Menu
കവിതകള്‍
Loading...

റിസ്സ : അഞ്ചാം ഭാഗം

ടുവിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ദിവസം വന്നെത്തി. പാക്കിസ്ഥാനി നവാസ് എന്നെ പോലീസ് സ്റ്റേഷനിൽ ഇറക്കി തിരിച്ചു പോയി.

സമയം പുലർച്ചെ 5:00 മണി. നേരിയ തണുപ്പുള്ള പകൽ വെളിച്ചത്തിൽ വിദൂര മലനിരകളും ചുവന്ന വെളിച്ചത്തിൽ മുങ്ങിക്കുളിച്ച ഖുറം പട്ടണവും പ്രത്യക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സുബഹി നമസ്കാരത്തിൻറെ ബാങ്ക് വിളി കേട്ടു. പോലീസ് സ്റ്റേഷനിലെ വരാന്തയുടെ ഒരറ്റത്ത് നിന്ന് നിസ്ക്കാരം നിർവ്വഹിച്ചു. അത്രയും ഏകാഗ്രമായ ഒരു നിസ്കാരം പിന്നീട് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നുപോലും സംശയം.

വീണ്ടും വെളിച്ചവും ഒച്ചയും വെച്ചു തുടങ്ങി.  സ്റ്റേഷൻ അധികാരികളുടെ വാഹനങ്ങൾ കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞു. ക്യൂവിൽ  നിന്ന് ഫീസടച്ച് ടോക്കൺ എടുത്ത ശേഷം ടെസ്റ്റ് കൊടുക്കാൻ വേണ്ടി ഒരു ഡ്രൈവിംഗ് സ്കൂൾ വണ്ടിക്കാരനുമായി കരാർ ഉറപ്പിച്ചു. ടെസ്റ്റിന് മുമ്പ് അരമണിക്കൂർ സമയം എച്ചും സ്റ്റോപ്പും ഒക്കെ നടത്തി മനസ്സിനെ ഒന്നുകൂടി പരീക്ഷക്ക് സന്നദ്ധമാക്കി.

എന്നെ സംബന്ധച്ചിടത്തോളം പരീക്ഷണങ്ങൾ തന്നെയായിരുന്നു, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടന്നുകൊണ്ടിരുന്നത്. ആല്യെമുട്ടിയും പുളിബാവയും ഒമാനിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യം തന്നെയാണ് ഓർമിപ്പിച്ചുകൊണ്ടിരുന്നത്. പുല്ല് തോട്ടത്തിൽ അർബാബും മക്കൾ കലീഫയും അലിയും അത് ഏറ്റു പിടിച്ചു. മെസ്സിൽ ചെന്നാൽ ഹനീഫക്കയും തന്നാബും അത് വീണ്ടും ഓർമ്മിപ്പിച്ചു.

ഇക്കൂട്ടത്തിൽ അർബാബിന്റെ മൂത്തമകൻ സുലൈമാൻ ആയിരുന്നു അൽപ്പമെങ്കിലും ആത്മവിശ്വാസം പകർന്നത്. ആദ്യത്തെ ടെസ്റ്റിൽ തന്നെ ഞാൻ വിജയിക്കുമെന്ന് സുലൈമാൻ പ്രഖ്യാപിച്ചു. തന്റെ ഒരു സുഹൃത്ത് ഖുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തോട് ശുപാർശ ചെയ്തു ടെസ്റ്റിൽ വിജയിപ്പിക്കാമെന്നും സുലൈമാൻ വാക്കു തന്നു. എന്നാൽ അതെല്ലാം സുലൈമാന്റെ വെറും ബഡായി മാത്രമാണെന്ന്  പുളിബാവയും ആല്വേമുട്ടിയും പുശ്ചിച്ചു തള്ളി. സുലൈമാന് അത്തരത്തിൽ എന്തെങ്കിലും പിടിപാടുകൾ ഉണ്ടായിരുന്നെങ്കിൽ അഞ്ചാറ് ടെസ്റ്റ് കൊടുത്തിട്ടും തോറ്റുപോയ പാക്കിസ്ഥാനി നവാസിനെ എന്തുകൊണ്ട് സഹായിച്ചില്ല എന്നാണ് അവരുടെ ചോദ്യവും സംശവും. അത് ന്യായമായ സംശയാമാണെന്ന് ഞാനും വിശ്വസിക്കുന്നു.

സമയം  എട്ടുമണി ആയപ്പോഴേക്കും നവാസ് തിരിച്ചു വന്നു. ടെസ്റ്റിന്റെ ടോക്കൺ ലഭിച്ച ശേഷം തന്നെ വന്നു കാണണമെന്നാണ് അർബാബ്‌ സുലൈമാൻ തലേന്നു പറഞ്ഞത്. എനിക്ക്  വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു പിടിവള്ളി കണ്ടെത്തിയ ആശ്വാസം ഉള്ളിൽ മുളപൊട്ടി നിൽക്കുന്നുണ്ടുതാനും. ഒടുവിൽ  സുലൈമാന്റെ ഓഫീസ്സ് ലക്ഷ്യമാക്കി നീങ്ങിയ വണ്ടി റൂവിയിലേക്കുള്ള ദേശീയ പാതയുടെ ഓരത്തെ രാജകീയമായ ഒരു മന്ത്രി മന്ദിരത്തിന്റെ മുന്നിൽ ചെന്നു നിന്നു.

ഇതാണോ സുലൈമാന്റെ ഓഫിസ്സ്?

എന്റെ ചോദ്യത്തിലെ അമ്പരപ്പും അത്ഭുതവും  തിരിച്ചറിഞ്ഞപ്പോൾ നവാസ് പുഞ്ചിരിയോടെ അതെയെന്ന് തലയാട്ടി. ഞങ്ങൾ മുന്നിലെ  ബഹുനില മന്ദിരത്തിലെ പല സെക്യൂരിറ്റി ചെക്കിങ് പോയിന്റുകൾ പിന്നിട്ട് ഒരു ഓഫിസ്സ് മുറിയുടെ മുന്നിൽ എത്തിപ്പെട്ടു. പേരിനെന്ന വണ്ണം അതിന്റെ വാതിലിൽ ഒന്നു മുട്ടിയെന്നു വരുത്തി തെല്ല്  അധികാരത്തോടെ തന്നെ നവാസ് അകത്തു കടന്നു. ഒരു ആശങ്കയോടെ ഞാൻ പിറകെ ചെന്നപ്പോൾ സുലൈമാൻ്റെ സ്വാഗതം കേട്ടു:

അഹ്ലൻ.. ഒസഹ്ലൻ
അത്ര വലിയൊരു ഓഫീസ്സ്‌ മുറിയും അതിലെ അലങ്കാരങ്ങളും കണ്ടപ്പോൾ തന്നെ എന്റെ കണ്ണുമഞ്ഞളിച്ചു പോയിരുന്നു. പോരെങ്കിൽ മുറിയുടെ നടുക്കുള്ള വലിയ മേശക്കും അതിലെ ഫയലുകൾക്കും മുമ്പിൽ സുലൈമാന്റെ പ്രസന്നവദനവും. ഒരു നിമിഷത്തേക്ക് ഞാൻ സ്ഥല കാലങ്ങൾ തന്നെ മറന്ന് ഒരു സ്വപ്നാടകനെപ്പോലെ നിന്നു.
സുലൈമാൻ ചോദിച്ചു:

മുഹമ്മദ്..കൈഫാലക്ക്..?

മുട്ടോളമെത്തുന്ന ഒരു മുണ്ടും പഴയൊരു ബനിയനും ധരിച്ച് എന്നും പുല്ലുകണ്ടത്തിൽ വന്നിരുന്ന് പുല്ലരിയുന്ന അർബാബ്‌ സുലൈമാൻ തന്നെയാണോ ആഡംബരപൂർണ്ണവും വിശാലവുമായ ഈ ഓഫിസ്സ് മുറിയിലെ അധികാരക്കസേരയിൽ ചാഞ്ഞിരിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. പടച്ചോനെ ഞാൻ എങ്ങിനേയാണ് പുളിബാവയേയും ആല്യേമുട്ടിയേയുമെല്ലാം ഇതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കുക?

സുലൈമാൻ ഞങ്ങൾക്ക് ഹസ്തദാനം ചെയ്തുകൊണ്ട് മുന്നിലെ കസേരകളിൽ ഇരിക്കാൻ പറഞ്ഞു:

ശിറപ്പ്‌ ചായ്‌.. ഒല്ല ഖാവ..?

കുടിക്കാൻ ചായയോ ഖാവയോ വേണ്ടത്?

നവാസ് എന്നെയും പിന്നെ വാച്ചിലും നോക്കി. മസ്ക്കറ്റിൽ എത്തുമ്പോഴേക്കും സമയം ഏറെ വൈകുമെന്ന് ആ മുഖം പറഞ്ഞപ്പോൾ ഒന്നും വേണ്ടെന്ന് ഞാനും പറഞ്ഞു.

എന്റെ ഫയൽ വാങ്ങി ടോക്കൺ നമ്പറും മറ്റും എഴുതിയെടുത്ത് സുലൈമാൻ ആർക്കോ വേണ്ടി ഫോൺ ഡയൽ കറക്കി. എനിക്ക് പൂർണ്ണമായി മനസ്സിലാവാത്ത അറബിയിൽ കുറെ സംസാരിച്ച ശേഷം നേരിയ നിരാശയോടെ റിസീവർ വച്ചു.

സോറി മുഹമ്മദ്.. അന്ത മാഫി നസീബ്..

മുഹമ്മദ് നിനക്ക് ഭാഗ്യമില്ലല്ലോ.. എന്റെ സുഹൃത്തിന് ഇന്നത്തെ ഡ്യൂട്ടി മറ്റൊരിടത്താണ്‌. എന്നാലും നിന്റെ ടെസ്റ്റ് നടത്തുന്നത് അയാളുടെ കൂട്ടുകാരനാണ്. അദ്ദേഹത്തോട് നിന്നെ സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

ആദ്യമേ തന്നെ സുലൈമാന്റെ ശുപാർശയിൽ കാര്യമായ പ്രതീക്ഷ കൊടുക്കാതിരുന്നതിനാൽ തിരിച്ചു പോരുമ്പോൾ എനിക്ക് വലിയ നിരാശ യൊന്നും തോന്നിയില്ല. എന്നാലും നവാസിന്റെ ചുണ്ടിൽ ഊറിയ ഗൂഢമായ പുഞ്ചിരി കാണാതിരിക്കാനും കഴിഞ്ഞില്ല. എന്നെ പോലീസ് സ്റ്റേഷനിൽ ഇറക്കി ഒരു ആശംസയും കൈമാറിയി നവാസ് തിരിച്ചു പോയി.

സമയം ആയിട്ടില്ലെങ്കിലും അപേക്ഷകരുടെ പേര് വിളിച്ചു പറയുന്ന കൗണ്ടറിനു മുന്നിൽ നല്ല തിരക്കുണ്ടായിരുന്നു. തൊഴിലിനായി എത്തിയ വിദേശികൾ തന്നെയാണ് കൂടുതലും. പിന്നെ കുറച്ച ഒമാനി പുരുഷന്മാരും രണ്ടുമൂന്നു സ്ത്രീകളും.

അൽപ്പം കഴിഞ്ഞപ്പോൾ ഓഫിസിന്റെ പ്രധാനവാതിൽ തുറന്നു. എല്ലാവരും ആകാംക്ഷാഭരിതരായി നോക്കി. ഒരു പോലീസുകാരൻ വാതിൽക്കൽ നിന്ന് വിളിച്ചു ചോദിച്ചു.

വാഹദ് മുഹമ്മദ് കുത്തി മൗജൂദ്‌ ? ഹിന്ദി..ബൂലാത്ത് മുഹമ്മദ് കുത്തി..

ഒന്നുരണ്ട് നിമിഷത്തിന് ശേഷമാണ് അയാൾ എന്റെ പേരാണല്ലോ വിളിക്കുന്നതെന്ന് മനസ്സിലായത്. ഞാൻ ആശങ്കയോടെ അടുത്തു ചെന്നപ്പോൾ അയാൾ ചിരിച്ചു കൈനീട്ടി.

അന സദീക്ക് മൽ സുലൈമാൻ.. താൽ..

വരൂ.. ഞാൻ സുലൈമാന്റെ സുഹൃത്താണ്.. എന്നു പറഞ്ഞുകൊണ്ട് അയാൾ എന്നെ അകത്തേക്ക് ആനയിച്ചു. അനേകം ഇടനാഴികൾ പിന്നിട്ട് ഞങ്ങൾ വിശാലമായ ഒരു ഹാളിലെത്തി. ഡ്യൂട്ടിക്ക് പോകാൻ തയ്യാറായി നിൽക്കുന്ന പോലീസുകാരുടെ വിശ്രമമുറിയിലാണ് അയാൾ എന്നെ കൊണ്ടിരുത്തിയത്. അയാൾ ചിലർക്കെല്ലാം എന്നെ പരിചയപ്പെടുത്തി. ചിലർ സൗഹൃദത്തോടെ ചിരിച്ചു. ചിലർ നിർവ്വികാരതയോടെ തലയാട്ടി. മറ്റു ചിലർ ഗമയോടെ തലതിരിച്ചു. ഞാൻ വീണ്ടും സ്വപ്നാടനത്തിലായിരുന്നു. അന്യർക്ക് തീരെ പ്രവേശനമില്ലാത്ത ഒരിടത്ത് അനർഹമായി എത്തിപ്പെടേണ്ടി വന്നതിന്റെ ജാള്യതയിലാണ് ഞാൻ ഇരിക്കുന്നത്.

സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം അയാൾ എന്നെ സമാധാനിപ്പിച്ചു.

മുഹമ്മദ്.. എന്റെ സുഹൃത്താണ് ഇന്ന് നിന്റെ ടെസ്റ്റ് നടത്തുന്നത്.. നീ നന്നായി ഡ്രൈവിംഗ് ചെയ്യുമെന്ന് സുലൈമാൻ പറഞ്ഞു.എങ്കിൽ പേടിക്കേണ്ട.. ചെറിയ തെറ്റുകൾക്കൊന്നും നിന്നെ തോൽപ്പിക്കില്ല.

ഞാൻ നന്ദി പറഞ്ഞു.

അപരിചിതരും വിവിധ തരക്കാരുമായ നിരവധി പോലീസുകാർക്കിടയിൽ ഏറെ നേരത്തെയുള്ള ആ കാത്തിരിപ്പ് വരാനിരിക്കുന്ന ടെസ്റ്റിൽ വിജയിക്കുന്നതിനുള്ള എന്റെ ആദ്യ പരിശീലനം കൂടിയായിരുന്നു. ടെസ്റ്റ് നടത്തുന്ന പോലീസുകാരുടെ കർക്കശമായ പരീക്ഷകൾക്ക് മുമ്പിൽ മനസ്സാന്നിധ്യത്തോടെ പിടിച്ചു നിൽക്കാൻ മനസ്സിനെ പഠിപ്പിക്കാൻ ഒരു നിമിത്തമായിത്തീർന്നു, ആ സംഭവം.

ഒടുവിൽ എന്റെ ഊഴം വന്നെത്തി. ടെസ്റ്റ് നടത്തുന്ന ഇൻസ്പെക്ടർ വന്ന് കാറിൽ കയറി. എന്നോട് വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ എത്ര ശ്രമിച്ചിട്ടും കാർ സ്റ്റാർട്ട് ആകുന്നില്ല. ബലൂചി മാസ്റ്റർ ബോണറ്റ് പലകുറി തുറന്നടച്ചു. എന്നിട്ടും സ്റ്റാർട്ട് ചെയ്യാനാവാതെ തന്റെ വണ്ടിക്ക് ഇത്രയും കാലം കാണാത്ത ഒരു കുഴപ്പം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നറിയാതെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് വിയർത്തു. അപ്പോൾ ഒരു അവസാന ശ്രമമെന്ന നിലയിൽ ഞാൻ ബോണറ്റ് തുറന്നു നാട്ടിലെ ടാക്സി ഓട്ടത്തിനിടയിൽ ചെയ്യുന്നതുപോലെ കോയിൽ വയറും ഫ്ളഗ്‌ വയറുകളും ഒക്കെ ഊരി ഒന്നു പൊടിതട്ടി ഇട്ടു. അപ്പോൾ വണ്ടി ഒന്നു മുരണ്ട ശേഷം സ്റ്റാർട്ട് ആയി. എന്നെ വിജയത്തിലേക്ക് എത്തിക്കാനുള്ള വിധിയുടെ രണ്ടാമത്തെ നിമിത്തവും കഴിഞ്ഞു.

തൊട്ടുപിറകെ മൂന്നാം നിമിത്തത്തിനും സാക്ഷിയായി. എനിക്ക് സുപരിചിതമായ റൂവി റോഡിലൂടെ സാമാന്യവേഗത്തിൽ പോകുമ്പോൾ ഞങ്ങളെ ഓവർടേക്ക് ചെയ്ത ഒരു ടാക്സി പെട്ടെന്ന് മുന്നിലേക്ക് വെട്ടിച്ചു കയറി. പിന്നെ കൈകാണിച്ച ആരെയോ കയറ്റാനായി തൊട്ടുമുന്നിൽ ബ്രൈക്കിട്ട് വെട്ടിത്തിരിച്ചു നിർത്തി.

ലാ ഹൗല...

ഒരാന്തലോടെ ഇൻസ്പെക്ടരും ബലൂചി മാസ്റ്ററും ഒരേ സമയം ഒച്ചയിട്ടു. ഇൻസ്പെക്ടർ സ്റ്റിയറിംഗ് വീലിൽ പിടിച്ചു.എന്നാൽ ഒട്ടും പതറാതെ അതിനു മുമ്പ് തന്നെ പിറകിൽ വണ്ടിയൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ഇടത്തെ ട്രാക്കിൽ കയറി.

ടെസ്റ്റെല്ലാം കഴിഞ്ഞ് ഇൻസ്പെക്ടർ ഇറങ്ങിപ്പോയപ്പോൾ ഞാൻ ബലൂചി മാസ്റ്ററോട് ചോദിച്ചു,:

ജനാബ്..എനിക്ക് ലൈസൻസ് കിട്ടുമോ..?
അല്ലാഹു ആലം.. അയാൾ ആകാശത്തേക്ക് കെ ഉയർത്തി. നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയികളുടെ കൂട്ടത്തിൽ നാലോ അഞ്ചോ പേരുകൾ വിളിച്ചു കഴിഞ്ഞപ്പോൾ ഈ ലോകത്തിൽ ആ ദിവസത്തെ ഏറ്റവും ഭാഗ്യവാനായ ആളേയും വിളിക്കപ്പെട്ടു.

ബൂലത്ത് മുഹമ്മദ് കുത്തി..

മസ്ക്കറ്റിലെ ഗല്ലികളിൽ പുല്ലെല്ലാം വിറ്റുതീർന്നു ഉച്ചയോടെ നവാസ് തിരിച്ചെത്തി. ഞാൻ ഒന്നും സംഭവിക്കാത്തതുപോലെ വണ്ടിയിൽ കയറിയിരുന്നു. സംശയവും സഹതാപവും ഇടകലർന്ന ഒരു ചിരിയോടെ നവാസ് ചോദിച്ചു:

ആ മുഹമ്മദ് ..ക്യാ ഹോഗയാ..,? മിലാ..? എന്തായി..?കിട്ടിയോ? എന്ന്..

ആ ചുണ്ടിലെ ഗൂഢമായ പരിഹാസം തിരിച്ചറിഞ്ഞിട്ടും തികച്ചും നിർവ്വികാരതയോടെ ഞാൻ പറഞ്ഞു:

മിലാ ബായ്..(കിട്ടി)

ദിക്കാവോ..(കാണിക്കൂ) എന്ന് ഒരു പരിഹാസത്തോടെ അയാൾ ആവശ്യപ്പെട്ടു. ഞാൻ ഭാവഭേദമൊന്നും ഇല്ലാതെ പോക്കറ്റിൽ നിന്നും അപ്പോഴും ചൂടാറാത്ത ഒരു ഒമാൻ ലൈസൻസ് എടുത്ത് കാണിച്ചു.

അയാൾ അവിശ്വസനീയതയോടെ ലൈസൻസ് വാങ്ങി നോക്കി. അയാളുടെ മുഖം അതിവേഗം വിവർണ്ണമായി. ഒടുവിൽ സന്തോഷത്തോടെ എന്റെ ചുമലിൽ തട്ടി അഭിനന്ദിച്ചു: ആപ്പ് കൊ ലോട്ടറി മിൽഗയാ ഭായ്..

ഞാൻ ചിരിച്ചു കാണിച്ചു.

മബ്റൂക്ക്‌ യാ മുഹമ്മദ്... മബ്റൂക്ക്‌..

ഉച്ചയുറക്കത്തിൽ നിന്നും എഴുന്നേറ്റു വന്ന അർബാബ് മുഹമ്മദാലിയും മക്കളുമെല്ലാം എന്നെ കെട്ടിപ്പിടിച്ചുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. തനിക്ക് ഹലുവ കൊണ്ടുവന്നില്ലെ എന്ന അർബാബിൻ്റെ ചോദ്യത്തിന് എനിക്ക് അർബാബ് ആണ് ഹലുവ വാങ്ങിത്തരേണ്ടതെന്ന മറുപടി അർബാബ് മുഹമ്മദാലിയെ രസിപ്പിച്ചു. ആ ഉച്ചവെയിലിൽ തന്നെ തന്റെ നഫറിന് ആദ്യത്തെ ടെസ്റ്റിന് ലൈസൻസ് കിട്ടിയ സന്തോഷവാർത്ത അറിയിക്കാനായി അളിയൻ മുബാറക്കിന്റെ വീട്ടിലേക്ക് പിക്കപ്പെടുത്ത് പൊടിപറപ്പിക്കുകയും ചെയ്തു. (തുടരും)

Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

6 comments :

  1. അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
    2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
    ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

    ReplyDelete
  2. ഇനി സജീവമാകുമെന്നു പ്രതീക്ഷിക്കുന്നു

    ReplyDelete
  3. നമ്മുടെ നാട്ടിലാണെങ്കിൽ എന്തെളുപ്പത്തിൽ കഴിയുന്ന ഒന്നാണ് ഈ ഡ്രൈവിംഗ് ടെസ്റ്റ് അല്ലേ... :-)

    ReplyDelete
  4. പണ്ടൊക്കെ നമ്മുടെ നാട്ടിൽ പേരിന് ഓടിച്ചുകാണിച്ചുകൊടുത്താൽ മതിയായിരുന്നു

    ReplyDelete
  5. ഇക്കാ എനിക്കറിയില്ലായിരുന്നു.ഇവിടെ ഇങ്ങനെ ഒരു കഥ നടക്കുന്ന കാര്യം.
    തങ്കപ്പൻ ചേട്ടനും ഇക്കയും ഒക്കെ നിർത്തി എന്നാ ഞാൻ വിചാരിച്ചത്.
    പിന്നേയ് സത്യത്തിൽ സുലൈമാൻ അർബാബിന്റെ ഒരു കൈ ആ ലൈസൻസിൽ ഉണ്ടോ??☺️

    ReplyDelete
  6. ആദ്യ ടെസ്റ്റിന് തന്നെ ലൈസൻസ് കിട്ടിയല്ലോ സന്തോഷം
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete


Powered by Blogger.