Menu
കവിതകള്‍
Loading...

കരട് പെറുക്കാൻ ഒരു ബെല്ല്





1

റക്കരുതെന്ന് അടയാളപ്പെടുത്തിയിട്ടൊന്നുമില്ല. എന്നാലും ഓർമ്മകളുടെ കലണ്ടർ മറിക്കുമ്പോൾ മനസ്സിന്റെ കാതിൽ ഒരു മണിമുഴങ്ങും. അരനൂറ്റാണ്ടിനപ്പുറത്തേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ ഒരു സ്കൂൾ അസംബ്ലിക്കും പ്രാർത്ഥനക്കും മുമ്പുള്ള കരട് പെറുക്കാനുള്ള ബെല്ലാണ്.

കരട് പെറുക്കാനുള്ള ആ ബെല്ലടിച്ചാൽ  കാലഘടികാരത്തിന്റെ സൂചികൾ ഒരു നിമിഷം നിശ്ചലമാകും. കളിചിരിയുടെ ലോകത്തുനിന്നും ക്ലാസ്സ് മുറിയിലേക്ക് പറിച്ചു നടപ്പെടുന്ന മനസ്സിന്റെ പകപ്പിൽ നിമിഷാർദ്ധമെങ്കിലും എല്ലാവരും നിശ്ശബ്ദരാവും. അപ്പോഴേക്കും, വലിയൊരു പ്രാവിൻ കൂട്ടത്തിലേക്ക് വിതറിയ ഏതാനും ഗോതമ്പുമണികൾപോലെ സ്കൂൾ മുറ്റത്ത് ചിതറിക്കിടക്കുന്ന ഇലകളും പൂക്കളുമെല്ലാം അപ്രത്യക്ഷമാകുന്നു.

പാതിമനസ്സുകൾ ക്ലാസ്സിൽ  കയറിയിരിക്കുമ്പോൾ മുത്തശ്ശി പ്ലാവുകളും  മുള്ളുവേലികൾക്കിടയിൽ നിൽക്കുന്ന കൊന്നയും പൂമരവുമെല്ലാം വീണ്ടും കുസൃതിയുടെ കൊമ്പുകൾ കുലുക്കാൻ തുടങ്ങും. വരാനിരിക്കുന്ന പുതിയൊരു പ്രഭാതത്തെ അവ നിഴൽവരകളിൽ അടയാളപ്പെടുത്തുകയാണ്.

കാണുന്നവർക്ക് കരടായി തോന്നുമെങ്കിലും  ക്ലാസ്സിലിരുന്ന് നോക്കുമ്പോൾ കാളയും കുതിരയുമായി മാറുന്ന കുഞ്ഞുകൗതുകങ്ങൾ. വാടിവീണതെല്ലാം പൂപ്പരവതാനികളായി മാറുമ്പോൾ നഗ്നപാദനായി ഓർമ്മകളിലേക്ക് തിരിച്ചു നടക്കുകയാണ്.

'അ' എന്നെഴുതി അക്ഷരലോകത്തെ  വിരൽത്തുമ്പിലേക്ക് ആവാഹിച്ചു തന്നത്‌ ഒന്നാം ക്ലാസ്സിലെ ദാക്ഷായണി ടീച്ചറായിരുന്നു. ഒരു ഓത്തുപലകയിൽ അലിഫ്‌ എന്നെഴുതി ദൈവനാമത്തിൽ വായിക്കാൻ പഠിപ്പിച്ചത് ഓത്തുപള്ളിയിലെ അലവി മൊല്ലാക്കയായിരുന്നു. ഇൗ കുറിപ്പ്  അറിവ് പകർന്നുനൽകിയ എല്ലാ അഭിവന്ദ്യർക്കും സമർപ്പിക്കുന്ന ഗുരുവന്ദനമാണ്. 

കുട്ടിക്ക് ഉമ്മയില്ലേ? ഉമ്മ ഭക്ഷണമൊന്നും തരാറില്ലെ? തുടങ്ങിയ ചോദ്യങ്ങളോടെയാണ് ഒന്നാം ബഞ്ചിലിരുത്തി ദാക്ഷായണി ടീച്ചർ പഠിപ്പിച്ചു തുടങ്ങിയത്. കഞ്ഞിക്കലത്തിലെ അവസാനത്തെ വറ്റും ഉമ്മ എല്ലാവർക്കുമായി ഊറ്റിത്തന്നിരുന്നു എന്ന സത്യം വളർന്നപ്പോൾ അറിഞ്ഞു.

മാതൃസഹചമായ വാത്സല്യവും കരുതലും ടീച്ചർ എന്നും കാണിച്ചിരുന്നു. അതിൻ്റെ മറക്കാൻ കഴിയാത്ത ഒരു ഓർമ്മയുണ്ട്. ഒരിക്കൽ ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ പുറത്ത് ഒരു ചങ്ങല കിലുക്കം കേൾക്കുന്നു. എല്ലാവരും തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ അപ്പുറത്തെ വേലിയിൽ നിന്നും പിഴുതെടുത്ത ഒരു തറിയുമായി ക്ലാസ്സിലേക്ക് ഓടിവരുന്നു. അയ്യോ ഭ്രാന്തൻ എന്നൊക്കെ ആരൊക്കെയൊ പേടിച്ചു നിലവിളിക്കുമ്പോൾ ടീച്ചർ എല്ലാവരേയും ക്ലാസ്സിന്റെ ഒരു മൂലയിലേക്ക് മാറ്റി. കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച ഒരു തള്ളക്കോഴിയേപ്പോലെ ടീച്ചർ മുന്നിൽ നിന്നുകൊണ്ട് എല്ലാവരേയും ആശ്വസിപ്പിച്ചു. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാരും  മാഷമ്മാരും ചേർന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. എല്ലാവരും തിരിച്ചു ക്ലാസ്സിൽ വന്നിരുന്നപ്പോൾ അതുവരെ അടക്കിപ്പിടിച്ച ശ്വാസമൊക്കെ വിട്ട് ടീച്ചർ കരയാൻ തുടങ്ങി.

രണ്ടാം ക്ലാസ്സിൽ നമ്പ്യാർ മാഷായിരുന്നു. മിത ഭാഷി. ഒന്നുരണ്ടു ദിവസമായി നബീസു എന്ന കുട്ടി ക്ലാസ്സിൽ വരുന്നില്ല. എന്റെ അയൽക്കാരിയായ നബീസു ക്ലാസ്സിലെ ഏക മുസ്ലിം പെൺകുട്ടിയായിരുന്നു. നബീസുവിന്റെ കല്യാണമാണെന്ന് ഞാൻ അടുത്തിരിക്കുന്ന കുട്ടിയോട് പറഞ്ഞു. അത് കുട്ടികൾ പറഞ്ഞുപറഞ്ഞ് മാഷടെ ചെവിയിലും എത്തി. എവിടെയോ ഒരു കരട്  കണ്ടെത്തിയ പോലെ മാഷ് അസ്വസ്ഥനായി. കരട് പെറുക്കാത്ത ഒരു കുട്ടിയോടെന്നപോലെ ആരോടൊക്കെയോ ദേഷ്യപ്പെട്ടു.

എന്നാൽ എന്നേപ്പോലെത്തന്നെ നബീസുവിന്റെ അയൽവാസിയായ പലർക്കും അതൊരു സുദിനമായിരുന്നു. എന്നേപ്പൊലെത്തന്നെ മിക്കവരും വയർ നിറച്ചു ഭക്ഷണം കഴിക്കുന്നത് കല്യാണങ്ങൾക്കും പെരുന്നാളിനും ഒക്കെയാണ്.

അക്കാലത്ത് എല്ലാ കല്യാണങ്ങളും രാത്രിയിലായിരുന്നു. എല്ലാവരും കൂടി ഓലയും മുളയും കഴുങ്ങും വാഴയും ഒക്കെ സംഘടിപ്പിച്ച് വീട്ടുമുറ്റത്ത് ഒരു പന്തൽ കെട്ടും. വാഴപ്പോളയും ഈന്തോലയും കൊണ്ട് അത് അലങ്കരിക്കും. പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ കൈകൊട്ടിപ്പാട്ടും കിണ്ണം മുട്ടിപ്പാട്ടും ഒക്കെയുണ്ടാകും. കൈതോലപ്പായിൽ വട്ടമിട്ടിരിക്കുന്ന ആളുകൾക്ക് നടുവിൽ വാഴയിലകളിട്ട്‌ ചുടുചോറുവിളമ്പും. ആ ചോറുകൂമ്പാരത്തിലേക്ക്‌ മുകളിൽ നിന്നും പടുകൂട്ടാൻ ഒഴിക്കും. അതിൻ്റെ ചാറ് ചാലുകളായി മുന്നിലേക്ക് ഒഴുകിയത്തുമ്പോൾ എല്ലാവരും ആർത്തിയോടെ ചോറ് തിന്നാൻ തുടങ്ങും. അതിലിടക്ക് പപ്പടവും പഴവും പറന്നെത്തും. കൈയൂക്കുള്ളവർ അവ വെട്ടിപ്പിടിക്കാൻ മത്സരിക്കും. അങ്ങിനെ ബഹളവും കോലാഹലങ്ങളുമായി  കൊതിയുടെ സദ്യ പൊടിപൊടിക്കും.

കല്യാണച്ചിലവിനും മറ്റുമായി ചിലർ കല്യാണത്തിന് മുമ്പെത്തന്നെ ചായക്കടയിൽ വെച്ച് കല്യാണക്കുറികൾ നടത്തിയിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള കല്യാണപ്പാട്ടുകളും കഥാപ്രസംഗങ്ങളും നാഴികകൾക്കകലെ കേൾക്കും. അങ്ങിനെ കേട്ടറിഞ്ഞു കല്യാണസദ്യക്ക് വരുന്നവരും ഉണ്ടായിരുന്നു. ചായക്കുറികൾക്ക് പണം വക്കുന്നവർക്ക്‌ ചായയും ഒന്നോ രണ്ടോ കടികളും ഒക്കെ തിരിച്ചു കിട്ടിയിരുന്നു.

2

ഇൗ വല്ലിയിൽ നിന്നും ചെമ്മെ പൂക്കൾ പോകുന്നിതാ പറന്നമ്മേ.. എന്ന വരികൾ പാടിക്കൊണ്ടിരിക്കെ മൂന്നാം ക്ലാസ്സിൽ എത്തി. പൂക്കളിൽ നിന്നും പൂമ്പാറ്റകളിലേക്ക്‌ മനസ്സും പാറിപ്പറക്കാൻ തുടങ്ങി. പ്രകൃതിയിലേക്ക് നോക്കിയാൽ സ്വന്തം പരിമിതികളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കൗതുകങ്ങൾ കണ്ടെത്തുന്നു. അതിന്റെ സങ്കടവും നിരാശയും അനുഭവിക്കുന്നു.

കറുത്തു മെലിഞ്ഞ രൂപത്തിൽ നരച്ച തലയുള്ള മൂന്നാം ക്ലാസ്സിലെ കുഞ്ഞുണ്ണി മാഷടെ മുഖത്തും എപ്പോഴും ഒരു സങ്കടവും നിരാശയും ഉണ്ടെന്ന് തോന്നും. എന്നാൽ കുട്ടൻ മാഷ് ഒരിക്കലും അങ്ങനെയായിരുന്നില്ല. വെളുത്തു തടിച്ച് മുടിയൊക്കെ കറുപ്പിച്ച് മുണ്ടും ഷർട്ടും പോലെത്തന്നെ മുഖത്തൊരു ചിരിയും ഇസ്തിരിയിട്ടാണ് സ്കൂളിൽ വരിക. ഇടക്കിടെ മൂക്കുപൊടി വലിക്കാനായി ക്ലാസ്സിൽ നിന്നും പുറത്തേക്കും പോകും.

കറുപ്പും വെളുപ്പും പോലെ, രാവും പകലും പോലെ കണ്ടുപഠിക്കാൻ പാകത്തിൽ കാലത്തിന്റെ രണ്ടു വകഭേദങ്ങൾ ആയിരുന്നോ ആ രണ്ടു ജീവിതങ്ങൾ?

കറുത്തവനും വെളുത്തവനും എന്നോ,  പാവപ്പെട്ടവനും പണക്കാരനുമെന്നോ ഒന്നും വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു വിടവും  കുട്ടികളായ ഞങ്ങൾക്കിടയിൽ കുടചൂടിയിരുന്നില്ല. മിക്കവരും ഓലക്കുടയിലും ചിലർ മാത്രം ശീലക്കുടയിലും സ്കൂളിൽ വന്നു. അപൂർവ്വം ചിലർ വാഴയിലയും ചേമ്പിലയും പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു ചാറലോടെ കയറിവന്നു.

എന്നാൽ എല്ലായിടത്തും ശീലക്കുടകൾ വരാന്തയിലെ ചുമരും ചാരിയാണ്‌ ഇരുന്നിരുന്നത്. എപ്പോഴും ഓലക്കുടകൾ എല്ലാ മഴയും വെയിലും സഹിച്ച്‌ മുറ്റത്തു തന്നെ നിന്നു. ഏതു കാലക്കേടും സഹിച്ച് എപ്പോഴും വെളുക്കെ ചിരിച്ചുകൊണ്ടിരുന്നിട്ടും ചിലർ മറ്റുള്ളവരെ നിർവ്വികാരതയോടെ അവഗണിക്കുന്നതിന് ഉദാഹരണമായിരുന്നു അത്.

കാൽക്കുട, തൊപ്പിക്കുട, കുണ്ടൻ കുട തുടങ്ങിയ പലതരം ഓലക്കുടകൾ ഉണ്ടായിരുന്നു. എല്ലായിടത്തും കൂണുകൾ മുളച്ചുപൊന്തിയ പോലെയുള്ള ഓലപ്പുരയും വൈക്കോൽപുരയും ഉണ്ടായിരുന്നു.  വിരലിലെണ്ണാൻ നോക്കിയപ്പോഴാണ് വീടുകൾ ഓടിട്ട് തുടങ്ങിയത്.

കുടയും കുട്ടയും മുറവും പരമ്പും വിശറിയും ഒക്കെ നെയ്തുണ്ടാക്കുന്ന അയ്യപ്പന്റേയും പുരകൾ മേയുകയും വേലികെട്ടുകയും ചെയ്യുന്ന ചാത്തന്റെയും മുണ്ടിയുടേയും ഒക്കെ  മുറുക്കിച്ചുവപ്പിച്ച ചിരി ഒരു കാലത്തും മറക്കില്ല. ഒരു മഴയിലും അത് തോരാറില്ല. ഒരു വെയിലിലും വാടാറില്ല. അയ്യപ്പൻറെ ചിരിയിലെപ്പോഴും നൂറും പുകയിലയും കൂടും.

ഓത്തുപള്ളിയിലെ കുട്ടികൾ അയ്യപ്പനെ കണ്ടാൽ ഒടിയൻ എന്നു പറഞ്ഞാണ് പേടിപ്പിക്കുക. എന്തായാലും എല്ലാ പേടികൾക്കും മൊല്ലാക്ക ചില ഐക്കല്ലുകൾ എഴുതിക്കെട്ടും. പേടി മൂത്താൽ മാത്രം കവടിപ്പിഞ്ഞാണത്തിൽ മന്ത്രമഷിയിൽ എഴുതി കുടിപ്പിക്കും.

ശങ്കുണ്ണി മാഷടെ നാലാം ക്ലാസ്സിൽ എത്തിയപ്പോൾ കുട്ടിക്കഥകളിൽ നിറയാറുള്ള മന്ത്രവാദിയുടെ മുഖഛായയും അയ്യപ്പന്റെ തലയിലായി.

ശങ്കുണ്ണി മാഷടെ കഥകളിൽ ലയിച്ചു വായും പൊളിച്ചിരിക്കുന്ന എന്നെ സുന്ദരിയായ രാധാമണി എന്ന കുട്ടി മാഷിന് ചൂണ്ടിക്കാണിച്ചു കൊടുക്കും. മുഹമ്മദേ വായിൽ ഈച്ച കയറുമല്ലോ എന്ന് മാഷ് കളിയാക്കുമ്പോഴെല്ലാം രാധാമണി എന്നെനോക്കി ചിരിക്കും.

കഥകളിലൂടെ എത്ര വളർന്നിട്ടും അയ്യപ്പന്റെ നീണ്ടുവളഞ്ഞ മൂക്കും വട്ടപ്പുരികവും കണ്ണുമൊന്നും എന്നെ പേടിപ്പിച്ചിരുന്നില്ല. രസം, മനയോല തുടങ്ങിയ ചില മരുന്നുകൾ വാങ്ങാൻ വല്ലപ്പോഴും ഒക്കെ വാപ്പയുടെ വൈദ്യശാലയിൽ വരുമ്പോൾ അയ്യപ്പന്റെ ചിരി ഞാൻ അടുത്തു കണ്ടിരുന്നതുകൊണ്ടാണത്.

അന്ന് പണത്തൂക്കത്തിലും കഴഞ്ചിലും പലത്തിലും റാത്തലിലും ഒക്കെയാണ്  അളവുതൂക്കങ്ങൾ നടത്തിയിരുന്നത്. പണത്തൂക്കം ഒരു കുന്നിക്കുരുവിന്റെ തൂക്കത്തിലാണ് തുടങ്ങുക. കഴഞ്ചിൽ പത്തിരുപത്തഞ്ച്‌ കുന്നിക്കുരുത്തൂക്കം കാണും. പന്ത്രണ്ട് കഴഞ്ചാണ് ഒരു പലം. അയ്യപ്പന്റെ ചിരിയളവ് പലത്തിലൊന്നും ഒതുങ്ങാറില്ലെങ്കിലും കൊല്ലത്തിൽ ഒരിക്കൽ മാത്രം അയ്യപ്പൻ എല്ലാവരേയും പേടിപ്പെടുത്താൻ നോക്കും. മുല്ലക്കലെ പൂരത്തിനാണ് അയ്യപ്പനും കുഞ്ഞാരിയുമെല്ലാം ഇങ്ങിനെ കുട്ടികളെ പേടിപ്പെടുത്തുന്ന പൂതങ്ങളാകുന്നത്.

ആനകൾക്കൊപ്പം തന്നെ എല്ലാ പൂരങ്ങളിലും അന്ന് പല അത്ഭുതങ്ങളും അണിനിരന്നിരുന്നു. ആനയും മയിലും ഒട്ടകവും ഇല്ലാത്ത ആനമയിലൊട്ടകം കളി. യന്ത്രങ്ങൾ ഇല്ലാത്ത യന്ത്ര ഊഞ്ഞാൽ. അങ്ങിനെ പലതും.

അത്ഭുതങ്ങളൊന്നും ഇല്ലെങ്കിലും കണ്ണിന് കർപ്പൂരം പോലെത്തന്നെ ‎കൗതുകത്തിന്റെ പൂരമായിരുന്നു സ്കൂളിനടുത്തുള്ള ആഴ്ചച്ചന്ത. പഴഞ്ചൊല്ലിലൂടെ പറയുമ്പോൾ പതിരുണ്ടാവുമെങ്കിലും ചന്തയിൽ പോയാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടും.

3

നാരായണൻ മാഷടെ ചർക്ക ക്ളാസ്സിന് തൊട്ടപ്പുറത്താണ് ചന്ത. ക്ളാസിലിരുന്നാൽ ചന്തയിലെ ആരവങ്ങളാണ് കാതിൽ പതിയുക. തക്ലിയും നൂലും കണ്ടാൽ മതി എന്റെ മനസ്സ് ചന്തക്ക് പോകും.

പൊന്നാക്കാരാണ് നൂലും സൂചിയും മുതലുള്ള ലൊട്ടുലൊടുക്ക്‌ സാധനങ്ങളെല്ലാം ചന്തയിൽ കൊണ്ടുവന്നു വിൽക്കുന്നത്. പൊന്നാനിയിൽ നിന്നും വന്നെത്തിയ കച്ചവടക്കാർ ആയിരിക്കണം പിന്നെപ്പിന്നെ പൊന്നാക്കാരായി മാറിയത്.

പൊന്നാക്കാരുടെ ആ കടകൾ, അന്നത്തെ  ഷോപ്പിംഗ് വിസ്മയങ്ങൾ തന്നെയായിരുന്നു. ഉണ്ണിപ്പിണ്ടി,കരിമ്പനത്തൊണ്ട്‌,കമ്പി,വട്ട്‌ തുടങ്ങിയ ആഡംബര വാഹനനങ്ങളിൽ വന്നിറങ്ങി നൂല്,സൂചി,ബലൂൺ,വിസിൽ, മൊട്ടുസൂചി,അരഞ്ഞാണച്ചരട് മുതലായവയെല്ലാം വാങ്ങി പീ..പ്പീ എന്ന് നീട്ടി വിളിച്ചു കൊണ്ടാണ് കുട്ടികൾ തിരിച്ചു പോയിരുന്നത്.

കുട്ട, വട്ടി, മുറം, പരമ്പ്‌, ചട്ടി, കലം, കുടം,പാനി, പുട്ടു കുറ്റി, ലോട്ട, കിണ്ണം, കിണ്ടി, കോളാമ്പി, കുഞ്ഞിക്കയിൽ, തള്ളക്കയിൽ, കൊട്ടക്കയിൽ, ഉറി, ഉരൽ, ഉലക്ക, കുന്താണി, മുക്കാലി, ചിരവ, ചിരമാന്തി, ഉരി,നാഴി, ഇടങ്ങഴി,പറ, കത്തി, പിച്ചാത്തി, മടാൾ, അരിവാൾ, അമ്മി, നുകം, കരി, മുടിങ്കോൽ, ചാട്ടവാർ, തേക്കുകൊട്ട,തുമ്പി മുതൽ കരിമ്പനപ്പായ, കൈതോലപ്പായ, തടുക്ക്‌, വിശറി  തുടങ്ങിയവയെല്ലാം ചന്തയിൽ കിട്ടും. ആട്, കന്ന്, കോഴി മുതലായവ കൂടി ചേരുമ്പോൾ അന്തിച്ചന്തവരെയുണ്ടാകും അതിന്റെ ആനച്ചന്തം.

ചെറുപഴവും കരിമ്പനക്കൂമ്പുമായി വരുന്ന ഹാജിയാരെപ്പോലെയുള്ള കർഷകർ ഉച്ചച്ചന്തവരെയാണ് ഇരിക്കുക. കട്ടൻകാപ്പിയും കൊള്ളിപുഴുങ്ങിയതും വിൽക്കുന്ന മയമുട്ടിക്കയും അരിപ്പച്ചൂട്ടും ചക്കത്തുണ്ടവും  വിൽക്കുന്ന സൈതുക്കയുമൊക്കെ രാത്രിച്ചന്തവരെയും നിൽക്കും. ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുള്ളവയൊഴിച്ച് മിച്ചം വരുന്നതെല്ലാം ചന്തയിൽ കൊണ്ടുവന്നു കൊടുക്കും. ശനിയാഴ്ച്ചകളിലാണ് ചന്ത നടക്കുക. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം കിടക്കും!

ചന്തയിൽനിന്നും വാങ്ങിയ വെളുപ്പും കറുപ്പും ചുവപ്പും നിറത്തിലുള്ള ചരടുകൾ മിക്ക കുട്ടികളുടെയും അരയിലുണ്ടായിരുന്നു. നാണം മറക്കാനുള്ള ഏറ്റവും ചെറിയ ഒരു വസ്തുവായി വാക്കിലും നോക്കിലുമെല്ലാം പ്രയോഗിച്ചും പരിഗണിച്ചും പോന്നിരുന്ന ഒന്നായിരുന്നു അന്ന് അരഞ്ഞാണച്ചരടുകൾ .

ആ അരഞ്ഞാണച്ചരടിലാണ് എല്ലാവരും പ്രിയപ്പെട്ട ഓട്ടമുക്കാലുകൾ കോർത്തിട്ടിരുന്നത്. എന്റെ ചരടിൽ വല്ലപ്പോഴും ഒന്നോ രണ്ടോ മാത്രമെ ഉണ്ടാവുകയുള്ളൂ. അവക്ക് രണ്ടോ മൂന്നോ ദിവസത്തിലധികം ആയുസ്സും ഉണ്ടാവില്ല. അപ്പോഴേക്കും ചിലവായിപ്പോകും.

എന്നാൽ ഒരിക്കലും ചിലവായിപ്പോകാത്ത നാല്  ഓട്ടമുക്കാലുകൾ ഇപ്പോഴുമുണ്ട്. പഴയ ഗോവസൂരി  കുത്തിവെപ്പിന്റെ പഴുത്ത പാടുകളായി ഒരിക്കലും കൈവിട്ടുപോവാതെ..





അക്കാലത്ത് ആറങ്ങോട്ടുകരയിൽ ഒരു സിനിമാ കൊട്ടക വന്നപ്പോൾ സ്‌കൂളിൽ നിന്നും എല്ലാരേയും സിനിമക്ക് കൊണ്ടുപോയി. അണയോ മുക്കാലോ കൊടുത്ത് എല്ലാവരും മണൽ വിരിച്ച തറയിൽ സിനിമയെന്ന മഹാത്ഭുതം കാണാൻ ഇരുന്നു. ഉദ്വേഗഭരിതമായ നിമിഷങ്ങൾക്ക് ശേഷം കണ്ട ന്യൂസ് റീലുകൾ സിനിമയാണെന്നുതന്നെ എല്ലാവരും ധരിച്ചുപോയി. പിന്നെയാണ് ശരിക്കും സിനിമ തുടങ്ങിയത്. നായര് പിടിച്ച പുലിവാൽ എന്നാണ് സിനിമയുടെ പേര്. സത്യനും രാഗിണിയും തിരശ്ശീലയിൽ നിന്നും ഇറങ്ങി കാണികളുടെ മനസ്സിൽ കയറിയിരുന്നു. കോമാളികളെ കണ്ടപ്പോൾ എല്ലാവരും ആർത്തു ചിരിച്ചു. അടിയും ഇടിയും തുടങ്ങിയപ്പോൾ ആർപ്പുവിളിച്ചു. ആനയും പുലിയും വന്നപ്പോൾ നിലവിളിച്ചു. സിനിമയുടെ പേരുപോലെത്തന്നെ ചിലർക്കെല്ലാം അത് നായരു പിടിച്ച ഒരു പുലിവാല് തന്നെയായിരുന്നു.   

ഇംഗ്ലീഷ് ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും എനിക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്ന കുഞ്ചുണ്ണി മാഷെ ഇഷ്ടമായിരുന്നു. കട്ടിക്കണ്ണടക്ക് മുകളിലൂടെ കുട്ടികളെ നിരീക്ഷിക്കുമെങ്കിലും മാഷ് ആരിലും ഒരു കുറവും കുറ്റവും  കണ്ടെത്തുകയില്ല. ഉത്തരക്കടലാസ്സുകളും അങ്ങിനെ തന്നെയായിരിക്കണം മാഷ് നോക്കിയിരുന്നത്. ഏത് നീണ്ട ചോദ്യവും തല തിരിച്ചെഴുതിയാൽ പകുതി മാർക്കെങ്കിലും ഇട്ടുതരും.

അന്ന് ചന്തക്കപ്പുറത്ത് ഒസ്സാൻ മുഹമ്മദ്ക്കയുടെ ഒരു മുടിവെട്ടുകട ഉണ്ടായിരുന്നു. കാലിളകിയ ഒരു മരബഞ്ചിൽ ഇരുത്തി കത്തിയെടുത്ത് കല്ലിലും തോലിലും ഉരച്ച് ഒസ്സാൻ മുഹമ്മദ്ക്ക മുടി വടിച്ചു തുടങ്ങും. കരകര ശബ്ദത്തിൽ മുടി മുറിയുമ്പോൾ തല നിറയെ മുറി നിറയും. മുറി നിറയെ മുടി നിറയും.

ഒരു ദിവസം അമ്മാവൻ വന്നപ്പോൾ മുടി കളയുവാനായി നാലണ തന്നു. ആദ്യമായിട്ടാണ്‌ നാലണയൊക്കെ കൈയിൽ കിട്ടുന്നത്.  സ്കൂളിലെ കുട്ടികളെപ്പോലെ തലമുടി ക്രോപ്പടിക്കണമെന്ന്‌ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അങ്ങിനെ അത് സഫലമായി. ആദ്യമായി തല ക്രോപ്പടിച്ച് ഓത്തുപള്ളിയിൽ ചെന്ന പാടെ ഹമുക്കേ.. നീ കാഫിർ ആയോടാ..? എന്നു ചോദിച്ചുകൊണ്ട് മൊല്ലാക്ക ചാടിയെഴുന്നേറ്റു.  വടിയെടുത്ത്‌ കണ്ണുരുട്ടി ഒരടിയും തന്നു. പിന്നെ, നാളെ മുടി വടിച്ചിട്ട് വന്നാൽ മതിയെന്ന കൽപ്പനയും വന്നു. തലേന്ന് ഒരണ വാങ്ങി ക്രോപ്പ് ചെയ്തു തന്നതെല്ലാം മൂന്നു മുക്കാൽ വാങ്ങി ഗൂഢമായ ഒരു ചിരിയോടെ ഒസ്സാൻ മുഹമ്മദുക്ക വടിച്ചെടുത്തു.

4

എല്ലാ ഒസ്സാൻമാരെയും എനിക്ക് പേടിയായിരുന്നു.

എല്ലാ അവധിക്കാലത്തും ഞങ്ങളെല്ലാവരും ആമക്കാവിലുള്ള അമ്മാവൻ്റെ വീട്ടിലേക്ക് വിരുന്നുപോകും. അവിടെയാണ് ഉമ്മയുടെ വീട്. കളിച്ചുനടക്കാൻ വളരെ വിശാലമായ തോട്ടവും പറമ്പും, കാണാൻ കാളത്തേക്കും കന്നുപൂട്ടും ഒക്കെ അവിടെ ഉണ്ടായിരുന്നു. പോരെങ്കിൽ മൂന്നുനേരവും സുഭിക്ഷമായ ഭക്ഷണവും.ആനന്ദലബ്ധിക്ക് ഇതിൽ കൂടുതൽ എന്തുവേണം!

കുട്ടയും തുമ്പിയും കമ്പക്കയറിലും തുമ്പിക്കയറിലും കെട്ടി വട്ടിലും ഉരുളിലും കോർത്ത് നുകത്തിൽ കെട്ടി, കാളച്ചാലിലൂടെ കന്നുകൾ വെള്ളക്കൊട്ട വലിച്ചു കയറ്റുന്നതാണ് കാളത്തേക്ക്. പോത്തും എരുമയും വലിച്ചാലും അതിന്റെ പേരും പെരുമയും കാളകൾക്ക്‌ മാത്രമാണ് കിട്ടിയിരുന്നത്.

തേക്കുകാരൻ മുല്ലന് ഇടക്കിടക്ക് ബീഡി കത്തിക്കാനായി തീക്കൊള്ളി കൊണ്ടുവന്നു കൊടുക്കുമ്പോൾ എന്നെയും കമ്പക്കയറിൽ കയറ്റിയിരുത്തും.

ഒരു ദിവസം എനിക്കും ജേഷ്ഠനും പുത്തൻ ഷർട്ടും മുണ്ടും കിട്ടി. അന്നു രാത്രി മൗലൂദും റാത്തീബും ഉണ്ടായി. എല്ലാവരും ഇറച്ചിയും പത്തിരിയും കഴിച്ചു. കുറച്ചു കളിച്ചുനടന്നിരുന്ന ജേഷ്ടൻ എന്നേയും വിളിച്ചുകൊണ്ട്  അപ്പുറത്തുള്ള ഒരു വൈക്കോൽ കുണ്ടയുടെ മറവിൽ ഒളിച്ചിരുന്നു. എനിക്ക് കാര്യമൊന്നും പിടികിട്ടിയില്ല. ആളുകളെല്ലാം ഞങ്ങളെ തിരഞ്ഞു നടക്കുന്നു. എന്നാൽ  ജേഷ്ഠൻ വിളികേൾക്കാൻ സമ്മതിക്കുന്നില്ല. ഒടുവിൽ ആരൊക്കെയോ വന്നു ഞങ്ങളെ ബലമായി പിടിച്ചുകൊണ്ടു പോയി വാഴയില വിരിച്ച ഒരു പായിലിരുത്തി.

അവിടെ ഒസ്സാൻ മുഹമ്മിദിക്കക്ക് പുറമെ കത്തിയും കത്രികയുമായി മറ്റൊരാളും ഉണ്ട്. ആരൊക്കെയോ ജേഷ്ഠന്റെ കൈകളും കാലുകളും ബലമായി പിടിച്ചു. ആരോ ഒരാൾ വന്നു എന്റെ കണ്ണുകൾ പൊത്തി.  എപ്പോഴൊ ജേഷ്ടൻ്റെ അലർച്ച കേട്ടത് മാത്രം എനിക്ക് ഓർമ്മയുണ്ട്.

നേരം വെളുത്തപ്പോൾ ഞങ്ങൾ രണ്ടുപേരും പായകളിൽ മലർന്നു കിടക്കുകയാണ്. നടക്കാൻ കഴിയാതെ, നാണം മറക്കാൻ പോലും കഴിയാതെ അങ്ങിനെ കിടക്കുമ്പോഴാണ് പലഹാരങ്ങളുമായി പലരും കാണാൻ വന്നു തുടങ്ങിയത്. അരീരം, നെയ്യപ്പം, പഴംപൊരി, ഐനാസ്, പരിപ്പുവട തുടങ്ങിയ പലതരം പലഹാരങ്ങൾ ഉണ്ട്. നമ്മൾ അതെല്ലാം തിന്നണമത്രെ..! ഇല്ലെങ്കിൽ അവർക്ക് നാണക്കേടാണത്രെ..

സുന്നത്ത് കല്യാണം, തിരണ്ട് കല്യാണം, കാതുകുത്ത് കല്യാണം തുടങ്ങിയ എല്ലാ കുട്ടിക്കല്യാണങ്ങൾക്കും ഇങ്ങനെ പലഹാരങ്ങളിലൂടെ പങ്കുവെക്കുന്ന ഒരു സ്നേഹവാത്സല്യം ഉണ്ടായിരുന്നു. ഓണം, വിഷു, നോമ്പ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം അയൽക്കാർ തമ്മിലും അന്നന്നത്തെ വിഭവങ്ങളിലൂടെ പങ്കുവെക്കുന്ന ഒരു സ്നേഹവും സൗഹൃദവും കാണുമായിരുന്നു.

വല്ലപ്പോഴും ചില സർക്കസ് പ്രദർശനങ്ങളും ദിവസങ്ങളോളം  നീണ്ടുനിൽക്കുന്ന സൈക്കിൾ യജ്ഞങ്ങളും ഒക്കെയായി വിസ്മയങ്ങളുടെ കാലമാണ് കടന്നുപോയിരുന്നത്.

മറിയ ടീച്ചറുടെ ശാന്തതയും ഹിന്ദി പഠിപ്പിക്കുന്ന സരസ്വതി ടീച്ചറുടെ സൗമ്യതയും ഒത്തുചേർന്ന അഞ്ചാം തരത്തിൽ എത്തി.  നാരായണൻ നായരുടെ ഉപ്പുമാവും പാലും പോലെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അന്തരീക്ഷം. മറിയ ടീച്ചർ പഠിപ്പിക്കുന്നതെല്ലാം പാലുപോലെ ഒഴുകിപ്പരക്കും. സരസ്വതി ടീച്ചർ ഉപ്പും മുളകും പാകത്തിനുള്ള ഉപ്പുമാവ് പോലെ വിളമ്പും.

കൊള്ളിവട്ട്‌ പൊടിച്ചുണ്ടാക്കിയ പുട്ടിനും റേഷൻ ഗോതമ്പിന്റെ കഞ്ഞിക്കും പത്തിരിക്കും ഒക്കെയിടയിൽ വയറുനിറച്ച് രണ്ട് പെരുന്നാൾ കൂടി കടന്നുപോയി.

ഒടുവിൽ  വേണുഗോപാലൻ മാഷടെ ആറാം ക്ലാസ്സിൽ എത്തി. അക്ഷരാർഥത്തിൽ തന്നെ മലയാളം മാതൃഭാഷയായി മാറാൻ തുടങ്ങി. പഠിപ്പിക്കുമ്പോലെത്തന്നെ മാഷ് ഭംഗിയായി പിച്ചുകയും നുള്ളുകയും ചെയ്യും. നമ്മുടെ ഒഴിവുകഴിവുകൾ ഏതു വാക്യത്തിൽ പ്രയോഗിച്ചാലും മാഷടെ മുഖത്ത് ഒരു വ്യാകരണപ്പിശകും ഉണ്ടാവില്ല.
 ‎
മാഷടെ കൃത്യനിഷ്ഠകൾ സ്കൂളിന് പുറത്തും കാണാൻ കഴിഞ്ഞു. ഞാൻ വായനശാലയിൽ പോയി ബാലമാസികകളും വാരികകളും മറ്റും ഒക്കെ വായിക്കാൻ തുടങ്ങിയിരുന്നു. ലൈബ്രറിയിൽ നിന്നും ജേഷ്ഠൻ കൊണ്ടുവരുന്ന നോവലും കഥാപുസ്തങ്ങളും വായിക്കും. ചട്ട പോയതോ എട് കീറിയതോ ആയ പുസ്തകങ്ങൾ കണ്ടാൽ മാഷടെ ചോദ്യവും ശാസനയും ഉണ്ടാവും.

രാഷ്ട്രീയ വേദികളിൽ മാഷ് പ്രത്യക്ഷപ്പെടുന്നതിനും മുമ്പുതന്നെ ഞാനും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. എന്നെപ്പോലെ എല്ലാ കുട്ടികൾക്കും ആ കാലത്ത് ജാഥയിലൊക്കെ ചേർന്ന് മുദ്രാവാക്യങ്ങൾ വിളിച്ചു നടക്കുവാൻ  ഇഷ്ടമായിരുന്നു. അതിനെല്ലാം രക്ഷിതാക്കളുടെ മൗനസമ്മതവും ഉണ്ടായിരുന്നു. നീണ്ട ഒരു തകരക്കുഴലിലൂടെയാണ് മുദ്രാവാക്യങ്ങൾ വിളിക്കുന്നത്. എല്ലാവരും ആവേശത്തോടെ ഏറ്റുവിളിക്കും. കാളവണ്ടികൾ ഒഴിച്ചുള്ള വാഹനങ്ങൾ  അപൂർവ്വമായ നാട്ടുപാതയിൽ, കൂറ്റൻ ആൽമരങ്ങൾ വഴിനീളെ കൊടിപിടിക്കും.  കുട്ടികളും വലിയവരുമെല്ലാം ഇടകലർന്ന ആവേശത്തോടെ മുഷ്ടി ചുരുട്ടുന്ന നീണ്ട ജാഥകൾ. പാതക്കിരുവശവും കത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ നേരിയ വെളിച്ചം ദൂരെയുള്ള ഓലമേഞ്ഞ വീടുകളെ സൂചിപ്പിക്കും. ആൽമരങ്ങളിലെ  ഭൂതപ്രേതങ്ങൾ ജാഥ വരുമ്പോഴേക്കും  കൂടൊഴിഞ്ഞു പോയിരുന്നതുകൊണ്ട് എത്ര ഇരുട്ടായാലും പേടിയൊന്നും തോന്നില്ല. നാഴികകൾ നടന്ന് ജാഥ തിരിച്ചെത്തുമ്പോൾ ഇത്ര പെട്ടെന്ന് തീർന്നുപോയല്ലോ എന്ന സങ്കടത്തോടെ ഞങ്ങൾ വീട്ടിലേക്കോടും.

5

ഏഴാം ക്ലാസ്സിലെ ഒരു വേനൽക്കാലം.

ബാലകൃഷ്ണൻ ബെല്ലടിച്ചു. മാധവൻ മാഷ് ഹാജർ വിളിച്ചു. പൊടിവലി, തുമ്മൽ, തുടക്കൽ തുടങ്ങിയ പതിവുപരിപാടികൾ കഴിഞ്ഞപ്പോൾ മാഷ് എന്റെ പേര് വിളിച്ചു.

മുഹമ്മദ് കുട്ടി എഴുന്നേറ്റു നിൽക്കൂ..

പാഠമൊന്നും എടുത്ത് തുടങ്ങിയില്ല. ചോദ്യം ഒന്നും ചോദിച്ചിട്ടില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് എന്നെ എഴുന്നേൽപ്പിച്ചു നിർത്തിയത് എന്ന് ചിന്തിക്കാൻ പോലും സമയമില്ല.

എല്ലാവരും കണ്ടില്ലേ! ഇതാണ് ഇൗ സ്കൂളിലെ ഏറ്റവും വൃത്തികെട്ട കുട്ടി. ഇയാൾ  കുളിച്ചിട്ട് എത്ര ദിവസമായിക്കാണും.. മുഷിഞ്ഞു നാറിയ വേഷം കണ്ടില്ലേ.. അലക്കിയിട്ട് എത്ര ദിവസമായിക്കാണും. എത്ര പഴകിയതായാലും അത് കഴുകി വെളുപ്പിച്ച്‌ കുളിച്ചു വൃത്തിയായി വന്നൂടെ?

എത്ര മൂക്കുപൊടി വലിച്ചു കേറ്റിയാലും  ഇതിനു മുമ്പൊന്നും മാഷടെ മുഖം ഇത്രയും ചുവന്നു കണ്ടിട്ടില്ല.

നാളെ മുതൽ കുളിച്ചു വൃത്തിയായി സ്കൂളിൽ വന്നില്ലെങ്കിൽ അസംബ്ലിയിൽ എല്ലാവരുടെയും മുമ്പിൽ നിർത്തി തൊലിയുരിക്കും .. ഉം.. ഇരുന്നോളൂ..

ഒന്നും ചിന്തിക്കാൻ കഴിയാതെ മരവിച്ചു നിന്ന എന്നെ മാഷ്  തലതാഴ്ത്തി ഇരുത്തി.

ക്ലാസ്സിൽ എനിക്ക് പുറമെ പൂർണ്ണ നിശ്ശബ്ദത മാത്രം. എല്ലാ കുട്ടികളും എന്നെത്തന്നെ നോക്കിയിരിക്കണം. എല്ലാവരും എന്നെക്കുറിച്ച്  സഹതപിച്ചിരിക്കണം. എന്നാൽ എന്നെക്കുറിച്ചാകട്ടെ എനിക്കൊന്നുംതന്നെ ഓർക്കാനും പറയാനും ഇല്ലാത്ത ഒരവസ്ഥ.

എന്നും സ്കൂൾ വിട്ടുവന്നാൽ ഞാൻ നെല്ലിക്ക പെറുക്കാനും കോക്കാട്ടിച്ചിറയിൽ ചാടിമറിയാനുമെല്ലാം പോകാറുണ്ട്. അന്ന് അതിനൊന്നും തോന്നിയില്ല. വന്നപാടെ ഷർട്ടും ട്രൗസറും ഊരി  അലക്കുകല്ലിൽ വെച്ച് എല്ലാ സങ്കടങ്ങളോടെയും തല്ലിച്ചതച്ചു. പിറ്റേന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. ഓത്തുപള്ളിയില്ലാത്തതുകൊണ്ട് രാവിലെ ധാരാളം സമയം കിട്ടി. അലക്കുസോപ്പ് പതപ്പിച്ചു തേച്ച് പാളത്തൊട്ടി പൊളിയും വരെ വെള്ളം കോരി  കുളിച്ചു.

ഒരിക്കൽ വാഴക്കുന്നം നമ്പൂതിരി സ്കൂളിൽ അവതരിപ്പിച്ച മാജിക്ക് ഷോ എന്നെ അതിശയിപ്പിച്ച പോലെ പിറ്റേന്ന് ഹാജർ വിളിച്ചു കഴിഞ്ഞ് മാധവൻ മാഷും എന്നെ അതിശയിപ്പിച്ചു.

നിറഞ്ഞു ചിരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ മാഷ് പറയുകയാണ്:

ആ.. എല്ലാവരും കണ്ടില്ലേ.. മുഹമ്മദ് കുട്ടി ഇന്ന് കുളിച്ചു സുന്ദരനായിട്ടാണ് വന്നിരിക്കുന്നത്.. ഇനി എന്നും ഇങ്ങിനെത്തന്നെ വരും..

നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയ എണ്ണയും വിയർപ്പും ഒക്കെക്കൂടി എന്റെ കണ്ണുകളെ നീറ്റി.

തലേന്ന് അനുജത്തിയെ ഒക്കത്തിരുത്തി വളപ്പിൽനിന്നും ചുള്ളിവിറക് പെറുക്കുന്നതിനിടയിൽ ഉമ്മ വന്നു പറഞ്ഞത് ഞാൻ ഓർത്തു. ഉണങ്ങിക്കിട്ടില്ലാന്ന് വിചാരിച്ചാ ഉമ്മ എന്നും കഴുകിയിടാത്തത്.. നിയ്യതവിടെ  വെച്ച് ഇങ്ങോട്ടു മാറി നിക്ക്.. ഉമ്മ തിരുമ്പിത്തരാം..

എന്നും എല്ലാവർക്കും വച്ചുവിളമ്പിയിട്ടും എല്ലാവരുടെയും അലക്കിയുണക്കിയിട്ടും ഒരു മുഷിപ്പുമില്ലാത്ത ഉമ്മ നനഞ്ഞു കുതിർന്നു.

ഒരു ജോഡി കൂടി വേണ്ടതാല്ലേ .. ഇനി ഇക്കായി വരുമ്പൊ ഉമ്മ പറയാം..

ഞാൻ ഒരു അധർമ്മ സങ്കടത്തിലാണ്‌ പെട്ടു പോയിരിക്കുന്നത്. ഓത്തുപള്ളിയുള്ളപ്പോൾ അതിരാവിലെ എഴുന്നേറ്റു കുളിക്കാൻ മടിയാണ്. മൊല്ലാക്കക്കാണെങ്കിൽ എണ്ണ തേച്ചു മിനുക്കിയ മുടിയൊക്കെ കണ്ടാൽ കൃമികടിയുമാണ്.

കൃമികടി, കണ്ണുകടി തുടങ്ങിയ അസംബന്ധങ്ങളെയും, മുലകുടി, പൊക്കിൾക്കൊടി തുടങ്ങിയ രക്തബന്ധങ്ങളെയും, കൂത്ത്, തുള്ളൽ തുടങ്ങിയ അനിഷ്ടങ്ങളെയും മുതൽ എന്തിനേയും ഏതിനെയും വിവക്ഷിക്കാവുന്ന ധാരാളം നാടൻ പ്രയോഗങ്ങൾക്ക്‌ പുറമെ ഗുരുതരം, വാസ്തവം, പരമാർത്ഥം തുടങ്ങിയ ചില പുത്തൻ പദങ്ങളും വാമൊഴിയായി നാട്ടിൽ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. പോരെങ്കിൽ കരണ്ടും റേഡിയോയും കയറിവന്നപ്പോൾ പലരും ഞെട്ടി ഷോക്കടിച്ചു പോയിരുന്ന കാലവുമായിരുന്നു.

ഒരു ദിവസം വായനശാലയിലും ആലിക്കൽ വിജയകേഫിലും ആളുകൾ റേഡിയോ വാർത്തകൾ കേൾക്കാനായി കാതുകൂർപ്പിച്ചു നിൽക്കുന്നു. വാസ്തവത്തിലും പരമാർത്ഥത്തിലും പല വാഗ്വാദങ്ങളും കണ്ണുകൂർപ്പിച്ചു നടക്കുന്നു.

എനിക്ക്  ഒരു സ്റ്റേഷനും പിടിച്ചിട്ടില്ലെങ്കിലും  ഏറ്റവും ഒടുവിൽ വാർത്തകൾ വായിക്കപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം തുടങ്ങി.

എന്തിനാണ് യുദ്ധം തുടങ്ങിയത് എന്നൊന്നും എനിക്കറിയില്ല. അടുത്ത ദിസം സ്കൂളിൽ കളിക്കാൻ വിട്ടപ്പോൾ സേതുമാധവനും കേശവനും നാരായണനുമൊന്നും എന്നെ ഒരു കളിയിലും കൂട്ടുന്നില്ല. എടാ മൊട്ടെ.. എടാ കാക്കേ.. നീ പാക്കിസ്ഥാനിലേക്ക്  പൊക്കോടാ.. എന്നെല്ലാം പറഞ്ഞുകൊണ്ട് അതിർത്തിയിൽത്തന്നെ അവരെന്നെ തടയുകയാണ്.
 ‎
എന്നിട്ടും എൻ്റെ തലയിൽ ഒന്നും തന്നെ  ട്യൂൺ ചെയ്യുന്നില്ല. സ്ഥിതിഗതികൾ അത്ര ഗുരുതരമാണെന്നൊന്നും തോന്നിയില്ലെങ്കിലും കൂട്ടുകാരുടെ അതിർത്തിയിൽ നുഴഞ്ഞു കയറാതെ കുറെ നേരം അവിടെത്തന്നെ റോന്തു ചുറ്റി. പിന്നെ കൂട്ടബെല്ലടി കേൾക്കും വരെ ക്ലാസ്സിൽ കയറി ഇരുന്നു.

അടുത്ത ദിവസവും കളിക്കാൻ വിട്ടപ്പോൾ ഒരു യുദ്ധം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ ചെന്നത്. എന്നാൽ തലേദിവസം പറഞ്ഞതെല്ലാം സേതുമാധവനും കേശവനും നാരായണനും മറന്നു പോയിരിക്കുന്നു. ഞങ്ങൾ എല്ലാവരും വീണ്ടും കളി തുടങ്ങി. എല്ലാവരും ഒറ്റ ദിവസം കൊണ്ട് വീണ്ടും ഇന്ത്യക്കാരായി മാറി.
 ‎
ഒരു പൂരവും നേർച്ചയും കൂടി കഴിഞ്ഞു. ഒരു പരീക്ഷ കൂടി എഴുതി. ഏഴാം ക്ലാസ്സിന്റെ വാതിലുകൾ എനിക്ക് പിന്നിൽ അടഞ്ഞു. സ്കൂൾ പൂട്ടിയ ആഹ്ളാദത്തോടെ മെയിൻ റോഡിലേക്ക് തുറന്നുകിടക്കുന്ന ഗയിറ്റിലൂടെ പുറത്തേക്കോടുന്ന കുട്ടിക്കൂട്ടത്തിൽ ഞാൻ ഒന്നാമനായി.

വരവൂർ ഹൈസ്കൂളിന്റെ വാതിലുകൾ എനിക്കായി തുറന്നു കിടക്കുന്നതും, പുതിയ കൂട്ടുകാരും, പുതിയ അധ്യാപകരും, പുത്തൻ അനുഭവങ്ങളും കാത്തിരിക്കുന്നതും ഓർക്കാതെ മറ്റൊരു വേനലവധിയുടെ  സന്തോഷത്തിമർപ്പിൽ മുങ്ങിപ്പൊങ്ങി   കാലപ്രവാഹത്തിലൂടെ ഞാനും  ഒഴുകി.
 ‎

*ചിത്രങ്ങൾ ഗൂഗിളിൽ നിന്നും 
Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

15 comments :

  1. പഴയ കാലങ്ങളിലെ എന്തെല്ലാം കാര്യങ്ങൾ ഈ കുറിപ്പിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തി. കുട്ടിക്കാലം , നാട്ടിൻപുറം , അന്നത്തെ മനുഷ്യരുടെ ജീവിതരീതികൾ ഒപ്പം സ്കൂൾ കാലങ്ങൾ , ഗുരുസ്മരണകൾ അങ്ങനെ വളരെ ലളിതമായ ശൈലിയിലൂടെ ഉള്ള എഴുത്തു വായനക്കാരെ ഏറെ ആകർഷിക്കുക തന്നെ ചെയ്യും.
    ആശംസകൾ മാഷേ.

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി..സന്തോഷം

      Delete
  2. പഴയ കാലം - വള്ളിക്കൂടം കാലം ഒരു കാലം തന്നെ മാഷെ. ഇനിയൊരിക്കലും തിരിച്ചു വരാത്ത നിഷ്ക്കളങ്കബാല്യകാലം. എത്രയോ ഓർമ്മകൾ ഇത് തിരിച്ചുകൊണ്ടുവന്നു...
    ആശംസകൾ...

    ReplyDelete
  3. എന്താ മുഹമ്മദേ (ടീച്ചർ വിളിക്കുന്നത് പോലെ) ഇത്ര ധൃതി? ദേ കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ഹൈസ്‌കൂൾ എത്തി. അൽപ്പം കൂടി സാവകാശം വിശദമായി പറയേണ്ട കാര്യങ്ങൾ. ഒന്നാം ക്ലാസ്സ് തൊട്ടു ഓരോ ക്ലസ്സിലേയ്ക്കും മുഹമ്മദിനൊപ്പം ഞങ്ങളും പഠിച്ചു. നല്ല ഓര്മ കുറിപ്പുകൾ. ആസ്വാദ്യകരം.

    ReplyDelete
    Replies
    1. വിശദമായി പറഞ്ഞാലും തീരാത്തതാണല്ലോ മധുരിക്കുന്ന ബാല്യം.. അല്ലെങ്കിലെ നീണ്ടുപോയി..അതാ..നന്ദി..സന്തോഷം

      Delete
  4. ഓട്ടക്കാലണയുടേയും,ചില്ലിയുടെയും കാലം! എന്നേയും പഴയകാല ഓർമ്മകളിലേയ്ക്ക് കൊണ്ടുപ്പോയി....
    ഹൃദ്യമായ രചന
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. വരവിനും വായനക്കും സന്തോഷം..നന്ദി..

      Delete
  5. ചന്തയെപ്പറ്റി വായിച്ചപ്പോൾ ശനിയാഴ്ച തോറും നടന്നിരുന്ന അരീക്കോട് ചന്തയിലൂടെ ഞാനും ഇത്തിരി നേരം നടന്നു. മുഹമ്മദ് കാ.. നല്ല ഓർമ്മക്കുറിപ്പ്

    ReplyDelete
  6. കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം. ഏഴാം ക്ലാസ്സല്ലേ ആയുള്ളൂ. ബാക്കി കൂടെ എഴുതൂ.

    ReplyDelete
  7. വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  8. ithu vayichappol njan ente nattilekku poyi, pattambi ennokke aalkkarku manassilvan vendi parayunnatha. ente veedu chathanur anu, puthukkalangara kavu ambalthinte thottaduth. njanum schoolil karadu perukkiyittund. ithu vayichappol undaya santhosham njanente naatubhasha veendum kettu ennathanu. oro vakkum njan athrakk aswadichanu vayichath, nandi muhammadkka, ithrayum nalloru postinu

    ReplyDelete
    Replies
    1. സാജിത കറുകപുത്തൂർ ആണെന്ന് ഒരിക്കൽ എഴുതിയിരുന്നു. എന്നാൽ ഇത്ര അടുത്ത് ആണെന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം.. ഷാജിതയുടെ ഒരു പോസ്റ്റിൽ ഒരു കടയെക്കുറിച്ച് എഴുതിയിരുന്നല്ലൊ. ഓർമ്മ ശരിയാണെങ്കിൽ ആ ചെറിയ കട പണ്ട് ഞാൻ ധാരാളം കണ്ടിട്ടുണ്ട്. പിന്നീട് അവിടെ വാസു എന്ന ആളുടെ ഒരു തുന്നൽക്കടയായി എന്നാണ് എൻ്റെ ഓർമ്മ..

      Delete
    2. muhammadikka ente uppayude swantham veedu cheuppoor aanu, veettuperu cheruvil. uppayude uppa valare cheruppathil marichu, pinne ilayuppayan nokkiyath. uppayude uppade peru cheruvil chekku. pandu ente uppakk kada karukaputhur juma masjid nte aduthayirunnu.pinneed vivaham kazhinj njangalokke undayathinu sesaman puthukkulangarakavinteyum murshidul anam madrassyudeyum idakk kada ittath,.. uppak ippol 81 vayassayi. muhammadikka paranja kada allennanu enikku thonnunnath. uppayum ummayum ippol ente koode ernakulathanu thamasam.

      Delete
  9. ഏഴാം തരം വരെയുള്ള ഏഴഴകുകൾ ...

    ReplyDelete


Powered by Blogger.