Menu
കവിതകള്‍
Loading...

റിസ ‎: ‏ഒന്നാം ‎ഭാഗം

നന്തമായ ഒരു യാത്രയുടെ തുടക്കമായിരുന്നിട്ടും ജാലകത്തിൽ കരിനീലക്കടൽ തെളിഞ്ഞു തുടങ്ങിയപ്പോൾ മനം കുളിർന്നു. കടലും മലകളും കൈകോർത്ത് നിൽക്കുന്ന ഒമാൻ തീരം ഒരു ഭൂപടം പോലെ മുന്നിൽ തെളിഞ്ഞു. ചുണ്ണാമ്പ് മലകളിൽ അല്പനേരം വട്ടമിട്ട് പറന്ന ശേഷം താഴെ കാലുകുത്താൻ ഒരിടം കിട്ടിയപ്പോൾ ഞാൻ നിലത്തിറങ്ങി.

പുതുമഴക്ക് ശേഷം മുളങ്കൂട്ടങ്ങൾ തളിർത്ത് നിൽക്കുന്ന നാട്ടുകാഴ്ച്ചകൾ മനസ്സിനെ എത്രത്തോളം ത്രസിപ്പിച്ചിരുന്നുവോ അതുപോലെയായിരുന്നു വഴിയിൽ ഉടനീളം കാണപ്പെട്ട വളർത്തുമരങ്ങളും ഈന്തപ്പനത്തോട്ടങ്ങളും ഉള്ളു തണുപ്പിച്ചത്.

രണ്ടു ദിവസത്തിനുശേഷം മുഹമ്മദ് ബിൻ അലി ബിൻ സൗദ് അൽബുഷൈദിയുടെ മസ്രയിലേക്ക് ആനയിക്കപ്പെടുമ്പോഴും ആ കുളിർമ്മയുടെ ഒരു തെല്ലൊക്കെ ഉള്ളിൽ  ബാക്കിയുണ്ടായിരുന്നു.

ആനയിക്കപ്പെടുക എന്ന് ആലങ്കാരികമായ വാക്കല്ല. ചീനച്ചട്ടിയിൽ നിരത്തിയ മസാലപുരട്ടിയ സലാല മത്തികൾ പോലെ രണ്ടു പായകളിൽ ഒട്ടിപ്പിടിച്ചുറങ്ങിയവർ, അർബാക്കന്മാരുടെ നാട്ടുഭാഷയിൽ പറഞ്ഞാൽ ഹിനൂദുകൾ എന്ന അഞ്ചു മലയാളികളിൽ ആല്യേമുട്ടിയും മൊല്ലാക്കയും ഒഴിച്ചുള്ള മൂന്നു പേർ, ഞാനും കുഞ്ഞീതുവും പുളിബാവയും പിന്നെ അർബാബ്  മുഹമ്മദ് ബിൻ അലി ബിൻ സൗദ് അൽബുഷൈദിയും അർബാബിൻ്റെ രണ്ടാമത്തെ മകൻ കലീഫയും മൂന്നാമത്തെ മകൻ അലിയും നാലാമത്തെ മകൻ ഇബ്രാഹീമും അഞ്ചാമത്തെ മകൻ റാഷിദും ആറാമത്തെ മകൾ സംസവും ഏഴാമത്തെ മകൾ ആശയും അടങ്ങിയ സംഘം ഒരു ആരവമായിട്ടാണ് എന്നെ മസ്‍റയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടുപോകുന്നത്. അറബിയിൽ  മസ്റ എന്നാൽ തോട്ടം എന്നാണർത്ഥം. പലപ്പോഴും മസ്‍റയോട് തൊട്ടുതന്നെ അറബി വീടുകളും ഉണ്ടാവും.

ഘോഷയാത്ര കാണാനായി അർബാബിന്റെയും മൂത്തമകൻ സുലൈമാൻ്റെയും ബീവിമാരും, അർബാബിബൻ്റെ അനുജന്മാരായ അബ്ദുല്ലയുടേയും അഹമ്മദിൻ്റേയും ബീവിമാരും കുട്ടികളുമൊക്കെ വീടുകളുടെ മുന്നിലേക്ക് ഇറങ്ങി നിൽക്കുന്നുണ്ട്.

എന്നാൽ എന്നെ ഏറ്റവുമധികം അസ്വസ്ഥനും ജാള്യനും ആക്കിയത് അബ്ദുല്ലയുടെ തോട്ടപ്പണിക്കാരനും എന്നെ ഈ സ്വർഗ്ഗരാജ്യത്തേക്ക് എടുത്തുയർത്തിയ മാന്യദേഹവുമായ നാടൻ സ്പോൺസർ കുഞ്ഞിമോൻ എന്ന പഹയന്റെ നിൽപ്പാണ്. മുങ്കൈസ് എന്ന അരിവാൾത്തലപ്പുകൊണ്ട് പുറം ചൊറിയുന്ന ഭാവേന ഉള്ളിൽ തികട്ടിയ സന്തോഷവും അഭിമാനവും കൊണ്ടുള്ള ചെറുചിരിയും തൽഫലമായി അൽപ്പം ചുരുങ്ങിയ വെള്ളാരം കണ്ണുകളുമായി തല ഉയർത്തിപ്പിടിച്ച്‌ അയാൾ ഈ കാഴ്ച്ച ആസ്വദിക്കുകയാണ്. ഒരു ഈന്തപ്പനയുടെ നിഴലിൽ ഒളിച്ചാണ് ആ നിൽപ്പ്. വലിയൊരു സംഭവമെന്ന പോലെയാണ് പുളിബാവ അത് തോണ്ടിക്കാണിച്ചുതന്നത്. അതിനൊപ്പം മൂപ്പരുടെ വക ഒരു ഇളിഞ്ഞ ചിരിയും.

ഇപ്പോൾ പലതും മനസ്സിലായി വരുന്നു. സീബ് എയർപോർട്ടിൽ വിമാനമിറങ്ങി നേരെ പോയത് ഒഗ്ദ എന്ന സ്ഥലത്തുള്ള ജേഷ്ഠസഹോദരന്റെ അടുത്തേക്കാണ്. ജേഷ്ഠൻ ആദ്യമായി തന്ന ഉപദേശം എന്റെ അർബാബിനെ കുറിച്ചായിരുന്നു.

ബർക്കയിലെ പേരുകേട്ട അറബിയാണ്. ഹറം എന്ന ഗ്രാമത്തിലെ ഷെയ്ക്കാണ്. മുൻകോപക്കാരനാണെങ്കിലും കണ്ടും കേട്ടും നിന്നാൽ പരമ സുഖാണ്. ശമ്പളം മാസാമാസം കറക്ടിന് കിട്ടും. രണ്ടുകൊല്ലം കഴിഞ്ഞാൽ വിസ പുതുക്കി ടിക്കറ്റ് തരും.

പകൽ മുഴുവൻ ഇതൊക്കെ ഓർമ്മപ്പെടുത്തിയ ശേഷം ജേഷ്ടൻ എന്നെ ഞങ്ങളുടെ അടുത്ത ബന്ധുക്കളായ മുഹമ്മദ്, കാദർ, മുഹമ്മദ് കുട്ടി എന്നിവർ ജോലിചെയ്യുന്ന പ്രശസ്തമായ ജാഫർ മൻസിൽ എന്ന അറബി  ഗസ്റ്റ്ഹൗസിൽ കൊണ്ടുവിട്ടു.

അഞ്ചുവർഷം സൗദി അറേബ്യയിലെ നല്ലൊരു കമ്പനിയിൽ ഞാൻ ജോലിചെയ്ത കാര്യം അറിയാമായിരുന്ന മുഹമ്മദിനും, മുഹമ്മദു കുട്ടിക്കും, കാദറിനും ഒക്കെ ഇങ്ങിനെയൊരു വിസയിൽ ഒമാനിലേക്ക് വന്നതിൽ അത്ഭുതം തോന്നിയിരുന്നു. നാട്ടു വിശേഷങ്ങൾ ചോദിക്കയും പറയുകയും ചെയ്ത ഏതാനും സമയം കഴിച്ചാൽ ബാക്കിയുള്ളപ്പോഴെല്ലാം അവരെന്നെ സമാധാനിപ്പിക്കായി പരിചയക്കാരുടെ പരാധീനതകളും പ്രയാസങ്ങളും നിറഞ്ഞ പ്രവാസജീവിതത്തേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

ഗസ്റ്റ്ഹൗസിൽ അറബിയില്ലാത്ത ദിവസമായിരുന്നു. അവർ വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി. വധശിക്ഷക്ക് വിധിച്ച പ്രതിക്ക് കൊടുക്കുന്ന അവസാനത്തെ അത്താഴം.

മനസ്സു പൊള്ളിക്കുന്ന ഓർമ്മകൾ പിന്തുടരുന്നു. മരുഭൂമിയിൽ ഒറ്റപ്പെട്ടപ്പോൾ കണ്ടെത്തിയ മരുപ്പച്ചയാണ്  ഇത്രയും അടുത്ത ബന്ധുക്കൾ തൊട്ടടുത്ത് തന്നെയുണ്ടല്ലോ എന്ന ആശ്വാസം. എല്ലാ അവസ്ഥയിലും അത് എനിക്ക്‌ ആശ്വാസമേകി. ജാഫർ മൻസിലിൽ നിന്നും നാലടി നടന്നാൽ അർബാബിന്റെ തോട്ടവും വീടും ആയി.

ഞാൻ യാത്ര പറഞ്ഞു: ഇവിടെ വന്നപ്പോൾ നാട്ടിലെത്തിയ പോലെയാണ് തോന്നുന്നത്. ലീവ് ഉള്ളപ്പോഴൊക്കെ വരാം.. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ കഴിയുമല്ലോ.. അതാണ് ഏക ആശ്വാസം.

എന്റെ വാക്കുകൾ കേട്ടപ്പോൾ മുഹമ്മദ്, മുഹമ്മദു കുട്ടിയെ പാളിനോക്കി. കാദർ ഒരു നെടുവീർപ്പോടെ ചിരിച്ചു.

ആ പഹെന്റവിടെ ലീവൊന്നും ഉണ്ടാവില്ല.. എന്നാലും എന്നെങ്കിലും സമയം കിട്ട്യാൽ ഇങ്ങോട്ട് പോരെ..

അടുത്ത രാത്രിവാസം കൊണ്ടുതന്നെ കാദറിൻ്റെ ചിരിയുടെ പൊരുളറിഞ്ഞു.

മുഹമ്മദലിയുടെ കീഴിൽ എന്നും ജോലിയുണ്ട്. എല്ലാ മാസവും ശമ്പളമുണ്ട്. എന്നാൽ അവധി മാത്രം ഇല്ല. അത് മുഹമ്മദലിയുടെ അലിഖിത നിയമമാണ്. കൊല്ലത്തിലെ രണ്ട് പെരുന്നാളിനും കൂടി രണ്ടു ദിവസം കിട്ടിയെങ്കിലായി. കാദറിന്റെ നെടുവീർപ്പൻ ചിരി  കുഞ്ഞീതുവും പുളിബാവയും ആല്യേമുട്ടിയും മൊല്ലാക്കയുമെല്ലാം ഒരുപോലെയിട്ടു.

അൽജോയബ് പ്രസ് കമ്പനിയിൽ ദിവസവും എട്ടുമണിക്കൂറും  ആഴ്ച്ചയിൽ അഞ്ചര ദിവസവും നോമ്പ് മുപ്പത് ദിവസം അരനേരവും പെരുന്നാളിന് ഓരോ ആഴ്ച്ചയും  ഒക്കെയായിരുന്നു എന്റെ ഡ്യൂട്ടി സമയം.

രണ്ടു ദിവസംകൊണ്ട്, കേൾക്കുന്നതെല്ലാം കേൾക്കാതിരിക്കാനും സംഭവിക്കുന്നതെല്ലാം സഹിക്കുവാനുമുള്ള ഒരു പരുവത്തിലേക്ക് മനസ്സിനെ മാറ്റിയെടുത്തു കഴിഞ്ഞിരുന്നു എന്നതാണ് സത്യം.

ഘോഷയാത്ര മസ്രയിൽ എത്തുന്നതിനു മുമ്പ് സഹികെട്ട് പുളിബാവയോട് ചോദിച്ചു. ഇവരൊക്കെ എന്തിനാ നമ്മുടെ കൂടെ ഇങ്ങിനെ വരുന്നത്? ഇതെന്തൊരു ബഹളമാണ് ബായീ? ഇവിടെ എന്നും ഇങ്ങനെയൊക്കെയാണോ?

പുളിബാവ ചിരിയടക്കി. അർബാബ്‌ കേൾക്കാതിരിക്കാൻ ശബ്ദം താഴ്‌ത്തി:

ഹറാത്തോള് മദ്രസ്സയില്ലാത്തൊണ്ടു വന്നതാന്ന്.. ഒരുകണക്കില്  ഓറ്റ വന്നത് ഞമ്മക്ക് കൊണാണ്.. അത്തരീം പണി കൊറീല്ലേന്ന്..

കുഞ്ഞീതുവും പുളിബാവയും ആല്യേമുട്ടിയും മൊല്ലാക്കയുമടക്കം അവിടെ കണ്ടുമുട്ടിയവരെല്ലാം തിരൂർ, താനൂർ പരിസരവാസികളാണ്. എനിക്ക് പെട്ടെന്ന് മനസ്സിലാവാത്ത ചില പദപ്രയോഗങ്ങളും അവരുടെ നാവിൽ നിന്നുതിരും.

ങ്ങ്ള് ന്ത്റ്റ്നാ ബേജാറാവ്ണ്ന്ന്.. ലേസം കൈഞ്ഞാ ഓറ്റ ഓറ്റടെ പണ്യോക്കി പൊയ്ക്കോളുന്ന്.

ആഘോഷയാത്ര മസ്രയിലെത്തി. മൂത്തുപഴുത്ത മഞ്ഞയും ചുവപ്പുമണിഞ്ഞ ഈന്തപ്പഴക്കുലകളുടെ മുള്ളുകൾ നിറഞ്ഞ ചിരി. ഇരുണ്ട നിഴലിൽ നിന്നും ഓലകൾ മാടിവിളിച്ചു. അർബാബിൻ്റെ കണ്ണുകൾ  ഈന്തപ്പനന്തലപ്പുകളിൽ വട്ടമിട്ടു. കൂട്ടത്തിൽ ഏറ്റവും വലിയ പനയിൽ ഉടക്കിയ കണ്ണുകൾ തിളങ്ങി. അർബാബ്‌ നിറഞ്ഞു ചിരിച്ചു. വെയിലാളി വിയർപ്പിച്ച മൂക്കിൻ തുമ്പ് ആ ചിരിയിൽ ചുവന്നു:

അൽഹംദുലില്ലാഹ്.. മുഹമ്മദ് താൽ.. താൽ.. ഇങ്ങോട്ട് വാട മുത്തേ.. ഈ നഖീലിൽ  കയറി പഴുത്ത റത്തബ് പറിച്ചെടുക്ക്..

ഞാൻ മുകളിലേക്കും താഴേക്കും നോക്കി. ആകാശം മറച്ചു നിൽക്കുന്ന ആ നഖീലിൻ്റെ ചുവട്ടിൽ ഏതാനും പുൽച്ചെടികൾ മുളച്ചു നിൽക്കുന്നു. ആജാനബാഹുവായ മുഹമ്മദ് ബിൻ അലി ബിൻ സൈദ് അൽ ബുസൈദിയുടെ മുമ്പിൽ പൊട്ടിമുളച്ച പോലെ എൻ്റെ നിഴൽ നിലത്തേക്ക് നീണ്ടു.

ആയിശയെന്ന ചെറിയ പെങ്കുട്ടി കുട്ടി യാ അള്ളാ.. യാ അള്ളാ.. എന്ന് ആർത്തുവിളിച്ചപ്പോൾ ഏറ്റവും മുതിർന്ന ഖലീഫ സ്നേഹത്തോടെ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. അലിയാകട്ടെ ഗൗരവത്തോടെ കണ്ണുകൾകൊണ്ട് കയറെന്ന് ആംഗ്യം കാണിച്ചു. അവന്റെ നേരനുജൻ ഇബ്രാഹീം മുറി ഇംഗ്‌ളീഷിൽ ഗോ.. ഗോ എന്നൊക്കെ ചില കമന്റുകളിട്ടു.

കുഞ്ഞീതുവിൻ്റെ കൈയിലുള്ള അറബിത്തളപ്പ് വാങ്ങി എന്നെ ധരിപ്പിച്ച ശേഷം അർബാബ്‌ ആജ്ഞാപിച്ചു..

യാ അള്ളാ.. ഹർറക്ക്.. റാഹ് ഫോക്ക്..

കൊലച്ചിരി പോലെ തോന്നിയ വട്ടമുഖത്തെ ആ പുഞ്ചിരിയിലും ഗൗരവത്തിലും നോട്ടത്തിലെ തീഷ്ണതയിലും വാക്കിലെ ധൃതിയിലുമെല്ലാം ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു സത്യമുണ്ട്. എത്രയും പെട്ടെന്ന് ആ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്  ആർക്കും അറിയില്ലെന്ന്..

ഞാൻ ഡ്രൈവർ വിസയിൽ വന്നതാണ്.. പനയിൽ കയാറാനൊന്നും പറ്റില്ലെന്ന് പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷെ ഒക്കെ തമാശയായിട്ടാണ് തോന്നിയത്. കുട്ടിക്കാലത്ത് തെങ്ങിലും കഴുങ്ങിലും ഒക്കെ കയറിയ പരിചയം വെച്ച് ഞാൻ പനകയറാൻ തന്നെ തീരുമാനിച്ചു. ആദ്യമായി നഖീലിന്റെ കാൽ തൊട്ടു വന്ദിച്ചു.

മുഹമ്മദ് ബിൻ അലി ബിൻ സൗദ് അൽബുഷൈദി മക്കളോടൊപ്പം ആർത്തു ചിരിച്ചുകൊണ്ട് എന്നെ തടഞ്ഞു:

താൽ... മുഹമ്മദ്...താൽ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. നീ നഖീലിൽ കയറുകയൊന്നും വേണ്ട.. താഴെ നിന്ന് പഴം പെറുക്കിയെടുത്താൽ മതി.

എളുപ്പം മെരുക്കാൻ കഴിയുന്ന ഒരു ഉരുവാണ്‌ മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലായപ്പോൾ അർബാബ്‌ സന്തോഷത്തോടെ  ഒരു അറബി മുക്രയിട്ടു.

കുഞ്ഞീതു അറുത്ത ഈത്തപ്പഴക്കുലയിൽ നിന്നും ഒരെണ്ണം വായിലിട്ട് ഞാൻ മധുരം നുണയുമ്പോൾ അർബാബ്‌ പറഞ്ഞു:

ഹാദ..ഖല്ലാസ്.. വാജിദ് ഹിലു..  നമ്പർ വാഹദ്.. ഇത് ഖല്ലാസ് എന്ന മുന്തിയ ഇനമാണ്. നല്ല മധുരമാണ്..

വലിയ കുലകൾ ചുമന്ന് അർബാന തള്ളുന്നതിനിടയിൽ ഒരു പഴം നുണഞ്ഞ് പുളിബാവയും ചിരിച്ചു. കയ്ക്കുന്ന, ചവർക്കുന്ന ചിരി.



                                                                                                                                       [തുടരും]

ചിത്രം ഗൂഗിളിൽ നിന്നും


റിസ, അല്ലെങ്കിൽ റിഷ ഒമാനികളുടെ പരമ്പരാഗത നൃത്തരൂപം. ദേശീയ നൃത്തമായി ദേശീയ ആഘോഷങ്ങളിലും സാമൂഹിക പരിപാടികളിലും വിശേഷാവസരങ്ങളിലും അവതരിപ്പിക്കുന്നു. യുദ്ധാനന്തരം നടന്ന വിജയാഹ്ലാദപ്രകടനമാണ് അതിന്റെ പൂർവ്വരൂപം. ക്രമേണ തീവ്രമായ രാജ്യസ്നേഹവും രാജഭക്തിയും പ്രകടിപ്പിക്കുന്ന പ്രജാനൃത്തമായി.

പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ച് തോക്ക്, വാൾ, കത്തി, വടി തുടങ്ങിയ പരമ്പരാഗതമായ ആയുധങ്ങളോടുകൂടി പ്രാദേശികമായി പ്രചാരമുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന നൃത്തത്തിൽ രാജ്യത്തെയും രാജാവിനെയും സ്തുതിച്ചും പ്രകീർത്തിച്ചും പാട്ടും കവിതയും അവതരിപ്പിക്കുന്നു. അഭ്യാസപ്രകടനങ്ങൾ അരങ്ങേറുന്നു.

രാജഭക്തിയും രാജ്യസ്നേഹവും അഭിമാനവും അഹങ്കാരവും ആവേശവും ധീരതയുമെല്ലാം പ്രതീകാത്മകമായി ചേർന്ന ഒരു കലാരൂപമാണ് റിസ.                                                                                                                                      
Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

10 comments :

  1. റിസ, അല്ലെങ്കിൽ റിഷ ഒമാനികളുടെ പരമ്പരാഗത നൃത്തരൂപം.

    ReplyDelete
  2. മസ്രയിൽ പണിയെടുക്കുന്നവരുടെ ദുരിതങ്ങൾ കേട്ടിട്ടുണ്ട് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ അത്യധികം കഷ്ടപ്പെടുന്നവർ . അതും അസഹനീയമായ ചൂടിൽ ആരുമായും ഒരു കണക്ഷൻ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നവർ.

    ReplyDelete
  3. ഒറ്റയിരിപ്പിന് വായിച്ചു മാഷേ..ഗൾഫ് ജീവിതം ഇങ്ങനെ ഒക്കെ തന്നെ.. ബാക്കി വായിക്കാൻ കാത്തിരിക്കുന്നു..ആശംസകൾ

    ReplyDelete
  4. റിസ യെ കുറിച്ച് ഇപ്പോഴാണ് ശരിക്കറിയുന്നത് കേട്ടോ ഭായ്

    ReplyDelete
  5. കവിതാത്മക വരികള്‍ ...

    ReplyDelete
  6. പ്രവാസി ജീവിതത്തിന്റെ ചില ചിത്രങ്ങൾ.. മനോഹരം....

    ReplyDelete
  7. ഇതിലും തീക്ഷ്ണമായ ജീവിത സാഹചര്യങ്ങൾ എത്രയെത്ര..

    ReplyDelete


Powered by Blogger.