Apr 8, 2025 03:17:55 PM Menu
കവിതകള്‍

അറബിമലയാളം കഥകള്‍ (ഒന്ന്)

                                   



ചാക്കോച്ചനെ എപ്പോള്‍ കണ്ടാലും മുപ്പത്തഞ്ചു കൊല്ലം മുമ്പത്തെ മുഖവും രൂപഭാവവും. ഒരു വിത്യാസവുമില്ല.

ഒരിക്കല്‍  തിരക്കേറിയ ഒരു പട്ടണത്തിലെ ഏതോ ഒരു കമ്പനി സെയില്‍സ്മാന്‍റെ വേഷത്തിലായിരുന്നു. പിന്നൊരിക്കല്‍ പ്രവാസിയുടെ ഉറക്കക്ഷീണമുള്ള കണ്ണുകളോടെ കൂട്ടുകാര്‍ക്കിടയില്‍ വാചകമടിച്ചിരിക്കുന്നു. വേറൊരിക്കല്‍ കവലയില്‍ വാഹനം കാത്തുനിന്ന എന്നെ കണ്ടപ്പോള്‍ കൈ വീശുന്ന ബസ്സ്‌ യാത്രികനായി.

ഇങ്ങിനെ ഇടക്കിടെ എന്റെ സ്വപ്നങ്ങളിള്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഒരു ദിവസം ഫൈസ്ബുക്കില്‍ അയാളെ തിരയാന്‍ തീരുമാനിച്ചത്.

ചാക്കോച്ചന്‍റെ നാടും വീട്ടുപേരും അമ്മച്ചിയുടെ പേരുമെല്ലാം എനിക്ക് ഇപ്പോഴും കാണാപ്പാഠം തന്നെയാണ്. ഓര്‍മ്മിച്ചു വക്കേണ്ട ഒരുപാട് കാര്യങ്ങള്‍ മറന്നു പോയിട്ടും എന്തുകൊണ്ടോ ഇങ്ങിനെ ചിലതെല്ലാം എന്‍റെ മനസ്സില്‍  പച്ചപിടിച്ചു കിടക്കുന്നു. ദുരിതവും പ്രാരാബ്ധവും നിറഞ്ഞ ഏതു വേനല്‍ വറുതിയിലും ചില മരുഭൂമിയിയില്‍ ഒരു നറും പച്ചപ്പൊക്കെ കരിഞ്ഞു പോകാതെ പിടിച്ചു കിടക്കുന്നത് കാണാറുണ്ട്. അതുപോലൊക്കെത്തന്നെയായിരിക്കും മനസ്സിലും ചിലതെല്ലാം വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നത്.

മുപ്പത്തഞ്ചുകൊല്ലം മുമ്പ് സൌദിഅറേബ്യയിലെ ദമാമില്‍ വച്ചാണ് ഞാന്‍ ചാക്കോച്ചനെ ആദ്യമായി കാണുന്നത്. അതിനു ശേഷമുള്ള അഞ്ചു കൊല്ലത്തെ പ്രവാസജീവിതത്തില്‍ ഞങ്ങള്‍ എന്നും ഒരേ ഭക്ഷണം കഴിച്ചു. ഒരേ മുറിയില്‍ ഉറങ്ങി. ഒരേ പകലിനെ കണ്ടുണര്‍ന്നു.

ഒരുപാടു കാലം ബോംബെയിലെ ലാസ്സന്‍ ടൂബ്രോയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്തിരുന്ന ചാക്കോച്ചനെ സൌദി കമ്പനി നേരിട്ടു സെലക്ഷന്‍ ചെയ്ത് ടിക്കറ്റും മറ്റും കൊടുത്ത് കൊണ്ടുവരികയായിരുന്നു. എന്നാല്‍ എന്‍റെ കാര്യം അങ്ങിനെയായിരുന്നില്ല. കൊപ്പത്തുള്ള വിസ ഏജന്‍റ് ഹംസ പറഞ്ഞ പണം നല്‍കി ജീവിതത്തിലാദ്യമായി ബോംബേക്ക് തീവണ്ടി കയറി.

പിന്നെ കോളിവാഡയിലെ ഒരു തമിഴ് ചേരിയിലെ ദുരിത ജീവിതം. ഒരു ദിവസം പനിയും ചര്‍ദ്ദിയും പിടിച്ചു തല പൊക്കാന്‍ കഴിയാതെ കിടക്കുമ്പോഴാണ്  വിസയും വിമാനടിക്കറ്റും ശരിയായിട്ടുണ്ടെന്ന് ഹംസ വന്നു പറയുന്നത്. ആ സന്തോഷ വാര്‍ത്ത യാതൊരു പ്രതികരണവും ഇല്ലാതെ ശ്രവിച്ച എന്നെ ഹംസ അടുത്തുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോയി. രക്തവും മൂത്രവും ഒക്കെ പരിശോധിച്ചു കഴിഞ്ഞതിനു ശേഷം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ രണ്ടാഴ്ച്ചക്കുള്ള മരുന്നും വിശ്രമവും കുറിച്ചുതന്നു.

പക്ഷെ ഏജന്‍റ് ഹംസയുടെ ബുദ്ധിയില്‍  പ്രായോഗിക പരിജ്ഞാനമുള്ള മറ്റൊരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഒരു മാസത്തെ മരുന്ന് വാങ്ങി എന്‍റെ ബാഗില്‍ വച്ചുകൊണ്ട് ഹംസ പറഞ്ഞു:

ഇത് ഗ്രൂപ്പ് വിസയാണ്.. ഇന്ന്  പോകാന്‍ പറ്റിയില്ലെങ്കില്‍ വിസക്ക് കൊടുത്ത കാശുപോകും..

മഞ്ഞപ്പിത്തം എനിക്ക് ഒരു പുത്തരിയൊന്നും ആയിരുന്നില്ല. വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ അതെന്നെ ആപാദചൂഡം വിഴുങ്ങി. അന്ന് ഉമ്മ പശുവിന്‍ പാലില്‍ അരച്ചു കലക്കിത്തന്ന കിഴാര്‍നെല്ലിയും വാപ്പയുടെ കഷായവും പൊടിയും ഗുളികകളും ഒക്കെക്കൂടിയാണ് പഴയപടി ചുവന്നരാശിയിലുള്ള വെള്ളനിറത്തിലെത്തിച്ചത്.

മലയാളനാട്ടില്‍ അന്ന് മഞ്ഞപ്പിത്തത്തിന് ധാരാളം ഒറ്റമൂലികകള്‍ ഉണ്ടായിരുന്നു. അയല്‍ ഗ്രാമത്തിലെ മന്ത്രവാദി കുട്ടന്‍ നായര്‍ രഹസ്യമായി കൊടുത്തിരുന്നത് നീലക്കടലാവണക്കിന്‍റെ നീരാണെന്നും തെക്കുള്ള ഒരു വൈദ്യര്‍ അരച്ചുരുട്ടിക്കൊടുത്തിരുന്നത് ആവണക്കിന്‍റെ തളിരാണെന്നും ഒക്കെ കാലക്രമേണ എനിക്കു മനസ്സിലായി. എന്നാല്‍ ഞങ്ങളുടെ നാട്ടിലെ സിങ്കപ്പൂര്‍ മഠത്തില്‍ നിന്നും പഴത്തിനകത്ത് വച്ചു കൊടുത്തിരുന്ന ഒരു സിദ്ധൌഷധം മാത്രം വളരെക്കാലത്തോളം എനിക്ക് പിടിതരാതെ കഴിഞ്ഞു. മഠത്തില്‍ മഞ്ഞപ്പിത്തക്കാരുടെ നീണ്ട ക്യൂ കാണുമ്പോഴെല്ലാം എന്‍റെ കണ്ണുകളും മഞ്ഞളിച്ചു. ആ മരുന്നിനെക്കുറിച്ച് ചിന്തിച്ചു തല പുകഞ്ഞു.

വൈകുന്നേരം ദല്‍ഹിയിലേക്കുള്ള ഫ്ലൈറ്റില്‍ ഹംസ എന്നെ യാത്രയാക്കി. പിരിയാന്‍ നേരം ഒരു ഉപദേശവും തന്നു: മഞ്ഞപ്പിത്തം ആണെന്ന് ആരോടും പറയരുത്.. അവിടെയെത്തിക്കഴിഞ്ഞാല്‍ കമ്പനിയിലും ആരും ഇത് അറിയരുത്..

എന്‍റെ ആദ്യത്തെ വിമാനയാത്ര.. ദല്‍ഹിയിലെ അശോക്‌ ഹോട്ടലില്‍ ഒരു രാത്രിയിലെ രാജകീയമായ താമസം. പിറ്റേന്ന് പുലര്‍ച്ചെ മറ്റൊരു വിമാനത്തില്‍ കയറി സൌദിയിലെ ദഹ്‌റാന്‍ വിമാനത്താവളത്തില്‍ ഇറക്കം. കോടിക്കണക്കിനുള്ള നരച്ച മേഘങ്ങളും കരിനീലിച്ചു കിടന്ന കടലും മാത്രമാണ് ഞാന്‍ ആകെ കണ്ടത്. കണ്ണുകള്‍ മഞ്ഞളിച്ചു പോയിരുന്നതു കൊണ്ട് മറ്റൊരു വര്‍ണ്ണ വിസ്മയവും മനസ്സില്‍ പതിഞ്ഞില്ല.

ഒടുവില്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ ഒരു അറേബ്യന്‍ നഗരം മുന്നില്‍ കത്തിക്കാളി കിടക്കുന്നുണ്ട്.

മിക്കവാറും ഒരേ കമ്പനിയിലേക്കുള്ള പുതിയ വിസക്കാര്‍ തന്നെയായിരുന്നു ഞങ്ങളില്‍ അധികം പേരും. അപ്പുറത്തിരിക്കുന്ന ആലപ്പുഴക്കാരന്‍ നൗഷാദിനെയും ഇപ്പുറത്തിരിക്കുന്ന തിരുവനന്തപുരത്തെ ശശിധരനെയും മാത്രമാണ് അന്ന് പരിചയപ്പെട്ടത്. ചാക്കോച്ചനും ആ കൂട്ടത്തില്‍ ഉണ്ടായിരിക്കണം. പക്ഷെ  അന്യോന്യം അറിയുന്നില്ലല്ലോ.

വലിയൊരു ഓഫീസില്‍ എല്ലാവരും എത്തപ്പെട്ടു. പാസ്പോര്‍ട്ടും എഗ്രിമെന്‍റും കൊടുത്തപ്പോള്‍ ഓരോരുത്തരുടെ കൈയിലും മുന്നൂറു റിയാല്‍ വീതം അടക്കംചെയ്ത ഓരോ കവര്‍  കിട്ടി. പിന്നെ കിടക്ക, തലയിണ, പുതപ്പ്‌ മുതലായവയും. ഞങ്ങളില്‍ മിക്കവരും പിറ്റേന്ന് രാവിലെത്തന്നെ ദൂരെയുള്ള സൈറ്റിലേക്ക് പോകേണ്ടവരാണത്രെ. അതുവരെയുള്ള അത്യാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനുമൊക്കെയുള്ള അഡ്വാന്‍സ് ആയിരുന്നു കവറിലെ പണം.

ജീവിതത്തിലാദ്യമായി ഒരു കിടക്കയും കമ്പിളിയും സ്വന്തമായി കിട്ടിയ സന്തോഷമൊന്നും എന്‍റെ ഉള്ളിലുണ്ടായിരുന്നില്ല. ഓഫീസ്സിനു മുന്നിലെ പൂച്ചെടികള്‍ക്കിടയിലാണ് മനസ്സ്. എന്നാല്‍ പുല്ലുകള്‍ക്കിടയില്‍ എവിടെയും ഒരു കിഴാര്നെല്ലിയുടെ തലവെട്ടം പോലും കാണാനില്ല.

ഗള്‍ഫില്‍ നിന്നുള്ള ആദ്യത്തെ കത്തില്‍ ഞാന്‍ വാപ്പക്ക് ഇങ്ങിനെ എഴുതി:

അവിടെ നിന്നും ആരെങ്കിലും ദാമ്മാമിലേക്ക് വരുന്നുണ്ടെങ്കില്‍ മഞ്ഞപ്പിത്തത്തിനുള്ള മരുന്നുകള്‍ കൊടുത്തയക്കണം. പാലില്‍ കഴിക്കാനുള്ളതൊന്നും വേണ്ട.. ഇവിടെ ഒട്ടകപ്പാലാണ് പാക്കറ്റിലാക്കി വില്‍ക്കുന്നത്.. തെങ്ങും കഴുങ്ങും ആടും പശുവും കാക്കയും കോഴിയുമില്ലാത്ത ഒരു നാടാണിത്..

രണ്ടു പീസ്‌ ബ്രഡ് മാത്രം കഴിച്ചു കിടന്നു. കഴിക്കുന്നതെന്തും മറ്റാരും കാണാതെ ചര്‍ദ്ദിച്ചു കളയാനായിരുന്നു അതിലേറെ കഷ്ടം. ഒടുവില്‍ എവിടെയൊക്കെയോ നേരം വെളുത്തു. സൈറ്റിലേക്ക് പോകേണ്ടവരുടെ ലിസ്റ്റില്‍ എന്റെ പേരും ആരോ വായിച്ചു.

മരുഭൂമിയുടെ വന്യതയും തീഷ്ണതയുമെല്ലാം സമ്മേളിച്ച പകല്‍.

ഞാന്‍ കണ്ടതിലും അനുഭവിച്ചതിലും ഏറ്റവും കാഠിന്യത്തോടെയാണ് അന്നത്തെ വെയിലിന്റെ തുടക്കം. ഇപ്പോള്‍ ഞാന്‍ അതിവിശാലമായ ഒരു മരുഭൂമിയിലാണ്. തട്ടാന്‍ പങ്കോട ചിരട്ടക്കനലില്‍ പൊന്ന് ഊതിക്കാച്ചുമ്പോലെ കണ്ണെത്താദൂരത്തോളം മരുക്കാറ്റില്‍ മണല്‍ക്കടല്‍ തിളച്ചു കൊണ്ടിരുന്നു. വിദൂരങ്ങളില്‍ അവിടവിടെ പെട്രോള്‍ റിഫൈനറികളുടെ തീക്കുഴലുകള്‍ പുക തുപ്പിക്കൊണ്ടിരുന്നു. മുന്നില്‍  ചക്രവാകങ്ങളിലേക്ക് നീണ്ടുകിടക്കുന്ന ഭീമാകാരങ്ങളായ പൈപ്പുകള്‍ . തീപ്പൊരി ചിതറി കാതടക്കുന്ന ഉച്ചത്തില്‍ അലറുന്ന വലിയ വെല്‍ഡിംഗ്  മെഷീനുകള്‍ . വലിയ വലിയ ക്രൈനുകള്‍, സൈഡ് ബീമുകള്‍, ബുള്‍ഡോസര്‍, ഷവല്‍, ലോഡര്‍ മുതലായവയുടെ മുരള്‍ച്ചകള്‍.

വെള്‍ഡര്‍മാരെയും ഫാബ്രിക്കേറ്റര്‍മാരെയും സഹായിക്കുകയെന്ന കായികാധ്വാനമില്ലാത്ത ജോലിയായിരുന്നെങ്കിലും സൂര്യതാപത്തില്‍ ഞാന്‍ വാടി. തണ്ടൊടിഞ്ഞ പോലെ മണല്‍ക്കാറ്റില്‍ ആടി. മരുഭൂമിലെ ചൂട് അതിന്‍റെ മൂര്‍ധന്യത്തില്‍ എത്താറുള്ള ജൂലായ്‌ മാസത്തിന്‍റെ നടുവിലായിരുന്നു കണ്ണട മാത്രം പുറത്തേക്ക് കാണുന്ന മുഖം മൂടിക്കെട്ടിയ മനുഷ്യജീവികള്‍. ഐസ് ഇട്ടു തണുപ്പിച്ച "ടാങ്ക്‌ " കലക്കിയ തര്‍മോസിന്റെ വലിയ കാനുകള്‍ ഒഴിയുന്ന മുറക്ക് എത്തിക്കൊണ്ടേയിരുന്നു.

അറാംകോ എന്ന അറേബിയന്‍ അമേരിക്കന്‍ ഓയല്‍ കമ്പനിയുടെ കര്‍ശനമായ നിയന്ത്രണത്തിലായിരുന്നു സൈറ്റും ക്യാമ്പും താമസ സൗകര്യങ്ങളും. കണ്ടൈനറുകളില്‍ ഒരുക്കിയ പോര്‍ട്ടബിള്‍ മുറികളില്‍ പുറത്തെ ചൂടും പുകച്ചിലുമൊന്നും ഇല്ല. എട്ടുമണിക്കൂര്‍ ജോലിയും പിന്നെ ഓവര്‍ടൈമും. രണ്ടു നേരവും ആട് കോഴി മീന്‍ തുടങ്ങിയവയും ചപ്പാത്തിയും ചോറും കറിയും തൈരും മോരും ആപ്പിളും ഓറഞ്ചും എല്ലാമുള്ള സമ്പുഷ്ടമായ ഭക്ഷണം. ഞാനൊഴിച്ച്‌ ബാക്കി എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു.

ഉച്ചക്ക് കുറച്ചു ചോറും തൈരും കഴിച്ച് ഒരു ആപ്പിളും ഓറഞ്ചും തിന്ന് വീണ്ടും സൈറ്റിലേക്ക്. യന്ത്രങ്ങള്‍ക്ക് വീണ്ടും ജീവന്‍ വച്ചു. അവ അലറി തീ തുപ്പിത്തുടങ്ങി. പിന്നെപ്പോഴോ കുറച്ചു ടാങ്ക്‌ വെള്ളം കുടിച്ചതേയുള്ളൂ. പലപ്പോഴായി കഴിച്ചത് മുഴുവന്‍ പുറത്തേക്ക് തന്നെ തികട്ടി. ഒടുവില്‍ വെറും മഞ്ഞവെള്ളം മാത്രമായപ്പോള്‍ അത് മണലിട്ടു മൂടാന്‍ പോലും കഴിയാതെ ഞാന്‍ തളര്‍ന്നു.

ഒരിടവേളയില്‍  ഫാബ്രിക്കേറ്ററില്‍ ഒരാള്‍ അടുത്തേക്ക് വന്നു. വന്നപാടെ അയാള്‍ ദൂരെക്കിടക്കുന്ന ഒരു പിക്കപ്പ് ചൂണ്ടിക്കാട്ടി:

വയ്യെങ്കില്‍  പണിയെടുക്കണ്ട.. അതില്‍ പോയിരുന്നോളൂ..

അവശതകൊണ്ട് എന്തെങ്കിലും സംസാരിക്കനൊന്നും എനിക്കാകുമായിരുന്നില്ല. അത് മനസ്സിലാക്കി ശിവന്‍കുട്ടിയെന്ന്  അയാള്‍ സ്വയം പരിചയപ്പെടുത്തി. പിന്നെ എന്‍റെ പേരും പ്രയാസങ്ങളും ചോദിച്ചറിഞ്ഞു. ആ നേരത്ത് ഹംസയുടെ ഉപദേശമൊക്കെ ഞാന്‍ മറന്നു. ശിവന്‍കുട്ടി എന്നെ കാമ്പില്‍ എത്തിച്ചു. കിടക്ക കണ്ടതും ഞാനതില്‍ നടുവൊടിഞ്ഞു വീണു.

വൈകുന്നേരം ശിവന്‍കുട്ടിയും വേറെ രണ്ടുപേരും കൂടി കാണാന്‍ വന്നു. ആ രണ്ടുപേരെയും ശിവന്‍കുട്ടി പരിചയപ്പെടുത്തിത്തന്നു. ഇത് നമ്മുടെ സൈറ്റ് സൂപ്രവൈസര്‍  ജോര്‍ജ്ജ്സാര്‍.. ഇത് ചാക്കോച്ചന്‍, ഇന്നലെ നിങ്ങളുടെ ഗ്രൂപ്പില്‍ വന്നയാള്‍.

അങ്ങിനെയാണ് ചാക്കോച്ചനെ പരിചയപ്പെടുന്നത്. ചാക്കോച്ചന്‍ കണ്ടപാടെ തുടങ്ങി:

വരുമ്പോള്‍ തന്നെ തോന്നിയതാന്നെ.. ആകെമൊത്തം ഒരു പന്തികേട്‌.. ഭായി പിന്നെ എന്നാത്തിനാ ഈ അസുഖവും വച്ചു പോന്നെ..?

ജോര്‍ജ്ജ്സാര്‍ വിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞതിനുശേഷം പറഞ്ഞു: നമുക്ക് ദമ്മാമിലേക്ക് തിരിച്ചു പോയി ഡോക്ടറെ കാണാം. അവിടെയാകുമ്പോള്‍ കമ്പനിയുടെ ഡോക്ടര്‍ ഉണ്ട്. ചികിത്സയും മരുന്നും ഒക്കെ കമ്പനി തരും.. ലീവ് സാലറിയും കിട്ടും..

യാത്രയില്‍  ജോര്‍ജ്ജ്സാറിനോട് എന്റെ ഭയവും സംശയങ്ങളും ഒക്കെ പങ്കുവച്ചു. അഥവാ കമ്പനി ഇന്ത്യയിലേക്ക്‌ തിരിച്ചയക്കണമെന്നു തീരുമാനിച്ചാല്‍ വിസക്ക് കൊടുത്ത കാശു മുഴുവന്‍ പോകും. കടം വാങ്ങിയിട്ടോക്കെയാണ് അത്രയും പണമെല്ലാം സ്വൊരുക്കൂട്ടിയത്.. സ്വന്തക്കാരെല്ലാം പരാധീനക്കാരാണ്..

ജോര്‍ജ്ജ്സാര്‍ സൌമ്യമായ ഒരു ചിരിയോടെ സമാധാനിപ്പിച്ചു: ഇയാള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട.. ഒക്കെ ഞാന്‍ നോക്കിക്കൊള്ളാം.

ഞങ്ങള്‍ ദാമ്മാമിലെ കമ്പനി ഡോക്ടറുടെ ആശുപത്രിയിലെത്തി. ഏതാനും സമയത്തെ പരിശോധനകള്‍. ഈജിപ്ഷ്യന്‍ ഡോക്ടറുടെ ചോദ്യങ്ങള്‍ക്കെല്ലാം സാറ് തന്നെ ഉത്തരം കൊടുത്തു.

അവസാനം ചില മരുന്നുകളുമായി ജോര്‍ജ്ജ്സാര്‍ തിരിച്ചെത്തി.

പതിനഞ്ചു ദിവസത്തെ മരുന്നും റെസ്റ്റിനും എഴുതിത്തന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ ഒറ്റക്ക് താമസിക്കുകയും വേണം.. എന്ത് പറയുന്നു..?

ശരി.. മരുന്നും പഥ്യവും ഒക്കെയുണ്ടെങ്കില്‍ പതിനഞ്ചുദിവസം മതി ഇതു മാറാന്‍.. എന്ന എന്‍റെ ആത്മഗതം വാക്കുകളായി പുറത്തുവന്നു.

ഓഫീസ്സില്‍ എന്നെയിരുത്തി സാര്‍ അകത്തുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഓഫീസ് അസിസ്ടന്റ്റ് ഒരു മിസ്‌റി അടുത്തേക്കുവന്നു. വന്നപാടെ മുഖവുരയൊന്നുമില്ലാതെ അയാള്‍ പറഞ്ഞു:

മുഹമ്മദ് കുട്ടീ.. യു ഗോ ഇന്ത്യാ..?

നൊ..നൊ..

ചോദ്യമോ ഉത്തരമോ എന്നറിയാതെ അന്തം വിട്ടുനിന്ന എന്റെ നാവില്‍ നിന്നും മറ്റൊരു വാക്കും പൊട്ടിയില്ല. എന്നാല്‍ എന്തോ ഒരു മുന്‍വൈരാഗ്യത്തോടെ, വല്ലാത്തൊരു ചിരിയോടെ അയാള്‍ വീണ്ടും പറഞ്ഞു:

യു ഷുഡ് ഗോ ഇന്ത്യാ..

നൊ.. നൊ.. എന്ന് വാക്കുകള്‍ ദയനീയമായി ഒടുവില്‍ വിക്കായി എനിക്കു പോലും അവ്യക്തമായ ഒരു ശബ്ദമായി. മീശപോലും ഇല്ലാത്ത വെളുത്തുരുണ്ട മിസിറി മുഖത്ത്  അപ്പോഴും എന്നെ പേടിപ്പിക്കാന്‍ പാകത്തിലുള്ള ഫറവോന്‍റെ ചിരി. എന്തെങ്കിലും എത്തും പിടിയും കിട്ടാനുള്ള ഒരു ആലോചനയും അന്നേരത്ത്‌ എന്‍റെ മന്ദബുദ്ധിയില്‍ ഇല്ല. ഭാഗ്യത്തിന്, ജോര്‍ജ്ജ്സാറിനെ കണ്ടപ്പോള്‍ അയാളുടെ ചിരി തെല്ലടങ്ങി.

മുഹമ്മദ്‌ വരൂ..

ജോര്‍ജ്ജ് സാര്‍ എന്നെ തലേന്ന് താമസിച്ച  കെട്ടിടത്തിനു മുമ്പില്‍ ഇറക്കി. തലേന്ന് ഞങ്ങള്‍ താമസിച്ചിരുന്ന അതേ മുറിയില്‍ ഞാന്‍ കിടക്കയും ബാഗും ഇറക്കി. ജോര്‍ജ്ജ് സാര്‍ പറഞ്ഞു:

മുഹമ്മദേ തനിക്കു നാട്ടില്‍ പോയി ചികില്‍സിക്കണമെന്നുണ്ടെങ്കില്‍ കമ്പനി നാളെത്തന്നെ വിസയടിച്ചു മടക്ക ടിക്കറ്റ് എടുത്തു തരും. അസുഖമൊക്കെ മാറി ആറുമാസത്തിനുള്ളില്‍ തിരിച്ചു വന്നാല്‍ മതി. അതല്ലെങ്കില്‍ ഇവിടെ താമസിച്ചു അസുഖമൊക്കെ മാറിയ ശേഷം ജോലിക്ക് കയറിയാല്‍ മതി.. ഒക്കെ ഇയ്യാളുടെ ഇഷ്ടം..

എന്തായാലും നാട്ടില്‍ പോകുന്നില്ല സാറെ .. മരുന്നു കഴിച്ചു ഇവിടെത്തന്നെ കഴിഞ്ഞോളാം..

ഗള്‍ഫിലേക്ക് പുറപ്പെട്ടു പോയി പിറ്റേന്നു തന്നെ നാട്ടില്‍ തിരിച്ചെത്തുന്നതിന്റെ നാണക്കേടാണ് രോഗത്തേക്കാള്‍ ഏറെ എന്നെ വിഷമിപ്പിച്ചത്. അത്തരമൊരു രംഗം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.

ആളും അനക്കവുമൊന്നുമില്ലാത്ത ആ കെട്ടിടത്തില്‍ ഒറ്റക്കായിരുന്നിട്ടും എന്തോ ഒരാശ്വാസമാണ് തോന്നിയത്. അകത്ത് അടുക്കളയും ഗ്യാസും അടുപ്പും പാത്രങ്ങളും ഒക്കെയുണ്ടായിരുന്നു. അടുത്ത കടയില്‍ നിന്നും കുറച്ചു പച്ചരി വാങ്ങികൊണ്ടു വന്നു ആദ്യമായി കഞ്ഞിവക്കാന്‍ പഠിച്ചു. അല്‍പ്പം കഞ്ഞി കുടിച്ചപ്പോഴേക്കും ആകെ വിയര്‍പ്പില്‍ കുളിച്ചു. താമസംവിനാ കണ്ണുകള്‍ രണ്ടും ഒരു കൂരിരുട്ടില്‍ ഒളിച്ചു.

എന്‍റെ പിത്തം കരളിലും കവിഞ്ഞു കഴുത്തിനു മുകളിലേക്കും കയറിത്തുടങ്ങിയിരിക്കണം. സൈറ്റിലെ യന്ത്രങ്ങളുടെ അലര്‍ച്ച അപ്പോഴും തലയില്‍ത്തന്നെ ഇരുന്നു ചെവി തിന്നു കൊണ്ടിരുന്നു. ഉറക്കമോ മയക്കമോ എന്നറിയാത്ത ഒരവസ്ഥയില്‍ അങ്ങിനെ കിടക്കുമ്പോള്‍ ഞാന്‍ നാട്ടുവഴിയിലൂടെ വണ്ടിയോടിച്ചു. ഉമ്മ വച്ച ചോറും മത്തിക്കറിയും കഴിച്ചു. വൈദ്യശാലയിലെ പുളിമുട്ടിയിലിട്ട് കുറുന്തോട്ടിയും കരിങ്കുറുഞ്ഞിയും കൊത്തി.

പിന്നെയെപ്പൊഴോ, ചൂടും പുഴുക്കവും മാത്രം കറക്കിക്കൊണ്ടിരുന്ന ഫാനിന്‍റെ മുരള്‍ച്ചയൊന്നും അറിയാതെ അന്തംവിട്ടുറങ്ങി.

ആ ഉറക്കത്തില്‍ ഞാന്‍ രാമലക്ഷ്മണന്മാരെ സ്വപ്നം കണ്ടു.
                    
      (തുടരും)

(ചിത്രം ഗൂഗിളില്‍ നിന്നും) 



Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

32 comments :

  1. എന്താണു പറയേണ്ടത്????
    ഹൃദയഭേദകം...!!

    ReplyDelete
    Replies
    1. .വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  2. എന്നാലും കീഴാര്‍നെല്ലി കണ്ടെത്താനായില്ലല്ലോ.
    അങ്ങിനെ ഓര്‍മ്മകളിലേക്ക് തിരഞ്ഞുനോക്കാന്‍ രസമാണ് അല്ലെ?
    ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതൊക്കെ അന്നെങ്ങനെ നേരിടാന്‍ കഴിഞ്ഞു എന്ന അത്ഭുതം തോന്നുന്നില്ലേ?
    ഇത്തരം എത്രയോ പ്രയാസങ്ങള്‍ സഹിച്ചാണ് മനുഷ്യര്‍ ജീവിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ എന്തിനു വേണ്ടി എന്നും തോന്നാറുണ്ട്.
    വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. തീര്‍ച്ചയായും അല്‍ഭുതം തന്നെയാണ് തോന്നുന്നത്. ഓരോരോ ഘട്ടങ്ങളില്‍ താണ്ടിപ്പോന്ന വഴികളിലേക്ക് നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞ ആ സംശയം തന്നെയാണ്..

      Delete
  3. മഞ്ഞപ്പിത്തം മാരകമായേക്കാവുന്ന അസുഖമാണ്. ഇങ്ങനെ ഒരു റിസ്ക് എടുക്കണമെങ്കില്‍ അതിനുപിന്നിലുള്ള ജീ‍വിതസാഹചര്യങ്ങള്‍ പറയാതെ തന്നെ മനസ്സിലാക്കാവുന്നതാണ്.
    അനുഭവങ്ങള്‍ തുടര്‍ന്നെഴുതൂ

    ReplyDelete
    Replies
    1. ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് മനുഷ്യനെ എന്തും സഹിക്കാന്‍ പ്രേരിപ്പിക്കുന്നത്. വരവിന് നന്ദി..

      Delete
  4. കഥ പ്രതീക്ഷിച്ചാണ് വന്നത്... എല്ലാ അനുഭവങ്ങളും ഒരു തരത്തില്‍ ഓരോ കഥകള്‍ തന്നെ.

    ReplyDelete
    Replies
    1. .. ഓര്‍മ്മകള്‍ കുത്തിക്കുറിക്കുകയാണ്

      Delete
  5. anubhavangalude theechoolayil thechuminukiiyeduthathukondavanam thankalude kurippukalkkellam ithra manoharitha,
    കോടിക്കണക്കിനുള്ള നരച്ച മേഘങ്ങളും കരിനീലിച്ചു കിടന്ന കടലും മാത്രമാണ് ഞാന്‍ ആകെ കണ്ടത്. കണ്ണുകള്‍ മഞ്ഞളിച്ചു പോയിരുന്നതു കൊണ്ട് മറ്റൊരു വര്‍ണ്ണ വിസ്മയവും മനസ്സില്‍ പതിഞ്ഞില്ല.
    ormakkurippil polum sahithyathinte minnaloli

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  6. ജീവിതാനുഭവങ്ങളുടെ പകര്‍ത്തെഴുത്ത്. ഒരു കാലഘട്ടത്തിന്റെ ചിത്രം വരികളില്‍ തെളിഞ്ഞു കാണാം. ഇനിയും എഴുതൂ. കേള്‍ക്കാന്‍ കൊതിയുണ്ട്.

    ReplyDelete
    Replies
    1. ..അഭിപ്രായങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു

      Delete
  7. തുടർന്ന് വായിക്കാൻ കാത്തിരിക്കുന്നു. അരാംക്കോയിലെ സൗകര്യങ്ങൾ വായിച്ചപ്പോൾ മറ്റ് ചില സ്ഥലങ്ങളിലെ കാര്യങ്ങൾ ഓർത്ത് പോയി....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും

      Delete
  8. നടന്നു വന്ന വഴികള്‍ .......വിസ ഏജന്‍റുമാരുടെ ലോകം. ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  9. ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി...
    അല്ല മാഷെ,ആദ്യമായി ഞാനും ദഹ്റാനില്‍ വന്നിറങ്ങിയത് 1979ല്‍(മുപ്പത്തിയാറ് കൊല്ലംമുമ്പ്)ആണല്ലോ.പിന്നെ കുറച്ചുനാള്‍ അല്‍കത്തീബ്,റിയാദ് അങ്ങനെയങ്ങനെ.
    നാട്ടുവിശേഷങ്ങള്‍ അറിയാന്‍ കത്തിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന നാളുകള്‍....
    തുടര്‍ന്നുള്ളതും കേള്‍ക്കാന്‍ കൊതി..
    ആശംസകള്‍ മാഷെ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..പിന്നെ 1981 ലാണ് ഞാന്‍ ദമാമില്‍ എത്തിയത് എന്നാണ് ഓര്മ്മ. ദമാമിലെ സിയാദ് കത്തീഫ് റോഡിന്‍റെ അടുത്തുള്ള അല്‍രാജ് കോള്‍ഡ്സ്റ്റോറിനു അടുത്തായിരുന്നു താമസം.

      Delete
  10. പടച്ചവനേ....എന്നു വിളിക്കട്ടെ ,ആദ്യം -ഒരല്പം കണ്ണീരോടെ അതിലേറെ അകംവ്യഥയോടെ ...!!!അനുഭവങ്ങള്‍ തിക്തവും തീക്ഷ്ണവുമാണ് പല ജീവിതക്കാഴ്ച്ചകളിലും ....സഹനവും ക്ഷമയും ഇല്ലാത്തവര്‍ പിടിവിട്ട് നിലം പതിക്കുന്നു ...താങ്കളുടെ ഹൃദയഭേദകമായ രോഗാവസ്ഥയും പ്രവാസ സാഹചര്യവും വിതുമ്പലുകളുടെ കണ്ണീര്‍ തുടിപ്പുകളാണ്...ഏതു പ്രയാസങ്ങള്‍ക്കുമപ്പുറം സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ദിവ്യമായ തലോടലുകള്‍ സുനിശ്ചിതം.....!ആ വഴിയിലേക്ക് കണ്ണു നടുന്നു -പ്രതീക്ഷകളോടെ ....

    ReplyDelete
    Replies
    1. അക്കാലത്തെ ജീവിതത്തില്‍ മനസ്സിന്‍റെ ചെറുപ്രായം തന്നെയാണ് നമ്മളെ നയിക്കുന്നത്.. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..

      Delete
  11. അനുഭവത്തേക്കാൾ വലിയ കഥയുണ്ടോഅല്ലേ ഭായ്

    ReplyDelete
    Replies
    1. ...വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  12. മുഹമ്മദിക്കാ!!!!!!

    സങ്കടം കൊണ്ട്‌ കണ്ണു നിറഞ്ഞ്‌ പോയി.എന്തെല്ലാം ദയനീയാവസ്ഥയിലാണെന്ന് പറഞ്ഞാലും അവിടെ നിൽക്കാനാണല്ലോ തീരുമാനിച്ചത്‌.കമ്പനിയിൽ നിന്നും അനുഭാവപൂർണ്ണമായ പെരുമാറ്റം ലഭിച്ചത്‌ അനുഗ്രഹമായി ല്ലേ??

    വായിക്കാൻ വൈകി.ക്ഷമിക്കൂ

    ReplyDelete
    Replies
    1. അത്തരം ഒരു കമ്പനിയില്‍ ജോലി ചെയ്തത് കൊണ്ട് പില്‍ക്കാലത്ത് ഏറെ വിഷമിച്ചു...കാരണം അതിനോളം പോന്ന ഒരു കമ്പനിയില്‍ പിന്നെ കയറിക്കൂടാനായി കഴിഞ്ഞില്ല..

      Delete
  13. കഥ എന്ന ലേബലിട്ടത് കൊണ്ട് ചോദിക്കട്ടെ ഇത് കഥയോ ? സൌദിയിൽ തൊഴിലാളികൾക്ക് നല്ല ഫെസിലിറ്റി നൽകുന്ന കമ്പനികളിൽ മുന്നിൽ നിക്കുന്നു ആരാംകോ എന്ന് അറിഞ്ഞിട്ടുണ്ട്. ഞാൻ മുന്നെ സൌദിയിൽ ആയിരുന്നപ്പോൾ അവിടെക്ക് ശ്രമിച്ചിരുന്നു. ബാക്കി ഭാഗങ്ങൾക്കായി കാക്കുന്നു

    ReplyDelete
    Replies
    1. ..വായനക്ക് നന്ദി.. ഇത് അനുഭവക്കുറിപ്പ് തന്നെയാണ്.. ലേബല്‍ മാറ്റാന്‍ മറന്നു..പിന്നെ അങ്ങിനെ കിടന്നോട്ടേ എന്നും കരുതി.. അരാംകോയുടെ സബ് കോണ്ട്രാക്ടിങ് കമ്പനിയായിരുന്നു ഞങ്ങളുടേത്..

      Delete
  14. ഇതൊക്കെ വായിക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങള്‍ ഒക്കെ അലിഞ്ഞില്ലാതായിപോവും ,,,,തുടരട്ടെ

    ReplyDelete
  15. ഇടക്ക് ബ്ലോഗ് ലോകത്തുനിന്ന് അൽപ്പം വിട്ടുനിന്ന് വേളയിലാണ് ഈ തുടർലേഖനത്തിന്റെ ആദ്യഭാഗം വന്നത്.... രണ്ടാം ഭാഗത്ത്നിന്ന് ഒന്നാം ഭാഗത്തിലേക്ക് ..... അനുഭവങ്ങളിലൂടെയാണ് ഏറ്റവും സത്യസന്ധമായി എഴുതാൻ കഴിയുക.....

    ReplyDelete
  16. ഗൾഫിലെ അനുഭവങ്ങൾ ഇതുപോലുള്ള കുറിപ്പുകളിലൂടെ പുറം ലോകം അറിയട്ടെ...

    അടുത്ത ലക്കത്തിലേക്ക് നീങ്ങട്ടെ ഇനി...

    ReplyDelete
  17. ഹോ...വല്ലാത്ത ഒരു അനുഭവം തന്നെ...

    ReplyDelete
  18. മുഹമ്മദ്ക്കാ... ഇത് വായിക്കുമ്പോള്‍ ഞാനെന്‍റെ ഗള്‍ഫ് ജീവിതം വീണ്ടും കാണുകയാണ് കണ്ണീരോടെ......
    കുടിച്ച ടാങ്കെല്ലാം ചര്‍ദ്ദിച്ച് തലകറങ്ങി അമ്പത്തഞ്ച് ഡിഗ്രി ചൂടില്‍ ക്രയിനിലേക്ക് ചാരി ചുട്ടുപൊള്ളുന്ന നിലത്തേക്ക് ഊര്‍ന്ന് വീഴുന്ന എന്നെ കണ്ണീരിനിടയിലും വീണ്ടും കണ്ടു.....
    നന്മകള്‍ നേരുന്നു........

    ReplyDelete
  19. ജീവിക്കാനുള്ള ഓരോ ബദ്ധപ്പാടുകള്‍. മനസ്സ് നൊന്തു.

    ReplyDelete


Powered by Blogger.