Apr 4, 2025 07:44:10 AM Menu
കവിതകള്‍

ചില നുറുങ്ങുചിന്തകള്‍


എത്രയോ കാലമായി ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ ഇങ്ങിനെ കറങ്ങിക്കൊണ്ടിരിക്കുന്നു!

തണ്ടും തലക്കനവും ഒന്നുമില്ലാത്ത നമ്മുടെ ഭൂമി. നമ്മളാരും അതിന് ഒരു അച്ചുതണ്ടൊന്നും പണിതുകൊടുത്തിട്ടില്ല. എന്നിട്ടും അത് സര്‍വ്വംസഹനയായി സ്വന്തം അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടേയിയിരിക്കുന്നു. അണ്ഡകടാഹങ്ങളില്‍ എവിടെയെങ്കിലും പണിമുടക്കോ പവ്വര്‍കട്ടോ ഉണ്ടാകാത്തത് നമ്മുടെയൊക്കെ മഹാഭാഗ്യമെന്ന് കരുതിയാല്‍ മതി. 

മീന്‍ വില്‍ക്കുന്ന മയമുട്ടിയൊ പച്ചക്കറി വില്‍ക്കുന്ന ഗോപാലനൊ കൂലിപ്പണിക്ക് പോകുന്ന കുമാരനോ കുടുംബശ്രീയിലെ തങ്കമ്മയൊ ഒന്നും ഇവിടെ ഇങ്ങിനെയൊരു അച്ചുതണ്ടുള്ള കാര്യം ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടാവില്ല. അവരാരും പള്ളിക്കൂടത്തില്‍ പോകാഞ്ഞിട്ടൊന്നുമല്ല. പണ്ട് മറിയടീച്ചര്‍ അത് പഠിപ്പിച്ചു കൊടുക്കാത്തതുകൊണ്ടുമല്ല. ജീവിതപ്രാരാബ്ധങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിയപ്പോള്‍ അങ്ങിനെയുള്ളതെല്ലാം മറന്നു പോയതാണ്.

കുമാരനും തങ്കമ്മയുമെല്ലാം നേരം വെളുത്താല്‍ തങ്ങളുടെ പാടുനോക്കി പോകുന്നു.  പണികഴിഞ്ഞ് അന്തിമയങ്ങിയാല്‍ കുമാരന്‍ ഒന്ന് മോന്തി തിരിച്ചെത്തുന്നു. തങ്കമ്മ പരാതിയും പരിഭവവുമില്ലാതെ നേരം വെളുപ്പിക്കുന്നു. പൂയ്.. മീനു.. മീനേയ്.. എന്ന് വിളിച്ചുകൂവി മയമുട്ടിയും നാടുചുറ്റുന്നു. ഗോപാലനും എല്ലാവരോടും കുശലം പറഞ്ഞു ചിരിക്കുന്നു. ആരോടും പകയോ പരാതിയോ ഇല്ലാതെ സ്വന്തം ഭ്രമണപഥത്തിലൂടെ അണുവിട തെറ്റാതെ ഭൂമിയും ഇങ്ങിനെ സഞ്ചാരം നടത്തുന്ന കാര്യമൊന്നും അപ്പോള്‍ കുമാരനും മയമുട്ടിക്കും ഒന്നും അറിയേണ്ട കാര്യമില്ല.

എന്നാലൊ, മറ്റെല്ലാവരേയുംപോലെ അവരും ചിലതെല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തികപ്രശ്നങ്ങളുണ്ടാകാം. പാരിസ്ഥിതി പ്രശ്നങ്ങള്‍ കൊണ്ടുള്ള ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാവാം. ചിലപ്പോള്‍ കാറ്റ്, മഴ, മിന്നല്‍ , മഞ്ഞ്, ചൂട്, തുടങ്ങിയ സര്‍വ്വസാധാരണമായ പ്രകൃതി പ്രതിഭാസങ്ങളുടെ അസാധാരണമായ അവസ്ഥകളായിരിക്കാം. ഭീതിപരത്തുന്ന രോഗങ്ങളുടെ പേരുകള്‍ . നടുക്കുന്ന ദുരന്തങ്ങളുടെ വാര്‍ത്തകള്‍ . പലപ്പോഴും ഒരു ദുരിതജീവിതത്തിന്‍റെ വക്കത്തു കൂടെ അവര്‍ക്കും നടക്കേണ്ടതായി വരുന്നുണ്ട്.

ഗോപാലനേപ്പോലെയുള്ളവര്‍ വിലക്കയറ്റത്തിന്‍റെയും വിലയിടിച്ചലിന്‍റെയും ലോകത്താണ്. ഇഞ്ചിക്കും കുരുമുളകിനും വിലകൂടിയപ്പോള്‍ അവയുടെ വിളവ് കുറഞ്ഞതും അരിക്ക് വിലകൂടിയപ്പോഴേക്കും പാടങ്ങളെല്ലാം കൈവിട്ടു പോയതും ഉള്ളവയില്‍ പണിയാന്‍ പണിക്കാരില്ലാത്തതും അടയ്ക്കക്കും തേങ്ങക്കും വിലയില്ലാതായതുമൊക്കെയാണ് അഗ്നിപര്‍വ്വതം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, തുടങ്ങിയ ദുരന്തവാര്‍ത്തകളേക്കാള്‍  എന്നും അവരെ പേടിപ്പിക്കുന്നത്. 

ഭൂലോകത്തെ അതിനൂതനമായ കണ്ടുപിടുത്തങ്ങളൊന്നും മയമുട്ടി കണ്ടെത്തിയിട്ടില്ല. ഓസോണ്‍ പാളികളിലെ വിള്ളല്‍ , ഭൂമിയുടെയും മറ്റും ഗതിവേഗതയില്‍ ഉണ്ടായ അതിസൂക്ഷ്മമായ വിത്യാസങ്ങള്‍  ഇതൊന്നും കുമാരനും ഗോപാലനും അറിഞ്ഞിട്ടില്ല. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഷുഗറും പ്രഷറും കണ്ടെത്തിയതിനെത്തുടര്‍ന്ന് രാവിലെ നാലഞ്ചുകിലോമീറ്റര്‍ നടന്നതിന് ശേഷം ഗോപാലന്‍  തന്റെ പച്ചക്കറിക്കട തുറക്കുന്നു. ആകാശവും സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും കണ്ട്‌ ദിനരാത്രങ്ങള്‍ പിന്നിടുന്നു. അതിലിടക്ക്, മറ്റുള്ളവര്‍ക്കൊപ്പം എലാഭിയുടെ ചായക്കടയിലിരുന്നു പത്രപാരായണം നടത്തുന്നു. ഇതല്ലാതെ ഗഹനമായ ശാസ്ത്ര സത്യങ്ങളിലേക്കൊന്നും കടന്നുകയറാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല.

മാറ്റങ്ങളും ദുരന്തങ്ങളും വരുന്ന വഴി കേട്ടാല്‍ അവര്‍ ചിരിക്കും. അതിലും വിചിത്രമായ ഏതെല്ലാം വഴികള്‍ വെട്ടിത്തെളിക്കാതെ അവരുടെ മുന്നില്‍ കിടക്കുന്നു. കാലത്തിനനുസരിച്ചു ഉത്സവാനുകൂല്യങ്ങളോടെ വന്നെത്തുന്ന രോഗങ്ങള്‍ .  ഉത്സവങ്ങളോ വിശേഷങ്ങളോ ഉണ്ടായാല്‍ എഴുന്നെള്ളുന്ന കടബാധ്യതകള്‍ . വിലകയറിപ്പോകുമ്പോള്‍ ഇറങ്ങിവരുന്ന അധികച്ചിലവുകള്‍ . അങ്ങിനെ അവരെ അലട്ടുന്ന നൂറായിരം പ്രശ്നങ്ങള്‍ . പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ മാന്യമായി പറഞ്ഞയക്കാന്‍ ഉതകുന്ന വല്ല അത്ഭുതപ്രതിഭാസങ്ങളും സംഭവിച്ചെങ്കില്‍ എന്നാണ് എന്നും അവരുടെ പ്രാര്‍ത്ഥന. അതിലിടക്ക് കാലാവസ്തവ്യാതിയാനങ്ങളെക്കുറിച്ചോ പാരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചോ പറഞ്ഞാല്‍ അവര്‍ക്ക് പിരാന്ത് പിടിക്കും.

അങ്ങിനെയുള്ള കാര്യങ്ങള്‍   മനസ്സിലാക്കാനൊ വിശ്വസിക്കാനൊ പറ്റിയ ഒരു മനസ്സും ജീവിത സാഹചര്യവും ആര്‍ക്കുമില്ല. എല്ലാവരും പരസ്പരവിരുദ്ധമായ ജീവിതശൈലികള്‍ അനുകരിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിവിരുദ്ധമായ ഒരു ജീവിതശൈലി എല്ലായിടത്തും പടര്‍ന്നു പന്തലിക്കുന്നുണ്ട്. അതിന്‍റെ നിഴലിലേക്ക് അടുക്കാതിരിക്കാനോ അതിന്‍റെ തണലില്‍ നിന്നകലാനൊ കഴിയാത്ത നിസ്സഹായതയിലേക്ക് പുതിയ ജീവിതസാഹചര്യങ്ങള്‍ അവരെയും കൊണ്ടെത്തിച്ചിട്ടുണ്ട്. 

നമ്മള്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ളതെല്ലാം, മൃഗങ്ങളും പക്ഷികളും പ്രാണികളും മരങ്ങളും ചെടികളും മണ്ണും കല്ലും വെള്ളവും വായുവുമെല്ലാം നമ്മേപ്പോലെത്തന്നെ ഒരു നിസ്സഹായതയില്‍ അകപ്പെട്ടവരായി നിലനിന്നു പോവുകയാണ്.

അതുകൊണ്ടാണ് ഗോപാലനൊരിക്കലും താന്‍ വില്‍ക്കുന്ന പാലിലും പഴങ്ങളിലും പച്ചക്കറികളിലും ഒക്കെ അടങ്ങിയ രാസവിഷമാലിന്യങ്ങളെക്കുറിച്ച് ചിന്തിച്ചു തലപുണ്ണാക്കാത്തത്. പച്ചമുളകിന്റെയും ഉള്ളിയുടെയും ഒക്കെ വിലകേള്‍ക്കുമ്പോള്‍ തള്ളിപ്പോകുന്ന കുറെ കണ്ണുകള്‍ മാത്രമാണ് എന്നും അയാളുടെ മുന്നിലുള്ളത്.

കുമാരന്‍ എന്തൊക്കെയോ കുടിക്കുന്നു. എല്ലാം തിന്നുന്നു. കള്ളുചെത്തുന്ന പനയോ തെങ്ങോ എവിടെയും കാണാറില്ലെങ്കിലും എല്ലാ ഷാപ്പുകളിലും കള്ള് സുലഭം. എന്നാല്‍ മെഥനോള്‍ , ഡയസിപാം, ഫോര്‍ട്ട്‌ വിന്‍ എന്നൊക്കെ കേട്ടാല്‍  പുളിച്ച തെറിയാണെന്നു കരുതി മൂപ്പര്‍ വായില്‍ കൊള്ളാത്തതെല്ലാം പറയും. തമിഴരും ആന്ധ്രക്കാരും ബംഗാളികളും ഇല്ലാത്ത പണിയിടങ്ങള്‍ ദുര്‍ല്ലഭമാണെങ്കിലും റേഷന്‍കടകളില്‍ ഒരു രൂപക്കും രണ്ടു രൂപക്കും കിട്ടുന്നതുകൊണ്ട് അരിയുടെ പ്രളയം. നേരം ഇരുട്ടിയാല്‍ ആളുകളെല്ലാവരും സ്മാര്‍ട്ട്.  

മയമുട്ടിയുടെ ജീവിതപ്പാത കാണുക. അയാള്‍ക്ക്‌ വലിക്കാനുള്ള സിഗരറ്റും എപ്പോഴും വായിലിട്ടു ചവക്കാനുള്ള പാക്കും, എന്നും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റുകളും ഒക്കെ എല്ലാ പെട്ടിക്കടകളിലും കിട്ടും. നിക്കോട്ടിനേക്കുറിച്ചു ചോദിച്ചാല്‍ തെക്കോട്ടോ വടക്കോട്ടോ നോക്കും. അയിലക്കും മത്തിക്കും അയക്കോറയുടെ വിലയാണല്ലോ എന്ന സങ്കടം മാത്രം ഇടക്കിടക്ക് കേള്‍ക്കും. അപ്പോള്‍ പാക്ക് തുപ്പി ഒരു ചിരിയോടെ അയക്കോറയുടെ വിലപോലും ചോദിക്കാത്തവരുടെ ഇടയിലേക്ക് വേഗത്തില്‍ സ്ഥലം വിടും. മല്‍സ്യങ്ങളില്‍ അമോണിയയൊ, ഫോര്‍മാലിനോ, ഹിസ്റ്റമിനോ ചേര്‍ത്തതാണോ എന്ന് ആരും ഇന്നേവരെ ചോദിച്ചതായി അയാള്‍ക്കറിയില്ല. അഥവാ ആരെങ്കിലും ചോദിച്ചാല്‍ അവര്‍ വിവരമറിയും. അതല്ലാതെ അതിനൊരു മറുപടി പറയാന്‍ അയാള്‍ക്കാവില്ല.

എല്ലാവരും എല്ലാവാര്‍ത്തകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ദുരന്തവാര്‍ത്തകള്‍ എല്ലാവരിലും ആകാംക്ഷയുണ്ടാക്കുന്നുണ്ട്. ഓരോ കാലങ്ങളിലും അതുവരെയില്ലാത്ത തീവ്രതയോടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രം കണ്മുമ്പില്‍ നിന്നും എപ്പോഴൊക്കെയോ മണ്മറഞ്ഞുപോയ സഹജീവികളേയും സസ്യജീവജാലങ്ങളേയും ഓര്‍ത്ത് അവര്‍ വ്യാകുലപ്പെടുന്നുണ്ട്. എന്നാല്‍ ഒരു കാലിച്ചായ കുടിച്ചുതീരുമ്പോഴേക്കും അവയുണ്ടാക്കിയ ഓളങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നു. 

പണ്ട് വാപ്പവല്യാപ്പമാരുടെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന ഇമ്പമുള്ള എത്ര ഈണങ്ങളാണ് മയമുട്ടിയുടെ മനസ്സില്‍ നിന്നും നാടുനീങ്ങിപ്പോയത്? നാളികേരത്തിന്റെ നാട്ടില്‍ അയാള്‍ക്കിന്ന് നാലുകാലുള്ള ഒരു ഓലപ്പുരയില്ല. കായലരികത്ത് ഏത്ര വലയെറിഞ്ഞാലും ഒരു സുന്ദരിയും വളകിലുക്കാറില്ല. കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുകൊണ്ട് ഇന്നാരും അയാളോട് ഒരു കിന്നാരം പറയില്ല.

ഗോപാലനും കുമാരനും തങ്കമ്മക്കുമെല്ലാം ഇങ്ങിനെ എന്തെല്ലാം സങ്കടങ്ങള്‍ ? കന്നും പൂട്ടും ഞാറ്റുപാട്ടുമായി അച്ഛനും മുത്തച്ഛനുമൊപ്പം കളിച്ചുനടന്ന പാടങ്ങള്‍ കുമാരന്മാരെ തിരിച്ചറിയാതെ കണ്ണടച്ചു കിടക്കുന്നു. മകരക്കൊയ്ത്തും മെതിയും ചിങ്ങപ്പുത്തരിയും ഓണനിലാവുമുള്ള ബാല്യം തങ്കമ്മയുടെ ഓര്‍മ്മയില്‍ മാത്രം വിളഞ്ഞുകിടക്കുന്നു. ഗോപാലന്‍റെ മുന്നിലൂടെ മകരമഞ്ഞും, കുംഭച്ചൂടുമെല്ലാം കാലന്റെ കുടചൂടി കടന്നുപോകുന്നു. ഇടവപ്പാതിയും, കള്ളക്കര്‍ക്കിടവും, തുലാവര്‍ഷവുമെല്ലാം അവരുടെ ഇടനെഞ്ചില്‍ തുടികൊട്ടുന്നു. ഗൃഹാതുരത്വത്തോടെ അതൊന്ന് ഓര്‍മ്മിക്കാന്‍ പോലും ഇപ്പോള്‍ മനസ്സിനാവില്ല. നിത്യജീവിതവുമായി ഇണക്കിച്ചേര്‍ത്ത പദപ്രയോഗങ്ങള്‍ കാലഹരണപ്പെട്ട കടങ്കഥകളായി മാറിയിരിക്കുന്നു. 

മനുഷ്യരുടെ  ജീവിതത്തിലും സ്വഭാവത്തിലും വന്നുചേര്‍ന്ന മാറ്റങ്ങള്‍ പ്രകൃതിയും അനുകരിക്കുന്നുണ്ടോ? കാലം ഒന്നും കണ്ടില്ലെന്നു നടിക്കുന്നുണ്ടോ? ഭൂമിയുടെ സഹനം തങ്ങളുടെ സ്വാതന്ത്ര്യമായി കരുതി പ്രകൃതിയെ പരമാവധി ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് എങ്ങും കാണുന്നത്.

കുമാരന്‍റെയും മയമുട്ടിയുടെയും ഗോപാലന്റെയും ഒക്കെ ക്ലേശകരമായ ജീവിത യാത്രകള്‍ ഒരുദാഹരണം മാത്രം. കുമാരന് തന്‍റെ ദിനയാത്രയില്‍ എന്തെല്ലാം ദുര്‍ഘടങ്ങളെ മറികടക്കേണ്ടതുണ്ടോ അതിന്‍റെ എത്രയോ ഇരട്ടി ഗോപാലനും അനുഭവിക്കുന്നുണ്ട്. അതിലും എത്രയോ മടങ്ങാണ് മയമുട്ടി എന്നും സഹിക്കുന്നത്. ഉറങ്ങുമ്പോള്‍ പോലും അവരെല്ലാം സഹിക്കുന്ന ഇരുട്ടില്‍ അസഹനീയമായ ഒരു അരക്ഷിതത്വമുണ്ട്.

എന്നാല്‍ തിരിച്ചു പോകാന്‍ കഴിയാത്ത ഒന്നാണ് ഈ ജീവിത യാത്രയെന്നൊന്നും ആരും ചിന്തിക്കാറില്ല. ഓരോ നിമിഷവും തങ്ങള്‍ പിന്നിട്ട വഴികള്‍ കാലം പിന്നില്‍ നിന്നും മടക്കിയെടുത്തു കൊണ്ടിരിക്കുന്നത് അവരറിയുന്നുണ്ട്.മുന്നോട്ടുള്ള വഴികള്‍ കൂടുതല്‍ ദുര്‍ഘടമായി കാണപ്പെടുമ്പോള്‍ ഇതെന്തൊരു കലികാലം എന്നെല്ലാം അതിശയിക്കുന്നുണ്ട്.

ഇനിയും ജാഗരൂപരായില്ലെങ്കില്‍ ഇനിയുള്ള ജീവിതപ്പാത ഹിമാലയത്തേക്കാള്‍ ദുര്‍ഗ്രാഹ്യമായിത്തീരുമെന്ന് ആരെങ്കിലും പറയാന്‍ വേണ്ടെ? ( ഹിമാലയത്തിലേക്കെത്താന്‍ ഇപ്പോള്‍ എന്തെല്ലാം എളുപ്പവഴികള്‍ )   അഥവാ പറഞ്ഞാലും ആര്‍ക്കെങ്കിലും അതില്‍ വിശ്വാസം വരണ്ടെ? ഇതൊക്കെയാണ് എപ്പോഴും നമ്മുടെ ചോദ്യവും ഉത്തരങ്ങളും. എല്ലാ വഴികളും അടഞ്ഞുപോയ ഒരു വര്‍ഗ്ഗം പെരുവഴിയില്‍ അകപ്പെട്ടുപോകുന്ന ദൃശ്യങ്ങള്‍ കാണാന്‍ എല്ലാവരുടെ ഉള്ളിലും ഒരു തുള്ളി വെളിച്ചത്തിന്‍റെ കുറവുണ്ട്.

എന്നാല്‍ അത്രമേല്‍ നിസ്സംഗതയോടെ ഭൂമിയും അതിന്‍റെ അച്ചുതണ്ടിലെ ഭ്രമണവും ഭ്രമണപഥത്തിലെ സഞ്ചാരവും ഒന്നും എന്നും തുടരണമെന്നില്ലല്ലൊ. അഹമെന്ന ഭാവത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യരാശിയുടെ അന്ത്യമാണൊ സംഭവിക്കുന്നതെന്നുപോലും ചിന്തിക്കാന്‍ സമയം കിട്ടാത്ത ഒരവസ്ഥ സംജാതമാകുന്ന ഒരു നിമിഷവും എന്നെങ്കിലും ഉണ്ടാകാമല്ലോ.

അങ്ങിനെ വിശ്വസിക്കുവാനും അവനവന്‍റെ ജീവിതത്തെ പരിസ്ഥിതിക്ക് പ്രതികൂലമാകാത്ത വിധം പുനക്രമീകരിക്കുവാനും എത്ര പേര്‍ക്ക് കഴിയും? പറയാനും പ്രാവര്‍ത്തികമാക്കുവാനും കഴിയുന്ന ഒരേയൊരു എളുപ്പവഴി അതാണെങ്കിലും ആര് ആരെ അതിനായി ഉദ്ബോധിപ്പിക്കും?

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചില മഴക്കെടുതികള്‍ എല്ലാവരും അനുഭവിച്ചു. അപ്പോള്‍ ചിലര്‍ പ്രകൃതിയെ കുറ്റപ്പെടുത്തി. ചിലര്‍ പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യപ്രവൃത്തികളെ കുറ്റപ്പെടുത്തി. ചിലര്‍ നിശ്ശബ്ദരായി പ്രാര്‍ഥിച്ചു. ചിലര്‍ മൂകരായി എല്ലാം നോക്കിക്കൊണ്ടു നിന്നു.

ഒടുവില്‍ കണ്ടതും കേട്ടതുമെല്ലാം എന്തായിരുന്നു? നാടും നഗരവും പാടങ്ങളും തോടുകളും പുഴകളും ഒക്കെ നിറഞ്ഞു കവിഞ്ഞ ആ ദൃശ്യങ്ങള്‍ ഒരാവര്‍ത്തികൂടി കാണണം. പഴയ വസ്ത്രങ്ങളും മദ്യത്തിന്റെയും മറ്റും കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടക്കമുള്ള ചപ്പുചവറുകള്‍ വന്നു നമ്മുടെ വയലുകള്‍ നിറഞ്ഞു. പളുങ്കുവെള്ളം ഒഴുകിയിരുന്ന തോടുകളിലൂടെ ഖരമാലിന്യങ്ങള്‍ കുത്തിയൊലിച്ചു. മഹാനഗരങ്ങളുടെ സര്‍വ്വ സംഭാവനകളും വഹിച്ചുകൊണ്ട് നമ്മുടെ പുഴകള്‍ കറുത്തിഴഞ്ഞു. നമ്മുടെ വഴികള്‍ മൂക്കുപൊത്താതെ നടക്കാന്‍ വയ്യാത്ത വയ്യാവേലികളുമായി നീണ്ടു കിടന്നു.

പ്രകൃതി വരദാനങ്ങളുമായി പെയ്തുകൊണ്ടിരുന്നപ്പോള്‍ നമ്മള്‍ കൊതുകിനെ ആട്ടി, കുപ്പിവെള്ളം കുടിച്ചുകൊണ്ട് വര്‍ഷസമാഗമം ആഘോഷിച്ചു.

അതിനു മുമ്പ് എല്ലാവരുടെ ഉള്ളിലും മഴ പെയ്യുന്നില്ലല്ലൊ എന്ന സങ്കടം ആശങ്കയും ഭീതിയും കലര്‍ന്നു കിടന്നിരുന്നു.  ഒരു മഴപെയ്തപ്പോള്‍  അതിന്റെ ആസ്വാദ്യതയും സന്തോഷവും എല്ലാവരുടെ ഉള്ളിലും മുഖത്തും ഉണ്ടായിരുന്നു. ആ സൌഭാഗ്യങ്ങളെല്ലാം പ്രകൃതിയെ നശിപ്പിച്ചവവരും സംരക്ഷിച്ചവരും തുല്യമായി അനുഭവിക്കുകയും ചെയ്തു. അതെ.. പ്രകൃതിക്ക് ആരോടും പകയും പക്ഷഭേദവുമില്ല. സര്‍വ്വസമത്വമാണ് അതിന്റെ സ്ഥായിയായ ഭാവം.

സര്‍വ്വസമത്വമാണ് കാലത്തിന്റെയും സ്ഥായിഭാവമെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. പ്രകൃതിയേയും കാലത്തേയും ഒക്കെ ദൈവത്തിന്‍റെ കാരുണ്യമായി വിശ്വാസികള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കാലത്തിന്റെ കനിവിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്. മഴക്കുവേണ്ടിയുള്ള ചില പ്രത്യേകപ്രാര്‍ഥനകളും കര്‍മ്മങ്ങളും ഒക്കെ എല്ലാ വിഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്.

കര്‍മ്മങ്ങളെ വിശകലനം ചെയ്യുമ്പോള്‍ എല്ലാ സദ്കര്‍മ്മങ്ങളും ഒരുതരത്തിലുള്ള പ്രാര്‍ഥനകളാണ്. എല്ലാ ദാനദര്‍മ്മങ്ങളും  പാവനമായ പ്രാര്‍ഥനകളാണ്. പുരോഗാത്മകമായി ചിന്തിക്കുമ്പോള്‍ നല്ല വാക്കുകള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും കേള്‍ക്കുന്നതും ഉള്‍ക്കൊള്ളുന്നതുമെല്ലാം പ്രാര്‍ഥനകള്‍ തന്നെ. അപ്പോള്‍ പ്രകൃതിചൂഷണത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയാലും അല്ലെങ്കില്‍ ഒരു ലേഖനമെഴുതിയാലും അതുമല്ലെങ്കില്‍ കഥയോ കവിതയോ രചിച്ചാലും അത് പ്രാര്‍ഥനകളുടെ സാമാന്യഗുണങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹതയുള്ള സദ്പ്രവര്‍ത്തികള്‍ ആയിത്തീരുന്നു.

കഴിഞ്ഞ വേനലിലാണ് ഒരു  വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ മഹല്ലായ ഇരിങ്കൂറ്റൂര്‍ പള്ളിയിലെ ജുമുഅ പ്രാര്‍ഥനക്ക് മുമ്പ് അവിടത്തെ പുതിയ ഖത്തീബ് മഴയില്ലായ്മയെക്കുറിച്ചും പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകളെക്കുറിച്ചുമെല്ലാം ഏതാനും  വാക്കുകളില്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയത്.

മനുഷ്യര്‍ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നകന്നു പോകുന്നതാണ് അവന് വന്നു ചേരുന്ന പ്രയാസങ്ങള്‍ക്കെല്ലാം മൂലകാരണമായിത്തീരുന്നതെന്ന് ഓര്‍മ്മിപ്പിക്കുകയും വിശുദ്ധ ഖുറാനിലെ ചില സൂക്തങ്ങള്‍ വിശദീകരിച്ച് സര്‍വ്വ ചരാചരങ്ങളേയും സ്നേഹിക്കാനും സംരക്ഷിക്കാനും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും അദ്ദേഹം ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ പള്ളിയില്‍ നിന്നും നോക്കിയാല്‍ ഉണങ്ങിക്കരിഞ്ഞ പാടങ്ങളും, തലയറ്റ തെങ്ങും കഴുങ്ങുമുള്ള നരച്ച തൊടികളും, മൊട്ടയടിച്ചു നിരത്തിയ തച്ചുകുന്നും എല്ലാം വ്യക്തമായി കാണാമായിരുന്നു. താഴെ വറ്റിയ തോട്ടില്‍ നീളെ സകലമാന മാലിന്യങ്ങളുടെയും കൂമ്പാരങ്ങളുണ്ടായിരുന്നു. പള്ളിയിലേക്ക് വരുന്ന വഴികള്‍ക്കിരുവശവും അതിന്റെ കെട്ട നാറ്റം എന്നും ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. ഞങ്ങളുടെ പള്ളിക്കാട്ടിലെ മയിലാഞ്ചിത്തണലില്‍ പണ്ടത്തെ നാട്ടുപച്ചപ്പിന്‍റെ ഉടയവര്‍ എല്ലാം കണ്ടുകൊണ്ട് ഉറങ്ങുന്നുണ്ടായിരുന്നു.

ഒരു കുന്നില്ലാതായാല്‍ കുന്നോളം വികസനം വന്നുവെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ആ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

സഹൃദയനായ ആ ഖത്തീബ് തന്‍റെ  പ്രസംഗത്തിന്റെ തുടക്കത്തില്‍ ചൊല്ലിയ രണ്ടു വരികളാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അത് ഒരു പള്ളിയില്‍ നിന്നും ഇതുവരെയും കേള്‍ക്കാത്ത രണ്ടു വരികളായിരുന്നു. അല്ലെങ്കില്‍ ഞങ്ങളെപ്പോലെയുള്ള ഒരാള്‍ക്കൂട്ടത്തിലേക്ക് അതുവരെ അവിടെ വന്നവരാരും പറയാന്‍ ശ്രമിച്ചിട്ടില്ലാത്ത ചില വാക്കുകള്‍  

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം..

ഒഎന്‍വി യുടെ പ്രസിദ്ധമായ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയുടെ ആദ്യവരികളാണ് അന്ന് അദ്ദേഹം ചൊല്ലിയത്. വര്‍ത്തമാനകാലത്തിലെ ദുരവസ്ഥക്ക് കാരണങ്ങളായ മനുഷ്യചെയ്തികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ പങ്കുവക്കുന്ന അര്‍ത്ഥവത്തായ വരികള്‍ ..

ആ വരികള്‍ കേട്ടതിനുശേഷം  ഞങ്ങളില്‍ ആരെങ്കിലും ചിന്തിച്ചു തുടങ്ങിയെങ്കില്‍ , തന്നോടും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും ചെയ്യുന്ന ചെയ്യുന്ന തെറ്റുകളില്‍ നിന്നും ഒരാളെങ്കിലും അല്‍പ്പം മാനസാന്തരപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ആ വരികളും ഒരു പ്രാര്‍ഥനയാകുന്നു. 

ദുരന്തങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊണ്ട് മനുഷ്യരായി ജീവിക്കാന്‍ ഒരാളെങ്കിലും ബാക്കിയുണ്ടാകും വരെ ഇങ്ങിനെയുള്ള പ്രാര്‍ഥനകള്‍ കാലം ഇതുപോലെ ചെവിയില്‍ മൂളുമെന്ന് പ്രത്യാശിക്കാം.

അതുവരെയെങ്കിലും ഭൂമി ഇങ്ങിനെ കറങ്ങിക്കൊണ്ടിരുന്നെങ്കില്‍ ..
Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

25 comments :

  1. രസകരമായ ചിന്ത. ശരിയാണ്. മനുഷ്യർക്കുള്ളപോലെ ''തണ്ട്'' ഇല്ലാത്ത അച്ചുതണ്ടിൽ ഭൂമീദേവി കറങ്ങട്ടെ. ''തണ്ടും'' മറ്റെല്ലാ കുന്ത്രാണ്ടങ്ങളും മരണത്തോടെ അവസാനിക്കുന്ന മനുഷ്യരെ താങ്ങി, മോക്ഷം നല്കട്ടെ - അയമുട്ടിക്കും, ഗോപാലനും എല്ലാര്ക്കും എല്ലാര്ക്കും.

    ReplyDelete
  2. ദുരന്തങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊണ്ട് മനുഷ്യരായി ജീവിക്കാന്‍ ഒരാളെങ്കിലും ബാക്കിയുണ്ടാകും വരെ ഇങ്ങിനെയുള്ള പ്രാര്‍ഥനകള്‍ കാലം ഇതുപോലെ ചെവിയില്‍ മൂളുമെന്ന് പ്രത്യാശിക്കാം.

    പ്രത്യാശിക്കാം മാഷെ... നല്ല എഴുത്ത്...

    ReplyDelete
  3. ഭൂമിയില്‍ നിന്ന് പാഠം പഠിയ്ക്കേണ്ടേ?

    ReplyDelete
  4. നല്ല ലേഖനം. ആരും ഒരിയ്ക്കലും പാഠം ഒന്നും പഠിക്കുന്നില്ല എന്നത് വേറെ കാര്യം.

    ReplyDelete
  5. Really interesting.its equally important
    that Qatib could share all this in his
    speech..A big salute to him too..

    ReplyDelete
  6. മനുഷ്യരുടെ ജീവിതത്തിലും സ്വഭാവത്തിലും വന്നുചേര്‍ന്ന മാറ്റങ്ങള്‍ പ്രകൃതിയും അനുകരിക്കുന്നുണ്ടോ? കാലം ഒന്നും കണ്ടില്ലെന്നു നടിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളെല്ലാം ഒരിക്കല്‍ നാം നമ്മോടുതന്നെ ഉറക്കെ ചോദിക്കേണ്ടി വരും.

    ReplyDelete
  7. ദുരന്തങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊണ്ട് മനുഷ്യരായി ജീവിക്കാന്‍ ഒരാളെങ്കിലും ബാക്കിയുണ്ടാകും വരെ ഇങ്ങിനെയുള്ള പ്രാര്‍ഥനകള്‍ കാലം ഇതുപോലെ ചെവിയില്‍ മൂളുമെന്ന് പ്രത്യാശിക്കാം.......നല്ല ചിന്തക്കെന്റെ നമസ്കാരം......

    ReplyDelete
  8. എല്ലാവരും എല്ലാവാര്‍ത്തകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ദുരന്തവാര്‍ത്തകള്‍ എല്ലാവരിലും ആകാംക്ഷയുണ്ടാക്കുന്നുണ്ട്. ഓരോ കാലങ്ങളിലും അതുവരെയില്ലാത്ത തീവ്രതയോടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രം കണ്മുമ്പില്‍ നിന്നും എപ്പോഴൊക്കെയോ മണ്മറഞ്ഞുപോയ സഹജീവികളേയും സസ്യജീവജാലങ്ങളേയും ഓര്‍ത്ത് അവര്‍ വ്യാകുലപ്പെടുന്നുണ്ട്. എന്നാല്‍ ഒരു കാലിച്ചായ കുടിച്ചുതീരുമ്പോഴേക്കും അവയുണ്ടാക്കിയ ഓളങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നു.

    നവീന ലോകം...!

    ReplyDelete
  9. നല്ല ചിന്തകൾ.
    അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്തതാണ് നമ്മുടെ കുറ്റം. അതെ, മറ്റുള്ളവരുടെ അനുഭവപ്പാഠങ്ങളൊന്നും നമ്മെ ചിന്തിപ്പിക്കുന്നില്ല. അതൊന്നും നമ്മൾക്ക് വരില്ലെന്ന് വൃഥാ ഉറപ്പിച്ച്, പെട്ടെന്ന് മറന്നു കളയുന്നു.
    ആശംസകൾ...

    ReplyDelete
  10. "ദുരന്തങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊണ്ട് മനുഷ്യരായി ജീവിക്കാന്‍ ഒരാളെങ്കിലും ബാക്കിയുണ്ടാകും വരെ ഇങ്ങിനെയുള്ള പ്രാര്‍ഥനകള്‍ കാലം ഇതുപോലെ ചെവിയില്‍ മൂളുമെന്ന് പ്രത്യാശിക്കാം."
    ചിന്താര്‍ഹമായ ലേഖനമാണ്‌ മാഷെ.
    ആശംസകള്‍

    ReplyDelete
  11. Enne chinthippicha lekhanam.. Nandhi Mashe..

    ReplyDelete
  12. ചിന്തിപ്പിക്കുന്ന ലേഖനം, ചായക്കോപ്പക്കപ്പുറം നീളുകയും നമുക്കും വരുംതലമുറക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യാം....

    ReplyDelete
  13. കടലിലും കരയിലും കുഴപ്പം പ്രത്യക്ഷപ്പെട്ടു മനുഷ്യന്‍റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി. അത് തിരുത്താന്‍ ബോധവത്കരിക്കാന്‍ ഉള്ള ഏതു ശ്രമവും അഭിനന്ദനീയം. നല്ല എഴുത്തും ചിന്തകളും.

    ReplyDelete
  14. കാലിക പ്രസ്തകം ചിന്തനീയം ,ഈ പോസ്റ്റ്‌,ഇവിടെ നമുക്ക് നഷ്ടമായത് ഒന്നാണ് ,കഴിഞ്ഞ തലമുറ നമുക്കായി കരുതിവെച്ച പ്രകൃതി വിഭവങ്ങള്‍ നാം അനാവശ്യമായും ധാരാളിത്തത്തോടെയും ഉപയോഗിക്കുന്നു, എന്നാല്‍ നാം വരുന്ന തലമുറക്ക് വേണ്ടി ഒന്നും നീക്കിവെക്കുകയോ അവരെ കുറിച്ച് ഒന്ന്‍ വേവലാതിപ്പെടുകയോ ചെയ്യുന്നില്ല.ആസന്ന മരണം അകലെ എന്നത് അപ്രിയ സത്യം !!.. നല്ല പോസ്റ്റ്‌ .

    ReplyDelete
  15. >>കാലത്തിനനുസരിച്ചു ഉത്സവാനുകൂല്യങ്ങളോടെ വന്നെത്തുന്ന രോഗങ്ങള്‍ . ഉത്സവങ്ങളോ വിശേഷങ്ങളോ ഉണ്ടായാല്‍ എഴുന്നെള്ളുന്ന കടബാധ്യതകള്‍ . വിലകയറിപ്പോകുമ്പോള്‍ ഇറങ്ങിവരുന്ന അധികച്ചിലവുകള്‍ .<< ഇന്നിന്റെ ദുരന്ത മുഖം വരച്ച് കാട്ടുന്ന വരികൾ. പ്രകൃതിയെ ചൂഷണം ചെയ്ത് സ്വയം വരുത്തി വെച്ച് ദുരന്തങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുന്ന മനുഷ്യർ. എന്ത് ചെയ്തും ലാഭമുണ്ടാക്കാനുള്ള പാച്ചിൽ ..എവിടെചെന്നവസാനിക്കും മനുഷ്യനെ ഈ ത്വര.. നല്ല ചിന്തകളും അതിലൂടെയുള്ള വരികളും തീർച്ചയായും പ്രാർഥന തന്നെ.. ഏറെ നന്ദി..ഈ ഉന്നതമായ ചിന്തകൾ പങ്ക് വെച്ചതിനു

    ReplyDelete
  16. ഇരുത്തിച്ചിന്തിപ്പിക്കുന്ന ലേഖനം.
    ഓര്‍മപ്പെടുത്താനല്ലേ കഴിയൂ..
    അഭിനന്ദനങ്ങള്‍

    ReplyDelete
  17. " കാണെക്കാണെ വയസാവുന്നു മക്കള്‍ക്കെല്ലാം എന്നാലമ്മേ
    വീണക്കമ്പികള്‍ മീട്ടുകയാണീ നവതാരുണ്യം നിന്‍ തിരുവുടലില്‍ ......"
    എന്ന്‍ കവി ആദ്യം പാടിയതുപോലെ വീണ്ടും പാടാന്‍ കഴിയുമെങ്കില്‍ .വളരെ ചിന്തനീയമായ പോസ്റ്റ്‌ .സര്‍ ആശംസകള്‍ !

    ReplyDelete
  18. Hello from France
    I am very happy to welcome you!
    Your blog has been accepted in Asia India_____N°389 a minute!

    On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
    Invite your friends to join us in the "directory"!
    The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
    photography and poetry. So you will be able to find in different countries other people with passions similar to your ones.
    We are fortunate to be on the Blogspot platform that offers the opportunity to speak to the world.
    The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
    You are in some way the Ambassador of this blog in your Country.
    This is not a personal blog, I created it for all to enjoy.
    SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
    So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
    *** I am in the directory come join me! ***
    You want this directory to become more important? Help me to make it grow up!
    Your blog is in the list Asia India_____N°389 and I hope this list will grow very quickly
    Regards
    Chris
    We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
    http://nsm05.casimages.com/img/2012/09/06/12090603083012502810288938.gif
    http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
    http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
    http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
    http://nsm05.casimages.com/img/2012/03/15/1203150723211250289584870.png
    http://nsm05.casimages.com/img/2012/09/21/12092110155912502810343002.gif

    If you want me to know the blog of your friends, send me their urls which allows a special badge in the list of your country
    I see that you know many people in your country, you can try to get them in the directory?
    Please! Actively support the "Directory" by making known to your friends! Thank you! "Unity is strength"
    Not need an invitation to join the Directory. Any person who makes the request is entered

    New on the site
    Ranking of Countries
    Invite your friends know made ??
    the website to raise your ranking in the Country

    ReplyDelete
  19. ദുരവസ്ഥകള്‍ പലതും പല രൂപത്തിലും ഭാവത്തിലും കണ്ടാലും കേട്ടാലും പഠിക്കാത്തവര്‍ നമ്മള്‍

    കാലിക പ്രസക്തിയുള്ള ചിന്തനീയമായ കുറിപ്പ്

    ReplyDelete
  20. സത്യമായ ചിന്തകൾ ഇക്കാ.
    മനോഹരമായി വിവരിച്ചു.
    ആശംസകൾ !

    ReplyDelete
  21. നല്ല ചിന്തകള്‍!

    ReplyDelete
  22. ആ വരികള്‍ കേട്ടതിനുശേഷം ഞങ്ങളില്‍ ആരെങ്കിലും ചിന്തിച്ചു തുടങ്ങിയെങ്കില്‍ , തന്നോടും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും ചെയ്യുന്ന ചെയ്യുന്ന തെറ്റുകളില്‍ നിന്നും ഒരാളെങ്കിലും അല്‍പ്പം മാനസാന്തരപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ആ വരികളും ഒരു പ്രാര്‍ഥനയാകുന്നു.


    നല്ല ചിന്തകൾക്കൊപ്പം കുറച്ച് നേരം സഞ്ചരിച്ചു... മത്രുകാപരം..

    ReplyDelete
  23. waitng for your new post .. please publish " കബര്‍ സ്ഥാനിലെ കല്ല്‌ :)

    ReplyDelete
  24. പഴയ വസ്ത്രങ്ങളും മദ്യത്തിന്റെയും മറ്റും കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടക്കമുള്ള ചപ്പുചവറുകള്‍ വന്നു നമ്മുടെ വയലുകള്‍ നിറഞ്ഞു. പളുങ്കുവെള്ളം ഒഴുകിയിരുന്ന തോടുകളിലൂടെ ഖരമാലിന്യങ്ങള്‍ കുത്തിയൊലിച്ചു. മഹാനഗരങ്ങളുടെ സര്‍വ്വ സംഭാവനകളും വഹിച്ചുകൊണ്ട് നമ്മുടെ പുഴകള്‍ കറുത്തിഴഞ്ഞു. നമ്മുടെ വഴികള്‍ മൂക്കുപൊത്താതെ നടക്കാന്‍ വയ്യാത്ത വയ്യാവേലികളുമായി നീണ്ടു കിടന്നു.

    ഇതില്‍ നിന്നു ഒരു മോചനം ഇനി ഉണ്ടാവുമോ?

    ReplyDelete


Powered by Blogger.