Menu
കവിതകള്‍
Loading...

റിസ : എട്ടാം ഭാഗം

കാലത്തിനു പുറത്തുകടന്ന് പ്രപഞ്ചത്തിലെ കാഴ്ച്ചകൾ കാണാൻ മനസ്സിനൊരു കണ്ണുണ്ടായിരുന്നെങ്കിൽ മനുഷ്യായുസ്സിന്റെ വലിപ്പം കണക്കാക്കാൻ സെക്കന്റിന്റെ കോടിയിൽ ഒരംശം പോലും വേണ്ടി വരില്ലായിരുന്നു. ഇമ ചിമ്മുമ്പോഴേക്കും ജനിച്ചു ജീവിച്ചു മരിച്ചുപോകുന്ന ജീവജാലങ്ങളുടെ വംശപരമ്പരകൾ വിരൽ തൊടുമ്പോഴേക്കും മാഞ്ഞുപോകുന്ന ഒരു മൊബൈൽ സ്ക്രീനിലെ വെബ് പേജുകളെ അനുസ്മരിപ്പിക്കുന്നു.

നമ്മൾ കണ്ണും കാതും കൊടുത്ത് കാത്തിരിക്കുന്ന കോവിഡ് വാർത്തകളിൽ പോലും ശതകോടികൾക്കിടയിൽ നിന്നും ചോർന്നു പോകുന്ന ജനലക്ഷങ്ങളുടെ കണക്കുകൾ സെക്കന്റുകൾക്കൊണ്ടു മാറിമറിയുമ്പോൾ ചലനമറ്റ മനസ്സ് കാലത്തിനപ്പുറമെത്തുന്നു. ഒരു നിർവ്വികാരതയെ  കയ്യെത്തിച്ചു തൊടുന്നു.

കാലത്തേയും പ്രപഞ്ചങ്ങളേയും ഉൾക്കൊള്ളുന്ന ചിരസ്ഥായിയായ ശക്തി ചൈതന്യത്തിനാവട്ടെ ദൃശ്യ, അദൃശ്യപ്രപഞ്ചങ്ങളുടെ ആവിർഭാവവും അന്ത്യവും പോലും അതിലും കുറഞ്ഞ ഇടവേളയിൽ സംഭവിക്കപ്പെട്ട ഒരു സങ്കല്പത്തിന്റെ സൂക്ഷ്മാവിഷ്ക്കാരമായും മാറുന്നു.

ജീവിതപാന്ഥാവിലൂടെയുള്ള ഓരോ ശാരീരിക, മാനസയാത്രകളും മനുഷ്യന് ആ സത്യം തിരിച്ചറിയുന്നതിനുള്ള ബാലപാഠമായിരിക്കണം. അതുകൊണ്ടാവാം, പ്രായേണ ക്ലേശകരമായ പൂർവ്വാശ്രമങ്ങളിലും ഓരോ വിഭാഗത്തിനും യാത്രകൾ പുണ്യദായകങ്ങളായി പരിഗണിക്കപ്പെട്ടു പോന്നത്.

പറഞ്ഞു വരുന്നതെല്ലാം ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചാണ്. ജീവിതയാത്രയിൽ, പതിറ്റാണ്ടുകൾക്ക് ശേഷം ഒരു പച്ചത്തുരുത്തിലിരുന്ന് പുരാതനമായിപ്പോയ മരുഭൂമിയിലെ ഓർമ്മകൾ കുത്തിക്കുറിക്കുമ്പോൾ മറന്നവരേയും മരിച്ചവരേയും കുറിച്ച് മനസ്സിൽ തോന്നുന്ന നിർവ്വികാരതയേക്കുറിച്ചാണ്.

റിസയുടെ നാലാം അധ്യായത്തിൽ പരാമർശിച്ച ബിസിനസ്സുകാരനും ധനാഢ്യനും ക്ഷിപ്രകോപിയുമായ അറബി സാലം ഓർമ്മയിലെത്തുന്നു. കുറച്ചു ദിവസം കൊണ്ടു തന്നെ അയാൾ എനിക്ക് ർബാബ്‌ സാലമായിത്തീർന്നു. ഇരുൾപ്പരവതാനി വിരിച്ച ഈന്തപ്പനയുടെ ചുവട്ടിലിരുന്ന് അർബാബ്‌ സാലം നീട്ടുന്ന അറബിച്ചായ കുടിക്കുമ്പോൾ റൂവിയിൽ പ്രഭാതം പിച്ചവക്കുകയായിരിക്കും. 

എല്ലാ അറബികളെപ്പോലെ തന്നെ അറബി സാലവും സ്നേഹിച്ചാൽ വിദേശികളെ കണ്ണടച്ചു വിശ്വസിക്കുന്ന പ്രകൃതക്കാരനായിരുന്നു. പലപ്പോഴും കന്തൂറയിൽ കൈയിട്ട് കൈയിൽ തടഞ്ഞ നോട്ടുകൾ അയാൾ അലക്ഷ്യമായി പരവതാനിയിലേക്കിടും. അതിൽ നിന്നും നമ്മുടെ കണക്കിനുള്ളത് എണ്ണിയെടുത്തുകൊള്ളണം. ഇത്രയേ എടുത്തുള്ളൂവെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ  അയാളുടെ മട്ടു മാറും. കൈ തട്ടിമാറ്റി ചീത്ത വിളിക്കും. അതെല്ലാം തന്റെ സത്യസന്ധതയെ സംശയിക്കുന്നതിന് തുല്യമാണെന്ന് അയാൾ വിശ്വസിക്കുന്നു.

ഒരിക്കൽ പത്ത് റിയാലിന് പകരം അയാൾ തന്നതെല്ലാം ഇരുപതിന്റെ നോട്ടുകൾ. എന്റെ ഒരു മാസത്തെ ശമ്പളത്തിന്റെ ഇരട്ടിയെങ്കിലും ഉണ്ടാകും. കാര്യം പറഞ്ഞു തിരിച്ചുകൊടുത്തപ്പോൾ നന്ദി വാക്കോ, ഭാവഭേദമോ ഇല്ല. അത് നമ്മുടെ കടമയാണെന്നും അയാൾ വിശ്വസിക്കുന്നു. സൈൻ.. സൈൻ.. ശരി..ശരി..എന്ന ചുണ്ടനക്കത്തോടെ തല കുലുക്കി.

പാക്കിസ്ഥാനി നവാസിന്റെ ഊഴമായാൽ നാൾവഴികളിലെ വിശേഷമെല്ലാം അയാൾ എന്നോടു പങ്കുവയ്ക്കും. ഒരു വൈകുന്നേരം അയാൾ പറഞ്ഞു: റൂവിയിലെ അർബാബ്‌ സാലം മരിച്ചു,

മരണത്തിന്റെ വിശദാംശമൊന്നും അറിയില്ല. രാവിലെ ഈന്തപ്പനയുടെ ചുവട്ടിൽ ചായയും ഖാവയുമില്ല. സാലം കിടക്കാറുള്ള ചുവന്ന പരവതാനി ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്നു. തലേന്ന് സാലം മരിച്ചു പോയെന്ന് വഴിയിൽ വച്ചു ആരോ പറഞ്ഞറിഞ്ഞു.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഈന്തപ്പനയുടെ ചുവട്ടിൽ സാലത്തിന്റെ പരവതാനി വീണ്ടും വിരിക്കപ്പെട്ടു. അതിൽ ചായയും കാവയും കജൂറും നിരന്നു. സാലത്തിന്റെ മൂത്ത മകൻ യൂസഫാണ് ആ സ്ഥാനം ഏറ്റെടുത്തത്. ആലം ദുനിയാവിലെ സാലത്തിന്റെ തിരോധാനം സന്ദർശകർക്ക് തെല്ലെങ്കിലും മനപ്രയാസം ഉണ്ടാക്കാതിരിക്കാൻ അയാൾ ഹൃദ്യമായി ചിരിച്ചു. അസ്സലാമു അലൈക്കും കൈഫ് ഹാലക്കുമെല്ലാം ഹൃദ്യമായി ഉരുവിട്ടു.

ആ ചായക്കും ഖാവക്കും കജൂറിനുമെല്ലാം പഴയ രുചിയും മധുരവും ഉണ്ടായിരുന്നു. ഒരിക്കലും ഒച്ചവയ്ക്കാത്ത യൂസഫിന്റെ ചുണ്ടിലെ പുഞ്ചിരിക്ക് അതിലും മധുരമുണ്ടായിരുന്നു. എന്നിട്ടും ദിവസങ്ങളോളം മടിച്ചുമടിച്ചാണ് ഞാൻ ആ പരാവതാനിയിൽ ഇരുന്നത്. പാതി മനസ്സോടെയാണ് ചായ നുണഞ്ഞത്. സാലത്തിന് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒരു സ്വീകാര്യത മനസ്സിലാവാതെ ഈത്തപ്പനയുടെ ഇരുണ്ട നിഴലിൽ വെളിച്ചത്തിന്റെ പൊട്ടുകൾ പോലെ കിടന്നു.

പറ്റുകാർക്കെല്ലാം കൊടുത്ത ശേഷം ബാക്കിവരുന്ന പുല്ലുമായി ഒരിക്കൽക്കൂടി മത്ര കോർണേഷിലെ മീൻ മാർക്കറ്റിൽ തിരിച്ചെത്തുമ്പോൾ  തീരത്തടുപ്പിച്ച മീൻ തോണികളിൽ നിന്നും ചിലരെല്ലാം കരയിലേക്ക് കയറിവരും. വാടിത്തുടങ്ങിയ പുല്ലുകെട്ടുകൾ കിട്ടിയ വിലക്ക് അവർക്ക് വിൽക്കുന്നു. സ്ഥിരമായി കുറഞ്ഞവിലക്ക് പുല്ല് കൊടുത്തും വാങ്ങിയും മീൻപിടുത്തക്കാരെല്ലാം എനിക്ക് സുപരിചിതരായി.

ചില പ്രത്യേകതരം കടൽ മീനുകൾ മാത്രമാണ് ഒമാനികൾക്ക് പഥ്യമായിട്ടുള്ളത്. സ്രാവ്, ഏട്ട തുടങ്ങിയ വലിയ തരം മീനുകളും നത്തോലി, മത്തി, അയല തുടങ്ങിയ ചെറുതരവുമൊന്നും (അന്നൊന്നും) ബഹുഭൂരിപക്ഷം ഒമാനികളും വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യാറില്ല. ഒമാനിലെ തീരക്കടലിൽ നിന്നും സുലഭമായി ലഭിക്കുന്ന നത്തോലി മൽസ്യം കടപ്പുറത്തിട്ടുതന്നെ ഉണക്കി ആടുകൾക്കും മൂരികൾക്കുള്ള തീറ്റയായി വിൽക്കുന്നു.

ആരും വാങ്ങിക്കൊണ്ടുപോകാത്ത ഏട്ടയും സ്രാവും കടപ്പുറത്ത് കാറ്റുകൊണ്ട് കിടക്കുന്ന കാര്യം മെസ്സിൽ വന്നു പറഞ്ഞതേ ഓർമ്മയുള്ളൂ. ആല്യേമുട്ടിയും തന്നാബും തൊത്തേലുമെല്ലാം എനിക്ക് ചുറ്റും കൊതിക്കടൽ തുഴയാൻ തുടങ്ങി. അങ്ങിനെ കിട്ടുന്ന ഏട്ടയും സ്രാവും അല്ലെങ്കിൽ ഒന്നോ രണ്ടോ റിയാലിന് കിട്ടുന്ന ഒരു ചുമട് അയിലയോ, മത്തിയോ എന്തെങ്കിലുമൊക്കെ ദിവസവും മെസ്സിൽ എത്തിക്കേണ്ട ചുമതല എന്റെ തലയിലായി. രണ്ടാഴ്ച്ചകൊണ്ട് അടുത്ത രാണ്ടാഴ്ച്ചത്തേക്കുള്ള മീൻ മെസ്സിലെ ഫ്രീസറിൽ സ്റ്റോക്ക് ആയിട്ടുണ്ടാകും. എന്റെ അടുത്ത ഊഴം എത്തുന്നതുവരെ ഏട്ടക്കറിയിൽ കുഴച്ച എണ്ണപ്പൊറോട്ട എല്ലാവരും വെട്ടിവിഴുങ്ങും.

പൊതുവെ പാക്കിസ്ഥാനികളുമായി  മലയാളികൾ അത്ര അടുപ്പമൊന്നും കാണിക്കാറില്ല. നവാസിനാണെങ്കിൽ ഹറത്തിലും പരിസരപ്രദേശത്തും ഉള്ള അറബികളുമായി നല്ല അടുപ്പമുള്ളതിനാൽ പാക്കിസ്ഥാനിലേക്കുള്ള വിസയുടെ പേപ്പറുകൾ ശരിപ്പെടുത്തലും അർബാബ്‌ ബർക്കയിൽ നിന്നും എടുക്കുന്ന ആട്ട, മൈദ, പാലുല്പന്നങ്ങൾ തുടങ്ങിയവ മത്രയിൽ നിന്നും കയറ്റി ബർക്കയിൽ ഇറക്കിക്കൊടുക്കലും ഒക്കെയായി മറ്റൊന്നിനും സമയം കിട്ടാറില്ല. ചിലപ്പോൾ ആരെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യാൻ ഏൽപ്പിക്കുന്ന കത്തുകൾ പോലും ഒന്നോ രണ്ടോ ദിവസമൊക്കെ വണ്ടിയിൽ കിടക്കും. ഡ്യൂട്ടി മാറുന്ന ദിവസം അവ അയാൾ എന്നെ ഏൽപ്പിക്കും.

അറബിവീടുകളിൽ ജോലി ചെയ്യുന്ന പലർക്കും ബാങ്കിലോ, പോസ്റ്റോഫീസിലോ ഒന്നും പോകാനുള്ള സാവകാശം കിട്ടാറില്ല. പലരും അവിടത്തെ അടുക്കളയിൽ നിന്നുപോലും പുറത്തുകടക്കാൻ സമയം കിട്ടാത്തവരായിരിക്കും. അപ്പോൾ തൊട്ടടുത്തുള്ള കടക്കാരനോ, നിത്യവും കാണുന്ന അയൽക്കാരനോ ഒക്കെയാണ് ആശ്രയം. തങ്ങൾക്ക് ഭക്ഷണവും ശമ്പളവും തരുന്ന അർബാക്കന്മാരേക്കാൾ അവർക്ക് സ്നേഹവും വിശ്വാസവും പരിചയക്കാരായ വിദേശികളോടായിരിക്കും.



ഒരിക്കൽ,  ഒരു വീട്ടുജോലിക്കാരി രജിസ്റ്റർ ചെയ്ത് അയക്കാൻ കൊടുത്ത രണ്ട് കത്തുകൾ നവാസ് എന്നെ ഏല്പിച്ചു. ഏതാനും ദിവസങ്ങളായി അവ  തന്നിട്ടെന്നും തിരക്കിൽ പോസ്റ്റ് ചെയ്യാൻ മറന്നു പോയതാണെന്നും ഓർമ്മിപ്പിച്ചു കൊണ്ട്.

സിദാബിലെ പോലീസ് സ്റ്റേഷന് മുമ്പിലെ മൂന്നാമത്തെയോ, നാലാമത്തെയോ ഗല്ലിയിലുള്ള ഒരു അറബിവീട്ടിലായിരുന്നു ആ ലങ്കൻ സ്വദേശിനി ജോലി ചെയ്തിരുന്നത്. ആ സ്റ്റോപ്പിൽ കുറച്ചധികം കസ്റ്റമേഴ്സ് ഉള്ളതുകൊണ്ട് വണ്ടി തെല്ലു നേരം നിർത്തിയിടും. വണ്ടിയുടെ ഹോൺ കേട്ടാൽ പുല്ല് വാങ്ങാനായി ബലൂചിപ്പെണ്ണുങ്ങൾ ചുറ്റും കൂടും. സിന്ധുവെന്ന ആ ലങ്കക്കാരി ഗെയ്റ്റ് തുറന്നു പുറത്തേക്ക് വന്നു പുല്ലു വാങ്ങിപ്പോകും. ശ്രീലങ്കയിൽ തമിഴ് പുലികളും സർക്കാറും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ട സമയമായിരുന്നു.തമിഴ് സംസാരിക്കുന്ന സിന്ധു ശ്രീലങ്കയിലെ കലാപത്തെക്കുറിച്ച്‌ 
എന്തെങ്കിലും പറയും. ഗ്രാമങ്ങൾ അരിച്ചു പെറുക്കി തമിഴരെ കൊന്നുതള്ളുന്ന ശ്രീലങ്കൻ പട്ടാളത്തിന്റെ ക്രൂരതകൾ അവർ തമിഴ്‌മലയാളത്തിൽ വിവരിക്കുമ്പോൾ ബലൂചിപ്പെണ്ണുങ്ങൾ തങ്ങൾക്കും അതൊക്കെ മനസ്സിലാവുന്നുണ്ടെന്ന മട്ടിൽ ബിസ്മില്ലാ.. മാഷാ അല്ലാഹ്.. എന്നെല്ലാം പ്രതികരിക്കും. ഒടുവിൽ അവരുടെ നടുക്കവും അനുകമ്പയും പലസ്തീനിലെ ഗാസയിൽ ചെന്നവസാനിക്കും.

സഹോദരന്മാരും സഹോദരിമാരും അച്ഛനും അമ്മയും ഒക്കെയടങ്ങുന്ന തന്റെ കുടുബത്തെ ഓർത്ത് ഭയചകിതയായാണ് അവർ ജീവിക്കുന്നതെന്ന് ഒരിക്കലും ചിരിച്ചു കാണാത്ത ആ മുഖഭാവത്തിൽ നിന്നു വ്യക്തം. കലാപങ്ങളും യുദ്ധങ്ങളും കേട്ടുകേൾവിയില്ലാത്ത കേരളീയസാഹചര്യത്തിൽ നിന്നും വന്നതു കൊണ്ട് ആരോ എന്തോ പറയുന്നുവെന്ന മട്ടിൽ ഞാൻ നിസ്സംഗനായി കേട്ടു നിൽക്കും. കഴിയുന്നതും വേഗം കലാപം ശാന്തമായെങ്കിൽ ഈ കലപില കേൾക്കേണ്ടല്ലോ എന്ന് ഉള്ളിൽ കരുതുകയും ചെയ്യും.

അടുത്ത ദിവസം പുല്ലുമായി ചെന്നപ്പോൾ സിന്ധുവിന് പകരം മറ്റൊരാളാണ് ഗെയ്റ്റ് തുറന്നത്. സിന്ധു പോസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച കത്തുകളുടെ റജിസ്റ്റർ സ്ലിപ്പ് നീട്ടിയപ്പോൾ താൻ സിന്ധുവിനു പകരം വന്ന പുതിയ ജോലിക്കാരിയാണെന്നും സിന്ധു നാട്ടിൽ പോയെന്നും അവർ പറഞ്ഞു. ശ്രീലങ്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ സിന്ധുവിന്റെ കുടുംബാംഗങ്ങൾ എല്ലാവരും കൊല്ലപ്പെട്ടുവെന്നും അതറിഞ്ഞപ്പോൾ അവൾക്ക് മനോനില തെറ്റിയതു പോലെയായെന്നും അവർ തുടർന്നു പറഞ്ഞു.

ഇനി നാട്ടിൽ പോയിട്ട് ആരെക്കാണാനാണ്..? 

എന്റെ ആത്മഗതം നിസ്സാരപ്പെട്ടിരുന്നു. ബലൂചിപ്പെണ്ണുങ്ങൾ പുല്ലിന് തിടുക്കം കൂട്ടിയപ്പോൾ ഞാൻ സിന്ധുവിന്റെ കാര്യം മറന്നു. അടുത്ത ദിവസമാണ് അവർ തലേന്ന് പറഞ്ഞതിന്റെ ബാക്കി പറഞ്ഞത്:

ലങ്കൻ പട്ടാളക്കാരോട് പകരം ചോദിക്കണം എന്നു പറഞ്ഞാണ് സിന്ധു തിരിച്ചു പോയിരിക്കുന്നത്.

ലോകത്ത് വിപ്ലവകാരികളും രക്തസാക്ഷികളും ഉണ്ടാകുന്നത് ങ്ങിനെയാണെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി. ശ്രീലങ്കൻ കലാപത്തെക്കുറിച്ചും തമിഴ് പുലികളെക്കുറിച്ചും ഉള്ള വാർത്തകൾ കാണുമ്പോഴും വായിക്കുമ്പോഴും ഒക്കെ പുലിയായി മാറിയ സിന്ധു ഓർമ്മയിൽ വന്നു പൊട്ടിത്തെറിച്ചു. അധികം വൈകാതെ ശ്രീലങ്കൻ പട്ടാളത്തെ സഹായിക്കാനായി ഇൻഡ്യൻ പട്ടാളം കടൽ കടന്നെന്ന വാർത്ത വന്നു. താമസിയാതെ ശ്രീലങ്കൻ പട്ടാളം തമിഴ് പുലികളെ തോൽപ്പിച്ചു കലാപം അടിച്ചമർത്തി. ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിച്ചു. താമസിയാതെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടെന്ന വാർത്തയും കേട്ടു. അതിൽ പങ്കാളിയായി മറ്റൊരു സിന്ധുവിന്റെ പേരുണ്ടായിരുന്നു.

ചിലപ്പോൾ സിന്ധു മരുഭൂമിയിലേക്ക് തന്നെ തിരിച്ചു വന്നിരിക്കാം. അല്ലെങ്കിൽ ശ്രീലങ്കയിൽ എവിടെയെങ്കിലും ഒരനാഥയായോ സനാഥയായോ ജീവിക്കുന്നുണ്ടാവാം. അതുമല്ലെങ്കിൽ ഒരു തമിഴ് പുലിയായി മാറി കലാപഭൂമിയിൽ തന്നെ കൊല്ലപ്പെട്ടിരിക്കാം. കലാപത്തിന്റെ ചരിത്രത്തിൽ രക്തസാക്ഷിയുടെ പരിവേഷമൊന്നും രേഖപ്പെടുത്താതെ കാലയവനികക്കുള്ളിൽ മാഞ്ഞുപോയ ആയിരങ്ങളിൽ ഒരാൾ മാത്രമായിരിക്കാം.

ഒരു രാജ്യത്തെയല്ല, ഒരു ഭൂഖണ്ഡത്തിലെ തന്നെ കോടിക്കണക്കിന് ജനതയെ ആജീവനാന്തം വേട്ടയാടിയ ജീവിതദുരിതങ്ങൾ. അതൊക്കെ കാലത്തിന് പുറത്തുള്ള ഓർമ്മകളുടെ തലയിൽ കെട്ടിവയ്ക്കാൻ എളുപ്പമാണല്ലോ. 

മരണത്തിന്റ കഥകളെല്ലാം ഇങ്ങിനെ ഓർത്തെടുക്കാൻ എളുപ്പമാണ്. എന്റെ നാടൻ സ്പോണ്സറായ തോത്തേലിന്റെ ഉപ്പ, ഒപ്പം പണിയെടുക്കുന്ന ആല്യേമുട്ടിയുടെ ഉമ്മ, മെസ്സിലെ പല അംഗങ്ങളുടേയും മാതാപിതാക്കളും, മറ്റുവേണ്ടപ്പെട്ടവരും ഒക്കെ ഇക്കാലയളവിൽ മരിച്ചുപോയവരായി ഉണ്ടാകും. അതിന്റെ ഭാഗമായി അനേകം മയ്യത്ത് നമസ്ക്കാരങ്ങളും മൗലൂദും മെസ്സിൽ നടന്നു.

സിദാബിലെ അവസാന കസ്റ്റമറായ ഹാജി അബ്‍ദുള്ളയുടെ മരണവും ഇക്കാലത്തു തന്നെയാണ് സംഭവിച്ചത്. അനാഥനായ അബ്ദുള്ള മരിച്ചപ്പോൾ യത്തീമുകളായി മാറിയ അയാളുടെ വളർത്തു പട്ടികളും പൂച്ചകളും മാത്രമായിരിക്കണം കരഞ്ഞു കരഞ്ഞു കാലം കഴിച്ചത്.


(തുടരും)


ചിത്രം ഗൂഗിൾ








Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

23 comments :

  1. ഏറ്റവും വലിയ സമ്പത്തു നമ്മുടെയൊക്കെ ജീവിതം തന്നെയാണ്.മൃദുുവും പരുഷവവു മായ ജീവിത കഥകള്‍ തുറന്നെഴുത്തില്‍ പലരുടെയും ജീവിതവും വായിച്ചെടുക്കുംബോഴാണ് നമ്മുടെ ജീവിതം നമ്മള്‍ താരതമ്യം ചെയ്യുക .എഴുത്തിന്‍റെ നിമ്നോന്നതങ്ങളും ചരിത്രം തുടര്‍ന്നു കൊണ്ടിരികുക ! താങ്കള്‍ക്കും കുടുംബത്തിനും റമദാന്‍ പുണ്യങ്ങള്‍ ..

    ReplyDelete
    Replies
    1. താങ്കൾക്കും കുടുംബത്തിനും റമദാൻ ആശംസകൾ..വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  2. ശ്രീലങ്കൻ തമിഴ് വംശജർ  പുലികളായി
    മാറുന്നതിന്റെ ഒരു വേർഷനാണ് സിന്ധു... 

    ReplyDelete
    Replies
    1. ശ്രീലങ്ക,പലസ്തീൻ,ഇറാക്ക്...ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്..

      Delete
  3. Replies
    1. മാഷേ..ടെംപ്ലേറ്റിന്റെ പ്രശ്നം കാരണം ആയിപ്പോയതാണ്.. (ഡിസൈൻ മാറ്റിയപ്പോൾ വന്ന പിഴവ്!)താഴെ തങ്കപ്പൻ സാറും ഈ പ്രശ്നം എഴുതിയിട്ടുണ്ട്..

      Delete
    2. അല്പം അനാാരോഗ്യ- ഹോസ്പിറ്റല്‍ പ്രശ്നങ്ങള്‍ ...ഭേദമായ്ട്ടില്ല ...അടുത്ത് തന്നെ കാണാം

      Delete
    3. ഈ കമന്റ് കാണാൻ വൈകി..എത്രയും പെട്ടെന്ന് സുഖമായി, സ്വസ്ഥജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയോടെ..

      Delete
  4. ശ്രീലങ്കയോ പലസ്തീനോ ലോകത്തെവിടെയോ ആകട്ടെ വേട്ടക്കാർക്കും ഇരകൾക്കും ഒരേ മുഖവും ഒരേ ശബ്ദവുമാണ് അല്ലേ.....

    ReplyDelete
    Replies
    1. അതേ..എല്ലായിടത്തും അടിച്ചമർത്തപ്പെട്ടവരിൽ നിന്നാണല്ലോ പ്രതിഷേധം തലപൊക്കുക..

      Delete
  5. ദുഖം ചാലിച്ച ഓർമകൾ മായാതെ മനോ മുകുരത്തിൽ നിൽക്കും.

    ReplyDelete
    Replies
    1. ബിപിൻ.. വായനക്കും അഭിപ്രായത്തിനും നന്ദി...

      Delete
  6. വായിച്ചു..ശ്രീലങ്കൻ യുവതിയുടെ ചിത്രം മനസ്സിൽ ഒരു നൊമ്പരമായി കിടക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    Plz follow my blog
    http://lekhaken.blogspot.com

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും വളരെ നന്ദി..താങ്കളുടെ ബ്ലോഗ് ഫോളോ ചെയ്തിട്ടുണ്ട്..

      Delete
  7. ഈ ഭാഗം വായിച്ചു അഭിപ്രായം എഴുതിയതാണല്ലോ മാഷേ! സിന്ധുവിന്റേയും,സലാമിന്റേയും, അബ്ദുള്ളായുടെയും മറ്റും കഥ.
    നല്ല അവതരണം.
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. തങ്കപ്പൻ സർ..ടെംപ്ലേറ്റ് പ്രശ്നം കാരണം കാണാതെ പോയതാണ്.. വായനക്കും അഭിപ്രായത്തിനും സന്തോഷം..നന്ദി..

      Delete
    2. അക്കാലത്ത് തമിഴ് പുലികൾ തന്റെ മക്കളെ പിടിച്ചുകൊണ്ടു പോകമോന്ന് ഭയന്നു ജീവിച്ച ഒരു ശ്രീലങ്കൻ തമിഴ് സ്ത്രീയെ എനിക്കറിയാം.
      ഓർമ്മകൾക്ക് മറവിയില്ല ...
      ആശംസകൾ.....

      Delete
    3. വായനക്കും അഭിപ്രായത്തിനും നന്ദി.തീര്ച്ചയായും അങ്ങിനെ ഒരുപാടുണ്ട്..നമ്മുടെ പ്രധാനമന്ത്രിക്ക് പോലും അതിൽ നിന്നും രക്ഷപ്പെടാൻ ആയില്ലല്ലോ..

      Delete
  8. ഇക്കാ..കാലത്തിനും പ്രപഞ്ചത്തിനും പുറത്ത് നിന്ന് ഒറ്റനോട്ടമെടുക്കാൻ എല്ലാർക്കും കഴിഞ്ഞെങ്കിൽ,നിസ്സാരതയുടെ വെളിപാട് മാനവരിൽ എന്ത് മാത്രം മാറ്റങ്ങളുണ്ടാക്കിയെനേ..10 ന് പകരം 20 കിട്ടിയത് തിരിച്ചുകൊടുത്തിട്ടും ഉണ്ടാവാതിരുന്ന ആ ഭവമാറ്റത്തെ എത്ര കയ്യടക്കത്തിലാ പറഞ്ഞത്.ഭാവനയെയും യാഥാർഥ്യത്തെയും വേർപ്പിരിക്കാൻ കഴിയാത്ത വിധം അത്ര ജൈവീകതയോടെയാണ് ഇക്കാ നിങ്ങൾ കഥ പറയുന്നത്.സലാം ട്ടാ.റമളാൻ ആശംസകൾ.സൗഖ്യം ആണ് ന്ന് വിചാരിക്കുന്നു.

    ReplyDelete
    Replies
    1. വിശദമായ ഈ അഭിപ്രായപ്രകടനത്തിന് വളരെ സന്തോഷം. നന്ദി. താങ്കൾ എപ്പോഴും എഴുത്തിൽ അറിയാതെ കടന്നുകൂടുന്ന മനസ്സിന്റെ ചിന്താശകലങ്ങളുടെ ആന്തരികസത്തയെ കണ്ടറിയുന്നു.അത് സമാനമായ മാനസീകവ്യാപാരം നടത്തുന്ന ഒരു വ്യക്തി‌ക്കെ കഴിയൂ..അതിൽ ഏറെ സന്തോഷം..താങ്കൾക്കും റമളാൻ ആശംസകൾ..പിന്നെ താങ്കളുടെ നാടായ പതിയാരം കുണ്ടന്നൂരിന് അടുത്തെന്നല്ലേ പറയേണ്ടത്..അതോ അവിടെയുള്ളത് വേറെ പരിയാരമാണോ?

      Delete
  9. ടെമ്പ്ലേറ്റ് ഒന്നു കൂടി അണിഞ്ഞൊരുങ്ങനം .ഹാ എമ്പ്ലം അതി ഗംഭീരം !നവോഡയുടെ തകപ്പന്‍ പൊന്‍ കിരീടം പോലെ ...ഇനിയും ചോദിക്കനാനും പറയാനും ഉണ്ട് ...!പിന്നെ വരാം ..പ്രാര്‍ഥിക്കുക !

    ReplyDelete
    Replies
    1. മാഷേ..താങ്കളുടെ ആരോഗ്യസ്ഥിതി പഴയപടി ആയിട്ടില്ല എന്ന് ഈ വാക്കുകളിൽ നിന്നും വായിച്ചെടുക്കുന്നു. അതുപോലെ ടെംപ്ലേറ്റ് മാറ്റിമറിക്കൽ താങ്കളുടെയും ഹോബിയായത് കൊണ്ടു ചെറിയമാറ്റങ്ങൾ പോലും പെട്ടെന്ന് കണ്ടുപിടിക്കുമെന്നും അറിയാം.ചിലപ്പോൾ ടെംപ്ലേറ്റിന്റെ ഉടച്ചുവാർക്കലുമായി ആഴ്ചകളോളം കണ്ണുകഴച്ചു മുഷിഞ്ഞിരിക്കലാണ് എന്റെയും ഹോബി..എന്തായാലും എത്രയും വേഗം പൂർണ്ണ ആരോഗ്യവാനാകാൻ ഈയുള്ളവന്റെ പ്രാർത്ഥനയും കൂടെയുണ്ടാകും..അല്ലാഹു അത് സ്വീകരിക്കട്ടെ..(ആമീൻ)

      Delete
  10. സിന്ധു.... ദു:ഖ സാന്ദ്രമായ ഒരു ജീവിതം.

    ReplyDelete


Powered by Blogger.