Menu
കവിതകള്‍
Loading...

റിസ : പത്താം ഭാഗം









കാക്കാ നിങ്ങള് ഈ ഫസ്ഖ് എന്ന് കേട്ടിട്ടുണ്ടോന്ന്?

കടയിൽ നിന്നും കസ്റ്റമേഴ്സ് എല്ലാം ഒഴിവായപ്പോൾ തിരിച്ചുവന്ന അഷറഫ്‌ കഥ തുടരുവാൻ നിൽക്കാതെ ഒരു കടുത്ത ചോദ്യം കൊണ്ടെന്നെ പരീക്ഷിച്ചു. എന്റെ അജ്ഞതയെ ആദ്യമായിട്ടാണ് സ്വയം അംഗീകരിക്കുവാൻ നിർബ്ബന്ധിതനാകുന്നത്. ഫസ്ഖ് എന്ന വാക്ക് അതുവരേയും ആരുടെ നാവിൽ നിന്നും നിന്നും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ ചില പത്രങ്ങളുടെ ഉൾപ്പേജിലെ പരസ്യത്താളുകളിൽ ഒരു കൊച്ചു കള്ളിയിൽ അതിനെ പലവട്ടം വായിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളേപ്പോലെയോ, വേണ്ടപ്പെട്ട ബന്ധുക്കളെപ്പോലെയൊ ഒക്കെ ചില കോടതിപ്പരസ്യങ്ങൾക്ക് അടുത്തുതന്നെയായിരുന്നു അതിന്റേയും ഇരിപ്പും കിടപ്പും. എന്താണെന്നോ എന്തിനാണവിടെ കിടക്കുന്നതെന്നോ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാനും സാധിച്ചില്ല.

എന്റെ അജ്ഞത അഷ്‌റഫിന്റെ മുന്നിൽ സമ്മതിച്ചു കൊടുക്കാതെ പറ്റില്ലെന്നായപ്പോൾ തോറ്റു തൊപ്പിയിട്ട ഒരു ചിരിയോടെ ഞാൻ ഫ്രീസറിന്റെ പുറത്തുനിന്നും ചാടിയിറങ്ങി.

ഈ പെണ്ണുങ്ങള് പുത്യാപ്ളാരെ മൊഴി ചൊല്ലുന്നതിന്റെ പേരാണ് കാക്കാ ഫസ്ഖ്.. ഇത്ര വയസ്സും നാളും ആയിട്ടും ഇതൊന്നും അറീല്യാന്ന് പറഞ്ഞാ നാണക്കേടല്ലേന്ന്..

അഷ്‌റഫിന്റെ കളിയാക്കൽ  എനിക്കൊരു വിഷയമായിരുന്നില്ല. അന്നേരം ഓർമ്മ വന്നത് ആണുങ്ങളിൽ ചിലരെല്ലാം തങ്ങളുടെ ഭാര്യമാരെ ഒന്നും രണ്ടും മൂന്നും ഒക്കെ ചൊല്ലി ഒഴിവാക്കിയെന്ന് നാട്ടിൽ സുലഭമായി പറഞ്ഞു കേൾക്കാറുള്ള മൊഴി ചൊല്ലലിനേക്കുറിച്ചാണ്. ചിലർ പലകാലങ്ങളായി തുടർന്നു പോന്നിരുന്ന സംബന്ധം എന്ന ബന്ധം പൊടുന്നനെ ഒഴിവാക്കിപ്പോയതിനേക്കുറിച്ചും, മറ്റുചിലർ അവരുടെ കെട്ട്യോളേയും മക്കളേയും ഉപേക്ഷിച്ചു കടന്നുകളഞ്ഞതിനേക്കുറിച്ചുമെല്ലാം നാട്ടിലെ അമ്മപെങ്ങന്മാരുടെ നാവിൽ നിന്നുതിരുന്ന നേടുവീർപ്പുകളേക്കുറിച്ചാണ്. എന്നാൽ അതിനൊക്കെ എത്രയോ മീതെ എന്തൊരന്തസ്സും കുലമഹിമയുമുള്ള ഒരു വാക്കാണ് ഇത്രയും കാലം എനിക്ക് പിടിതരാതിരുന്ന ഈ ഫസ്ഖ്. എത്ര തന്റേടവും ആഭിജാത്യവുമുള്ള ഒരു പോക്കായിരിക്കണം സഹിച്ചുസഹിച്ചു സഹികെടുമ്പോൾ ഉമ്മപെങ്ങന്മാർ ചെയ്തുപോകുന്ന ഈ ഫസ്ഖ്..!

ഈ വിചാരധാരകളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത പുല്ലുകെട്ടുകൾ വണ്ടിയിൽ കിടന്നു വാടി. ആടുകൾ ബേ..ബേ.. എന്ന് പാടി. ബലൂചിപ്പെണ്ണുങ്ങൾ എന്നെ പ്രാകി. അതിന്റെ ബേജാറുകൾ നോക്കിലും നാക്കിലും കയറി.

നീ ആയിഷയുടെ കഥ പറ.. ന്റെ അഷ്രഫേ.. മാഡം വന്നിട്ട് പിന്നെ അവിടെ എന്താ ഉണ്ടായതെന്ന് ഒന്ന് തെളിച്ചു പറ അഷ്റഫേ..

അതാന്ന് ഞാൻ പറഞ്ഞത്.. ഒരു വിജയഭാവത്തിൽ എന്നെ നോക്കിയശേഷം അഷ്റഫ് ഉഷാറായി:

മാഡം വന്നതും ആയിഷാനെ വിളിച്ചോണ്ടുപോയി അർബാബിന്റെ മുന്നിൽ നിർത്തി കാര്യങ്ങളെല്ലാം ചോദിച്ചു. തനിക്കൊരു തെറ്റു പറ്റിപ്പോയതാണെന്നും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് അർബാബ്‌ മാഡത്തിന്റെ കാൽക്കൽ വീണു. മാഡം അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ആരെയൊക്കെയോ ഫോൺ ചെയ്തു വരുത്തി. ഖാളിയെപ്പോലെ വലിയ വലിയ ആളുകളെത്തി. അവരുടെയെല്ലാം സമക്ഷത്തിങ്കൽ അപ്പോൾ തന്നെ മാഡം അയാളെ ഫസ്ഖ് ചെയ്തു വീട്ടിൽ നിന്നും പുറത്താക്കി. കുട്ടികളേയും ആയിഷയേയും കൂട്ടി രാത്രിക്ക് രാത്രി തന്നെ അൽഖോറത്തെ ഫ്‌ളാറ്റിലേക്ക് താമസവും മാറ്റി.

ശ്വാസകോശം അഷ്‌റഫിന്റെ വാക്കുകളെ അവിടം വച്ചു മുറിച്ച. പിന്നെ ഒരു കൊച്ചുശ്വാസം വീണ്ടെടുത്ത് ഇത്തിരി ഉമിനീരിറക്കി അവൻ ചോർന്നുപോയ ആവേശം വീണ്ടെടുത്തു.

ന്റെ അർബാബിച്ചി ണ്ടലോ.. അതേയ്.. അതാണ്ന്ന് പെണ്ണ്.. ആരും ഒരാള് പോലും കമാന്നൊരു വാക്ക് പോലും എതിർത്ത് പറഞ്ഞില്ല. ചിലര് വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് പകച്ചു തലതാഴ്ത്തി നിന്ന ആയിഷയെ ദേഷ്യത്തോടെ നോക്കിയിട്ട് വേഗം സ്ഥലംവിട്ടു. എന്തായാലും ആയിഷാടെ സമയം തെളിഞ്ഞൂ.. ഇനി ഓൾക്ക് ആരേം പേടിക്കാതെ ജോലി ചെയ്യാലോ.. ഈ വീട് ആർക്കെങ്കിലും വാടകക്ക് കൊടുത്തോളാൻ പറഞ്ഞിട്ട് ചിരിച്ചുകൊണ്ടാന്ന് മാഡം പടിയിറങ്ങിയത്..

ഇടക്കിടക്ക് കാർട്ടൂണ് കണക്കിന് റോത്ത്മാൻ സിഗരറ്റും വിലകൂടിയ സ്പ്രേ പാക്കറ്റുകളും പെപ്സിയും സെവനപ്പുമെല്ലാം ഓസിന് റാഞ്ചിക്കൊണ്ടു പോകുന്ന അർബാബിന്റെ ശല്യം ഇതോടെ അവസാനിച്ചുവല്ലോ എന്ന ആശ്വാസവും അന്തോഷവുമാണ് അഷ്‌റഫിന്റെ ആവേശത്തിനും ഉത്സാഹത്തിനും കാരണമെന്ന് എനിക്ക് എളുപ്പം ഊഹിക്കാൻ കഴിഞ്ഞു.

അപ്പൊ ശരി.. ന്നാ നിങ്ങള് വണ്ടി വിട്ടോ കാക്കാ.. പുല്ല് കേടേരണ്ട..

തരാമെന്നേറ്റ പുല്ലിന്റെ വിലപോലും ആവേശത്തള്ളിച്ചയിൽ അഷറഫ് മറന്നു. വീണ്ടും അത് ഓർമ്മിപ്പിക്കാനോ അൽപ്പം മുമ്പ് കുടിച്ച പെപ്സിയുടെ പണം കൊടുക്കാനോ നിൽക്കാതെ ഞാനും ഓടി വണ്ടിയിൽ കയറി.

മാസങ്ങൾക്ക് ശേഷമാണ് ഞാൻ ഒരിക്കൽക്കൂടി ആയിഷയെ കണ്ടത്. റൂവിയിൽ നിന്നും അൽഖോറം റോഡിൽ തിരക്കുള്ള ഒരു സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ഇടതുഭാഗത്തെ സ്പീഡ് ട്രാക്കിൽ ആയിഷയുടെ മാഡവും കാർ നിർത്തി. കാറിന്റെ പിൻസീറ്റിൽ കുട്ടികൾക്ക് നടുവിൽ ആയിഷ തല താഴ്ത്തി ഇരിക്കുന്നു. എന്റെ ഹോണടി കേട്ടപ്പോൾ അവൾ തലയുയർത്തി നോക്കി. തോളിലേക്ക് കിഴിഞ്ഞിറങ്ങിയ ഷാൾ തലയിലേക്ക് വലിച്ചിടുമ്പോൾ ആയിഷയുടെ കണ്ണുകളിൽ ഒരു പച്ച ലൈറ്റ് മിന്നി. അപ്പോഴേക്കും ആ കാർ സ്പീഡ് ട്രാക്കിലൂടെ ഓടി ബഹുദൂരം മുന്നിൽ മറയുകയും ചെയ്തു.

ആയിഷയുടെ ഭാഗ്യമോ നിർഭാഗ്യമോ എന്താണ് പിന്നീട് സംഭവിച്ചിരിക്കുക എന്നൊന്നും അറിയില്ല. അറിഞ്ഞിടത്തോളം അവൾക്ക് ആരേയും പേടിക്കാതെ ജോലിചെയ്യാം. ചിലപ്പോൾ ഉസ്മാനിക്കയുടെ ശല്യവും  അവസാനിക്കുമായിരിക്കും.

ആയിഷയെന്ന ആയക്ക് വേണ്ടി സ്വന്തം ഭർത്താവിനെ ഫസ്ഖ് ചെയ്ത മസ്‌ക്കറ്റ് മാഡത്തിന്റെ കഥ കേട്ടപ്പോൾ പുല്ലരിവാൾ മണ്ണിൽ കൊത്തിയിറക്കി പുളിബാവയെന്നെ അവിശ്വാസത്തോടെ നോക്കി. പിന്നെ അരിവാളിന്റെ തുമ്പിലെ മണ്ണുമാറ്റി ആരോടോ ഉള്ള പക തീർക്കുംപോലെ  ഒരുപിടി പുല്ലറുത്തുമാറ്റി. എന്നാലും ഇത്‌ മുയ്മനും ഞാൻ വിശ്വസിക്കൂല ട്ടൊ.. ഒടുവിൽ അയാൾക്ക് ഉത്തരം മുട്ടി. പിന്നെ പതിവുപോലെ പാവം പിടിച്ച തന്നാബിനെ ഈ കഥയിലേക്കും വലിച്ചിഴച്ചു.

ഇങ്ങള് കണ്ടോളീം കാക്കാ.. അധികം താമസോന്നും ഉണ്ടാവൂലാ.. ഞമ്മടെ തന്നാബിനേം ഓന്റെ ഓള് ഇതുപോലെ ഫസ്‌ക്ക് ചെയ്യും.

ഫസ്‌ക്ക് എന്നല്ല.. ഫസ്ഖ് എന്നുതന്നെ പറയണം..

തന്നാബ് നിലമ്പൂര് നിന്നും വേറൊരു പെണ്ണ് കൂടി കെട്ടിയെന്നും അതറിഞ്ഞ അയാളുടെ ഭാര്യ അവർ തമ്മിലുള്ള ഇടപാട് തീർക്കാൻ കാത്തിരിക്കുകയാണെന്നും ഒക്കെ പുളിബാവയാണ് അടുപ്പമുള്ളവരേയെല്ലാം പറഞ്ഞു പറ്റിക്കുന്നത്‌. ഞാൻ ആ നുണകെളെ എപ്പോഴും നിസ്സാരമായി തള്ളിക്കളയുകയും ചെയ്തു.

സിദാബിലെ ഹാജി മരിച്ചതോടെ അയാൾക്ക് ചുളുവിലക്ക് കൊടുക്കുമായിരുന്ന വാടിയ പുല്ലിന് അത്രയും ആവശ്യക്കാർ ഇല്ലാതായി. എന്നാൽ അതിനനുസരിച്ച് പുല്ല് കുറച്ചു കയറ്റിയാൽ മതിയെന്ന് അർബാബിനോട് പറഞ്ഞാൽ ഒരു പ്രയോജനവുമില്ല. അന്നന്ന് എത്ര പുല്ലരിയണമെന്നും അതിൽനിന്നും എത്ര കെട്ടുകൾ വണ്ടിയിൽ കയറ്റിവിടണമെന്നും ഒക്കെ അർബാബിന് അന്നേരം മാത്രം തോന്നുന്ന ഉൾവിളി പോലെയാണ്. അതിൻപ്രകാരം കുഞ്ഞീതുവിന്റെ മേൽ നോട്ടത്തിലാണ് പുല്ലുകെട്ടുകൾ വണ്ടിയിൽ എണ്ണിക്കയറ്റുന്നത്.

വിൽക്കാതെ തിരിച്ചുകൊണ്ടുവരുന്ന പുല്ല് ബാക്കിയുണ്ടെങ്കിൽ തിരിച്ചുവന്നാൽ പുളിബാവ എണ്ണിയിറക്കും. അത് പുളിബാവയുടെ അധീനതയിലുള്ള ആടുകൾക്കും മൂരികൾക്കും അന്നത്തെ അധികഭക്ഷണമാകും. എന്നാലും വിൽക്കാൻ കഴിയാതെ പുല്ല് ബാക്കി കൊണ്ടുവരുന്നത് വിൽക്കാൻ കൊണ്ടുപോയവന്റെ കഴിവുകേടായിട്ടാണ്‌ പൊതുവെ വിചാരിക്കപ്പെട്ടു പോന്നിരുന്നത്.

അതുകൊണ്ട് സിദാബിലെ പുതിയ ഇടങ്ങളിൽ വണ്ടിയുമായി കറങ്ങി കഴിയുന്നത്ര വിറ്റുതീർത്തിട്ടെ ഞാൻ തിരിച്ചു പോരാറുള്ളൂ. അങ്ങിനെയൊരു ദിവസമാണ് ഈ ഫസ്ഖ്ന്റെ കഥയും സംഭവിച്ചത്. ഈ കഥകൊണ്ടൊന്നും തീരുമായിരുന്നില്ല സിദാബിലെ ദിവസങ്ങൾ.

സിദാബിലെ പുതിയൊരു ഗല്ലിയിൽ വണ്ടി നിർത്തി, ഹോണടിച്ചു, താം.. താം.. പുല്ല് പുല്ലേയ്.. എന്നു വിളിച്ചു കൂവി, ചുറ്റും കൂടിയ പെണ്ണുങ്ങൾക്ക് വിലപേശി വിറ്റ് വണ്ടി അടുത്ത ഗല്ലിയിലേക്ക് വിടാൻ തുടങ്ങിയതേയുള്ളൂ.. പിന്നിൽ നിന്ന് ഒരു നിലവിളിയും ബഹളവും കേട്ടു വണ്ടി നിർത്തി. ഇറങ്ങി നോക്കിയപ്പോൾ റോഡിൽ ചോരയൊലിപ്പിച്ചു കിടന്നു പിടയുന്നുണ്ട്, വലിയൊരു ആട്‌..

അപ്പോഴേക്കും ദൂരെ മരച്ചോട്ടിൽ കാവ കുടിച്ചുകൊണ്ടിരുന്ന രണ്ടു സ്ത്രീകൾ ഓടി വന്നു. ചത്ത ആടിനെ നോക്കി നെഞ്ചത്തടിച്ചു കൊണ്ട് അവർ ബലൂചിഭാഷയിൽ ബഹളം വച്ചു. ആട്‌ വണ്ടിയുടെ അടിയിൽ വന്നു കിടന്ന കാര്യമൊന്നും എനിക്കറിയാമായിരുന്നില്ലല്ലൊ. ഹോണടിച്ചതൊന്നും ആടും കേട്ടുകാണില്ല. ആടിനും മൂരിക്കുമെല്ലാം അറബിപ്പൊന്നിനേക്കാൾ വിലകാണുന്നവരാണ് ഒമാനിലെ അറബികൾ. അപ്പോഴത്തെ നാട്ടുനടപ്പനുസരിച്ചു മുന്നൂറ് റിയാലെങ്കിലും ആ ആടിനു വില കാണുമെന്ന് ഊഹിക്കാം. മുന്നൂറ് റിയാൽ എന്നുപറഞ്ഞാൽ എന്റെ മൂന്നരമാസത്തെ ശമ്പളം വരും. അതൊക്കെ ആലോചിക്കെ ശബ്ദം വറ്റി ഒന്നും മിണ്ടാതെ വണ്ടിയിൽ ചാരിനിന്നു.

നെഹ്‌നു രീദ് അർബഅ മീത്ത് റിയാൽ.. ഞങ്ങൾക്ക് നാനൂറ് റിയാൽ കിട്ടണം..

വട്ടം കൂടിനിന്ന സ്ത്രീകൾക്കിടയിൽ നിന്നും ആടിന്റെ ഉടമസ്ഥരെന്നു തോന്നിപ്പിക്കുന്നവർതന്നെ അതിന്റെ വിലയിൽ ഒരു തീർപ്പുണ്ടാക്കുകയും ചെയ്തിരിക്കുന്നു.

വിചാരിച്ചതിനേക്കാൾ വിലപിടിച്ച ആ ആടിനെ ഒരിക്കൽക്കൂടി നോക്കി. അതിന്റെ പിടച്ചിലൊക്കെ അവസാനിച്ചിരിക്കുന്നു. നാന്നൂറ് റിയാൽ പോയിട്ട് നാൽപ്പത് റിയാൽ പോലും എന്റെ കൈയിൽ എടുക്കാനില്ല. ആശങ്കകൾക്കിടയിലും ഒരു മിണ്ടാപ്രാണിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതിൽ എനിക്ക് കുറ്റബോധവുമുണ്ട്. പക്ഷെ, ഇനി എന്തുചെയ്യാനാണ്..? ആലോചിച്ചിട്ടൊന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഏയ് ബച്ചോ.. മോനെ ആ പണം കൊടുത്ത് നീ പൊയ്ക്കോളൂ.. എന്ന് പ്രായമായ ഒരു സ്ത്രീ ആടിന്റെ ഉടമസ്ഥരെ പിന്താങ്ങി. ഹാദാ മിസ്ക്കീൻ.. ഇവൻ സാധുവാണ്.. കൂട്ടത്തിൽ നിന്നും മറ്റൊരുവൾക്ക് എന്റെ പാവത്തം കണ്ട് അൽപ്പം സഹതാപമൊക്കെ തോന്നി. അവൾ ഇടയിൽ കടന്ന് മറ്റൊരു മധ്യസ്ഥതക്ക് ആളായി. സദീക്ക്.. ജീബ്, തലാത് മിയ കംസീൻ... ഒരു മുന്നൂറ്റമ്പത് റിയാൽ കൊടുത്ത് നീ പൊയ്ക്കോ.. സൈൻ...

മാമാ.. അന മിസ്ക്കീൻ.. അന മാഫി ഗൾത്താൻ.. സംഭവം കേട്ടറിഞ്ഞ് വന്നവരോടെല്ലാം ഞാനൊരു പാവമാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാത്രമാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. അതിൽ കൂടുതലൊന്നും പറയാൻ എന്റെ അറബിക് ഭാഷാപാണ്ഡിത്യം അനുവദിക്കുന്നില്ല.

ആട്ടിൻചോരയിൽ മണലീച്ചകൾ ആർത്തു കൊണ്ടിരിക്കെ 'ബലദിയ' എന്ന വിളിപ്പേരിൽ പ്രസിദ്ധമായ നഗരസഭയുടെ ഒരു പുത്തൻ വണ്ടി  മുന്നിൽ കൊണ്ടുവന്നു നിർത്തി. വണ്ടി കണ്ടപ്പോൾ തന്നെ ബാക്കിയുള്ള ധൈര്യവും ചോർന്നു. മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ മുദീർ അഥവാ മേലധികാരിയായിരിക്കണം വണ്ടിയിലുള്ളത്. അതിന്റെ ഗ്ലാസ്സ് താഴ്ത്തപ്പെട്ടു. അതിൽ നിന്നും ഒരു ശുഭ്രവസ്ത്രധാരി ചോദിച്ചു: സദീഖ്.. ലേസ് മുഷ്‌ക്കില..?

എന്താണ് സംഭവിച്ചതെന്ന ആ ചോദ്യത്തിന് സലാം പറഞ്ഞ ശേഷം  കഥകളിയോടെ ഉണ്ടായ സംഭവമെല്ലാം വിവരിച്ചു. പതിവു പല്ലവിയും ആവർത്തിച്ചു:

അന മിസ്ക്കീൻ..അർബാബ്‌.. അന മാഫി ഗൾത്താൻ..

കൈഫ് ഹാലക്ക്..എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ..?

ശുഭ്രവസ്ത്രധാരിയുടെ അടുത്ത ചോദ്യം ആൾക്കൂട്ടത്തോടായി. മിക്കവാറും എല്ലാവരും സലാം പറഞ്ഞു കൈ കൊടുത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു.

ശരി..ഇനി പറയൂ.. ഈ ആട് നിങ്ങളിൽ ആരുടേതാണ്..?

ആ ചോദ്യം കലപിലകൂടുന്ന  പെണ്കൂട്ടത്തിലേക്ക് ഒരു നിശ്ശബ്‌ദതയായി വീണു. കുറച്ചു നേരത്തേക്ക് ആരും മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യം കുറച്ചുകൂടി ഗൗരവത്തിൽ ആവർത്തിക്കപ്പെട്ടപ്പോൾ കൂട്ടത്തിൽ നിന്ന് ഉത്തരം പൊട്ടിപ്പുറപ്പെട്ടു.

നെഹ്‌നു.. ഇത് ഞങ്ങളുടെ ആടാണ്.. ആടിന് നാനൂറ് റിയാൽ വില പറഞ്ഞവർ അദ്ദേഹത്തിന്റെ മുമ്പിൽ വാക്കുകൾക്ക് വേണ്ടി വിക്കി.

ലേഷ് ഹാദാ.. എന്താണിത്..? ഹാദാ.. മംനൂൻ.. ഇത് തെറ്റാണ്.. ആടുകളെ റോഡിൽ അഴിച്ചു വിടരുതെന്ന കാര്യം അറിയില്ലേ..? ഇനി അതിന് കേസെടുത്ത് ഫൈൻ ഈടാക്കണോ..? അതൊന്നും വേണ്ടെങ്കിൽ ഇതിനെ വലിച്ച് ഒരു സൈഡിലേക്ക് മാറ്റിയിട്..

അനന്തരം അയാൾ എന്റെ നേരെ തിരിഞ്ഞു.

സദീഖ്.. കല്ലി.. അന്ത റാഹ്..

എന്നോട് നിരുപാധികം സ്ഥലം വിട്ടുകൊള്ളുവാനാണ് ഉത്തരവ്. അത് കേട്ടപാതി കൈയുയർത്തി ഒരു 'ശുക്രൻ' (നന്ദി) പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിൽ കയറി.

അന്നത്തെ സന്തോഷത്തിന് മത്ര കോർണേഴ്‌സിൽ നിന്നും വലിയൊരു ഏട്ടമീൻ ചുളുവിലക്ക് വാങ്ങി മെസ്സിൽ കൊണ്ടുചെന്നിറക്കി. തന്നാബ് അത് കണ്ടപാടെ ഒരു കടൽച്ചിരിയോടെ എന്നെ വരിഞ്ഞു മുറുക്കി.

ന്റെ മയമ്മാക്കാ ഏട്ടക്കറി കൂട്ടീട്ട് കൊറീസായല്ലോന്ന് ഞങ്ങള് പറഞ്ഞിരിക്കാർന്നൂ.. ഇങ്ങക്ക് നൂറായുസ്സാ..

ആ രാത്രി എട്ടക്കറിയും പൊറോട്ടയും കൂട്ടിക്കുഴച്ചു വയർ നിറക്കുമ്പോൾ മൊല്ലാക്കയും തോത്തേലും ആല്യേമുട്ടിയുമെല്ലാം എന്നെ നോക്കി നിറഞ്ഞു ചിരിച്ചു. വിശപ്പൊഴിയുന്ന വയറിന്റെ മനസ്സു തുറന്ന ചിരി. നിറഞ്ഞ സംതൃപ്തിയുടെ നിഷ്‌കളങ്കമായ ആ ചിരിതന്നെയാണ് എല്ലാ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷപ്പെടുത്തുന്ന ദൈവത്തിന്റെ കരങ്ങളായി രൂപാന്തരപ്പെടുന്നതെന്ന് ഞാൻ വിശ്വസിച്ചു.

(തുടരും)
Powered by Blogger.