല്‍പ്പദൂരം ഒന്നിച്ചു നടക്കാമെന്ന്  വിചാരിച്ചു പറഞ്ഞതാ..

അവളെന്റെ മനസ്സിലേക്കു തന്നെയാണ് നോക്കിയതെന്നു തോന്നുന്നു. എന്‍റെ അവസാനത്തെ ആഗ്രഹമാണല്ലോ അവള്‍ ആദ്യമായി പറഞ്ഞു തുടങ്ങുന്നത്. ഞാന്‍ ആശങ്കയോടെ  ദൂരെയുള്ള ആലയിലേക്ക്‌ നോക്കി.

 പേടിക്കേണ്ട..   ഉപ്പ ഇപ്പോഴൊന്നും വരില്ല.. കുറച്ചു ദൂരമല്ലേ വാ പോകാം..

അവള്‍ നടന്നു തുടങ്ങി.

മരുഭൂമിയിലേക്ക് നീട്ടിയ എന്‍റെ കാലുകള്‍  അവളുടെ പിന്നാലെ ചെന്നു. മനസ്സ് ഒരു നിമിഷത്തേക്ക്  മറ്റെല്ലാം മറന്നു:

കുറച്ചുദൂരമല്ല.. നമുക്ക് ഒരു കടല്‍ത്തന്നെ കടക്കാം..പോരെ..!

ആയിഷ അത് കേട്ടുവോ..?

എന്താ ഇപ്പൊ പറഞ്ഞത്..? ഒന്നുകൂടി പറ.. അവള്‍ ചോരവിരല്‍ സ്വന്തം കവിളില്‍ മുട്ടിച്ചു ചിരി തുടങ്ങി.

അവളുടെ കണ്ണുകള്‍ അത്ര മനോഹരമായി തിളങ്ങിയ ഒരു സന്ധ്യ അതുവരെ ഞാന്‍ കണ്ടിട്ടില്ല. ചുണ്ടുകള്‍ക്കിടയിലെ മുല്ലമൊട്ടുകള്‍ ഏറെനേരം കഴിഞ്ഞിട്ടും കൊഴിഞ്ഞില്ല.

ഞങ്ങള്‍ ഒന്നും രണ്ടും മൂന്നും വരമ്പുകള്‍ കടന്നു. ഉണങ്ങിയ പുല്‍ക്കൊടികളും ഞണ്ടിന്റെ പൊത്തുകളുമല്ലാതെ പലപ്പോഴും ഞങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം വിണ്ടടര്‍ന്നിരുന്നു പാടം.

അവള്‍ പറഞ്ഞു തുടങ്ങി: എങ്ങിനെയെങ്കിലും പത്താംക്ലാസ്സ് പാസ്സാവണം. എന്തെങ്കിലും ഒരു കൈത്തൊഴില്‍ പഠിക്കണം. ആ കാട്ടില്‍ നിന്നിറങ്ങി ഈ നാട്ടില്‍ എവിടെയെങ്കിലും ഒരു വീട് വക്കണം... പടച്ചോന്റെ മുന്നിൽ അങ്ങിനെ ഒരുപാട് ആഗ്രഹങ്ങൾ അഞ്ചുനേരവും പറയുന്നുണ്ട്..

അപ്പോള്‍ ഞാന്‍ ആ വീട്ടിലേക്ക് കയറി: വീടിന്റെ അതിരുകള്‍ മുഴുവന്‍ മയിലാഞ്ചി വേണം..

ന്‍റെ റബ്ബേ.. അവളുടെ മുഖത്ത് ചിരിയുടെ പൊടിപൂരം: ഇന്നൊരു മഴ പെയ്യും..ട്ടോ !

എന്തായാലും നിന്റെ സങ്കടം തീര്‍ന്നില്ലേ..

അതേ.. സത്യാണ്.. എന്‍റെ സങ്കടം കണ്ടുകണ്ട് പടച്ചോൻ ഉപ്പയെക്കൊണ്ട് സമ്മതിപ്പിച്ചതാണ്. ഉമ്മ പറഞ്ഞു പറഞ്ഞു തോറ്റിട്ട് ആരെക്കൊണ്ടൊക്കെ പറയിപ്പിച്ചു എന്നറിയോ? ആണും പെണ്ണും ആയിട്ട് ഒന്നല്ലേയുള്ളൂ എന്നും ഏതായാലും ഇങ്ങന്യൊക്കെ ആയ സ്ഥിതിക്ക് ഇനി അവളുടെ ഇഷ്ടം പോലെ പഠിക്കാന്‍ പൊക്കോട്ടെ എന്നും ഒക്കെ.. അങ്ങിനെ ഉപ്പ ഒരുവിധം സമ്മതം മൂളി.

ഇടക്ക് ചോദിച്ചു: എന്താ അഭിപ്രായം..? ഞാൻ പഠിക്കണ്ടെ..?

വേണം..

എന്നാല്‍ ഇനിയും പറ.. പിന്നെ എന്തൊക്കെയാ വേണ്ടത്..?

അത്.. മരുഭൂമിയിലാണ് എന്റെ മനസ്സിന്‍റെ തപസ്സ്. അവിടെ ഭാഷയും വാക്കുകളും കിട്ടാക്കനി മാത്രം. ഒരു ജീവിതം മുഴുവന്‍ എനിക്ക് അവളോട്‌ പറയാനുള്ളതെല്ലാം നാവിന്‍ തുമ്പില്‍ കല്ലിച്ചു കിടക്കുന്നു. എന്നിട്ടും ഞാന്‍ ഏതോ ഒരു വാക്കിനുവേണ്ടി പരതിക്കൊണ്ടിരുന്നു. ഏതാണ് ആ വാക്ക് എന്നറിയില്ലെങ്കിലും പിടിതരാതെ അത് നാവില്‍ നിന്നും വഴുതിപ്പോകുന്ന അവസ്ഥ. എനിക്ക് ആദ്യമായി യാത്രപറഞ്ഞു പിരിയേണ്ടവളല്ല മുന്നില്‍ നടക്കുന്നതെന്ന ഒരു ചിന്തയാവണം എന്തെങ്കിലുമൊക്കെ പറയുന്നതില്‍ നിന്നും എന്നെ മനസ്സ് വിലക്കുന്നത്.

ഒടുവില്‍ ഞങ്ങളൊരു മുറിവരമ്പിലെത്തി.

ഒരു മണല്ക്കുഴിയില്‍ കഴുത്തോളം ആണ്ടുകഴിഞ്ഞാല്‍ അവസാനത്തെ നാക്കില്‍ കിടന്നു ഏതു മനസ്സും ഒരു ആശ്രയത്തിനായി കേഴും: ആയിഷാ..

എന്‍റെ വിളി അവളുടെ മുന്നോട്ടുള്ള ഗതിയെ വിലക്കി. സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും മുറിഞ്ഞ ആ മനസ്സിന്‍റെ കുതിപ്പ് ഞാന്‍ അറിഞ്ഞു.

എന്തേ..?

എനിക്ക് ഒരു കാര്യം പറയാനുണ്ട്..

അതന്നല്ലേ ഞാന്‍ പറഞ്ഞത്? എന്തായാലും പറ.. എന്തെങ്കിലും കേള്‍ക്കാന്‍ തന്നെയല്ലേ നടക്കാന്‍ വിളിച്ചത്..

തിളങ്ങുന്ന രണ്ടു കണ്ണുകള്‍ കണ്ടെത്തിയതോടെ എന്‍റെ കാഴ്ച്ചയെല്ലാം വറ്റി:  ഒരു കുരുടനേപ്പോലെ ഞാൻ വാക്കുകൾ ഉരുവിട്ടു: ആയിഷാ..ഞാൻ മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോവുകയാണ്.. അത് പറയാനും കൂടിയാ വന്നത്..

ഹെന്ത്..?

അറുത്ത് മുറിക്കുന്ന വാളുകള്‍ക്ക് മുന്നില്‍പ്പെട്ടതുപോലെ ആയിഷ ഒന്നു പിടഞ്ഞു. അവിശ്വസനീയമായത് കേട്ട കണ്ണുകളോടെ എന്തോ പറയാനായി പാതി തുറന്ന നിലയില്‍ ചുണ്ടുകള്‍ വിറകൊണ്ടു. എന്നാല്‍ നിമിഷാര്‍ദ്ധം കഴിഞ്ഞപ്പോഴേക്കും അവ ഒരു പുഞ്ചിരിയില്‍ വിടര്‍ന്നു:

ആ.. ഇതാണ് പതിവില്ലാത്ത സന്തോഷം അല്ലെ? ഇതു പറയാനായിരുന്നു വിളിച്ചപ്പോഴേക്കും ഓടിവന്നതല്ലേ? നല്ല ആള് തന്നെ.. ഇതുവരെ ഒരു സൂചനപോലും തന്നില്ലല്ലോ?

അത്..

എന്ത് ചെയ്യാനാല്ലെ? ജീവിതമല്ലേ? അതിങ്ങനെയൊക്കെത്തന്നെയാണ്.. ഒന്നു കിട്ടുമ്പം രണ്ടെണ്ണം പോവും.. എന്തായാലും പോയി നല്ലൊരു നിലയില്‍ എത്തണം.. ഞാനും ദുആ ചെയ്യും..

ആയിഷാ.. എന്നു വിളിച്ചുകൊണ്ട് ഞാന്‍ സമാധാനിപ്പിക്കാന്‍ നോക്കുന്നത് എന്നെത്തന്നെയാണ്.

എപ്പഴാ പോണത്..?

മറ്റന്നാള്‍ ഉച്ചക്ക്..

ഇനി എന്നാ കാണാന്‍ കഴിയാവോ?

അവള്‍ പെട്ടെന്നു മുന്നോട്ടാഞ്ഞു എന്‍റെ കൈകളില്‍ കടന്നു പിടിച്ചു. ഞങ്ങളുടെ വിരലുകള്‍ കോര്‍ന്നു വിറച്ചു. പുസ്തകസഞ്ചി താഴെ വീണു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ വരമ്പിന്റെ മറുതലക്കല്‍ നിന്നും വരണ്ട ഒരു ചുമ ഞങ്ങളെ പരസ്പരം അകറ്റി. ഞങ്ങളുടെ വരമ്പറ്റത്ത് ആലയിലെ തീയും പുകയും പോലെ ആയിഷയുടെ ഉപ്പ.

കരിക്കനലില്‍ കാച്ചി മൂര്‍ച്ചകൂട്ടിയ ഉപ്പയുടെ കണ്മുന്നിലും ആയിഷ വെറും കരിക്കട്ടപോലെത്തന്നെ നിന്നു. അവള്‍ എനിക്കു വേണ്ടി ഒരു മുന്‍‌കൂര്‍ ജാമ്യവും എടുത്തുകഴിഞ്ഞു:

ഗള്ഫില് പോവ്വാത്രേ.. യാത്ര പറയാന്‍ വന്നതാണ്..

ആയിഷയുടെ ഉപ്പ ഒന്നും പറഞ്ഞില്ല. ആരേയും ഗൌനിച്ചില്ല.

ആയിഷയപ്പോള്‍ ആരേയും പേടിയില്ലാത്തതുപോലെ എന്നെ നോക്കി ചിരിച്ചു: എന്നാ ശരി.. പോയി വന്നിട്ടു കാണാം..

താഴെ വീണു കിടന്ന പുസ്തകസഞ്ചി കുനിഞ്ഞെടുക്കുമ്പോൾ അവൾ തട്ടം വായിലിട്ട് വിതുമ്പിയെങ്കിലും ഒരു പുഞ്ചിരിയോടെ കൈവീശി.

ആയിഷയുടെ ഉപ്പ വരമ്പില്‍ നിന്നിറങ്ങാതെ എന്നെ ചേര്‍ത്തുപിടിച്ചു വരമ്പ് മാറിക്കടന്നു. ആ ഒരു നിമിഷം കൊണ്ട് ആ മുഖത്തു കണ്ട വിയര്‍പ്പിന്‍റെ തുള്ളികളും മന:സംഘര്‍ഷത്തിന്‍റെ ചാലുകളും ഒരു മിന്നൽ പൊലെ എന്നെ പൊള്ളിച്ചു. പുതുമഴക്ക് നനഞ്ഞ പൂഴിമണൽ പോലെയാണ് രണ്ടു കണ്ണുകളിലും നീരൂറുന്നതെന്ന്‌ തോന്നി. പൊടുന്നനെ അയാള്‍ എന്നിലെ പിടിവിട്ടു. പിന്നെ ഒറ്റവരമ്പില്‍ ഇടമില്ലാത്തത് പോലെ കണ്ടത്തിലൂടെ നടന്നു ആയിഷയെ അനുഗമിച്ചു.

ഇപ്പോള്‍ ഞാന്‍ ശരിക്കും വേരുകളും കാതലും പൂതലിച്ചുപോയ ഒരു ഉണക്കമരം തന്നെ. എപ്പോഴോ ഒരു കാറ്റടിച്ചു.

ഒന്നും പറയണ്ടായിരുന്നു അവളെ വിഷമിപ്പിക്കേണ്ടായിരുന്നു എന്ന്  ഇതെല്ലാം കേട്ടപ്പോള്‍ ഭവാനി പറഞ്ഞു: ആയിഷക്ക്‌ നാടുവിട്ടു പോണവരെ ഇഷ്ടമേയല്ല. നീ ഇങ്ങനെ ചതിക്കുമെന്ന് അവള്‍ കരുതിയിട്ടുണ്ടാവില്ല.

ഭാവാനിക്ക് തെറ്റിയെന്നു ഞാന്‍ തിരുത്തി: സന്തോഷത്തോടെയാണ് ആയിഷ യാത്ര പറഞ്ഞു പോയത്. ഒരു സങ്കടവും ആ മുഖത്തുണ്ടായിരുന്നില്ല. പിന്നെ എന്തു ചതി ചെയ്തെന്നാണ് പറയുന്നത്?

നുണയായിരുന്നു എന്ന് എനിക്കു തന്നെ അറിയാമായിരുന്ന ആ വിശദീകരണത്തിനു ഭവാനി ഒരു മറുപടിയും നല്‍കിയില്ല. പക്ഷെ, ആയിഷയുടെ മനസ്സ് അവളുടെ കണ്ണില്‍ ഉരുണ്ടുകൂടി.

അവള്‍ നല്ല കുട്ടിയാണ്.. നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്.. അവള്‍ക്കിത് സഹിക്കാനാവില്ല.. അവള്‍ക്ക് നിന്നെ അത്ര ഇഷ്ടമാണ്. സത്യം..സത്യം.

ജാതിയും മതവുമൊന്നും ഇല്ലാത്ത ഒരു നീളന്‍ നാവാല്‍ ദൈവനാമങ്ങളില്‍ അവള്‍ ആയിഷയെ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്‍റെ തലക്കുമുകളില്‍ മേഘങ്ങള്‍ തൂങ്ങി. ആകാശം ഇരമ്പി. വീണ്ടും ഒരു കാറ്റ് എന്നെ പിടിച്ചുലച്ചു. ജീവിതവും മരണവും ഇല്ലാത്ത ഒരു ശരാശരി പ്രവാസിയുടെ മൂന്നു പതിറ്റാണ്ടുകള്‍ എന്‍റെ കാല്‍ക്കീഴിലൂടെ ഒഴുകി മറവിയുടെ ഭൂതകാലത്തില്‍ കലര്‍ന്നു.





ഉപ്പിലിട്ട ഒരു ഉണക്കമീനിന്‍റെ കണ്ണുകളോടെ ഭവാനി തിരിഞ്ഞു നില്‍ക്കുന്നു. അവള്‍ ചോദിക്കുന്നു:

ആയിഷക്ക്‌ സുഖമല്ലേ..?

ആയിഷ..?

എനിക്കൊന്നും മനസ്സിലാകുന്നില്ല. പൊതുവഴികള്‍  ചിലപ്പോള്‍ പലരേയും തിരിച്ചറിയാതെ കടന്നു പോകാറുണ്ടല്ലോ.

അവള്‍ക്ക് ആളുതെറ്റിയതാവും.. എന്ന് ഭവാനിയുടെ അമ്മ ഒരു ചിരിയോടെ എന്നെ തിരിച്ചറിഞ്ഞു. അപ്പോള്‍ എന്‍റെ മനസ്സില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു മുഖം എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരകലത്തിലേക്ക് അടുത്തുവന്നു.

ഭവാനി..!

അവള്‍ക്ക് നിന്നെ മനസ്സിലാവാഞ്ഞിട്ടാ.. മോളെ ഇത് നമ്മടെ..

അമ്മ അവള്‍ക്ക് എന്‍റെ വിത്തും പേരും ഒക്കെ കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. എന്നിട്ടും ഞാന്‍  തൊട്ടടുത്താണെങ്കിലും വളരെ അകലങ്ങളിലെവിടെയോ ആണെന്ന മട്ടിലാണ് ഭവാനിയുടെ നോട്ടവും ഭാവവും.

സുഖമല്ലേ..? എവിടുന്നാ വരുന്നത് ? എന്നൊക്കെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ഞാനും അമ്മയും തമ്മില്‍ മാത്രം. എന്നാല്‍ ഒരിടവേള കിട്ടിയപ്പോള്‍ ഭവാനി വീണ്ടും പറഞ്ഞു:

ആയിഷയോട് എന്‍റെ അന്വേഷണം പറയണം..

അപ്പോഴും ഉപ്പിലിട്ട മീന്‍ കണ്ണുകളും ചുണ്ടുകളിലെ ഇലയനക്കവുമല്ലാതെ മറ്റു ഭാവഭേദങ്ങളൊന്നുമില്ല. മറുപടി പറയാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ അമ്മ വല്ലാതായി.

എതായിഷയുടെ കാര്യാ പെണ്ണെ നീ പറേന്നത്‌..? നിനക്ക് ഇത്രേം പറഞ്ഞിട്ടും ആളെ മനസ്സിലായില്ലെ.. എന്നാ വന്നേ.. പോകാം.

പിന്നെ അവര്‍ എന്‍റെ നേരെ തിരിഞ്ഞു: ചെലപ്പൊക്കെ ഇങ്ങനന്ന്യാ.. ഒരു കഥല്യാതെ പറേന്നതാ.. കാര്യാക്കേണ്ട.

വായോ.. നടക്ക്.. എന്നൊക്കെ പറഞ്ഞു അവര്‍ അവളെ കൈപ്പിടിയില്‍ ഒതുക്കി. ഭവാനി അസാധാരണമായ ഒരു അനുസരണയോടെ വഴിയുടെ അരികുപറ്റി നടന്നു. ഞാന്‍ അമ്പരപ്പിന്‍റെയും അങ്കലാപ്പിന്റെയും പൊരിവെയിലില്‍ നിന്നു വിയര്‍ത്തു.

ഭവാനിയുടെ കല്യാണം കഴിഞ്ഞതും കുട്ടികള്‍ ഉണ്ടാവാത്തതിനാല്‍ അവളെ ഭര്‍ത്താവ് ഉപേക്ഷിച്ചതും പിന്നെ അവള്‍ക്ക് 'മാനസീക'മായതും ഒക്കെ അങ്ങിനെയാണ് ഞാനറിഞ്ഞത്. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ അസുഖം കൂടും. അപ്പോള്‍ അമ്മ അവളെ തൃശ്ശൂരില്‍ ഉള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുപോകും. അങ്ങിനെ പോയിവരുന്ന ഒരു നേരത്താണത്രെ ഭവാനി എന്നെ കണ്ടുമുട്ടുന്നത്.

സമനില തെറ്റിയ അവളുടെ ചോദ്യം പക്ഷെ എന്‍റെ മനസ്സമാധാനമെല്ലാം കളഞ്ഞു. ആയിഷ എന്ന നാമം എവിടെ നിന്നൊക്കെയോ എന്‍റെ ചെവിയില്‍ ചൂളമടിച്ചുകൊണ്ടിരുന്നു. ഈ ആയിഷ ആരാണെന്നറിയാനുള്ള  ഒരു ജിജ്ഞാസ എന്നില്‍ ഉണര്‍ന്നു. അവള്‍ എവിടെയാണെന്നറിയാന്‍ കൊതിച്ചു.

ഞാന്‍ ഭൂതകാലമെല്ലാം ചികഞ്ഞു. മരിച്ചുപോയവരെല്ലാം ഓര്‍മ്മകളില്‍ വന്നു മടങ്ങിപ്പോയി. മനസ്സ് മാവുകളും പേരാലുകളും തണല്‍ വിരിച്ച പഴയൊരു നാട്ടുപാതയിലൂടെ രാത്രിയും പകലുമില്ലാതെ നടന്നു. അത് പാടവരമ്പുകള്‍ താണ്ടി തൃക്കോവില്‍ ചുറ്റി കാടുകയറി. പലപല അവകാശികള്‍ കൈമറിഞ്ഞ എസ്റ്റേറ്റിലെ പുതുതൈകള്‍ക്കിടയില്‍  പഴയ കുന്നിവാകയുടെയും തേക്കുമരങ്ങളുടേയും തണലുകള്‍ തിരഞ്ഞു.

മരങ്ങള്‍ക്കിടയില്‍ അപ്പോഴും ഒരു 'പാടി' മണ്മറഞ്ഞു കിടന്നിരുന്നു. അതിന്‍റെ ചോര്‍ന്നൊലിച്ച ചുമരുകള്‍ കഴിഞ്ഞുപോയ കാലവര്‍ഷങ്ങളുടെ ഒരേകദേശ കണക്കുകള്‍ തന്നു. അതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ടാപ്പിംഗ് തൊഴിലാളികളുടെ വീടുകള്‍ ഒരുപാടാളുകളെ മാടി വിളിച്ചു കൊണ്ടുവന്നു. കാറ്റടിക്കുമ്പോഴെല്ലാം ഇളകുന്ന ചില മയിലാഞ്ചിത്തലപ്പുകള്‍ ആകാശത്തേക്കു വിരല്‍ ചൂണ്ടി ഓര്‍മ്മകളുടെ ലോകം വ്യാപിപ്പിച്ചു.

നാളുകൾ അകന്നുപോകുമ്പോൾ ഒരു പകലിൽ ആകാശവഴികളിലൂടെ നടന്നുവരുന്നതു കണ്ടു; പാടവരമ്പില്‍ മുളച്ചു പൊന്തിയ നാടന്‍ കൂണ് പോലെയുള്ള ഒരു രൂപം. പണ്ടുപണ്ട് പാടിയിലെ എതാവശ്യങ്ങള്‍ക്കും വണ്ടി വിളിക്കാന്‍ ഓടിയെത്താറുണ്ടായിരുന്ന അതേ മുഖം. വെയില്‍ തിളച്ചിട്ടും ആ മുഖത്ത് വെളുവെളുത്തൊരു ചിരി കുട ചൂടി നിന്നു.

കണ്ടപാടെ കൈതന്നു ചിരിച്ചു. രണ്ടുകാലങ്ങളിലൂടെ നടന്നു നാട്ടുവിശേഷങ്ങള്‍ പങ്കുവച്ചു്  ഒടുവില്‍ നാലുകാലില്‍ തിരിച്ചെത്തി: ഞാനും  കാര്‍ന്നോരും ഒക്കെ ഇവിടെത്തന്നെ വീടൊക്കെ വച്ചു കൂടി. പിന്നേയുള്ളോരൊക്കെ പലരും പലവഴിക്കായി ചിതറിപ്പോയി.

കാറും ഓട്ടോ റിക്ഷയും ബൈക്കും ഒക്കെ പങ്കിട്ടെടുക്കുന്നതുകൊണ്ട് പലപ്പോഴും ഇടുങ്ങിയും നടുങ്ങിയും മുറിഞ്ഞു പോകുന്നുണ്ട് ഞങ്ങളുടെ സംസാരവഴികള്‍.

നമ്മുടെ കുഞ്ഞിമൊയ്തീനൊക്കെ..?

ആ.. കുഞ്ഞിമോയ്തീന്‍.. കാദര്‍ക്ക.. ഹമീദുക്ക..  അവരൊക്കെ ഇപ്പോള്‍ മൊടവന്നൂരെ എസ്റ്റേറ്റിലാ.. ഹംസക്കയും മുഹമ്മദുക്കയുമൊക്കെ പുലാമന്തോളും..

അപ്പോഴേക്കും ചെറിയൊരു വളവില്‍ വലിയവലിയ ചക്രങ്ങളില്‍ ചതഞ്ഞരയാന്‍ തുടങ്ങിയ നാട്ടുവഴിയുടെ മരണവിളികള്‍ മുഴങ്ങി.

മണ്ണും കല്ലും ഒക്കെ മാന്തണോരാട്ടോ.. കണ്ണും മൂക്കും ഒന്നും ഉണ്ടാവില്ല. അങ്ങോട്ട്‌ തെല്ല് മാറി നിന്നോളിന്‍..

കല്ലിനെ മണ്ണിനെ മരങ്ങളെ പിന്നിലാക്കി കുതിച്ചു പായുകയാണ് വഴിദൂരങ്ങളില്‍ പെട്ടുപോയ മനസ്സ്. മുന്നില്‍ നടുക്കൊരു വെളുത്ത വരയിട്ടു, കണ്ണും മൂക്കും വരച്ചു വച്ച കറുത്ത പാത മാത്രം. കയറേണ്ടവര്‍ക്കും ഇറങ്ങേണ്ടവര്‍ക്കും ഇടയില്‍ മടിച്ചുമടിച്ചു നില്‍ക്കുന്ന ബസ്സ്‌.

എന്നെ കണ്ടതും കുഞ്ഞിമൊയ്തീന്‍ ഉയര്‍ത്തെഴുന്നേറ്റു.

അല്ല ആരാണിത്? എന്നാ വന്നത്? എന്താ ഈ വഴിക്കൊക്കെ? എന്നൊക്കെ ചോദിച്ചുകൊണ്ട് കുഞ്ഞിമൊയ്തീന്‍ എന്നെ കെട്ടിപ്പിടിച്ചു. എത്ര കാലമായി നമ്മള്‍ കണ്ടിട്ട്? എന്നാലും ഇതെന്തുപറ്റി? നീയാകെ മാറിയല്ലോ.. മുടിയൊക്കെ കൊഴിഞ്ഞു താടിയൊക്കെ നരച്ചല്ലോ? എന്താണിത് ബായീ..? എന്നാലും മുഖത്തിനൊരു മാറ്റവും ഇല്ലട്ടൊ. ഇത് ആ  പഴയ സൈക്കിള്‍ സീറ്റ് തന്നെ!

കുഞ്ഞിമൊയ്തീന്‍ വയറില്‍ കൈ അമര്‍ത്തി ചിരിക്കാന്‍ തുടങ്ങി. പഴയ വയറുവേദനയുടെ അതേ ചിരി തന്നെ. ആഹ്ലാദത്തിലാഴ്ന്നുപോയ മനസ്സിനെ അടക്കിപ്പിടിക്കാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി. വീടുവച്ചതും മകളെ കെട്ടിച്ചയച്ചതും വട്ടച്ചിലവിനു മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഇപ്പോഴും ടാപ്പിംഗിന് പോകുന്നതുമെല്ലാം അവന്‍റെ ചിരിയുടെ വായില്‍ നിന്നും വാടിക്കൊഴിഞ്ഞു.

ഒരുപാട് നേരം കഴിഞ്ഞു. ആ ചുണ്ടുകള്‍ക്കിടയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നതെല്ലാം എനിക്ക് പകര്‍ത്തിയെടുക്കാനുള്ള മൊഴിമുത്തുകളാണ്. ഒടുവില്‍ വാക്കുകള്‍ക്കിടയില്‍ ഒരിടവേള കിട്ടി. എന്‍റെ ഹൃദയം മറ്റാര്‍ക്കോ കേള്‍ക്കാന്‍ പാകത്തില്‍ അതിദ്രുതം മിടിച്ചു.

ഒടുവില്‍  ചോദിച്ചു:

നമ്മുടെ കാദര്‍ക്കയൊക്കെ ഇപ്പോള്‍ എവിടെയാ..?

ആഹാ..!

കുഞ്ഞിമൊയ്തീന്‍ അടക്കിച്ചിരിച്ചു. ആ കണ്ണുകള്‍ ഒരു കൌശലത്തോടെ എന്നെ ഉഴിഞ്ഞു: ആയിഷാടെ ഉപ്പയല്ലേ..? മൂപ്പര് മരിച്ചിട്ട് കുറെക്കാലായി.. ആമിനാത്ത ഇപ്പോഴും ഉണ്ട്.

എത്ര പ്രായം കഴിഞ്ഞാലും മനസ്സിന് ചിലപ്പോള്‍  അടക്കിപ്പിടിക്കാന്‍  കഴിയാത്ത ചെറുപ്പം തോന്നും.

അപ്പോള്‍ ആയിഷയൊ?

അപ്പൊ ഒന്നും മറന്നിട്ടില്ല അല്ലെ? വല്ലാത്ത ആള്‍ തന്നെ..

കുഞ്ഞിമോയ്തീനില്‍ വീണ്ടും വയറുവേദനയുടെ ചിരി: എന്നെപ്പോലും പറ്റിച്ചു കളഞ്ഞില്ലേ? ഞാന്‍ ഒരിക്കലും കരുതിയില്ല.. എന്തായാലും രണ്ടുപേരേയും സമ്മതിച്ചു തന്നിരിക്കുന്നു.

ആയിഷ എവിടെയാണ്..? കടിഞ്ഞാണ്‍ പൊട്ടിയ നാവിനപ്പോള്‍ കുതിരക്കുതിപ്പ്.

അതൊക്കെ പറയാന്‍ തുടങ്ങിയാ ഒരവസാനം കാണാന്‍ വെഷമിക്കും..

വാക്കുകള്‍ പിശുക്കിവച്ചു കൊണ്ട് കുഞ്ഞിമൊയ്തീന്‍ വീണ്ടുമെന്നെ പരിക്ഷീക്കുന്നു. വാക്കുകളുടെ കാലതാമസം കൊണ്ട്, നമുക്കൊരാളെ കൊല്ലണമെന്നു തോന്നുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. ഞാന്‍ കണ്ണും കാതും ആ ചുണ്ടനക്കങ്ങളില്‍ ഉടക്കി മന:സംയമനത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ കുഞ്ഞിമൊയ്തീന്‍ തുടങ്ങി:

അവിടുന്ന്‍ ഞങ്ങളെല്ലാരും ഇങ്ങോട്ടുപോന്നല്ലോ. കാദര്‍ക്കയും ഒരു വീടൊക്കെ വച്ചു. ആയിഷ പിന്നെ കല്യാണമേ കഴിച്ചില്ല. അവള്‍ ടാപ്പിംഗ് ഒക്കെ പഠിച്ച് ഇവിടെ വെട്ടാന്‍ കൂടി. അങ്ങനെ കഴിയുമ്പോഴാണ് കാദര്‍ക്കാക്ക് അസുഖം പിടിക്കുന്നത്‌. വയറ്റിലൊരു മുഴ. കുറെ ദിവസം ആസ്പത്രിയില്‍ കിടന്നു. പിന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു. അവിടെ കിടന്നു മരിച്ചു.

ആയിഷ പഠിക്കണം എന്നൊക്കെയല്ലേ അന്നു പറഞ്ഞു നടന്നിരുന്നത്?

ഊം.. അതൊക്കെ ശരി തന്നെ.. പക്ഷെ അവളുടെ ആ മനസ്സും കൊണ്ടല്ലേ നീ പോയത്?

എന്ത്..?

ഞാനൊന്നും പറയുന്നില്ല.

വളരെ ചെറിയ ആ ഇടവേളയില്‍ പ്രായത്തിന്‍റെ പര്‍ദ്ദയിട്ട ഒരു രൂപം മനസ്സിന്റെ കൈയെത്തും ദൂരത്തു വന്നു നിന്നു. ഞാന്‍ അവളോട്‌ പറഞ്ഞു: മുഖം കാണുമ്പോള്‍ അറിയാനുണ്ട് ആയിഷ സഹിച്ച ദുരിതങ്ങളുടെ കണക്ക്..

അപ്പൊ അതൊക്കെ അനുഭവിച്ചോരടെ അവസ്ഥയെന്തായിരിക്കും?

ഒരു മറുചോദ്യത്തോടെ കുഞ്ഞിമൊയ്തീന്‍ തുടര്‍ന്നു: അവളാണ് ആസ്പത്രിയില്‍ കാദര്‍ക്കാക്ക് സഹായത്തിനുണ്ടായിരുന്നത്. അയാള്‍ക്ക്‌  ഒരു ആണ്‍കുട്ടി ഇല്ലാത്തതിന്റെ കുറവൊന്നും ഉണ്ടായില്ല. എന്നാലും ഒരു പെണ്ണല്ലേ.. അതിന്റേതായ ചില പരിമിതികള്‍ ഉണ്ടാവില്ലേ? പാട്ടിലാക്കാനും പറഞ്ഞു പറ്റിക്കാനും എളുപ്പമല്ലേ?

എന്തു പറ്റി..?

എന്തു പറ്റാനാ?

ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല. മൂപ്പര് മരിച്ചു കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ പെറ്റു. തന്തയാരെന്ന് അറിയില്ലെങ്കിലും നല്ല തണ്ടും തടിയുമുള്ള ഒരു ചെക്കന്‍. ആമിനത്താത്താക്ക് ആണ്‍കുട്ടിയില്ലാത്തത്തിന്റെ സങ്കടം തീര്‍ന്നു.

കുഞ്ഞിമൊയ്തീന്‍ പറഞ്ഞു നിര്‍ത്തുന്നതും കാത്തിരിക്കുകയായിരുന്നു, അതിരിന്നപ്പുറം നില്‍ക്കുന്ന ഒരു പൂമരത്തിലെ കിളികള്‍ . അവ കലപില കൂടി തലങ്ങും വിലങ്ങും പറന്നു. ചിറകടിച്ചും തമ്മില്‍ കൊത്തിയും ആകെ ബഹളം.

നീയെന്താ ഒന്നും മിണ്ടാത്തത്..?

ഞാന്‍ ..

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും കുഞ്ഞിമൊയ്തീന്റെ കണ്ണുകളെ നേരിടാനുള്ള വൈമനസ്യം കൊണ്ട് വെറുതെ അങ്ങുമിങ്ങും നോക്കി.

കുഞ്ഞിമൊയ്തീന്‍ പറഞ്ഞു:

ഒന്നും ഉണ്ടായിട്ടല്ല, ഒരു തമാശക്ക് പറയുന്നതാണ് കെട്ടോ.. അവളുടെ മനസ്സില്‍ എന്നും നീയായിരുന്നു.. വേണമെങ്കില്‍ നിനക്കവളെ രക്ഷിക്കാമായിരുന്നു..

എന്താ നീ പറയുന്നത്?

പത്തുമുപ്പതു കൊല്ലം കഴിഞ്ഞിട്ടും ഞാനിങ്ങനെയൊക്കെ പറയുന്നുണ്ടെങ്കില്‍ അത് എത്ര മനസ്സില്‍ തട്ടിയിട്ടാവുമെന്ന് ആലോചിക്ക്.. ആയിഷ ഉരുകിത്തീര്‍ന്നതിന്റെ കയ്യും കണക്കും നിനക്കറിയില്ലല്ലോ..

കുഞ്ഞിമൊയ്തീന്‍റെ ഭാവം പെട്ടെന്നു മാറി: ഒരു പാവപ്പെട്ട പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് എത്ര നിസ്സാരായിട്ടാ അന്നു നീ തടിയൂരിയത്. ആ കാദര്‍ക്ക ഒരു പാവമായത് കൊണ്ടല്ലേ നീ രക്ഷപ്പെട്ടത്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ പിടിച്ചുകെട്ടിച്ചു വിടുമായിരുന്നു.. അല്ലെങ്കില്‍ കുത്തിമലര്‍ത്തുമായിരുന്നു..

നീയൊന്ന് നിര്‍ത്തുന്നുണ്ടോ..

ഞാന്‍ ഒരു ജാള്യതയോടെ ചുറ്റും നോക്കി: വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കരുത്.. ആരെങ്കിലും കേട്ടാല്‍ വെറുതെ തെറ്റിദ്ധരിക്കും.. ആയിഷക്ക്‌ ഞാനൊരു മോഹവും വാഗ്ദാനവും നല്‍കിയിട്ടില്ല..

ഒരു നിമിഷം കൊണ്ട് കുഞ്ഞിമൊയ്തീന്‍ ശാന്തനായി: നീയൊന്നും വിചാരിക്കരുത്.. ഇങ്ങനെയൊക്കെയായിരുന്നു അക്കാലത്ത് പാടിയിലെ സംസാരം.. ഞാന്‍ ആദ്യം പറഞ്ഞില്ലേ ഒക്കെ തമാശയായി കരുതിയാ മതിയെന്ന്.. എന്താ നിനക്ക് വിഷമമായോ?

ഏയ്‌ അതല്ല.. ഒടുവില്‍ ഞങ്ങള്‍ രണ്ടുപേരും സമനിലയിലായി.

പിന്നെയും കുറച്ചുകഴിഞ്ഞതിനു ശേഷമാണ് എന്‍റെ ചോദ്യം: ആയിഷാടെ വീടെവിടെയാണ്? അവളെ ഒന്ന് കാണാന്‍ പറ്റ്വോ..?

കുറച്ചുനേരത്തേക്ക് കുഞ്ഞിമൊയ്തീന്‍ പ്രതികരിച്ചില്ല. എങ്കിലും എനിക്കത് ആവര്‍ത്തിക്കേണ്ടിയും വന്നില്ല.

അവന്‍ തെല്ലകലേക്ക്‌ വിരല്‍ ചൂണ്ടി: വീടൊക്കെ അടുത്തു തന്നെ ദാ... ആ കാണുന്നതാ.. എന്നാലും നീ ഇപ്പൊ അവളെ കാണണ്ടാന്നെ ഞാന്‍ പറയൂ..

അതെന്താ..?

അതൊക്കെ നാണക്കേടല്ലേ? ആളുകളറിഞ്ഞാല്‍ അതിന്റെ മോശം നിനക്കല്ലേ? ഇപ്പൊ പണ്ടത്തെപ്പോലെയല്ല.. ആരേയും അടുപ്പിക്കാനും വിശ്വസിക്കാനും പറ്റാത്ത കാലമാണെന്നറിയില്ലേ?

എന്നാലും എനിക്ക് ആയിഷയെ ഒന്നു കാണണം.. അതിനു നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ?

ഒന്നും ഉണ്ടാവാതിരിക്കാനാ പറയുന്നത്..

കാലം മാറുന്നതിനനുസരിച്ച് ചിലരുടെ മനസ്സും മാറും. ഇത് സിനിമയും നാടകവും ഒന്നുമല്ലല്ലോ.. അവള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു വിളിച്ചു കൂവിയാല്‍ ആളുകള്‍ കൂടും. ചിലപ്പം അതൊക്കെ കേസും കൂട്ടും ആക്കാനും അവളുടെ പിന്നില്‍ ആളുകള്‍ ഉണ്ടാവും. ഇനി ഈ വയസ്സുകാലത്ത് വെറുതെ നാറണോ?

നിനക്കെന്തു പറ്റി?

എനിക്ക് ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല. നിത്യവും പലപല വാര്‍ത്തകള്‍ കണ്ടും കെട്ടും വായിച്ചും മരവിച്ചുപോയ കുഞ്ഞ്മോയ്തീന്റെ ചിന്തകളില്‍ കല്ലില്‍ കൊത്തിയതുപോലെ ചില ചിഹ്നങ്ങളും ചിത്രങ്ങളുമെല്ലാം ചിതലരിക്കാതെത്തന്നെ കിടക്കുന്നുണ്ട്.

അത് മായ്ക്കാനായി ഞാന്‍ വാക്കുകള്‍ തിരഞ്ഞു:

എന്‍റെ കുഞ്ഞിമൊയ്തീനെ.. എത്ര കാലം മുമ്പത്തെ കാര്യങ്ങളാ നീയിപ്പോള്‍ വളച്ചുകെട്ടി പറയുന്നത്..? ആയിഷാക്കെന്നെ ഓര്‍മ്മയുണ്ടാവുമോ എന്നുപോലും അറിയില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ ഞാനവളോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവള്‍ക്കും അറിയാം. ഇനി അവള്‍ മനപ്പൂര്‍വ്വം എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയാണെങ്കില്‍ അതപ്പോള്‍ നോക്കാം. നീ വാ..

നിന്നോടു പറഞ്ഞിട്ടു കാര്യമില്ല.. നിനക്കതൊന്നും മനസ്സിലാവില്ല.. കുറച്ചുനേരം ഇരുട്ടില്‍ ഒളിച്ചുനിന്നു നോക്ക് പകല്‍ വെളിച്ചത്തില്‍ നമ്മള്‍ കാണുന്നവരുടെയൊക്കെ യഥാര്‍ത്ഥ സ്വഭാവം അറിയണമെങ്കില്‍ ..

അതൊക്കെ ശരിതന്നെ. ഇനി എന്തായാലും വേണ്ടില്ല.. അവളെ ഒന്നു കാണണം.

കുഞ്ഞിമൊയ്തീന്‍ ഇരിക്കുന്നിടത്ത്‌ നിന്നും അനങ്ങിയില്ല.

നീ വീട് കാണിച്ചു തന്നാല്‍ മതി.. ഞാന്‍ പോയി കണ്ടോളാം..

നീ പോയി കണ്ടിട്ട് ഇനി എന്തുണ്ടാവാനാണ്? അവളുടെ ഇപ്പോളുള്ള സ്വസ്ഥത കളയാനോ? അതോ പഴയബന്ധം പറഞ്ഞു പറ്റിക്കൂടാനോ? അല്ലാതെ അവള്‍ക്ക് ഇനിയൊരു ജീവിതം കൊടുക്കാനൊന്നും നിന്നെക്കൊണ്ട് കഴിയില്ലല്ലോ?

ഇതെന്തൊരു കാലമാണ്..! മുറ്റത്തെ വെയിലിനൊപ്പം തന്നെ കുഞ്ഞിമോയ്തീനും ഇടക്കിടക്ക് മങ്ങുന്നു.. പിന്നെ തെളിയുന്നു.

നിനക്കെന്താ പറ്റിയത്? ഇപ്പോള്‍ എനിക്കും ഒരു സംശയമൊക്കെ തോന്നിത്തുടങ്ങി: കുഞ്ഞിമോയ്തീനെ ഇനി ആയിഷക്ക്‌ കുഴപ്പം വല്ലതും..? മനസ്സിന്..

പോടാ.. അവന്‍ വയറുവേദനയോടെ ചിരിച്ചു.

ഒടുവില്‍ ഞാന്‍ അപേക്ഷിച്ചു: ഇനി അവളെ ഒന്ന് കാണാതെ തിരിച്ചു പോകാന്‍ എനിക്കാവില്ല..അതുകൊണ്ടാ..

അത് അവന്‍റെ മനസ്സില്‍ തട്ടിയെന്നു തോന്നുന്നു. അവന്‍ എഴുന്നേറ്റു: അവിടെയാണ് വീട്..

എവിടെ?

കുഞ്ഞിമൊയ്തീന്‍റെ ചൂണ്ടുവിരലില്‍ ഉയര്‍ന്നു നില്‍ക്കുന്നിടത്ത് ദൂരെയൊരു കുന്നിലെ മൊബൈല്‍ ടവര്‍ മാത്രം.

ഒരുപാട് നടക്കണമല്ലോ.. എന്നാലും സാരമില്ല..

അതല്ല.. എന്‍റെ ഉത്സാഹം കണ്ട്പ്പോള്‍ അവന്‍ പുരികം ചുളിച്ചു കണ്ണുകള്‍ താഴ്ത്തി തെല്ലകലെയുള്ള ഒരു പച്ചപ്പില്‍ തൊട്ടു:

അടുത്താ.. ആ കാണുന്നതാ..

എന്നാ പോകാം..

ഞാന്‍ വരാം. പക്ഷെ, ഒരു കാര്യമുണ്ട്. അവള്‍ ഒരു പെണ്ണാണ്. പെണ്ണുങ്ങള്‍ സ്നേഹിച്ചാല്‍ എന്തും തരും. പ്രതികാരം ചെയ്യാന്‍ തുനിഞ്ഞാല്‍ എന്തും ചെയ്യും. അവള്‍ ഒരു ജീവിതം ആവശ്യപ്പെട്ടാല്‍ കൊടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രം പോയാ മതി. ഒടുവില്‍ നീ എന്നെ കുറ്റപ്പെടുത്തരുത്..

ഇല്ല.. ഞാന്‍ ചിരിച്ചു.

ഇങ്ങിനെ ചിരിക്കണ്ട. ആരും കരയാതിരിക്കാന്‍ വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്. ഇത് ഒരു ജീവിതത്തിന്റെ മാത്രം പ്രശ്നമല്ല. നിനക്കുമില്ലേ ഒരു കുടുംബം.. അവള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍ ഞാന്‍ ഇടപെടില്ല. ഒക്കെ നീ തന്നെ പറഞ്ഞു തീര്‍ത്തോളണം. നിനക്ക് ഇനിയും ആലോചിക്കാന്‍ സമയമുണ്ട്.

ഇനിയും ചിരിച്ചാല്‍ കുഞ്ഞിമോയ്തീനു മറ്റെന്തെങ്കിലും തോന്നും. അതുകൊണ്ടു കുറച്ചുസമയം ആലോചിക്കുന്നതായി നടിച്ചു.

എല്ലാം സമ്മതിച്ചിരിക്കുന്നു. എന്തും ഞാന്‍ സഹിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രശ്നം തീര്‍ന്നല്ലോ?

എവിടെനിന്നോ കൈവന്ന ഒരു ധൈര്യം എന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. തീര്‍ച്ച. കുഞ്ഞിമൊയ്തീന്‍റെ തെളിഞ്ഞ മുഖം അത് വിളിച്ചു പറഞ്ഞു.

നിന്നെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റില്ല. വല്ലാത്തൊരു മനുഷ്യന്‍ തന്നെ.. കുഞ്ഞിമൊയ്തീന്‍ ചിരിച്ചു: അവള്‍ ഒരു പാവല്ലേടാ..

എന്തായാലും ഞാന്‍ മനുഷ്യനാണെന്നു നീ സമ്മതിച്ചല്ലോ.. അതുമതി.. ഞാനെന്നെ ചാരിവച്ച കല്‍ച്ചുമരില്‍ നിന്നും മെല്ലെ അടര്‍ത്തിയെടുത്തു.

കിളികള്‍ കരയുന്ന പൂമരച്ചുവട് കഴിഞ്ഞു രണ്ടു വളവ് തിരിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ആ പച്ചപ്പിനടുത്തെത്തി. മരമായി, കല്ലായി, രണ്ട് ജന്മഭാരങ്ങള്‍ ചുമന്നു ഇപ്പോള്‍ ഞാന്‍ മനുഷ്യനായി മാറിയിരിക്കുന്നെന്ന്.. ഇനി എന്നെക്കാണുമ്പോള്‍ ആയിഷ എന്തായിത്തീരും? ഒന്നും ഊഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിപ്പോയിരുന്നു മനസ്സ്.

നടന്നു നടന്നു മയിലാഞ്ചിത്തലപ്പുകള്‍ തലനീട്ടിയ ഒരു മതിലിന്നടുത്തെത്തിയപ്പോള്‍ കുഞ്ഞിമൊയ്തീന്‍ നിന്നു.

എന്‍റെ ചുണ്ടില്‍ ഞാനറിയാതെത്തന്നെ ഒരു ചിരി പൊട്ടി. എന്നാല്‍ മായ്ച്ചു കളയാന്‍ നോക്കുമ്പോഴേക്കും കുഞ്ഞിമൊയ്തീന്‍ അതു കണ്ടുപിടിച്ചു.

എന്താ ഇപ്പൊ ഈ ചിരിയുടെ അര്‍ഥം..?

ഞാന്‍ പഴയ കാലം ഓര്‍ത്തുപോയി.. ആയിഷാടെ സ്വഭാവത്തിനൊരു മാറ്റവുമില്ലല്ലോ.. ഇവിടേയും മയിലാഞ്ചിയുടെ കാട്..

അതന്നല്ലേ ഓള്‍ക്ക് പണ്ടുണ്ടായിരുന്ന പണി.. ചമഞ്ഞൊരുങ്ങി നടക്കല്.. അതും നിന്നെക്കാണിക്കാന്‍ ..

പെട്ടെന്നു അവന്‍  എന്നെ തോളില്‍ പിടിച്ചു നിര്‍ത്തി:

ഇത് ആരോ അവളുടെ ഖബറില്‍ ഒരു കമ്പ് കുത്തിയതാ.. അതിപ്പോളൊരു കാടായി. അതിന്റുള്ളില്‍ എവിടെയാ അവള്‍ കിടക്കുന്നതെന്നുപോലും അറിയാന്‍ പറ്റാതായി..

നീയെന്താ പറഞ്ഞത്..?

ഞാന്‍ കുതറി മാറി. അല്ല ഞാനെന്താ കേട്ടത്..?

കുഞ്ഞിമൊയ്തീന്‍റെ തലപ്പൊക്കത്തിനും പിന്നില്‍ പള്ളിമിനാരമുള്ള ഒരാകാശം മാത്രം.

എനിക്ക് തലചുറ്റി.

ആയിഷയുടെ വീടെവിടെ..?

ഇതുതന്നെ ആയിഷയുടെ വീട്..

അവന്‍ മയിലാഞ്ചിക്കാട്ടിലേക്ക് വിരല്‍ ചൂണ്ടി:

എന്നും മയിലാഞ്ചിയിട്ട് അതിന്‍റെ ഉള്ളിലെവിടെയോ കിടക്കുന്നുണ്ട് നിന്‍റെ ആയിഷ.. ചെല്ല്.. ചെന്നു വിളിച്ചു നോക്ക്.. പറ്റുമെങ്കില്‍ ഇനിയെങ്കിലും അവള്‍ക്കൊരു ജിവിതം കൊടുക്ക്‌.. ഒരു നിലക്കും ജീവിക്കാന്‍ പറ്റാതായപ്പോള്‍ എളുപ്പപ്പണി നോക്കിയതാണവള്‍ .. ഒരു.. 

വേണ്ട.. ഒന്നും പറയണ്ട..

ഞാന്‍ ആ കൈകളില്‍ പിടിച്ചു കെഞ്ചിയപ്പോള്‍ കുഞ്ഞിമൊയ്തീന്‍ അവന്‍റെ വാക്കുകള്‍ മുറിച്ചു.

മതിലിനു മുകളില്‍  ഒരു മയിലാഞ്ചിത്തലപ്പ് മുഖം കാണിച്ചു. വേവും ചൂടുമൊന്നും ഇല്ലാത്ത ഒരു ഖബറില്‍ വേരുകള്‍ കൊണ്ടു തൊട്ടതുപോലെ അതില്‍ പൂക്കളുലഞ്ഞു.


ചിത്രങ്ങള്‍ ഇസ്ഹാക്ക് നിലമ്പൂര്


Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

68 comments :

  1. കണ്ണിൽ പ്രതീക്ഷയുടെ തിളക്കം നിറച്ച് ജീവിച്ച ഒരു പെണ്‍കുട്ടി ഒടുവിൽ ഒരു ദുരന്തമായി പര്യവസാനിക്കുന്നു. സ്നേഹിച്ച പെണ്ണിനെ മൂന്നു പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും അന്വേഷിക്കാത്തതിനു പ്രവാസം ഒരു ഒഴികഴിവ് മാത്രമാണ്. ആയിഷ തെരഞ്ഞെടുത്തത് ശരിയായ വഴി തന്നെ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി..ഇന്നും ഇങ്ങിനെ എത്രയെത്ര ആയിഷമാര്‍

      Delete
  2. ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ
    ലളിതസുന്ദരമായ ശൈലി..
    ആശംസകള്‍ മാഷെ

    ReplyDelete
    Replies
    1. നന്ദി സര്‍ , ഈ വായനക്കും അഭിപ്രായത്തിനും.

      Delete
  3. ഒട്ടും വ്യതിചലിക്കാതെ കഥയില്‍ ആണ്ടിറങ്ങി വായിച്ചു. എത്ര നല്ല ശൈലി,ഭാഷ .വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ...

      Delete
  4. Vaayichu
    alpam izachilund
    chila bhaagangal adipoliyaanu
    Aashamsakal

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി..ഒരു നീണ്ടകഥയായിപ്പോയി..

      Delete
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  6. മനസ്സും ആകെയുലഞ്ഞൂ.... ഉലച്ചുകളഞ്ഞു ഇക്കഥ.. മികച്ച ആഖ്യാനം. ഒറ്റയിരുപ്പിനു വായിച്ചു..

    ReplyDelete
    Replies
    1. സന്തോഷം ഈ നല്ല വാക്കുകള്‍ക്ക്.. നന്ദി..

      Delete
  7. തുടക്കത്തില്‍ ആയിഷാക്ക് മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ കഴിയുന്ന ആറാമിന്ദ്രിയം ഉണ്ടോ എന്ന് സംശയിച്ചു.വസന്തവും ഗ്രീഷ്മവും മിന്നിമറിയുന്ന പ്രണയ കാലങ്ങള്‍ക്കിടയില്‍ വിശാലമായ മരുഭൂമിയിലേക്ക് കാലെടുത്തു വയ്ക്കുന്ന വായനാ മുഹൂര്‍ത്തങ്ങള്‍ എത്രമാത്രം പരിണത പ്രജ്ഞം. പ്രഫുല്ല സൗരഭം.....
    ശ്വാസം നിലച്ചിരുന്നു , ഓരോ വാക്കും വാക്യവും വായിച്ചു തീരും വരെ ...സത്യം ....!ശ്വാസം വീണത്‌ കഥയുടെ പരിണാമ ദിശയിലെ മൈലാഞ്ചി ചെടികളുടെ കണ്ണീര്‍ ചോപ്പിലൊരു മഹാ പ്രണയ കാവ്യം ഉള്പൂ
    വിരിയിച്ചപ്പോള്‍ .......കണ്ണ് തുടച്ചുവോ ,അറിയാതെ എന്‍റെ വാഗ് കണ്ണുകളും !! ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഈ ഹൃദയ കാവ്യത്തിനു എത്ര അഭിനന്ദനങ്ങള്‍ പറഞ്ഞാല്‍ മതിയാകും !എന്നാലും പറയട്ടെ ഒരു കടലോളം .....!!

    ReplyDelete
    Replies
    1. സര്‍...സന്തോഷം. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി..
      കണ്ണ് തുടച്ചുവോ ,അറിയാതെ എന്‍റെ വാഗ് കണ്ണുകളും .....

      Delete
  8. ഒന്നുകൂടി...കഥക്കൊത്ത വരയും അനുയോജ്യം !

    ReplyDelete
  9. സ്നേഹപ്പൂവിന്റെ ഇതൾ. ആഖ്യാനത്തിലെ മികച്ച കയ്യടക്കത്തിലൂടെ വായന അതിന്റെ രസച്ചരട് പൊട്ടാതെ മെയിലാഞ്ചിക്കാട്ടിൽ ചെന്നെത്തുമ്പോൾ അനുവാചക ഹൃദയങ്ങിലൂടെ ഒരു നൊബരക്കാറ്റ് കടന്നു പോകും. നിസ്സഹായതയുടെ ചെറു വൃത്തത്തിൽ സ്വയം ഉരുകി ഇല്ലാതായ ഒരു സാധു സ്ത്രീയും അവളുടെ മോഹങ്ങളും കുഞ്ഞു മൊയിദീന്റെ വേദന നിറഞ്ഞ ചിരിയിലൂടെ, ഭവാനിയിലൂടെ വായിച്ചെടുക്കാം. ഒപ്പം കഥാനായകൻറെ ധർമ്മസങ്കടവും..

    ഈ ബ്ലോഗിലെ മറ്റൊരു നല്ല കഥ. കഥാകാരനും വരക്കാരനും അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു... ഇങ്ങിനെയുള്ള വാക്കുകളാണ് വീണ്ടും എഴുതാന്‍ ഉത്തേജിപ്പിക്കുന്നത് ..

      Delete
  10. മനോഹരമായ പ്രണയകഥ.

    ReplyDelete
  11. Replies
    1. യാത്രാതിരക്കിലും കയറിയല്ലോ..വളരെ സന്തോഷം...മുല്ലേ

      Delete
  12. ഉണങ്ങിയ പുല്‍ക്കൊടികളും ഞണ്ടിന്റെ പൊത്തുകളുമല്ലാതെ പലപ്പോഴും ഞങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം വിണ്ടടര്‍ന്നിരുന്നു പാടം.

    സുന്ദരമായ അവതരണത്തില്‍ ആമിനയും കഥാനായകനും കുഞ്ഞുമോയ്തീനും ഭവാനിയും എല്ലാം ഒരു ഗ്രാമത്തിലെ തിളങ്ങുന്ന കാഴ്ചകളായി മുന്നില്‍ നിറഞ്ഞു.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ ഹൃദയം നിറഞ്ഞ നന്ദി...

      Delete
  13. കഥക്കും കഥയോട് ചേർന്നു നിൽക്കുന്ന ചിത്രങ്ങൾക്കും അഭിനന്ദനങ്ങൾ - ചില ഭാഗങ്ങളിൽ അൽപ്പം ഇഴയുന്നുണ്ടോ എന്നു സംശയിച്ചെങ്കിലും കൈയ്യടക്കവും, അവതരണ മികവും കൊണ്ട് അത് പരിഹരിക്കാനാവുന്നു

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.. എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയ കാര്യം തന്നെയാണ്.കുറെ മുറിക്കുകയും ചെയ്തു..എന്നിട്ടും..

      Delete
  14. "എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അതു മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല...." എം. ടി. യുടെ ഈ വരികളാണ് കഥ വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്. അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു..നന്ദി ..സന്തോഷം...

      Delete
  15. കുറേ നാളായി ഓരിലയില്‍ വിരിയുന്ന ഒരു കഥയ്ക്കായുള്ള കാത്തിരിപ്പ്. മൗനപ്രണയങ്ങളും ഹംസസൗഹൃദങ്ങളും വേര്‍പിരിയലുകളും മടങ്ങിവരവുകളും മരണവും എല്ലാം കേട്ടുപഴകിയതാണെങ്കിലും, അവതരണം അതിഗംഭീരം. ഭാഷയും ഉപമകളും അതീവഹൃദ്യം. താങ്കളുടെ എഴുത്ത് ഒരു നല്ലവായനാനുഭവം തന്നെ. ആശംസകള്‍ മുഹമ്മദ് ഭായ്.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം.. ഒരു സംശയത്തോടെത്തന്നെയാണ് ഈ കഥയ്ക്ക് ആ പാശ്ചാത്തലം തിരഞ്ഞെടുത്തതും..

      Delete
  16. വരികളിലൂടെ ഞാനും ആയിശയെ പ്രണയിച്ചു...
    നല്ല എഴുത്ത്

    ReplyDelete
  17. ഓണ്‍ലൈന്‍ എഴുത്തുകളെല്ലാം പഴയ അണ്ടര്‍വെയര്‍ പോലെ ആണെന്ന് ആരോപണം ഉയരുന്ന ഇക്കാലത്ത് ഇങ്ങനെ ലളിതവും ആകര്‍ഷകവുമായി കഥകള്‍ വായിക്കാനാകുന്നത് സന്തോഷമാണ്. ഇസഹാക്കിന്റെ വരയും അനുയോജ്യം തന്നെ

    ReplyDelete
    Replies
    1. ആരെയോ കുത്തി പറയുന്നല്ലോ ??????? :) :)

      Delete
    2. വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി..സന്തോഷം..

      Delete
  18. ബ്ലോഗ്‌ മരിച്ചു എന്ന് ഇനി മേലാല്‍ ആരും പറഞ്ഞേക്കരുത് ,, ആ അടുത്ത് വായിച്ച മികച്ച കഥകളില്‍ ഒന്ന് ,,,കഥയുടെ മധ്യത്തില്‍ എത്തുമ്പോള്‍ പെട്ടന്നു തീരാനായി വായനയുടെ വേഗം കൂട്ടി മനസ്സ് !! .. സൂപ്പര്‍ .

    ReplyDelete
    Replies
    1. പ്രിയ ഫൈസല്‍.. താങ്കളെപ്പോലെയുള്ളവര്‍ ഉള്ള കാലം വരെ ബ്ലോഗ്‌ മരിക്കില്ല.. തീര്‍ച്ച...അഭിപ്രായങ്ങള്‍ക്ക് വളരെ സന്തോഷം..നന്ദി...

      Delete
  19. മികച്ച രീതിയലുള്ള പ്രതിപാദനം എടുത്തു പറയേണ്ടതാണ്..
    കഥ വായിക്കാനും കേള്‍ക്കാനും ഉള്ളതാണ്.
    അപ്പൊ അതിന്റെ അവതരണത്തിന് മികവേറണം, ഇത് പോലെ..

    ReplyDelete
    Replies
    1. സുഹൃത്തെ.. വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി..

      Delete
  20. നല്ല കഥ. ഒരിഴച്ചില്‍ എവിടെയോ അനുഭവപ്പെട്ടത് ചിലപ്പോള്‍ കഥയുടെ അവസാനമറിയാനുള്ള എന്‍റെ ധൃതികൊണ്ടായിരിക്കാം.

    ReplyDelete
    Replies
    1. വിലയിരുത്തലും അഭിപ്രായവും ഏറെ സന്തോഷം ഉണ്ടാക്കുന്നു.. വളരെ നന്ദി..എഴുതി വന്നപ്പോള്‍ നീണ്ടുപോയെന്നു സ്വയം തോന്നിയതാണ്..

      Delete
  21. നല്ല ഒഴുക്കുള്ള കഥപറച്ചിലിന്റെ അനുഭവം. തെളിഞ്ഞു വരുന്ന ഒരു കഥാശൈലി.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി.സന്തോഷം

      Delete
  22. Replies
    1. വന്നതിനും അഭിപ്രായത്തിനും സന്തോഷം നന്ദി..

      Delete
  23. നീളക്കൂടുതല്‍ ഉളളതിനാല്‍ രണ്ടു പ്രാവശ്യമായിട്ടാണ് വായിച്ചത് . പതിവുപോലെ മികച്ച രചനാ രീതി വായനാ സുഖമുണ്ടാക്കി . ഒരു നൊമ്പരത്തോടെ അവസാനിപ്പിക്കുകയും ചെയ്തു .

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും..കഥ നീടുപോയതായി സ്വയം തോന്നി..

      Delete
  24. അടുത്ത കാലത്ത്‌ വായിച്ച മികച്ച കഥ.

    വായന കഴിഞ്ഞപ്പോൾ മനസ്‌ കനം വെച്ചല്ലൊ!!!

    ReplyDelete
    Replies
    1. വായനക്കും ഏ അഭിപ്രായത്തിനും വളരെ നന്ദിയും സന്തോഷവും അറിയിക്കട്ടെ..

      Delete
  25. ആമിന ശരിക്കും മനസ്സിൽ തട്ടി...
    സുധി പറഞ്ഞതുപോലെ വായന കഴിഞ്ഞപ്പോൾ മനസ്സിനു വല്ലാത്ത ഭാരം..
    ആശംസകൾ....

    ReplyDelete
    Replies
    1. സുഹൃത്തെ.. ഈ വരവിനും വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും സന്തോഷം..നന്ദി...

      Delete
  26. അവതരണത്തിന്റെ സൗന്ദര്യം വായിക്കുമ്പോൾ മുഷിപ്പില്ലാതാക്കുന്നു. അത് കൊണ്ട് തന്നെ തന്നെ ഒരു അനുഭവം പോലെ വായിക്കേണ്ടി വരുന്നു.

    ReplyDelete
  27. നന്നായി ചിട്ടപ്പെടുത്തിയ വരികളും മനോഹരമായ ഭാഷയും കഥനത്തിന് മാറ്റ് കൂട്ടി. കുട്ടിക്കാലം തൊട്ട് മധ്യവയസോളം നേര്‍ രേഖയില്‍ പറഞ്ഞു വന്നതുകൊണ്ടാണ് കഥയ്ക്ക് നീളം കൂടിയത്. ഒരു ഫ്ലാഷ്ബാക്ക് സാധ്യത ഉപയോഗപ്പെടുത്തിയിരുന്നെകില്‍ മിഴിവേറിയേനെ എന്നും തോന്നായ്കയില്ല.

    ReplyDelete
  28. ബ്ലോഗിലെത്തി നോക്കത്തതീന്റെ നഷ്ടം മനസ്സിലാവുന്നു.
    ഈ വരികൾ ഒപ്പിച്ചെടൂക്കാനുള്ള മിടുക്ക് അപാരം തന്നെ

    ReplyDelete
  29. എത്ര മനോഹരമായ കഥ. അയത്നലളിതമായ ആഖ്യാനം.

    ReplyDelete
  30. Life's realities nicely presented.... All the very best....

    ReplyDelete
  31. നല്ല ഭാഷ,ലളിതമായ ആവിഷ്ക്കാരം, അല്‍പ്പം നീണ്ടുപോയില്ലേ എന്നൊരു സംശയം മാത്രം.

    ReplyDelete

  32. സുന്ദരമായ പ്രണയകഥ. ആകാംക്ഷയോടെ വായിച്ചു തീർത്തു. പാവം ആയിഷ. കഥാകൃത്തിനു ആശംസകൾ

    ReplyDelete
  33. അതിമനോഹരമായ ഒരു കഥ, ഒരുപാട് ഇഷ്ടം... ആയിഷ നോവിച്ചു ട്ടോ

    ReplyDelete
  34. നല്ല ഒതുക്കമുള്ള കഥ :)

    ReplyDelete
  35. മനസ്സ് മാവുകളും പേരാലുകളും തണല്‍ വിരിച്ച പഴയൊരു നാട്ടുപാതയിലൂടെ രാത്രിയും പകലുമില്ലാതെ നടന്നു. അത് പാടവരമ്പുകള്‍ താണ്ടി തൃക്കോവില്‍ ചുറ്റി കാടുകയറി. പലപല അവകാശികള്‍ കൈമറിഞ്ഞ എസ്റ്റേറ്റിലെ പുതുതൈകള്‍ക്കിടയില്‍ പഴയ കുന്നിവാകയുടെയും തേക്കുമരങ്ങളുടേയും തണലുകള്‍ തിരഞ്ഞു.

    താങ്കളുടെ കഥകളില്‍ പഴമയുടെ പ്രക്രുതിയുടെ പൂക്കാലമുണ്ട്, നട്ടുച്ചവെയിലില്‍ നടപ്പ് നിര്‍ത്തി ഒരു നാരങ്ങ സര്‍ബത്ത് കുടിക്കുന്നതിന്റെ അനുഭൂതി...

    അതിമനോഹരം...

    ReplyDelete
  36. കഥയുടെ നീളത്തെ രചയിതാവ് എഴുത്തിന്റെ ശൈലികൊണ്ട് തോല്‍പ്പിച്ചിരിക്കുന്നു. നല്ല വായന സമ്മാനിച്ചു... അഭിനന്ദനങ്ങള്‍

    ReplyDelete
  37. "മതിലിനുമുകളില്‍ ഒരു മയിലാഞ്ചിത്തലപ്പ് മുഖം കാണിച്ചു. വേവും ചൂടുമൊന്നും ഇല്ലാത്ത ഒരു ഖബറില്‍ വേരുകള്‍ കൊണ്ടു തൊട്ടതുപോലെ അതില്‍ പൂക്കളുലഞ്ഞു." മനസ്സിലും....!

    ReplyDelete
  38. നന്നായിട്ടുണ്ട് . ആശംസകള്‍.

    ReplyDelete
  39. നല്ലൊരു കഥ .. നിഷ്കളങ്കമായി മണ്ണിലേക്ക് ഇറ്റു വീഴുന്ന മഴ തുള്ളിപോലെ മനസ്സിലേക്ക് സ്നേഹാർദ്രമായ പ്രണയമഴ കിനിഞ്ഞിറങ്ങിയ പോലെ ... സൌന്ദര്യമുള്ള നോവും ! ആശംസകൾ

    ReplyDelete
  40. നല്ല ആവിഷ്ക്കാരം, അല്‍പ്പം നീണ്ടുപോയി.

    ReplyDelete
  41. താങ്കളുടെ എഴുത്തിന്റെ റെഞ്ച് അറിയാവുന്നത് കൊണ്ട് തന്നെ ഒത്തിരി പ്രതീക്ഷയോടെ തന്നെയാണ് കഥ വായിച്ചത്...തുറന്നു പറയട്ടെ..ഒട്ടും നിരാശപ്പെടുത്തിയില്ല...സൂപ്പര്‍ബ്....
    പ്രണയവും വേദനിക്കും ജീവിതവും വളരെ മനോഹരം....അടുത്ത ഭാഗം ഇന്നതായിരിക്കും എന്ന് എവിടേയും ഊഹിക്കാന്‍ കഴിഞ്ഞില്ല...വായനക്ക് ഒരു സുഖമുള്ള ഒഴുക്കുണ്ടായിരുന്നു താനും....

    ReplyDelete
  42. ലളിതമായ ഭാഷയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ വിരിഞ്ഞ മനോഹരമായ കഥ......
    ചിന്തിപ്പിക്കുന്ന ആഖ്യാനം.....
    മികച്ച തലത്തില്‍ നിന്ന് ...കഥാപാത്രങ്ങളെ കയ്യടക്കത്തോടെ നിര്‍ത്തി ....ഗംഭീരമായി ....ആശംസകൾ

    ReplyDelete
  43. ‘പൂക്കളുടെ പ്രളയകാലത്തിലേക്ക് പെട്ടെന്നൊരുനാള്‍
    ഒരു ചുഴലിക്കാറ്റ് വീശി. കരിയിലകള്‍ പറന്നു. അതിനിടയില്‍
    മരുഭൂമിയിലെക്കൊരു പാത തെളിഞ്ഞു വന്നു...”

    എത്ര മനോഹരമായ്യിട്ടാണ് ഭായ് ഈ കഥ എഴുതിയിട്ടുട്ടള്ളത്
    അഭിനന്ദനങ്ങൾ

    ReplyDelete
  44. നല്ല വായനാ സുഖം നൽകി
    ആശംസകൾ

    ReplyDelete
  45. ഇങ്ങടെ കഥ എന്നെ വിഷമിപ്പിച്ചല്ലോ മുഹമ്മദ് ബായ്

    ReplyDelete


Powered by Blogger.