റിസ : ഒമ്പതാം ഭാഗം
17May - 2020
തലസ്ഥാന നഗരമായ മസ്ക്കറ്റിന് തൊട്ടടുത്തുതന്നെ സിദാബിലെ ഇരുണ്ട കടൽ തിരയടങ്ങിക്കിടക്കുന്നു. അവിടത്തെ ചില അറബിവീടുകളിലെങ്കിലും ആ കടൽപോലെത്തന്നെ തിരയടക്കിക്കഴിയുന്ന ചില മനസ്സുകളും ഉണ്ടാവുമെന്ന് കുറച്ചുകാലം കൊണ്ടുതന്നെ എനിക്ക് മനസ്സിലായി.
പല അറബി വീടിന്റേയും അടുക്കളഭാഗത്തെ ഗെയ്റ്റ് തുറന്ന് ഞാൻ കൊണ്ടുകൊടുക്കുന്ന പുല്ലുകെട്ടുകൾക്ക് പകരമായി അടുക്കളയിൽ നിന്നും പുറത്തുകടന്ന് മനസ്സിനുള്ളിലെ തിരകളടക്കി ചുണ്ടിൽ ഒരു പുഞ്ചിരി പുരട്ടുന്നുണ്ട്, അങ്ങിനെയുള്ള ചിലരെങ്കിലും. പലരും മീൻ ചെതുമ്പലോ, കോഴിച്ചോരയോ ഉള്ള കൈകൾ കഴുകിയെന്ന് വരുത്തി ചിലപ്പോൾ രണ്ടുമൂന്നു കത്തുകളും നീട്ടുന്നു. അതോടൊപ്പം, ഇന്നുതന്നെ പോസ്റ്റ് ചെയ്യാൻ മറക്കല്ലേ.. എന്ന അപേക്ഷയും.
സ്റ്റാമ്പൊട്ടിച്ച് ഉച്ചയ്ക്കു മുമ്പ് മസ്ക്കറ്റിലെ പോസ്റ്റോഫീസിൽ അതിട്ടാൽ അന്നുതന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടങ്ങുമെന്ന് അവരിൽ മിക്കവർക്കും അറിയാം. ആയിഷക്കാണെങ്കിൽ അതിൽ കൂടുതലും അറിയാം.
ആയിഷയും തിരയടങ്ങിയ ഒരു കടലാണ്. അവളുടെ ബാങ്കുദ്യോഗസ്ഥയായ മാഡവും ഗവർമെന്റ് ഉദ്യോഗസ്ഥനായ അർബാബും ഒക്കെ ആഴ്ച്ചയിലൊരിക്കലെങ്കിലും പോസ്റ്റോഫീസിൽ പോകുന്നവരാണ്. നാട്ടിലേക്കുള്ള കത്തുകളുണ്ടെങ്കിൽ മാഡം അവ വാങ്ങി പോസ്റ്റ് ചെയ്യാറുണ്ട്. അതിനിടക്ക് തീ തിന്നുന്ന മനസ്സിൽ നിന്നും അറിയാതെ ഉതിർന്നുവീണ ചില വാക്കുകൾ ഒരു കത്തായി രൂപാന്തരം പ്രാപിച്ചതാവാം. അല്ലെങ്കിൽ കടലിരമ്പമുള്ള ഏതെങ്കിലും മറുപടികളാവാം.
ആദ്യമൊക്കെ ആയിഷയുടെ കത്തുകൾ ഉസ്മാനിക്കയാണത്രെ വാങ്ങിക്കൊണ്ടു പോയിരുന്നത്. ഉസ്മാനിക്ക ആയിഷയുടെ നാടൻ സ്പോണ്സറും വകയിലൊരു ജേഷ്ഠനും ഒക്കെയാണ്. താൻ കൊടുത്തുവിടുന്ന കത്തുകളെല്ലാം ഉസ്മാനിക്കയുടെ സെൻസറിംഗ് കഴിഞ്ഞതിനു ശേഷമാണ് നാട്ടിൽ കിട്ടുന്നതെന്ന ഉമ്മയുടെ പരാതിക്ക് ശേഷമാണത്രെ കത്തുകൾ എന്റെ കയ്യിൽ തന്നുവിടുന്നത്.
കത്തുകളിൽ മാത്രമല്ല, ആയിഷക്ക് മാസാമാസം ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു വിഹിതവും ഉസ്മാനിക്ക തന്റെ കത്രിക പ്രയോഗത്താൽ കൈവശപ്പെടുത്തുന്നു. വിസക്ക് ചിലവായതിന്റെ കണക്കിലേക്കെന്ന പേരിൽ കിട്ടുന്നിടത്തോളം അയാൾ മുതലാക്കുകയാണ്.
കോഴിക്കോടാണ് ആയിഷയുടെ സ്വദേശം. ആ അറബിവീടിന്റെ മുന്നിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന അഷറഫ് പറഞ്ഞപ്പോഴാണ്, കോഴിക്കോട് 'സൗദി' എന്ന പേരിൽ ഒരു കൊച്ചു പ്രദേശമുള്ള കാര്യം ഞാനറിയുന്നത്. ആയിഷയുടെ വീട് മേൽപ്പറഞ്ഞ സൗദിയിലാണത്രെ. ഉപ്പ മരിച്ചുപോയ ആയിഷയെ പതിമൂന്നാം വയസ്സിൽ ഉമ്മ കല്യാണം കഴിച്ചയച്ചു. പണക്കാരനായ ആ വയസ്സൻ പുത്യാപ്ലയുടെ വീട്ടിലെ നാലുവർഷത്തെ ജീവിതദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് അവൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുമ്പോഴായിരുന്നു ഉസ്മാനിക്കയുടെ ഗൾഫിലേക്കുള്ള ഗോൾഡൻ ഓഫർ വരുന്നത്. തകർന്നു വീഴാറായ വീട്ടിൽ വിവാഹപ്രായമെത്തി നിൽക്കുന്ന അനുജത്തിയുടെ കാര്യമോർത്തപ്പോൾ ടിക്കറ്റെടുക്കാനായി ഉള്ള പൊന്നെല്ലാം ഉരുക്കിത്തൂക്കി വിറ്റു. വിസക്ക് ചിലവായ പണം മസ്ക്കറ്റിൽ വന്നതിനുശേഷം ആയിഷ ജോലിചെയ്തു വീട്ടിയാൽ മതിയെന്നായിരുന്നു അവർ തമ്മിലുള്ള കരാർ. അതനുസരിച്ചാണ് ഉസ്മാനിക്ക ഒരു വർഷത്തോളമായി ഊറ്റിക്കൊണ്ടിരിക്കുന്നത്.
അയാൾ തന്റെ വകയിലൊരു ഇക്കയാണെന്ന അടുപ്പമൊന്നും അവളുടെ വാക്കിലും പെരുമാറ്റത്തിലും ഉണ്ടാവില്ല. എന്നാൽ പാവം ഉസ്മാനിക്കാക്ക് അങ്ങനെയുള്ള വേർതിരിവൊന്നും കാണിക്കാൻ പറ്റില്ലല്ലൊ. അവളൊന്നു തുപ്പിയെന്നോ തുമ്മിയെന്നോ അറിഞ്ഞാൽപോലും എവിടെയായിരുന്നാലും അയാൾ ഓടിയെത്തും. മറ്റുള്ളവർ കാൺകെ മറ്റാർക്കുമില്ലാത്ത ഒരധികാരം കാണിക്കും. അവൾ ആരോടെങ്കിലും മിണ്ടിയോ ചിരിച്ചോ എന്ന് നോക്കിനടക്കും. അതു പാടില്ല ഇതു പാടില്ല എന്നൊക്കെ വിലക്കും. അതാണ് ഉസ്മാനിക്കയുടെ ഒരു രീതി.
ആ വീട്ടിൽ മാഡവും മറ്റുള്ളവരും ഇല്ലാത്ത സമയം നോക്കി ചില കൂട്ടുകാരുമൊത്ത് അയാൾ തന്നെ കാണാൻ വരുന്നതാണ് ആയിഷയെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്. അവിടത്തെ ആചാരപ്രകാരം അവൾ വീടിന്റെ മജ്‌ലിസിൽ ഇരുത്തി വന്നവർക്കെല്ലാം ചായ കൊടുക്കും. അയാളാവട്ടെ കിട്ടുന്ന സമയം കൊണ്ട് കൂടെ വന്നവന്റെ ജോലി, വരുമാനം, നാട്ടിലെ ചുറ്റുപാടുകൾ, സ്വഭാവാദി ഗുണങ്ങൾ തുടങ്ങിയവയെല്ലാം വർണ്ണിക്കും. പക്ഷെ, അയാൾക്ക് നാട്ടിൽ ഒരു കുടുംബമോ, ഭാര്യയോ കുട്ടികളോ ഒന്നും ഉള്ളതായുള്ള സൂചനപോലും എവിടേയും ഉണ്ടാവില്ല. അതൊക്കെ കേൾക്കുമ്പോൾ ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെ അവൾക്ക് നിലതെറ്റിപ്പോകും. താനവളുടെ ഏക സഹോദരനാണെന്നും അവൾക്ക് അനുയോജ്യനായ ഒരു പുതിയാപ്ലയെ കണ്ടെത്തേണ്ടത് തന്റെ കടമയാണെന്നും ഒക്കെ കാണുന്നവരോടെല്ലാം അയാൾ പറഞ്ഞു നടന്നു. മറുത്തോ മുഖം കറുപ്പിച്ചോ, വല്ലതും പറയാൻ കഴിയാത്തതിനാൽ അവൾ അതെല്ലാം നിശ്ശബ്ദം സഹിച്ചു.
തന്റെ നാടൻ സ്പോൺസർ എന്ന നിലയിൽ മാത്രമല്ല, മാഡത്തിന്റെയടുത്തും സിദാബിലെ ഒട്ടുമിക്ക അറബി, മലയാളികൾക്കിടയിലും അയാൾക്കുള്ള സ്വാധീനം വച്ചു നോക്കുമ്പോൾ അവൾക്ക് എല്ലാം സഹിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് അവൾ തന്റെ സങ്കടങ്ങളത്രയും ഉമ്മയേയും അനുജത്തിയേയും എഴുതി അറിയിക്കും. അങ്ങിനെയുള്ള കത്തുകളാണ് അയാൾ സെൻസറിംഗിന് വിധേയമാക്കുന്നത്.
ഒരിക്കൽ അയാൾ പരിചയപ്പെടുത്തുന്ന കൂട്ടുകാർ പിന്നെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവളുടെ കണ്മുന്നിൽ വന്നും പോയുമിരുന്നു. ചിലർ യാദൃശ്ചികമെന്നോണം റോഡിലും മാർക്കറ്റിലും വച്ചു കുശലം പറയാൻ വന്നു. ഒരിക്കൽ അതിലൊരാൾ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. പഞ്ചാരവർത്തമാനങ്ങൾക്കൊന്നും കാതുകൊടുക്കാതെ അവൾ ഒഴിഞ്ഞുമാറിയെങ്കിലും അയാൾ വിളി തുടർന്നു. പിന്നെപ്പിന്നെ ആ സംസാരത്തിന്റെ മട്ടുമാറി: ഒരു ദിവസം ലീവെടുക്കണമെന്നും റൂവിയിൽ പോയി ഷോപ്പിംഗ് നടത്താമെന്നും, പുതിയ മലയാളം സിനിമ കാണാമെന്നും പാർക്കിലൊക്കെ കറങ്ങിവരാമെന്നുമെല്ലാം ചില പ്രലോഭനങ്ങളും മുന്നിൽ വച്ചു. ഇനി വിളിച്ചാൽ എല്ലാം മാഡത്തിനെ അറിയിക്കുമെന്ന് പറഞ്ഞു അവൾ ഫോൺ വച്ചു.
ആയിഷ ഇക്കഥ പറഞ്ഞപ്പോൾ, മാഡത്തിനോട് പറഞ്ഞാൽ ഒരു ലീവൊക്കെ തരപ്പെടില്ലേ എന്ന് ഞാനും പരിഹസിച്ചു. എന്റെ മാഡത്തെ ശരിക്ക് അറിയത്തോണ്ടാ ഇങ്ങിനെയൊക്കെ പറയുന്നതെന്ന് അവൾ തിരിച്ചടിച്ചു.
ബലൂചിയും അല്പസ്വല്പം പിഴയുമായ അർബാബിനെ വരച്ച വരയിൽ നിർത്തുന്ന വളരെ കർക്കശക്കാരിയായ ആ മാഡത്തെക്കുറിച്ച് അഷ്‌റഫിൽ നിന്നും ഒരുപാട് കേട്ടിട്ടുണ്ട്. ഒരിക്കൽ സ്ലിം സ്യൂട്ട് ധരിച്ച് സൂപ്പർമാർക്കറ്റിലേക്ക് സാധനം വാങ്ങാൻ വന്ന ഒരു കൗമാരക്കാരിയെ കണ്ടപ്പോൾ ദേഷ്യത്തോടെ വസ്ത്രം മാറി വരാൻ പറഞ്ഞു തിരിച്ചയച്ചവളാണ് തന്റെ മാഡമെന്ന് വളരെ അഭിമാനത്തോടെയാണ് അഷറഫ് പറയാറുള്ളത്.
അഷ്‌റഫിന്റെ കടയടക്കം കുറെയധികം സ്ഥാപനങ്ങൾ അവരുടെ മാഡത്തിനുണ്ട്. പോരെങ്കിൽ ബാങ്കിൽ ഉയർന്ന ഉദ്യോഗവും. ബലൂചിയായ അർബാബിനാവട്ടെ ഗവർമെന്റ് സർവ്വീസിൽ നല്ലൊരു ജോലിയുണ്ടെന്നല്ലാതെ കാര്യമായ ആസ്തിയൊന്നുമില്ല. എന്നാൽ ജോലിക്കുപുറമേ അർബാബിന് ഇഷ്ടംപോലെ കുരുത്തക്കേടുകൾ കൂട്ടിനുണ്ട്. പഹയൻ കടയിൽ വരുന്നതുതന്നെ റോത്ത്മാൻ സിഗരറ്റും വിലകൂടിയ സ്പ്രേ പാക്കറ്റുകളും പെപ്സിയും സെവനപ്പുമെല്ലാം ഓസിന് എടുത്തുകൊണ്ട് പോകാനാണ്.
പക്ഷേ, അവരുടെ കുട്ടികൾ ഒരു ചോക്ലേറ്റ് എടുത്താൽ പോലും അതിന്റെ പൈസ മേശപ്പുറത്തു വച്ചിട്ടേ മാഡം തിരിച്ചു പോകൂ.. ഇതുപോലൊരാളെ വേറെവിടേയും കാണാൻ കിട്ടൂല.. കിതപ്പ് തുടങ്ങിയാലും ആഷറഫിന് ആ വർത്തമാനം നിർത്താൻ കഴിയില്ല.
വളരെ നല്ലവളായ മാഡത്തിന് അർബാബ് ഒരിക്കലും യോജിച്ച ഒരു ഭർത്താവായിരുന്നില്ല. അവരുടെ വിവാഹം എങ്ങിനെയോ സംഭവിച്ചു പോയ ഒരു ദുരന്തമാണെന്ന് അഷറഫ് വിശ്വസിക്കുന്നു. പക്ഷെ മാഡത്തിന്റെയടുത്ത് പാവം പിടിച്ചവനെപ്പോലെ പത്തിമടക്കിയാണ് അയാൾ നിൽക്കുക. വീട്ടിൽ മാഡം വരച്ച വരയിൽ നിന്നും ഒരിഞ്ചുപോലും മുന്നോട്ടോ പിന്നോട്ടോ മാറി നിന്നിട്ടില്ല. മാഡവും കുട്ടികളും ഇല്ലാത്ത സമയത്ത് ആ വീട്ടിൽ അയാളുടെ നിഴൽ പോലും ഉണ്ടായിരിക്കില്ല. അത് ആയിഷയുടെ ഭാഗ്യം.
കുറച്ചു ദിവസങ്ങൾക്ക് ശേഷം, അന്നത്തെ സിനിമാക്കാരൻ പിന്നെ വിളിച്ചില്ലേ..? നിങ്ങൾ സിനിമക്കൊന്നും പോയില്ലേ..? എന്ന എന്റെ ചോദ്യത്തിന് ഇനിയൊരിക്കലും അയാൾ വിളിക്കുമെന്നു തോന്നുന്നില്ലെന്ന് പറഞ്ഞു ആയിഷ ഒരു ചിരി കടിച്ചമർത്തി. എന്റെ ജിജ്ഞാസ കണ്ടപ്പോൾ അയാളെ എന്നന്നേക്കുമായി ഒഴിവാക്കിയ ആ കഥയും പറഞ്ഞു.
എന്താ ആയിഷാ എന്റെ ചോദ്യത്തിന് മറുപടിയൊന്നും തരാത്തതെന്ന് ചോദിച്ചു അയാൾ ഒരിക്കൽക്കൂടി വിളിച്ചു. എന്നാൽ ഭാവഭേദമൊന്നുമില്ലാതെ തികച്ചും സ്വാഭാവികതയോടെത്തന്നെ അവൾ അതിനു മറുപടിയും പറഞ്ഞു:
കാതിലും കഴുത്തിലും ഒന്നുമില്ലാതെ എങ്ങിന്യാ ഇക്കാ ഞാൻ വര്വാ..? അതിനാണെങ്കി പ്പോ പത്തിരുപത് പവനെങ്കിലും വേണ്ടേരും ചെയ്യും..! ആദ്യം അതുണ്ടാക്കാൻ നോക്ക്..
അവൾ പറഞ്ഞു നിർത്തിയപ്പോൾ മറുതലയ്ക്കൽ നിന്നും അയാൾ ഉമിനീരിറക്കുന്ന ശബ്ദം കേട്ടതുപോലെ തോന്നി. മസ്ക്കറ്റിലെ പേരുകേട്ട ജ്വല്ലറികളുടെയെല്ലാം പരസ്യബോർഡുകൾ അയാളുടെ തലച്ചോറിൽ ഇടിമിന്നൽ പോലെ മിന്നി മാഞ്ഞിരിക്കും. അന്ന് ഫോൺ വച്ചു സ്ഥലം വിട്ടതാണയാൾ. പിന്നെ ഇതുവരേയും വിളിച്ചിട്ടില്ല.. നേർത്ത ചിരിക്കൊപ്പം ആയിഷയുടെ ഉള്ളിൽനിന്നും ഒരു നെടുവീർപ്പുകൂടി ഉയർന്നു.
സിദാബിലെ തിരയടങ്ങിയ ഇരുണ്ട കടലാഴങ്ങളാണ് അപ്പോൾ എന്റെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നത്. ചക്രവാളങ്ങളിൽ തല ചായ്ച്ചു കിടക്കുന്ന ഓരോ കടലും എന്തൊക്കെ കാണാപ്പുറങ്ങളാണ് അവയുടെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിട്ടുള്ളതെന്ന് ആർക്കറിയാം..?
ജീവിതക്കടലിൽ എത്ര തന്നെ തുഴഞ്ഞാലും, ഒടുവിൽ ഏതു തീരത്ത് വന്നടിഞ്ഞാലും ചില മനുഷ്യരുടെ അദാബുകൾ അത്ര പെട്ടെന്നൊന്നും തീരുകയില്ല. ഏതാനും നാളുകൾക്ക് ശേഷം ആയിഷയുടെ ആയജീവിതം മറ്റൊരു സ്പീഡ് ട്രാക്കിലൂടെ വഴിമാറി ഓടിയതിന് ഞാൻ മൂകസാക്ഷിയായി.
ഒരു ദിവസം പുല്ലുമായി വണ്ടിയിൽ നിന്നിറങ്ങുമ്പോഴേക്കും ഇക്കാ.. എന്ന അഷറഫിന്റെ വിളിയും ഓടിയെത്തി.
ഇക്കാ.. ഇന്നുതൊട്ട് പുല്ല് ഇടണ്ട..ട്ടൊ.. ഓലാരും അവിടെയില്ല..
ഞാൻ കാര്യമെന്തെന്നറിയാതെ അഷ്‌റഫിന്റെ മുഖത്തേക്ക് നോക്കി.
ആളോളല്ലേ ഇല്ലാത്തത് ? ആടോള് എങ്ങോട്ടും പൊയിട്ടില്ലലോ..
അതല്ലാന്ന്.. അവടെ ആടും പെടക്കോഴീം ഒന്നും ല്ല്യ.. ചട്ടീം കലോം വാരിപ്പെറുക്കി ഓലൊക്കെ ഇന്നലെത്തന്നെ സ്ഥലം കാലിയാക്കി. നിങ്ങക്ക് തരാനുള്ളത് എത്രയാച്ചാ വാങ്ങിപ്പോയ്‌ക്കാളീം..
ഞാൻ പുല്ലുകെട്ടുകൾ വണ്ടിയിലേക്ക് തന്നെ തിരിച്ചിട്ട് ആകാംക്ഷയോടെ അഷ്‌റഫിന്റെ കടയിലേക്ക് കയറി. കാശ് മേശയുടെ വശത്തുള്ള വലിയ ഫ്രീസറിൽ കയറിയിരുന്നു.
എന്താ ഉണ്ടായത്.. എല്ലാരും എങ്ങോട്ടു പോയെന്നാ പറഞ്ഞത്..
ന്റെ പൊന്നാര കാക്കാ പതിവില്ലാതെ ഇന്നലെ ഉച്ചനേരത്ത് ഞമ്മടെ അർബാബ് വീട്ടിലേക്ക് വരുന്നതു കണ്ടു. വണ്ടി വിടണ ആ വിടല് കണ്ടപ്പോഴേ ഇനിക്കൊരു പന്തികേട് മണത്തു.. പിന്നീണ്ടായത് ഞാൻ ചുരുക്കിപ്പറയാ.. അയാള് നമ്മടെ ആയിഷാനെ കയറിപ്പിടിച്ചു.. ആയിഷ കരഞ്ഞു ബഹളം വച്ചു.. ഒടുവിൽ രക്ഷപ്പെട്ട് ഓടി കടയിൽ വന്നു.. ഞാൻ അപ്പോൾ തന്നെ മാഡത്തിന് ഫോണ് ചെയ്തു.. കഥയറിഞ്ഞതും മാഡവും പറപറന്നെത്തി.. പിന്നെ എല്ലാം ചടപടാന്നായിരുന്നു..
പിന്നെ എന്താ ഉണ്ടായത്..?
എന്റെ ചോദ്യത്തിന് മറുപടി പറയാൻ സമയം കിട്ടുന്നതിനുമുമ്പ് ഒന്നുരണ്ട് കസ്റ്റമർ കയറി വന്നപ്പോൾ അഷറഫ് അവരുടെ പിന്നാലെ പോയി.
വെയിലിന്റെ തീഷ്ണത പ്രഭാതസൂര്യനിൽ നിന്നു തന്നെ വേണ്ടതിലേറെ ഉഷ്ണം വിതറി. എന്റെ പുല്ലുകെട്ടുകൾ വണ്ടിയിൽ കിടന്ന് കൂടുകളിലുള്ള ആടുകളേയോർത്തു വാടി. ആട്ടുകൂട്ടങ്ങൾ അക്ഷരസ്ഫുടതയോടെ ബേ.. ബേ.. എന്നു നിലവിളിച്ചു. കാവയും കജൂറും നുണയുന്ന ബലൂചിപ്പെണ്ണുങ്ങൾ വഴിയിലേക്ക് കണ്ണയച്ചു പുല്ലുവണ്ടി കാണുന്നില്ലല്ലൊ എന്നു പ്രാകിക്കൊണ്ടിരിക്കുന്നു.
തിരക്കൊഴിഞ്ഞു എത്രയും വേഗം അഷറഫ് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാനൊരു പെപ്സിയെടുത്തു മൂടി പൊട്ടിച്ചു.
(തുടരും)
ചിത്രം ഗൂഗിൾ
പ്രവാസ ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങൾ വരച്ച് കാട്ടുന്ന എഴുത്ത്. ആയിഷ മാർ ഇങ്ങനെ എത്രയെത്ര?
ReplyDeleteഅവിടെ മാഡെമെങ്കിലും കരുത്തോടെ ഉണ്ടായിരുന്നുവല്ലോ!
ReplyDeleteആശംസകൾ മാഷേ
പാവം അയിഷമാർ....
ReplyDeleteഏതാണ്ടെല്ലാ ആയിഷമാരുടെ ജീവിതങ്ങളും ഇങ്ങനൊക്കെത്തന്നെ ...
അവളെ അവിടന്ന് മാഡം രക്ഷപ്പെടുത്തിയെങ്കിലും എരിതീയിൽ നിന്നും വറചട്ടിയിലേക്കായിരിക്കും വന്നുവീണിട്ടുണ്ടാവുക....
'റിസ 'വായന തുടരുന്നു ..
ReplyDelete