ഇപ്പോള്‍ മാവിനും പ്ലാവിനും മേലെ
മുകിലിന്റെ ആകാശ മുഖം.
പനിച്ചു മൂടിപ്പുതച്ചുറങ്ങുന്ന
ഉച്ചസൂര്യന് .
ഓര്‍മ്മകളില്‍ മാത്രമാണിപ്പോഴും
ഒമാനിലെ പൊള്ളുന്ന പകല്‍
പുലര്മയക്കത്തില് പോലുമത്
പടിക്കു പുറത്ത്.
പ്രഭാതത്തിന്റെ ഈ നിശ്ശബ്ദതയിലേക്കാണ്
ഇനിയുള്ള മുളം കിളിപ്പാട്ടെന്നു മനസ്സ്
തെങ്ങോലകളുടെ മര്‍മ്മരങ്ങള്‍ക്കൊപ്പം
തച്ചുകുന്നിറങ്ങി വരാന്‍ കഴിയില്ലെന്ന്
വായാടിക്കാറ്റ്.
മരം കയറി മടുത്ത
അണ്ണാറക്കണ്ണന്റെ മടിശ്ശീലയില്‍
ചില്ലറയൊന്നുമല്ല കിലുക്കം.
പത്രത്താളില്‍ നിന്ന്
പുറത്തു വന്നപ്പോഴേക്കും
പകലിനു പവന്റെ പ്രായം.
മീന്‍ വണ്ടിക്കു വഴിമാറിക്കൊടുത്തു
വശം കേട്ട് പോയ ഭിക്ഷക്കാരന്റെ പ്രാക്കിനും
ഐസുകാരന് കുഴലൂതിപ്പോയ
ഇടവഴിയിലേക്കു നോക്കി
കാറിക്കരയുന്ന അയല്‍വീട്ടിലെ കുട്ടിക്കും
തോരക്കുന്നത്തെ കോറിയില്‍ നിന്ന്
തോട്ട പൊട്ടിയ കുലുക്കത്തിനും
ഇടയില്‍ ഉരുകിത്തീരുന്ന ഉച്ച.
ഇനി ഈ ലോകത്തിലെ
ഒരാളായി മാറണമെങ്കില്‍
ഒരായുസ്സെങ്കിലും
മുന്നോട്ടു തന്നെ നടക്കണം.
പക്ഷെ പിന് വിളികളാല്‍
വീണ്ടും ഓര്‍മ്മകള്‍ .
2 Comments
nannayittundu .....
ReplyDeleteചിത്രങ്ങൾ കോറിയിടുന്നുണ്ട് താങ്കളുടെ കവിതകൾ മനസ്സിൽ!
ReplyDeleteനിങ്ങളുടെ അഭിപ്രായം എന്തായാലും..