അവിഹിതമൊന്നും നടന്നില്ലെങ്കിലും ഒരര്‍ത്ഥഗര്‍ഭത്തിന്‍റെ ആലസ്യത്തോടെ മാത്തുട്ടിച്ചായന്‍ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. കടിച്ചമര്‍ത്തിയിട്ടും പുറത്തുവന്ന കലിയോടെ ചാക്കോച്ചന്‍ കള്ളുകുപ്പികള്‍ മുഴുവന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ഡിസ്പ്ലേക്കെന്നപോലെ റൂമിലെ സ്റ്റാണ്ടില്‍ അടുക്കിവച്ചു. അതിന്‍റെ അപസ്വരങ്ങള്‍ക്കിടയിലും ഉച്ചസ്ഥായിയില്‍ അയാളുടെ പല്ലുകള്‍ക്കിടയില്‍ ചിലവാക്കുകള്‍ കല്ലുകടിച്ചു:ശ്ശെടാ..എന്നാലുംഏത്--- മോനാ ണാവോ ഇത് അബുമുഹമ്മദിന്‍റെ കാതിലെത്തിച്ചത്? ദേണ്ടേ.. ആ@###@ മോനെ ഇപ്പോള്‍ കയ്യില്‍ കിട്ടിയാല്‍ @#@*#@...
കേള്‍ക്കാന്‍ പറ്റാത്തവയെല്ലാം അയാള്‍ പുറത്തേക്ക് തുപ്പിക്കളഞ്ഞു. വായില്‍ കൊള്ളാത്തതെല്ലാം വിഴുങ്ങി.
തണുപ്പുകാലമായതുകൊണ്ട് കഴുത്തുവരെ കമ്പിളിയില്‍ മൂടി ഒന്നുമറിയാത്തവനേപ്പോലെ ഞാന്‍ കിടന്നു. എന്നാല്‍ മാത്തുട്ടിച്ചായന്‍റെ നോട്ടവും ചിരിയുമെല്ലാം എന്നെ എല്ലാ പുതപ്പില്‍ നിന്നും വലിച്ചു പുറത്തു തന്നെ കിടത്തി. നിഷ്കളങ്കതയോടെ ചിരിക്കാന്‍ നോക്കി ദയനീയമായിപ്പോകുന്ന എന്‍റെ മുഖത്തു നിന്നും ഇനി എന്തൊക്കെയാണാവോ അയാള്‍ വായിച്ചെടുക്കുന്നത്? ഒരു സംശയം മാത്തുട്ടിച്ചായനെ പിടികൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ആളെക്കൊല്ലുന്ന ഈ ചിരി.
ഞാന്‍ തലേന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തു:
അബു മുഹമ്മദിനോട് എല്ലാം പറഞ്ഞിരുന്നു. ഒടുവില്‍ ഞാനാണ് ഇക്കാര്യം പറഞ്ഞതെന്ന് ആരും അറിയരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍, ഇനി മറ്റാരോടും ഇക്കാര്യം പറയരുതെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു അബുമുഹമ്മദിന്റെ കുഴക്കുന്ന ഒരു ചോദ്യം:
ഒരു കുപ്പിക്ക് എത്ര റിയാല്‍ ?!
ഞാന്‍ അന്തം വിട്ടു നിന്നു. മുഖഭാവം മാറിയില്ലെങ്കിലും കൂട്ടുകച്ചവടക്കാരന്‍ എന്ന പോലെയാണല്ലോ അബുമുഹമ്മദിന്‍റെ ചോദ്യം. ചിലപ്പോള്‍ ഇക്കാര്യത്തില്‍ എനിക്കെന്തെങ്കിലും പങ്കുണ്ടോയെന്നു കണ്ടുപിടിക്കാന്‍ വേണ്ടിയാകും.
വിലയൊന്നും എനിക്കറിയില്ലെന്ന് അറിയുന്ന ഭാഷയിലെല്ലാം നിരപരാധിത്വം പ്രകടിപ്പിച്ചു. ഭാഗ്യം. അബുമുഹമ്മദ് എന്നെ വിശ്വസിച്ചു. ഒന്നുകൊണ്ടും പേടിക്കെണ്ടെന്നും താനെല്ലാം മാനേജ് ചെയ്തോളാമെന്നും അയാള്‍ വാക്കു തന്നു. ആ വാക്ക് പാലിച്ചിരിക്കുമെന്നുതന്നെയാണ് ഞാനും വിശ്വസിക്കുന്നത്.
അടുക്കിവക്കലും തെറിവാക്കുകള്‍ കൊണ്ടുള്ള വിഴുപ്പലക്കലും കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ ഒരു കിതപ്പോടെ കട്ടിലില്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഒരിക്കല്‍പ്പോലും അയാള്‍ എന്നെ നോക്കിയിരുന്നില്ല.
മുള്ളുകള്‍ വച്ചുകെട്ടിയ ചിരികള്‍ക്കിടയിലും മാത്തുട്ടിച്ചായന്‍ എന്തൊക്കെയോ പറഞ്ഞു ചാക്കോച്ചനെ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ട്. അതിനെല്ലാം ചെവികൊടുക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് മനസ്സമാധാനമൊന്നും വരുന്നില്ല. ഒടുവില്‍ മാത്തുട്ടിച്ചായന്‍ എഴുന്നേറ്റ് പോയി. ചാക്കോച്ചന്‍ അതേ ഇരിപ്പ് തുടര്‍ന്നു. എപ്പോഴോ ഞാനുറങ്ങിപ്പോയി.
അടുത്ത പ്രഭാതം.
ആപത്ശങ്കയോടെയാണ് ഉണര്‍ന്നതെങ്കിലും കണി കണ്ടത് തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ച്ച തന്നെയായിരുന്നു. തലേന്ന് സ്റാണ്ടില്‍ നിരത്തി വച്ച കള്ളുകുപ്പികളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഘര്‍ര്‍.. എന്ന് ഇപ്പോഴൊന്നും ഉണരില്ലെന്ന മട്ടിലാണ് ചാക്കോച്ചന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നത്.
ഒറ്റ രാത്രികൊണ്ട് അക്കണ്ടതെല്ലാം വിറ്റുപോയിരിക്കുമോ എന്ന് അത്ഭുതത്തോടെ ഞാന്‍ സംശയിച്ചു. പക്ഷെ, തലേന്ന് കൊടുക്കലും വാങ്ങലും ഒന്നും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത്ര മനസ്സമാധാനത്തോടെയൊന്നും ആയിരുന്നില്ലല്ലോ എന്‍റെ ഉറക്കം.
പിന്നീട്, ചാക്കോച്ചന്‍ പതിവുപോലെത്തന്നെ ഉണര്‍ന്നു. പതിവുപോലെത്തന്നെ പല്ലുതേപ്പും കഴിഞ്ഞു രണ്ട് ചായയുമായി വന്നു. ഞങ്ങള്‍ പതിവു പോലെ ചായ കുടിച്ചു. പിന്നെ ഗാരേജില്‍ പോയി. തിരിച്ചു വന്നു. പതിവുപോലെ വൈകുന്നേരം മാത്തുട്ടിച്ചായന്‍ വന്നു. എന്നാല്‍ പതിവു തെറ്റിച്ചുകൊണ്ട് അന്നു മാത്രമല്ല പിന്നീടൊരിക്കലും ചാക്കോച്ചന്‍ കള്ളുകച്ചവടം ചെയ്തില്ല. പിന്നീട് എപ്പോഴെങ്കിലും ഞങ്ങള്‍ക്കിടയില്‍ അതിനെക്കുറിച്ചുള്ള ഒരു പരമാര്‍ശം പോലും ഉണ്ടായില്ല.
അങ്ങിനെ ആഴ്ച്ചകള്‍.. മാസങ്ങള്‍..
ഇപ്പോള്‍ എനിക്കയാള്‍ കളിയും തമാശയും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന പഴയ ചാക്കോച്ചനായി. താമസം വിനാ അയാള്‍ക്ക് ഇന്ഷുറന്സ് തുക പാസ്സായി. അത് കിട്ടിയപ്പോള്‍ ഒരു ലോഡ് സാധനങ്ങളുമായി നാട്ടിലേക്ക് പോയി. പിന്നെ ഒരു കല്യാണമൊക്കെ കഴിച്ച് നാലുമാസത്തിനു ശേഷമാണ് അയാള്‍ തിരിച്ചെത്തുന്നത്.
ഏതാനും ദിവസങ്ങള്‍ കല്യാണവിശേഷങ്ങള്‍ മാത്രമായിരുന്നു ചാക്കോച്ചന്‍റെ ചുണ്ടിലുണ്ടായിരുന്നത്. ബോംബെയില്‍ പഠിച്ചു വളര്‍ന്ന് അവിടെത്തന്നെ ഉദ്യോഗമുള്ള ബന്ധുവായ ഒരു പെണ്‍കുട്ടിയെ അമ്മച്ചി അയാള്‍ക്ക് വേണ്ടി കണ്ടുവച്ചിരുന്നു. ഏഴ് ആണ്‍മക്കളില്‍ ഏറ്റവും ഇളയവന്റെ വിവാഹം വളരെ ആര്‍ഭാടമായി നടന്നു. എത്ര പറഞ്ഞാലും തീരില്ല അതിന്‍റെ വിശേഷങ്ങള്‍. ആദ്യരാത്രിയില്‍തന്നെ രക്തസ്രാവം മൂലം നവവധുവിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതും പിന്നെ നാലുദിവസത്തെ ആശുപത്രി വാസവും തിരിച്ചുവന്നപ്പോള്‍ ബന്ധുമിത്രാദികളുടെ കളിയാക്കലുകളും ഒക്കെ ഒരു ജാള്യത്തോടെ അയാള്‍ വിവരിച്ചു. കൂട്ടുകാരുടെ പൊട്ടിച്ചിരികളില്‍ ആസ്വദിച്ചു.
ചാക്കോച്ചന്‍ വീണ്ടും കമ്പനിയുടെ സൈറ്റില്‍ പോയിത്തുടങ്ങി. അറാംകോയുടെ വെല്‍ഡിംഗ് ടെസ്റ്റുകളെല്ലാം പാസ്സായിരുന്നതുകൊണ്ട് അയാള്‍ക്ക് അവിടെ ധാരാളം ശമ്പളവും ഓവര്‍ ടൈമും ഒക്കെ കിട്ടി.
വീണ്ടും മൂന്നുനാല് വര്‍ഷങ്ങള്‍..
ഞങ്ങളെല്ലാം മുറപോലെ നാട്ടില്‍ പോവുകയും തിരിച്ചുവരികയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ കമ്പനിക്ക് പുതിയ കോണ്ട്രാക്ടുകള്‍ ഒന്നും കിട്ടിയിരുന്നില്ല. പ്രത്യേകിച്ച് ജോലികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭീമമായ ശമ്പളം വാങ്ങുന്നവരെയെല്ലാം നിര്‍ബ്ബന്ധാവധിയിയില്‍ നാട്ടിലേക്കയച്ചു തുടങ്ങി. അവരുടെ പട്ടിക തീര്‍ന്നപ്പോള്‍ ഒരു ജോലിയുമില്ലാതെ നടക്കുന്ന കുറഞ്ഞ ശമ്പളക്കാര്‍ക്കും നോട്ടീസ് കിട്ടിത്തുടങ്ങി.
നാട്ടില്‍ പോയി കല്യാണമൊക്കെ കഴിച്ച് തിരിച്ചുവന്ന് രണ്ടുമാസം തികഞ്ഞിട്ടുണ്ടാവില്ല, ഒരു ദിവസം ഗാരേജിലേക്കും ഒരു നോട്ടീസ് വന്നെത്തി. അതില്‍ ഏറ്റവും ഒടുവിലത്തെ പേരുകാരനായി ഞാനുണ്ട്.
കടല്‍ കടന്നെത്തിയിട്ട് നാലഞ്ചു വര്‍ഷം കഴിഞ്ഞിരുന്നെങ്കിലും ഒരു കരയിലുമെത്താത്ത മരുഭൂമിയില്‍ തന്നെയായിരുന്നു എന്‍റെ അലച്ചില്‍. അതുകൊണ്ടുതന്നെ മനസ്സുമരവിച്ച ഒരു നിസ്സംഗതയോടെയാണ് ആ നോട്ടീസ് കൈപ്പറ്റിയത്.
അഞ്ചു കൊല്ലത്തെ സര്‍വീസ്സും ബോണസും തന്നുതീര്‍ത്ത് ആറുമാസത്തെ ലീവ് എന്ട്രിയും അടിച്ചാണ് എല്ലാവരേയും തിരിച്ചയക്കുന്നത്.
ആറുമാസത്തിനുള്ളില്‍ പുതിയ വര്‍ക്കുകള്‍ കിട്ടുകയാണെങ്കില്‍ കമ്പനി ഞങ്ങളെ തിരിച്ചു വിളിക്കും. അതല്ലെങ്കില്‍ പുതിയ വര്‍ക്കുകള്‍ കിട്ടുമ്പോള്‍ പുതിയ വിസ അയച്ചു തരും.
പിരിഞ്ഞുപോകുന്ന ഞങ്ങളോട് ഇന്ഷാ അള്ളാ എന്ന് പറയുമ്പോള്‍ അബുമുഹമ്മദിന്റെ കണ്ണുകളും നിറഞ്ഞു.
എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമ്പോള്‍ ചാക്കോച്ചനെ മാത്രം കാണാന്‍ കഴിഞ്ഞില്ല. അയാള്‍ സൈറ്റിലായിരുന്നു. എങ്കിലും കഴിഞ്ഞ അവധിക്ക് വന്നു പോകുമ്പോള്‍ത്തന്നെ ഞാന്‍ അയാളോട് യാത്രചോദിച്ചിരുന്നു. തമ്മില്‍ പിരിയുന്ന സങ്കടത്തിനിടയിലും തനിക്കൊരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത അയാള്‍ പങ്കുവച്ചു.
ഞാന്‍ നാട്ടിലെത്തി. കുറച്ചുകാലം അവിടെ പഴയ കാക്കിക്കുപ്പായത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. വീണ്ടും കാലവിദൂരമായ ഒരു യാത്രയുടെ ആദ്യചുവടുകള്‍ പോലെ കരയും കടലും പര്‍വ്വതങ്ങളും പച്ചപ്പുകളുമുള്ള ഒമാനില്‍ കാലുകുത്തി.
അഞ്ച്, പത്ത്, ഇരുപത്..
അങ്ങിനെ എത്രയെത്ര വര്‍ഷങ്ങള്‍.. എന്തെല്ലാം തരത്തിലുള്ള കാല, മാറ്റങ്ങള്‍.
ഒരിക്കല്‍ ഒമാനിലെ റൂവി എന്ന നഗരത്തിലെ നടുറോഡില്‍ ഗതാഗതത്തിരക്കില്‍ പെട്ടുപോയ ഒരു നട്ടുച്ച. പണ്ടുപണ്ട് സൌദിയിലെ കമ്പനിയില്‍ വരാറുണ്ടായിരുന്ന ഒരു മുഖച്ഛായ ആ ഉച്ചവെയിലില്‍ തെളിയുന്നു. തിരിച്ചറിഞ്ഞ ഏതാനും നിമിഷത്തില്‍ത്തന്നെ ഓര്‍മ്മകള്‍ പുതുക്കുന്നു. പൊടുന്നനെ ഞാന്‍ അയാളോട് ചാക്കോച്ചനെക്കുറിച്ച് അന്വേഷിച്ചു. ഹോ.. ചാക്കോച്ചന്.. എന്ന് എടുത്തുപറഞ്ഞുകൊണ്ട് അയാള്‍ എന്തോ മുഴുമിപ്പിക്കാന്‍ നോക്കുമ്പോഴേക്കും മുന്നില്‍ തെളിഞ്ഞ പച്ചസിഗ്നല്‍ കടന്ന് ഞങ്ങളുടെ വാഹനങ്ങള്‍ വെവ്വേറെ ദിശകളിലേക്ക് കുതിക്കുന്നു.
എന്നാലും ചാക്കോച്ചന് എന്തുപറ്റി..? എന്തോ പറ്റിയിട്ടുണ്ടെന്ന് അയാളുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നായി എന്‍റെ ചിന്ത.
ആ സംഭവത്തിനു ശേഷം വല്ലപ്പോഴുമൊക്കെ ചാക്കോച്ചന്‍ സ്വപ്നങ്ങളില്‍ കടന്നു വരാന്‍ തുടങ്ങി. ചില സ്വപ്നത്തില്‍ വന്നാല്‍ ഒന്നുരണ്ടു ദിവസമൊക്കെ അയാള്‍ കൂടെക്കാണും. പിന്നെ പരിചയം പുതുക്കാന്‍ വരുന്ന ഒരു വിദൂരസുഹൃത്തിനെപ്പോലെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു പുതുസ്വപ്നത്തില്‍ മുഖം കാണിക്കും.
എന്നാല്‍ ഈയിടെ ഈ കുറിപ്പുകളുടെ ആദ്യ അദ്ധ്യായത്തില്‍ സൂചിപ്പിച്ചപോലെ നേരവും കാലവുമൊന്നും നോക്കാതെ നിരന്തരമായി അയാള്‍ മുഖം കാണിച്ചു തുടങ്ങിയപ്പോഴാണ് ഒരുദിവസം ഫൈസ്ബുക്കില്‍ അയാളെ തിരയാന്‍ തീരുമാനിച്ചത്.
നാടും പേരും വീട്ടുപേരും ഒക്കെ അടിച്ചു നോക്കിയപ്പോള്‍ ആ നാട്ടില്‍ അതേ വീട്ടുപേരില്‍ തന്നെയുള്ള മറ്റൊരച്ചായനെ കണ്ടെത്തി. അയാളെ സുഹൃത്ത് ആക്കി. പിന്നീടൊരു ദിവസം ചാക്കോച്ചനെക്കുറിച്ച് ചോദിച്ചു. ചാക്കോച്ചനെയും കുടുംബപാശ്ചാത്തലവും വിസ്തരിച്ചപ്പോള്‍ അയാള്‍ വളരെ പെട്ടെന്നുതന്നെ ആളെ തിരിച്ചറിഞ്ഞു.
പിന്നെ മെസ്സേജിന്‍റെ രൂപത്തില്‍ എന്നെ ഏറെ വേദനിപ്പിക്കുന്ന ഒരു മറുപടി തന്നു:
പണ്ടുപണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സൌദിയിലെ അതേ കമ്പനിയില്‍ വച്ചു ചാക്കോച്ചന്‍ മരിച്ചു പോയിരിക്കുന്നെന്ന്..
അയ്യോ.. ഇത് ജീവിച്ചിരിക്കുന്ന ഒരു ആളല്ല..
മരിച്ചു പോയ ചാക്കോയാണ്..
ആളുകള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ചാക്കോച്ചന്‍ ചിരിച്ചുകൊണ്ട് പറയുന്നു:അവര്‍ക്കൊന്നും എന്നെ കാണത്തില്ലന്നെ..
അത് ശരിയായിരുന്നു.തിരിഞ്ഞുനോക്കുന്നവര്‍ മറ്റൊന്നും കാണുന്നില്ലെന്ന മട്ടില്‍ എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നത്. പുഞ്ചിരിച്ചുകൊണ്ട് മെല്ലെമെല്ലെ എനിക്കയാള്‍ അപ്രത്യക്ഷനായി.
ഈ കുറിപ്പുകളില്‍ മുഖം കാണിച്ചുപോയ പലരും ഇതുപോലെ കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി. നേര്‍ക്കാഴ്ച്ചകളില്‍ ജീവിക്കുന്ന എത്രയോ സുഹൃത്തുക്കളുണ്ട്. കാലത്തിന്‍റെ കരങ്ങള്‍ ചിലരെ തള്ളുന്നു. ചിലരെ തലോടുന്നു. എങ്കിലും അത് ഒരാളെയും വെറുതെ വിടുന്നില്ല.
ഇതില്‍ ഏറെ പരമാര്‍ശിച്ച ഇബ്രാഹീമിന്‍റെ പൂര്‍വ്വരൂപം ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും ആവുന്നില്ല. മിക്കപ്പോഴും ഇബ്രാഹീമിനെ കണ്ടുട്ടാറുണ്ട്. വീണ്ടും ടാക്സി ഡ്രൈവര്‍ ആയി, ദിവസക്കൂലിക്ക് പണിയെടുക്കുന്ന ടിപ്പര്‍ ഡ്രൈവറായി, ചായപ്പൊടി വില്‍പ്പനക്കാരനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് പഴയ ഇബ്രാഹീമിനെ അവന്‍ തന്നെയാണ് എന്‍റെ മനസ്സില്‍ നിന്നും തുടച്ചു കളഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ അവനോട് പറഞ്ഞു:നിന്‍റെ ജീവിതം ഒരു കഥയാക്കിയാലോ എന്നു തോന്നുകയാണ്..
എന്‍റെ കഥയോ.. ചതിക്കല്ലേ.. എന്ന് പെട്ടെന്ന് പ്രതികരിച്ചുകൊണ്ട് തെല്ലൊരാലോചനയോടെ അവന്‍ കുറച്ചു നേരം നിന്നു. പിന്നെ എന്നെ നോക്കി ഒരു മറുചോദ്യം:എന്തിനുവേണ്ടിയാണ് എന്‍റെ കഥയെഴുതുന്നത്?
മറ്റൊന്നിനുമല്ല.. വെറുതെ.. എനിക്കു തന്നെ വായിക്കാനാണ്..
വായിച്ചു രസിക്കാനാണല്ലെ..?
സഹനമോ, നിരാശയോ, എന്നറിയാത്ത ഒരു വരണ്ട ചിരി ആ ചുണ്ടില്‍ ഒതുങ്ങി. ഞാനും ഒരു ചിരിയില്‍ വല്ലായ്മ മറച്ചു. ഓര്‍മ്മകളില്‍ കൊഴിഞ്ഞുപോയ പ്രവാസകാലം തിരിച്ചെത്തി. വാക്കുകള്‍ മുറിയുന്ന ചെറിയ ഇടവേളകളിലെല്ലാം കെട്ടുപോകുന്ന കാജാ ബീഡികള്‍ക്ക് തീ കൊടുത്തു കൊണ്ട് അവന്‍ മരുഭൂമിയിലെ ഓര്‍മ്മകള്‍ അയവിറക്കുന്നതിന് ഒരു നിര്‍വ്വികാരതയോടെ ഞാന്‍ സാക്ഷിയായി.
നല്ലവരെന്നോ ചീത്തവരെന്നോ എന്ന വേര്‍തിരിവൊന്നും കാലം മനുഷ്യരോട് കാണിക്കാറില്ല. സൌഭാഗ്യങ്ങളായാലും ദൌര്‍ഭാഗ്യങ്ങളായാലും നീതിപൂര്‍വ്വമായ വിതരണമാണ് നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നതെന്ന് സാമാന്യജനത്തിനൊന്നും വിശ്വസിക്കാനും കഴിയില്ല. പൂര്‍വ്വ അദ്ധ്യായങ്ങളില്‍ വരച്ചുകാണിച്ചവരില്‍ പലരും സഹൃദയരായിരുന്നു. സഹവാസം സൌഭാഗ്യങ്ങളുടെ കൊടുമുടികളിലായിരുന്നു. എന്നിട്ടും അങ്ങിനെയുള്ളവര്‍ക്കിടയില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് വീണുപോയ രാമലക്ഷണന്‍മാര്‍ എത്രയോ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്.
രാമന്‍ നാട്ടിലെ ഒരു ചെറിയ തുണിക്കടയില്‍ നാമമാത്രമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന കാലത്താണ് ലക്ഷ്മണന്‍ രോഗബാധിതനായി മരിക്കുന്നത്. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വന്നു സ്വസ്ഥമായി ജീവിക്കവേയാണ് അപകടമോ ആത്മഹത്യയോ എന്ന് ആര്‍ക്കും അറിയാത്ത വിധത്തില്‍ ഇബ്രാഹീമിന്‍റെ ജേഷ്ടന്‍ മുഹമ്മദിക്കയുടെ മരണം സംഭവിച്ചത്.
ഹതഭാഗ്യരെ കയറുപമ്പരം പോലെ കറക്കിക്കൊണ്ടിരിക്കുന്നതും, കളിക്കളത്തില്‍ അവശേഷിച്ച ജീവിതങ്ങളെ കരകയറ്റുന്നതും ഒക്കെ കാലത്തിന്‍റെ കൈവിരുതുകള്‍ തന്നെ.
ഈയിടെ രാമനെ കണ്ടപ്പോള്‍ ആ മുഖത്ത് ജീവിതത്തിന്‍റെ പ്രസരിപ്പും സന്തോഷവും ഒക്കെയുണ്ട്. രാമലക്ഷ്മണന്‍മാരുടെ മക്കളെല്ലാം നല്ല നിലയില്‍ത്തന്നെ എത്തി. വാടകവീട്ടില്‍ നിന്നും ഇബ്രാഹീം വീണ്ടും സ്വന്തം വീട്ടിലേക്ക് മാറി. കണ്ടുകൊണ്ടിരിക്കെ സുലൈമാന്‍റെ കുടുംബത്തിന് ഒരു വീട് ഉയര്‍ന്നു പൊങ്ങി. ഇതെല്ലാം കാണുമ്പോഴും അറിയുമ്പോഴും ഉള്ളില്‍ ഒരു ആശ്വാസവും സന്തോഷവുമൊക്കെ ഞാനും അനുഭവിക്കുന്നുണ്ട്.
ജീവിതം വാടിക്കൊഴിക്കുന്ന ഓരോ വേനല്‍വറുതിക്ക് ശേഷവും പച്ചപ്പിന്‍റെ പുതുനാമ്പുകള്‍ മുളപ്പിക്കുന്ന കാലപ്രകൃതിക്ക് ദൈവകാരുണ്യത്തില്‍ കവിഞ്ഞ വിശേഷണങ്ങളോ നാനാര്‍ത്ഥങ്ങളോ ഉണ്ടാവില്ല. കാലാതിവര്‍ത്തിയായിത്തീരേണ്ട ജീവിതസമസ്യകള്‍ക്ക് ശരിയുത്തരങ്ങള്‍ പൂരിപ്പിച്ചുകൊണ്ടിരിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് സമാനതകളില്ലാത്ത ഒരേയൊരു നിര്‍വ്വചനം മാത്രം.. ദൈവനീതി.
പടച്ചവന് സ്തുതി..
ശുഭം
ഫോട്ടോ കടപ്പാട് ഗൂഗിള്‍
25 Comments
അറബിമലയാളം കഥകള്‍ അവസാനഭാഗം
ReplyDeleteഅങ്ങിനെ ഒരു പ്രവാസ ജീവിതത്തിന്റെ വേനലും വര്‍ഷവും വരച്ചിട്ട പച്ച സത്യങ്ങളുടെ ഓര്‍മ്മക്കുറിപ്പിന് ഒരു വിരാമം വിരലമര്‍ത്തിയിരിക്കുന്നു.ഇതിലെ ചാക്കോച്ചന്റെ ഉദയാസ്തമനങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന വല്ലാത്ത സ്പന്ദങ്ങള്‍ തന്നെ ....ഇനിയെന്തു കുറിക്കണമെന്ന മനസ്സിന്റെ ഊഷരതയില്‍ നിന്നും മറ്റൊരു ഉര്‍വരതയിലേക്ക് കണ്ണ് തുറന്നു വക്കട്ടെ-ആശംസകളോടെ !
ReplyDeleteവായനക്കും അഭിപ്രായത്തിനും ആത്മാര്‍ഥമായ നന്ദി..
Deleteകഥയെ തോല്പിക്കുന്ന രണ്ട് പതിറ്റാണ്ട്
ReplyDeleteകാലത്തെ ഒരു ഗൾഫ് പ്രവാസിയുടെ പച്ചയായ ജീവിതം
വായനക്കും അഭിപ്രായത്തിനും ആത്മാര്‍ഥമായ നന്ദി..
DeleteThanks mashe
ReplyDeleteവായനക്കും അഭിപ്രായത്തിനും ആത്മാര്‍ഥമായ നന്ദി..
Deleteഅനുഭവങ്ങളുടെ തീച്ചൂളയിൽ വറുത്ത് കോരിയെടുത്ത വാചകങ്ങൾ.നല്ല സങ്കടം തോന്നി.
ReplyDeleteമുഹമ്മദിക്ക നിങ്ങളെ ഒന്ന് കാണാൻ തോന്നുന്നു.ഇനി ഞാൻ ആറങ്ങോട്ടുകരയിൽ വരുമ്പോൾ വിളിക്കും.
വേഗം അടുത്ത അനുഭവക്കുറിപ്പുകളോ അങ്ങനെയെന്തെങ്കിലും എഴുതാൻ നോക്കൂ.നമ്മുടെ വീകേ അശോകേട്ടൻ എഴുത്തി നിർത്തി.ഇക്ക അത് പോലെ ആകരുത്.തുടരെ എഴുതണം.
വായനക്കും അഭിപ്രായത്തിനും ആത്മാര്‍ഥമായ നന്ദി.. ആറങ്ങോട്ടുകരയിൽ വരുമ്പോൾ വിളിക്കണം..
Deleteമുഹമ്മദ്ക്കാ... പ്രവാസം ഒരു തപസ്യയാണ്… ലാഭങ്ങളേക്കാളുപരി നഷ്ടങ്ങൾ വിളയുന്ന ഊഷരഭൂമി... അനുഭവങ്ങളിൽ പലതും എന്റേതും കൂടിയാണെന്ന് തോന്നി...
ReplyDeleteസുധി പറഞ്ഞത് പോലെ എഴുത്ത് നിർത്തരുത്... ഈ തൂലിക ഇനിയും ചലിക്കണം...
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും സന്തോഷവും നന്ദിയും..
Deleteപറഞ്ഞതുപോലെ പ്രവാസജീവിതം......
ReplyDeleteവര്‍ഷങ്ങള്‍ക്കുമുമ്പ് എന്നോടൊപ്പം ജോലിചെയ്തിരുന്നവരുടെ മുഖങ്ങള്‍ തെളിഞ്ഞുവരുന്നു.തിരിച്ചുവന്നതിനുശേഷം അവരെയൊന്നു കാണാനൊ,വിശേഷങ്ങള്‍ അറിയാനൊ
കഴിഞ്ഞിട്ടില്ല.വിവിധ ജില്ലകളില്‍ ഉള്ളവരാണ്.
ഈ ഓര്‍മ്മക്കുറിപ്പ് മനസ്സില്‍ തട്ടുന്നതായി...
ആശംസകള്‍
എല്ലാ പ്രവാസ അനുഭവങ്ങള്‍ക്കും താരതമ്യേന ഒരു സമാനതയുണ്ടാവും അല്ലെ..സന്തോഷം..നന്ദി..
Deleteഇവരെയൊക്കെ ഞാനും എപ്പോഴൊക്കെയോ കണ്ടുമുട്ടിയിരുന്നില്ലേയെന്നൊരു സംശയം...
ReplyDeleteആശംസകൾ ....'
മേലെ സൂചിപ്പിച്ച പോലെ പ്രവാസാനുഭവങ്ങള്‍ക്ക് സമാന്യമായൊരു സമാനതയുണ്ടായിരിക്കും..വായനയില്‍ സന്തോഷം..
Deleteഇവരെയൊക്കെ ഞാനും എപ്പോഴൊക്കെയോ കണ്ടുമുട്ടിയിരുന്നില്ലേയെന്നൊരു സംശയം...
ReplyDeleteആശംസകൾ ....'
പ്രവാസി ജീവിത കഥ (നടന്നത്) നന്നായി. നേരിട്ടുള്ള വിവരണം ആയതിനാൽ ഒരു കഥ ആയി രൂപപ്പെട്ടില്ല. എന്നാലും സത്യം ആയതു കൊണ്ടു വായനാ സുഖം കുറഞ്ഞതുമില്ല. എല്ലാം മനസ്സിൽ തട്ടുകയും ചെയ്തു.
ReplyDeleteഅങ്ങിനെ ഇതിന്റെ അവസാനം ആയി.
അനുഭവ വിവരണങ്ങൾ ഇതു കൊണ്ടു അവസാനിപ്പിക്കാനാണോ ഭാവം? എത്ര വർഷമായിരുന്നു മണലാരണ്യത്തിൽ? 10 ? -20? അതൊക്കെ ക്കൂടി ഇത്രയേ പറയാനുള്ളോ? അതു ഞങ്ങൾ വിശ്വസിക്കില്ല. ഇനിയുമുണ്ട് മുഹമ്മദ് ഇനിയും ഏറെയുണ്ട്.
ചെയ്യേണ്ടത് ഓരോ സംഭവങ്ങൾ -ഓരോ ആളുകൾ അതു എഴുതുക. അതിനു തുടർച്ച വേണ്ട. തമ്മിൽ ബന്ധിപ്പിക്കണ്ട. ഇത്രയും വർഷത്തിനിടയിൽ നൂറു കണക്കിന് ആളുകളും സംഭവങ്ങളും മനസ്സിൽ കാണുമല്ലോ.
എഴുത്തു പ്രതീക്ഷിക്കുന്നു,
ബിപിൻജീ... ഐഡിയ പറഞ്ഞു തന്നതിന് ഒരായിരം നന്ദി...
Deleteതാഴെ വിനു സൂചിപ്പിച്ചപ്പോലെ അതൊരു നല്ല ഐഡിയയാണ്.. തുടരാന്‍ കഴിയാത്തപ്പോള്‍ ടെന്‍ഷനും തോന്നില്ല...വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..
Deleteജീവിതത്തിന്‍റെ വഴിതാരകളില്‍വെച്ച് ഇത്തരത്തില്‍ പലരേയും കണ്ടുമുട്ടുകയും വേര്‍പിരിയുകയും ചെയ്യും. അവരെക്കുറിച്ചുള്ള ഓര്‍മ്മ വല്ലപ്പോഴും കടന്നു വരുമ്പോഴാണ്- അകന്നുപോയത് വളരെ വേണ്ടപ്പെട്ടവരായിരുന്നുവെന്ന് അറിയുന്നത്.
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി..
Deleteപ്രവാസ കഥകള്‍ ശരിക്കും വിഷമതയോടെ വായിച്ചു തീര്ത്തു. തുല്യ ദു:ഖിതരായത് കൊണ്ടാവാം പ്രവാസത്തിന്‍റെ എല്ലാ കഥകളുടെയും അവസാനം ഇങ്ങിനെയൊക്കെ യാവും അവസാനിക്കുന്നത്... ഇതെല്ലാം ക്രോഡീകരിച്ച് ഒരു പുസ്തകമാക്കികൂടെ ?
ReplyDeleteപ്രവാസത്തിന്റെ ഓർമ്മകൾ.. എത്ര എഴുതിയാലും തീരില്ല..നന്നായിരിക്കുന്നുഎന്ന് ഒരു പാവം പ്രവാസി.. ആശംസകൾ
ReplyDeleteപ്രവാസത്തിലെ അത്ഭുത കഥകൾക്ക് പഞ്ഞമില്ലല്ലൊ. നാട്ടിലേതിനേക്കാൾ മറക്കാൻ പറ്റാത്തതാണ് പ്രവാസാനുഭവ കഥകൾ. ചിലതൊക്കെ വേദനയോടെ തികട്ടിത്തികട്ടി കടന്നു വരും. അതൊരു നീറ്റലായി മനസ്സിൽ കിടക്കും.
ReplyDeleteആശംസകൾ ....
പ്രവാസൈ കഥകൾ വായിച്ചാൽ പ്രയാസമുണ്ടാക്കുന്നതാണ്.എത്ര പറഞ്ഞാലും തീരാത്തതും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ തുടർന്ന് കൊണ്ടിരിക്കുന്നതുമായ കഥകൾ (അല്ല അനുഭവങ്ങൾ)
ReplyDeleteനിങ്ങളുടെ അഭിപ്രായം എന്തായാലും..