പോക്കുവെയിൽ പടിഞ്ഞാറ് ചായാൻ വെമ്പി. പാതി തുറന്ന ഗെയ്റ്റ് കുഞ്ഞിമൊയ്തീനെ കണ്ടപ്പോൾ പതിവുപോലെ ചിരിച്ചു. നിഴലും വെളിച്ചവും വേർപിരിയാനാവാതെ ഒരു നിശ്ചലചിത്രം പോലെ കിടക്കുന്ന മുറ്റത്തേക്ക് കണ്ണയച്ചുകൊണ്ടിരുന്ന ആമിനാത്ത പരിഭവത്തോടെ ചോദിച്ചു:
“ഇജ്ജിതുവരെ എവിടേരുന്നു?”
“എന്തേ? എന്നെക്കാണാതെ നിങ്ങക്കിന്ന് കഞ്ഞീം ചോറും എറങ്ങീലേ?”
“പള്ള പയ്ച്ചാപ്പിന്നെ ഞാനിങ്ങനെ അന്നെക്കാത്തിരിക്ക്യോടാ?”
മുറുക്കാൻകറ പിടിച്ചെങ്കിലും അവരുടെ ചിരിയിൽ സൂര്യോദയത്തിലെ ചുവപ്പും തിളക്കവും മുറ്റി.
“ഞാനൊരു പഴയ ചങ്ങാതീനെ കാണാൻ പോയതാന്നു...” കുഞ്ഞിമൊയ്തീൻ ചിരിച്ചു.
“ഞാനറ്യാത്ത ഏതു ചെങ്ങായ്യ്യാടാ അനക്ക്ള്ളത്?”
“അതുപറഞ്ഞാ നിങ്ങള് ഞെട്ടും… ഞാൻ പോയത് നിങ്ങടെ പഴയൊരു ലോഗ്യക്കാരനെ കാണാനാ...
“എന്നാപ്പിന്നെ മൂപ്പരെ അനക്കിങ്ങട്ട് കൂട്ടിക്കൊണ്ടരാർന്നിലേ? ഈ വയസ്സുകാലത്ത് ഇന്നെ നോക്കാൻ ഒരാളായലോ…”
“ഉം. ആ പൂതി നിങ്ങള് മനസ്സില് വെച്ചാൽ മതി.”
തലയിൽനിന്നും ഊർന്നിറങ്ങിയ വെള്ളത്തട്ടം കൊണ്ട് ചിറിതുടച്ച് പഴയപടി തട്ടം തലയിൽ വലിച്ചിട്ട് മറ്റൊരു ചിരിയുടെ അവശതയോടെ ആമിനാത്ത സെറ്റിയിൽ ചാഞ്ഞു. തട്ടത്തിനടിയിലൂടെ നെറ്റിയിലേക്ക് വീണ നരച്ച മുടിയിഴകൾ കുഞ്ഞിമൊയ്തീന്റെ മുഖത്തെ അവ്യക്തമാക്കിയതോടെ അവരിൽ ആകാംക്ഷ മുളപൊട്ടി:
“പറയ്ടാ ആരെ കാണാനാ ജ്ജ് പോയത്?”
“അല്ലാ, അതിന് നിങ്ങളെന്തിനാന്നു ഇങ്ങനെ പുളകിതഗാത്രിയാകുന്നത്?”
“ആ കാര്യം പറേണ്ട.. ഉച്ചക്ക് ഞാനൊന്ന് കെടന്നെണീറ്റപ്പണ്ട് വലത്തേ കൈപ്പലായക്ക് ഒര് കടച്ചല്. ഇപ്പൊ കയ്യ് പൊന്തിക്കാനും താത്താനും പറ്റ്ണില്യ..”
“എന്നിട്ട് ഗുളിക കഴിച്ചിലേ?”
“ഗുളികൊന്നും കയ്ച്ചിലാ. ആയിഷ കൊറച്ച് തൈലൊക്കെ തേപ്പിച്ചന്നിട്ട് വെളളം ചൂടാക്കി പിടിപ്പിച്ചപ്പൊ ലേശം സമാധാനംണ്ട്. ജ്ജ്, കാണാൻ പോയോന്റെ കിസ്സ പറയ്. അപ്പളേക്കും ഓള് ചായണ്ടാക്കി വരും.”
“പോയത് ആരെ കാണാനാന്ന് പറഞ്ഞാല് നിങ്ങള് ഞെട്ടും.”
കുഞ്ഞിമൊയ്തീൻ ഒന്നു ഞെട്ടിക്കാണിക്കുകയും ചെയ്തു.
“നിങ്ങൾക്ക് ഒരു മൊയ്തുട്ടിയെ ഓർമ്മയുണ്ടോന്ന്?”
“ഏതു മൊയ്തുട്ടി?”
“അതു ശരി. അപ്പങ്ങക്ക് എത്ര മൊയ്തുട്ടിയെ അറിയാം? ഇതൊരു പഴേ സാധനാണ്… അമ്പത്തഞ്ച് അറുപത് മോഡല്.”
“ജ്ജൊന്നു തെളിച്ച് പറയ്ടാ”
“ഒരു പഴേ ഡ്രൈവറ് കുട്ടി...”
“പഴേ ഒരു ഡൈവറ് കുട്ട്യോ?” ആമിനാത്ത കുറച്ചുനേരം ആലോചിച്ച ശേഷം കൈമലർത്തി:
“ആവോ, ഇക്കൊരു കുട്ടീനിം മുട്ടീനിം ഓർമ്മവരണില്ല്യ.. എവ്ട്ത്തേരനാടാ?”
“നിങ്ങള് ആലോചിച്ചു നോക്കീന്ന്. നല്ലകാലത്ത് ഇങ്ങളും പുത്യാപ്ളേം താമസിച്ച പടിഞ്ഞാക്കര എസ്റ്റേറ്റിലെ പാടീലൊക്കെ വണ്ടിയുമായി വന്നിരുന്നോനാ.. പിന്നെ അവൻ ദുബായിക്ക് പോയീ.”
“ജ്ജ് പുരാണം പറയാൻ നിക്ക്വാ?” ആമിനാത്തയുടെ തിമിരക്കണ്ണുകൾ ഏതോ ഭൂതകാലത്തിൽ അലഞ്ഞ് നിരാശയോടെ മടങ്ങി.
“ഞാൻ മലങ്ങ്യേലോ റബ്ബേ. നിയ്യ്ങ്ങനെ വളച്ചുകെട്ടാതെ ആരാന്ന് പറയ്ടാ?”
“ശരിക്കൊന്ന് ഓർത്തോക്കീന്ന്. വേണങ്കി ഞാൻ രണ്ടുമൂന്നു ക്ലൂ തരാം."
“അന്റൊരു കുളു... തേങ്ങടെ മൂട്…”
“ഇങ്ങള് കേൾക്കുന്നുണ്ടോ?’
ഒരു ചിരിയോടെ കഴുത്തൽപ്പം മുന്നോട്ടു വളച്ച് കുഞ്ഞിമൊയ്തീൻ ഒച്ചയൽപ്പം കുറച്ചു:
“ഓനേയ് പണ്ട് നിങ്ങൾടെ ആയിഷാടെ പിന്നാലെ കൊറേ നടന്നിരിക്ക്ണ്. അവളെയ്, അവന് മുട്ടായി കൊറേ കൊടുത്തിരിക്ക്ണ്. ഒടുവില്...”
കുഞ്ഞിമൊയ്തീൻ മറ്റെന്തോ ഓർത്തുകൊണ്ട് പറഞ്ഞു:
“കോയക്കയവനെ കൊറേ പേടിപ്പിച്ചിരിക്ക്ണ്… എന്താ? ഇപ്പൊങ്ങക്ക് ആളെ പുടി കിട്ടിയോ?”
കുഞ്ഞിമൊയ്തീന്റെ ആ ക്ലൂ, വെളിച്ചത്തിന്റെ പൊട്ടുകളോ തിളക്കങ്ങളോ ഒക്കെയായി ആമിനാത്തയുടെ കണ്ണുകളിൽ മിന്നിമറഞ്ഞു. വെറ്റിലക്കറ പിടിച്ച പല്ലുകൾ പുറത്തുകാണുന്ന വിധത്തിൽ അവജ്ഞയോടെ ചിറികോട്ടി അവരുടെ മനസ്സ് പുറത്തേക്ക് തികട്ടി:
“ആ നായി നസറാണ്യോ! നിയ്യ് എന്തൊക്കേടാ പറേണത്? ആ ദജ്ജാലിനെ കാണാൻ ജ്ജ് പോയീന്നോ? അനക്ക് നാണല്ല്യേടാ?
കള്ളസൂബറ്.”
“ഇങ്ങനൊന്നും പറയാൻ പാടില്ലാന്നു… ഒന്നുംല്ല്യങ്കിലും എന്റെ നല്ലൊരു ചങ്ങാത്യായിരുന്നിലേ... നിങ്ങൾക്ക് കുരുത്തക്കേട് പറ്റും.”
“ആ വലാല് ചെങ്ങായ്യ്യാന്ന് പറ്യാൻ അനക്ക് നാണല്ല്യേ? ഇത്തരകാലായിട്ടും അന്നെ ഒന്നു തിരിഞ്ഞുനോക്കാത്ത ഒരുത്തനേണോ ചെങ്ങായ്യാന്ന് വിളിക്ക്ണ്ത്?”
ദേഷ്യവും വാശിയും ആമിനാത്തയുടെ മുഖത്തെ ചുവപ്പിച്ചു. അവരുടെ ശരീരം വിറച്ചു.
“ചത്യേനാ ഓൻ… കുരുത്തം കെട്ടോൻ.”
കുഞ്ഞിമൊയ്തീൻ എന്തോ ഓർത്തുകൊണ്ട് പറഞ്ഞു: “ഒരേയൊരു കാര്യല്ലാതെ മറ്റൊന്നും അവൻ മറന്നിട്ടില്ല.”
ആമിനാത്തയുടെ വൃദ്ധമനസ്സിന് അയാളുടെ വാക്കുകളിൽനിന്നും വേണ്ടപോലെയൊന്നും ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
“എന്നിട്ട് അങ്ങനത്തോനെ ഇപ്പളെന്താ അനക്ക് കാണാൻ തോന്നീത്?”
“ഒന്ന്വല്ല.. വെറുതെയിരുന്നപ്പോ തോന്ന്യേ ഒരു പൂതി.”
“ന്നിട്ട്ന്താത്തരെ ആ ദജ്ജാലിന്റെ ഇപ്പള്ത്തെ ഹാല്?”
“നിങ്ങടെ വായീന്ന് വരണ ഇങ്ങനത്തെ ഓരോ പേരുകള്! നിർത്തിക്കോളിൻട്ടോ…” കുഞ്ഞിമൊയ്തീൻ തെല്ല് ഒച്ച കൂട്ടി:
“ഇനി പറഞ്ഞാല്, ഞാനിങ്ങളെ പണ്ടാരത്തള്ളേ പണ്ടാരത്തള്ളേന്ന് വിളിക്കും. അല്ലെങ്കിലും കാലുമ്മേ കാലും കേറ്റിവെച്ചു സുഖിക്കണ ഒരു മുത്തിത്തള്ളേണല്ലോ, ഇപ്പ നിങ്ങള്..”
“അൽഹംദുലില്ലാഹ്… അസ്തഅഫിറുള്ളാ...”
ദുഃഖവും ദുരിതവും വിളയുന്ന ദുനിയാവിൽ ആവോളം വസിച്ചതിന്റെ വ്യാകുലതകളോടെ ആമിനാത്ത അനന്തതയിലേക്ക് നോക്കി അല്ലാഹുവിനെ സ്തുതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്തു. അനന്തരം അവർ ഒരു നീളൻ നെടുവീർപ്പിട്ടു. അപ്പോഴും ചോദിക്കാൻ മറന്നില്ല:
“ആ നായി വല്യ നെലേലൊക്കെ ആയിട്ടുണ്ടാവും ല്ലേ?”
“പിന്നിം ഇങ്ങടെ നായീം നസറാണീം… അവന് അത്ര വലിയ നിലയൊന്നും കാണുന്നില്ല. ഒരു പക്ഷേ അതോണ്ടായിരിക്കും പഴയ ബന്ധം പുതുക്കാൻ നമ്മുടെയൊക്കെ പടി കടന്നു വരാഞ്ഞത്…”
“അള്ളാഹുവേ.. എത്തര കാലത്തിന് ശേഷാ നീ ആ അങ്ങാടീം ആളോളേം ഒക്കെ കണ്ണില് കാണുമ്പോലെ തോന്നിപ്പിച്ചു തരണത്…”
മരങ്ങൾക്കിടയിലൂടെ വെയിൽ മങ്ങുന്ന പകൽ കണ്ടതിന്റെ, നിറങ്ങളൊന്നും തെളിഞ്ഞില്ലെങ്കിലും നിർമ്മലമായ ഭൂതകാലം ഓർത്തതിന്റെ ഉൾക്കുളിരാൽ അവർ ചിരിച്ചു. മനസ്സിലൊരു വർണ്ണചിത്രവും വരച്ചു:
“അതൊക്കെ കയിഞ്ഞിട്ട് കാലെത്രായീണ്ടാവും? ഇന്ന് ആരൊക്കെ ഹയാത്തിലുണ്ടാവും? ആരൊക്കെ മൗത്തായിപ്പോയീണ്ടാവുന്ന് ആർക്കറ്യാ?”
എന്നാൽ വർത്തമാന കാലത്തിലൂടെ മന്ദമന്ദം നടന്ന് കുഞ്ഞിമൊയ്തീൻ ആ ചിത്രത്തിൽ ചില കാൽപ്പാടുകൾ വീഴ്ത്തി.
“നിങ്ങളെ എല്ലാവരെയും കാണണമെന്നൊക്കെ അവന്റെ മനസ്സിലുണ്ടായിരിക്കണം...”
“റബ്ബേ…”
ഒരു ദീർഘനിശ്വാസത്തോടെ, ഏതോ സ്വപ്നലോകത്തിൽനിന്ന് ഞെട്ടിയുണർന്നപോലെ അവർ ഏതാനും സമയം കുഞ്ഞിമൊയ്തീന്റെ മുഖത്തേക്കു തന്നെ നോക്കി: “എല്ലാരീന്ന് പറഞ്ഞാല്? ന്നീം ആയിഷാനേം കാണാനോ?”
കുഞ്ഞിമൊയ്തീൻ ഒന്നും മിണ്ടാതെയിരിക്കുന്നത് കണ്ടപ്പോൾ ആമിനാത്ത പറഞ്ഞു:
“അനക്ക് ചായ കിട്ടീലല്ലേ? അതോണ്ട്ള്ള ഒര് ഇര്പ്പാണ്ത്. കുട്ട്യോളേ എവടേ എല്ലാരും?”
“എന്റെ പേരും പറഞ്ഞ് നിങ്ങക്ക് മോന്താലോല്ലേ? ചായയൊക്കെ അവര് കൊണ്ടന്നോളും. നിങ്ങളാരേം വിളിച്ചു ബുദ്ധിമുട്ടണ്ട.”
“നിയ്യെന്താ ഒന്നും പറയാത്തത്? ഓനെന്തൊക്ക്യാ പറഞ്ഞത്?”
“ഓനിപ്പോഴും പണ്ടത്തെ ആ പിരാന്തുണ്ടാവും…” കുഞ്ഞിമൊയ്തീൻ ഒച്ച വീണ്ടും താഴ്ത്തി.
“അവൻ ചോദിച്ചതൊക്കെ ആയിഷാനെക്കുറിച്ചാ! അതു കേട്ടാ മനസ്സിലിപ്പോഴും ആയിഷയുള്ളതു പോലെ തോന്നും.”
ആമിനാത്ത ചെറിയൊരു അമ്പരപ്പോടെ മൂക്കത്ത് വിരൽ വെച്ചു. പിന്നെ അവജ്ഞയോടെ പുറത്തേക്ക് നോക്കി ഫൂ.. എന്ന് തുപ്പിക്കാണിച്ചു:
“ഓന്റൊരു ആയിഷ…”
ആമിനാത്തയുടെ പ്രതികരണത്തെ അവഗണിച്ച് ആത്മസങ്കടത്തോടെ കുഞ്ഞിമൊയ്തീൻ പറഞ്ഞു: “ആയിഷ തിന്ന തീയുടെ കടുപ്പാണ് എനിക്കപ്പൊ ഓർമ്മ വന്നത്. അതോണ്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. അതെല്ലാം കേട്ടപ്പോ ഓന് ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിക്കാണും...” അയാൾക്ക് വാക്കുകൾ മുട്ടി.
ഒരു മുറം ചിരിയോടെ, അത്രയും സംതൃപ്തിയോടെ ആമിനാത്ത പറഞ്ഞു:
“ഇപ്പക്കേയ് നല്ല സംശയൂം ണ്ട്... ശരിക്ക്ള്ള പിരാന്ത് ഓനോ, അനക്കോന്ന്! അല്ല പിന്നെ.. ഓനോട് എത്ര പറഞ്ഞാലും അധികാവില്ലടാ....”
കുഞ്ഞിമൊയ്തീന്റെ ശബ്ദമിടറി:
“അവൻ, ഒരു മനസ്സുറപ്പും ഇല്ലാത്ത കൂട്ടത്തിലാ...”
“ഇക്ക് വയ്യന്റെ റബ്ബേ… ഇപ്പളും ആ ദജ്ജാലിന്റെ മനസ്സിന് ഉറപ്പില്യാന്നോ? അപ്പൊ ന്റെ ആയിഷയോട് ഓൻ ചെയ്ത ചതിയോ? മനസ്സിനൊറപ്പ്ല്യാത്തോര്ക്ക് അങ്ങനൊരു മഹാപാപം ചെയ്യാൻ പറ്റ്വോ?”
ആമിനാത്തയുടെ മനസ്റ്റ് പുറത്തേക്ക് കലങ്ങിത്തൂവി: “ന്റെ പടച്ചോനേ.. ഇതൊക്കെ കേക്കാനായിട്ടാവും ദണ്ണും കേടും ഒക്കണ്ടായിട്ടും നിയ്യെന്നെ വിളിക്കാതിങ്ങനെ മരംപോലെ നിർത്തീരിക്ക്ണത്? എന്തൊക്ക്യാണ് റബ്ബേ ഇഞ്ഞീ ദുന്യാവില് ജ്ജ് ഇന്റെ കണ്ണില് കാണിപ്പിച്ചു തരാമ്പോണത്?”
കുഞ്ഞിമൊയ്തീന്റെ സ്വഭാവം ശരിക്കും അറിയാവുന്നതിനാൽ അവർ ഒരു സംശയത്തോടെ ചോദിക്കുകയും ചെയ്തു: “അല്ല പഹയാ ഇതൊന്നും അന്റെ തമാശയല്ലലോ? ന്നിട്ട്? നിയ്യ് ബാക്കിങ്കൂടി പറയ്… നേരാച്ചാലും നൊണേച്ചാലും കേക്കാൻ നല്ല രസണ്ട്…”
“ശരിയാ.. ഈ ദുനിയാവിൽ നടക്കുന്നതെല്ലാം ഞമ്മക്ക് ഓരോ തമാശകളാണ്.. പടച്ചോൻ പോലും തമാശയാണെന്ന് കരുതുന്ന ഞമ്മളെപ്പോലുള്ള മന്സമ്മാരടെ ലോകത്ത് തമാശയല്ലാത്തത് വല്ലതും ഉണ്ടാവോ ആവോ?”
“കുട്ട്യോളേ… ഇങ്ങളെല്ലാരും എവടപ്പോയീ? ഒരാളിവടെ വിടല് തൊടങ്ങീട്ട് നേരം കൊറ്യായി. മൂപ്പര്ടെ തൊണ്ട ഒണങ്ങീട്ട്ണ്ടാവും…”
ആമിനാത്ത കുലുങ്ങിച്ചിരിച്ചപ്പോൾ കാതിൽ ഊഞ്ഞാലാടുന്ന സ്വർണ്ണച്ചിറ്റുകൾ കുഞ്ഞിമൊയ്തീനെ പരിഹസിച്ചു.
“ഇതാ എത്തിപ്പോയി..”
ഒരു ചിരി വാതില്ക്കൽ വന്നു വള കിലുക്കി.
ഉപ്പൂപ്പാ..
ഉമ്മച്ചിക്ക് മുമ്പെ ഓടിയെത്തിയ ഒരു കുട്ടി കുഞ്ഞിമൊയ്തീന്റെ പോക്കറ്റിൽനിന്ന് മിഠായിപ്പൊതി കൈക്കലാക്കി.
“വാട കുട്ടാപ്പ്വോ..”
അയാൾ കുട്ടിയെ വാരിയെടുത്ത് മടിയിലിരുത്തി.
“കുട്ടാപ്പുവിന്റെ ടീച്ചറെവിടെ? കണ്ടില്ലല്ലോ?”
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും, ചിരിക്കുന്ന ഒരു മുഖം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. കൈയ്യിലുണ്ടായിരുന്ന പ്ലെയ്റ്റ് ടീപ്പോയിയുടെ മുകളിൽ വെച്ച് സെറ്റിയിലിരുന്നശേഷം അവർ ചോദിച്ചു:
“നാളെ ഉമ്മാനെ ഡോക്ടറെ കാണിക്കണം. ഇക്ബാലിന് ലീവ് കിട്ടില്ല. മൊയ്തീക്കാക്ക് പോരാൻ പറ്റ്വോ?”
“പിന്നെന്താ? നീ സമയം പറഞ്ഞാൽ മതി.”
“എന്നാൽ പത്തുമണിക്ക് പോകാം. മറക്കണ്ട….”
“മിഠായി പിന്നെ തിന്നാടാ. ഉമ്മച്ചി നിനക്ക് ന്യൂഡിൽസ്ണ്ടാക്കി വെച്ചിട്ടുണ്ട്. ആദ്യം അതു കഴിക്കാം.”
ചായയുമായി വന്ന പെൺകൂട്ടി കുട്ടിയെ എടുത്ത് അകത്തേക്കു പോയി.
കുഞ്ഞിമൊയ്തീൻ നോക്കുമ്പോൾ ആയിഷ നാലക്ക നമ്പർ തോണ്ടി ഫോണിനെ ഉണർത്തുകയാണ്. മുഖത്തേക്ക് ചാഞ്ഞുകിടന്ന മുടിയിഴകൾ വകഞ്ഞൊതുക്കി, ഫോൺ ഉള്ളം കൈയ്യിൽ വെച്ച് ചില ഏടുകൾ മറിച്ചുനോക്കി ചിരിക്കുകയാണ്.
“എന്താണൊരു നിഗൂഢസ്മിതം?”
“ഒരു വിശേഷമുണ്ട്…”
കുഞ്ഞിമൊയ്തീൻ കൃത്രിമ ദേഷ്യത്തോടെ കലപ്പത്തപ്പത്തിന്റെ പ്ലെയിറ്റ് നീക്കിവെച്ചു: “എന്നിട്ടും വളാഞ്ചേരിയിലെ വെട്ടുകല്ല് പോലത്തെ ഈ സാധനാണോ കൊണ്ടുവന്നിരിക്ക്ണത്? വേഗം പോയി എറച്ചിം പത്തിരിം കൊണ്ടുവാ…”
“അതിന് സമയമായിട്ടില്ല. ഇത് ഉപ്പൂപ്പാക്ക് വേണ്ടി പേരക്കുട്ടിയുണ്ടാക്കിയ സ്പെഷലാണ്…”
”എന്നാ അത് ആദ്യം പറയണ്ടേ?” കുഞ്ഞിമൊയ്തീൻ കലത്തപ്പത്തിന്റെ ഒരു കഷ്ണമെടുത്ത് ചവച്ച് തലകുലുക്കി അതിന്റെ രുചിയെ വാഴ്ത്തി:
”ഉഗ്രൻ… ഹലുവ പോലും തോല്ക്കും.”
ഒരിറക്ക് ചായ കുടിച്ചശേഷം ആയിഷയുടെ മുഖത്തേക്ക് കണ്ണും കാതും കൂർപ്പിച്ച് അയാൾ വിശേഷം കേൾക്കാൻ തയ്യാറായി.
“എന്നാ ടീച്ചറ് വിശേഷം പറ...”
“ഇന്നു ഫെയ്സ്ബുക്കിൽ വന്ന ഫ്രണ്ട് റിക്ക്വസ്റ്റ് കണ്ട് ചിരിച്ചതാണ്…”
“അയ്യേ….” കുഞ്ഞിമൊയ്തീൻ കളിയാക്കി: ഇതാണോ ഇത്ര വലിയ സംഭവം? നിന്റെയീ റിക്ക്വസ്റ്റുണ്ടലോ? സമീനയും റുബീനയും അയ്യായിരം തെകഞ്ഞലോന്ന് പറഞ്ഞ് നെലോളിക്കാൻ തൊടങ്ങീട്ട് കാലം കൊറച്ചായി.”
തനിക്ക് മനസ്സിലാവാത്ത ഭാഷയിലുള്ള സംസാരം കേട്ടപ്പോൾ ആമിനാത്ത ഞെളിപിരി കൊണ്ടു:
“ഇങ്ങടൊരു ബുക്കും പേപ്പറും… പണ്ടൊക്കെ മൊയ്ല്യേമ്മാര് മുസായബ് കയ്യില് വച്ചിട്ടാ നടന്നിരുന്നത്. ഇന്നാണെങ്കി ഒരു യാസീനോതാനും ഇതുമ്മെ തോണ്ടി മറിക്കണം. ഇതില്ല്യാതെ ഒരു മിനിറ്റിരിക്കാൻ ആർക്കും പറ്റൂലാന്നായില്ലേ? കാലം പോയൊരു പോക്കേയ്…”
“അതിനെന്താ? കാലത്തിനനുസരിച്ച് കോലം മാറണ്ടേ? അതിനൊന്നും കൊയപ്പല്ല്യ… ഓതുണതും കേൾക്ക്ണതും അവനവന് മനസ്സിലാവ്ണം ന്ന് മാത്രം. ഇത് ഫെയ്സ് കിത്താബിന്റെ കാലാന്നു. അതൊന്നും ഇങ്ങടെയീ നരച്ച തലേക്കേറൂല… ഇങ്ങളീ കലത്തപ്പം തിന്നോക്കിൻ. അസ്സലായിട്ടുണ്ട്. അത്ച്ചിട്ട് മുഴുവനും മിണ്ങ്ങണ്ടാ ട്ടോ…”
“ജ്ജ് ന്നേക്കൊണ്ട് പറേപ്പിക്കണ്ട…” ആമിനാത്ത മുറുക്കാൻ കറയുള്ള മുൻനിര പല്ലുകൾ കാട്ടി ചിരിയെ ഒന്നുകൂടി മനോഹരമാക്കി.
“ടീച്ചറ് കാര്യം പറ…”
“ഇത് വേറെ കഥ.. ആരാ റിക്വസ്റ്റ് അയച്ചതെന്ന് ചോദിക്ക്…”
“ആരാ? ഇന്ത്യൻ പ്രധാനമന്ത്രിയോ? അതോ കേരള മുഖ്യമന്ത്രിയോ?”
“ഞാനൊരു ക്ലൂ തരാം” ആയിഷ വീണ്ടും മൊബൈലിൽ തോണ്ടി.
“ഇത് ഞമ്മടെ പണ്ടത്തെ ആ കുളു വല്ലതും ആണോടാ?” മുറുമുറുക്കുന്ന പല്ലുകളുടെ വിടവിൽ ഗൂഢമായ ചിരി മറച്ചുപിടിച്ച് ആമിനാത്ത കുഞ്ഞിമൊയ്തീനെ തോണ്ടി. അതു ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു:
”നിന്റെ കുളു കേൾക്കട്ടെ…?”
“ഇത് പടിഞ്ഞാക്കരേന്നുള്ള ഒരു ഫ്രണ്ട് റിക്വസ്റ്റാണ്…”
“പടിഞ്ഞാക്കരേന്നോ? പടിഞ്ഞാക്കരേല് നിന്റെ മുഖത്തേക്ക് നോക്കിയിരിക്കാൻ വേണ്ടി ഒരു ഖബറിന്റെ തലയ്ക്കലും നമ്മളാരും മൈലാഞ്ചി നട്ടുവളർത്തിയിട്ടില്ലല്ലോ?”
“ഒരു ക്ലൂ കൂടി തരാം. നിങ്ങളുടെ പഴയൊരു കൂട്ടുകാരനാണ്…”
മരിച്ചുപോയ മനസ്സുകൊണ്ട് കുറച്ചുനേരം ആലോചിച്ചപ്പോഴേക്കും ചുളിവുകൾ വീണ കുഞ്ഞിമൊയ്തീന്റെ ഓർമ്മകളിൽനിന്നും ജരാനരകൾ മാഞ്ഞുപോയി. ഒരു പേടിയോടെ അയാൾ പറഞ്ഞു: ”ഞാൻ തോറ്റു. നീ തന്നെ പറ?”
“ഡ്രൈവർ മൊയ്തുട്ടി...”
“മൊയ്തുട്ട്യോ…!?”
ആമിനാത്ത ഒടുക്കത്തെ പരവേശത്തോടെ കുഞ്ഞിമൊയ്തീനെ നോക്കി. പുരാതനമായ ഓർമ്മകൾ നീറിപ്പിടുത്തത്തിന്റെ മുള്ളുകളും നഖങ്ങളുമായി ഓരോ അണുവിലും ത്രസിക്കേ ഒരു ഭൂതാവേശത്തോടെ അവർ പറഞ്ഞു:
“ദജ്ജാലുകള് പല കോലത്തിലും എറങ്ങി വര്ണ ഹലാക്കിന്റെ കാലാണിത്. മലക്കുകൾക്ക് കിത്താബിലെഴുതാൻ വേണ്ടി മനസ്സിലാരും അവറ്റകളെ കേറ്റിയിരുത്താൻ നോക്കണ്ട… ഖബറില് കെടന്ന് അനുഭവിക്കേണ്ടതൊന്നും ഈ ദുനിയാവോണ്ട് തീരില്ല...”
കുഞ്ഞിമൊയ്തീൻ ഒരു നിസ്സംഗതയോടെ ചോദിച്ചു:
“എന്നിട്ട് ടീച്ചറ് സമ്മതിച്ചോ?”
“റിക്വസ്റ്റ് ആക്സ്പറ്റ് ചെയ്തപ്പോൾ കടുകട്ടിയിലൊരു മെസ്സേജും വന്നു…”
“ഉം….?” കുഞ്ഞിമൊയ്തീന്റെ കണ്ണും കാതുകളും ആയിഷയുടെ മുഖത്തേക്ക് നീണ്ടു.
ആയിഷ വീണ്ടും ഫോണിനെ തോണ്ടിയുണർത്തി ഉള്ളം കൈയ്യിൽ വെച്ച് മനസ്സിൽ ചില ഏടുകൾ മറിച്ചു:
"രണ്ട് കണികകൾ പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളിലേക്ക് അകന്നുപോയാലും അവയെന്നും അദൃശ്യമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്ന്… വല്ലതും മനസ്സിലായോ?"
“ഇത് വട്ടു കേസ്സാണ്. നീ വിട്ടാളെ…”
“കേൾക്കുമ്പോൾ വട്ടെന്ന് തോന്നുമെങ്കിലും ആ വാക്കുകൾക്ക് അനന്തമായ അർത്ഥതലങ്ങളുണ്ട്… ചിന്തിക്കുവാൻ പറഞ്ഞ അല്ലാഹുവിനെപ്പോലെ, മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്താണതിന്റെ പൊരുൾ കിടക്കുന്നത്. ഭൗതികശാസ്ത്രത്തിൽ ഇക്കൊല്ലത്തെ നോബൽ സമ്മാനം നേടിയ കണ്ടെത്തലാണത്… 'നോൺ ലോക്കാലിറ്റി' എന്നൊക്കെ പറയും…”
ആരും തിന്നാതെ കിടന്ന കലത്തപ്പത്തിന്റെ കഷ്ണങ്ങൾ ഒടുവിൽ പഴങ്കബറുകളിലെ വീസാൻ കല്ലുകളായി മാറി. പടിഞ്ഞാക്കരയിലെ മയ്യത്തിൻകരയിലൂടെ തീപ്പയറുകൾ വകഞ്ഞുമാറ്റി ആരെയോ തിരഞ്ഞു നടക്കുന്ന കുഞ്ഞിമൊയ്തീനോട് ആയിഷ ചോദിച്ചു:
“മാഷേ ആ ചങ്ങാതി ഇതെന്തിനുള്ള പുറപ്പാടാണ്…?
കുഞ്ഞിമൊയ്തീൻ മറ്റേതോ കാലത്തിൽപ്പെട്ട് ഒരു മരമായി മാറി.
ആയിഷാ….
നിന്നോട് പറയണമെന്നുണ്ടെനിക്ക്… പക്ഷേ- വേവും ചൂടുമില്ലാത്ത ഒരു ഖബറില്‍ നീയിങ്ങനെ വേരുകള്‍ കൊണ്ട് തൊട്ടതുപോലെ നില്ക്കുമ്പോൾ…
-ഞാനെന്തു പറയാനാണ്?-
.പള്ളിക്കാട്ടിലെ തീപ്പയറുകൾക്കിടയിൽ പരിച്ചുമ്മയെ തേടി നടക്കുന്ന ഒരു വ്രണിതഹൃദയന്റെ ലോംഗ്ഷോട്ട് സീനിലൂടെ മൊയ്തുട്ടി ജീവിതയാത്ര തുടരുകയാണെന്നും എന്നാൽ അതിന്റെ അപ്ഡേറ്റുകളൊന്നും ഇനി ഈ വാളിൽ ഉണ്ടായിരിക്കില്ലെന്നുമുള്ള ഒരു ചെറുകുറിപ്പോടെ മൊയ്തുട്ടിയുടെ കഥയ്ക്ക് പരിസമാപ്തി കുറിച്ചപ്പോഴാണ് ആയിഷ മരിച്ചിട്ടില്ലെന്ന സത്യം എനിക്ക് ബോധ്യമായത്.
“ആയിഷ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കൊടുക്കാൻ പറ്റിയ ഒരു സമ്മാനമെന്നേ ഞാനുദ്ദേശിച്ചുള്ളൂ. എന്തായാലും ഇത് നീ തന്നെ കയ്യിൽ വച്ചാൽ മതി.”
ഒരു പേടിയോടെ അയാൾ പറഞ്ഞു:
“എന്റെ മക്കളും മരുമക്കളും അവരുടെ മക്കളും എന്തിനേറെ, നൂർജ്ജഹാൻ പോലും ഫൈസ്ബുക്ക് നോക്കാറുണ്ടെന്ന് ഇയ്യിടെയാണ് മനസ്സിലായത്. ഈ വയസ്സുകാലത്ത് അവരുടെ മുൻപിൽ ഒരു കുറ്റവാളിയെപ്പോലെ നില്ക്കാൻ എനിക്കാവില്ല. ഇപ്പോഴത്തെ കുട്ടികൾ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ബുദ്ധിയുള്ളവരാണ്.”
“അക്കാര്യത്തിൽ നിയ്യ് ഒട്ടും പേടിക്കേണ്ട. ഇപ്പോൾ നിന്റെ പ്രൊഫൈലിനു താഴെ ഭൂതകാലത്തിന്റെ യാതൊരു അടയാളവുമില്ല. ഇനി നിന്റെ മനസ്സിൽ നിന്നാണ് ആയിഷയെ ഡിലീറ്റ് ചെയ്യേണ്ടത്.”
“അതിന്റെ ആവശ്യമൊന്നും ഇല്ല! കുറച്ച് കല്ലോ മണ്ണോ എടുത്ത് ബാങ്ക് ലോക്കറിൽ കൊണ്ടുപോയി വച്ചുനോക്ക്. ബാങ്കുകാരത് സ്വർണ്ണവും വജ്രവും പോലെ സൂക്ഷിക്കും. ഉള്ളിൽ വെച്ച വസ്തുവിനെക്കാൾ അത് സൂക്ഷിച്ചുവെച്ച ലോക്കറിൽ എല്ലാവർക്കും ഒരു വിശ്വാസമുണ്ടായിരിക്കണം.”
മൊയ്തുട്ടി ഫോൺ ഉള്ളം കൈയിൽവെച്ച് ചില ഏടുകൾ മറിച്ചു. വളരെ ദിവസത്തിനു ശേഷം അയാൾ ചിരിച്ചു. പൂങ്കുലകൾ നിറഞ്ഞ പടിഞ്ഞാക്കരയിലെ പണ്ടത്തെ പൂമരങ്ങളുടെ അതേ ചിരി. ഏതോ ഒരു സ്വപ്നത്തിന്റെ മറുകര ആ ചിരിയുടെ ചക്രവാളത്തിനപ്പുറത്തേക്ക് നീണ്ടുപോയിട്ടുണ്ടെന്ന് എനിക്ക് തോന്നി.
പെട്ടെന്നെനിക്ക് കുഞ്ഞിമൊയ്തീനെ ഓർമ്മവന്നു. മുടവന്നൂരിലെ പള്ളിമിനാരങ്ങളെ സാക്ഷി നിർത്തി അയാൾ ചോദിച്ച ചോദ്യവും.
“ഉം? എന്താ ഇപ്പോൾ നിന്റെയീ ചിരിയുടെ അർത്ഥം?”
മൊയ്തുട്ടി നിർവ്വികാരനായി പറഞ്ഞു:
“പടിഞ്ഞാക്കരയിലെ വായനശാലയിലും ആലിൻ ചോട്ടിലും ഉങ്ങിൻ തണലിലും ഒക്കെയായി ഞാനും കുഞ്ഞിമൊയ്തീനും വർത്തമാനം പറഞ്ഞിരുന്ന സന്ധ്യകളെ ഒരു നൂലിൽ കോർത്താൽ ഈ ഭൂമിയെ ചുറ്റിക്കെട്ടാനുള്ള നീളമുണ്ടായിരിക്കും.”
“അതിന്?”
മൊയ്തുട്ടി ഒരു സഹതാപത്തോടെ എന്നെ നോക്കി.
(OR)
മുഹമ്മദ് ഇക്ബാൽ എന്നൊരു സുഹൃത്ത് എഴുതി: “ഒരു ശരാശരി പ്രവാസിയുടെ സാധാരണമായ ജീവിതപ്രശ്നങ്ങളാണ് ഇതിലെ പ്രതിപാദ്യവിഷയം എന്നതാണ് എന്നെ ആകർഷിച്ചത്. എന്നാൽ മൊയ്തുട്ടിയുടെ ജീവിതം ഇവ്വിധം ഒരു തുറന്ന പുസ്തകമാക്കിയതിൽ നീതിയും ധാർമ്മികതയും ഉണ്ടോയെന്ന് ഒരു വായനനക്കാരനെന്ന നിലയിൽ ചിന്തിക്കുമ്പോൾ പോലും എനിക്ക് സംശയമുണ്ട്. പക്ഷേ ആവിഷ്കാരസ്വാതന്ത്ര്യം ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണെന്ന ബോധം ഉൾക്കൊണ്ട് നിശ്ശബ്ദമായി അംഗീകരിക്കുന്നു.”
“എന്തിനാണ് മൊയ്തുട്ടി ഈ അവസാന കാലത്ത് ആയിഷയെ തിരയുന്നത്. പ്രണയവും പ്രണയഭംഗവും സുഖവും ദുഖവുമെല്ലാം ജീവിതത്തിൽ സ്വാഭാവികമാണെന്ന് സമാധാനിച്ച് അവനവന്റെ ജീവിതം അനുഭവിച്ചു തീർക്കുകയല്ലേ വേണ്ടത്? ആയിഷയെ അവരുടെ പാട്ടിന് വിട്ടൂടെ?" എന്ന് മറ്റൊരാൾ.
മൊയ്തുട്ടിയതിനെല്ലാം ഹൃദയംഗമായി നന്ദി പറഞ്ഞിട്ടുണ്ട്.
ആ എന്ന് അലസമായി പൂർത്തിയാക്കുകയും സഹതാർപമായ ഒരു നോട്ടംകൊണ്ട് എന്നെ അമ്പരപ്പിക്കുകയും ചെയ്തു, അയാൾ. പിന്നെ നരച്ച ആകാശത്തെ നിഷ്പ്രഭമാക്കി, ഉരുകുന്ന പകൽപോലെ ചിരിച്ചു.
പെട്ടെന്നെനിക്ക്
“ഉം? എന്താ ഇപ്പോൾ നിന്റെയീ ചിരിയുടെ അർത്ഥം?”
മുപ്പത്തിരണ്ട്
0 Comments
നിങ്ങളുടെ അഭിപ്രായം എന്തായാലും..