മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
04Jun - 2020
എല്ലാ കണ്ണുകളിലും
നിന്നെപ്പോലെത്തന്നെയുള്ള
നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു.
(കറുത്ത മുഖപടങ്ങളിൽ
കരുത്തും വിമോചനവും
സൗന്ദര്യവും
ചെറുത്തുനില്‍പ്പുമുണ്ടെന്ന്
തെളിയിച്ച
*'ഇല്‍ഹാന്‍ ഒമറിനെ' ഓർക്കുമ്പോൾ)
ജിൽബാബ്, അബായ, പർദ്ദ..
ബുർക്ക, നിഖാബ്, ഖിമാർ..
വിനയത്തിന്റേയും
പരിശുദ്ധിയുടേയും പര്യായങ്ങളെ
അടിച്ചമർത്തപ്പെട്ടവളുടെ
പ്രതിരൂപമെന്ന് പരിഹസിക്കുന്ന
നാവുവഴക്കങ്ങൾക്ക്
സദയം മാപ്പുചോദിക്കുന്നു.
സ്വത്വചിഹ്നങ്ങളിൽ ആരോപിക്കപ്പെടാൻ
മതതീവ്രവാദത്തിന്റെ ചോരക്കറകളില്ലെങ്കിൽ
അരിച്ചുപെറുക്കാൻ
അവർക്കിനിയൊരു ഭൂപടമില്ല.
അഴിച്ചു മാറ്റാൻ ഇനിയും
മൂടുപടങ്ങളും മുഖപടങ്ങളുമില്ല.
പക്ഷേ,
*'ജോർജ് ഫ്ലോയിഡിനെ' ഓർക്കുമ്പോൾ
കറുത്തുപോയോരുടെ
കുഴിമാടങ്ങളിൽ നിന്നും
കരൾ പകുക്കുമൊരു നിലവിളി
കാത് തുളക്കുന്നു.
വെളുത്ത ചെകുത്താന്മാരുടെ
ബൂട്ട്സുകൾക്കടിയിൽ നിന്നും
കറുത്ത പക്ഷികൾക്ക് ചിറക് മുളക്കുന്നു.
ബഹുവർണ്ണ
മാസ്‌ക്കുകൾക്കുള്ളിലൊന്നും
മരണഭീതിയുള്ള മനുഷ്യമുഖങ്ങളില്ലെന്നറിയുമ്പോൾ
ബങ്കറിലൊളിച്ച ഭരണകൂടങ്ങളാണ്
ശ്വാസം കിട്ടാതെ പിടയുന്നത്.
ഇമചിമ്മുമ്പോഴേക്കും
തീഗോളമായിത്തീരുന്നത്
നീയോ ഞാനോ എന്നറിയാതെ
കറങ്ങി വെളുപ്പിക്കുന്ന
ഭൂലോക ചരിത്രങ്ങൾ
ഇനിയൊരിക്കലും ആവർത്തിക്കപ്പെടില്ലെന്ന
ഒരു ശുഭാപ്തി വിശ്വാസവുമില്ല,
മഹാമാരികളുടെ കാലടികളിലരഞ്ഞ
*'ജോർജ് ഫ്ലോയിഡിനെ' ഓർക്കുമ്പോൾ..
ലോകമേ..
ഇരുളടഞ്ഞു തുടങ്ങിയ
കാലയവനികൾക്കുള്ളിൽ കിടന്ന്
ഇതുവരെയാടിയ വേഷങ്ങളഴിക്കുക.
മഹാമാരികൾക്കെതിരെ പോരാടുവാൻ
ഒരേ മനസ്സും ശരീരവുമാവുക.
(ഇല്‍ഹാന്‍ ഒമർ)
വിശുദ്ധ ഖുര്‍ആനില്‍ കൈവെച്ചുകൊണ്ട് യു.എസ് കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ ഹിജാബി. അമേരിക്കന്‍ ചെംബറില്‍ തലമറക്കുന്ന തരത്തില്‍ എന്തെങ്കിലും അണിഞ്ഞുകൊണ്ട് പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട് 181 വര്‍ഷത്തോളമായി നിലനിന്നിരുന്ന വിലക്ക് എടുത്തു കളയുന്നതിന് കാരണഭൂതയായ കറുത്ത വര്‍ഗക്കാരി. സൊമാലി-അമേരിക്കൻ വനിത.
(ജോർജ് ഫ്ലോയിഡ് ) മിനിയപ്പൊളിസിൽ അമേരിക്കൻ പോലീസ് നിഷ്ക്കരുണം കൊന്നുകളഞ്ഞ കറുത്ത വർഗക്കാരൻ. ഒരു ആഫ്രോ - അമേരിക്കൻ വംശജൻ.
പൊതുവേ ഈ കാലത്തെ പറയുന്നതുപോലെ 'കലികാലം ' അതിൻ്റെ തീവൃതയിലേക്ക് നമ്മേ കൊണ്ടുപോകുകയാണോ..?
ReplyDeleteഅഹങ്കാരിയായ മനുഷ്യരെ നീയൊന്നുമല്ലെന്ന് പഠിപ്പിക്കുകയാണോ കാലം....?
തീർച്ചയായും അതുതന്നെ.അഹങ്കാരം..കാപട്യം..പൊങ്ങച്ചം മുതലായവ മനുഷ്യന്റെ സാമാന്യ സ്വഭാവങ്ങളായിരിക്കുന്നു.ആത്മാർത്ഥത എന്നൊന്ന് എവിടെയും കാണാൻ ഇല്ലാത്ത അവസ്ഥ..
Deleteകറുത്തുപോയോരുടെ കുഴിമാടങ്ങളിൽ നിന്നും
ReplyDeleteകരൾ പകുക്കുമൊരു നിലവിളി
കാത് തുളക്കുന്നു...
അസാധ്യമായ രചന... ഈയിടെ വായിച്ചവയിൽ ഏറ്റവും മികച്ചത്. ആശംസകൾ!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Deleteവായനക്കും അഭിപ്രായത്തിനും നന്ദി..സന്തോഷം
Deleteഇന്നിന്റെ അവസ്ഥയെ സൂചിപ്പിക്കുന്ന വരികൾ . ഒരുപാട് അർത്ഥമുള്ള വരികൾ . ആശംസകൾ
ReplyDeleteവരവിനും വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും..
Deleteകൊന്നുതള്ളിയ കറുത്തുപോയോരുടെ കുഴിമാടങ്ങളിൽ നിന്നും
ReplyDeleteകരൾ പകുക്കും നിലവിളികൾ എത്ര കാത് തുളച്ചാലും വെളുത്തവർ
ആയതിനെയൊക്കെ എന്നുമെന്നും അവഗണിക്കുക തന്നെ ചെയ്യുന്നു ...
കാലം മാറുമ്പോൾ ഒരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം..
Deleteലോകം e - യുഗത്തിൽ എത്തിയിട്ടും വർണ്ണവിവേചനം ഇന്നും മനഷ്യ മനസ്സിലെ വൈറസായി നില നിൽക്കുന്നു. എത്ര ഫോർമാറ്റ് ചെയ്തിട്ടും വിഷലിപ്ത മനസ്സുകൾ ഇനിയും ഉണ്ടെന്നത് കാലം ഇടക്കിടക്ക് വിളിച്ചോതും . ജോർജ് ഫ്ലോയ്ഡിൻ്റെ രക്തസാക്ഷിത്വം പുതിയൊരു രണാങ്കണം തുറക്കട്ടെ.
ReplyDeleteലോക പോലീസ് എന്ന് വിളിക്കപ്പെടുന്ന അധികാരവും, ലോകത്തിലെ ഏറ്റവും പുരോഗമനവാദികൾ എന്ന തൊപ്പിയും സ്വയം ചാർത്തിയവരിൽ നിന്നുതന്നെയാണ് ഇതെല്ലാം..!
Deleteമഹാമാരിയിൽ ശ്വാസംമുട്ടുമ്പോഴും മനുഷ്യന്റെ ആർത്തി മാറ്റുന്നില്ലല്ലോ!
ReplyDeleteആശംസകൾ മാഷേ
മാറുന്നില്ലല്ലോ.. അതിൽ നിന്നൊരു മാറ്റം കാലം ആഗ്രഹിക്കുന്നു..
Delete