മരപ്പെയ്ത്ത്

 
ളർന്നു പന്തലിക്കുന്നുണ്ട്,
ചില തള്ളപ്പൂമരങ്ങള്‍ .
തളിരിലകളിലൂടരിച്ചുകയറിയും    
ശിരോസിരകളില്‍ തുളച്ചുകയറിയും    
സഹനങ്ങളില്‍ നിറയുന്ന     
ഋതുഭേദസങ്കടങ്ങളില്‍ .  
                                                         
പുലർന്നു കൊണ്ടേയിരിക്കുന്നു,  
മഴപ്പകലുകളാണെങ്കിലും 
പനിപ്പകലുകളാണെങ്കിലും
പിറന്നുപോയവര്‍ക്ക് വേണ്ടി
പുലര്‍ന്നു കൊണ്ടിരിക്കുന്നു,          
പൂവിരിയും ലാഘവത്തോടതില്‍          
പുതിയ പുതിയ പകലുകള്‍ . 
                                                     
കാറ്റടിച്ചുഴലുമ്പോഴും 
കേട്ടുകൊണ്ടിരിക്കുവാന്‍    
വിങ്ങുമകക്കാടുകൾക്കുള്ളില്‍             
വിളഞ്ഞ കിളിപ്പേച്ചുകള്‍ .
 
ഓരോരോയിടങ്ങളിൽ  
ഒരോരോയിഷ്ടങ്ങളില്‍              
വാടിപ്പഴുക്കാനലിവിന്റെ   
പൂക്കളും കായ്കളും.   

അടിവേരില്‍ തൊടുന്ന                        
ചിതലിന്‍റെ വിരലിനെ                                
ഉടനീളമുണക്കുന്ന വെയിലിനെ            ‍    
മലവേടന്‍റെ മൌനപ്പെരുക്കങ്ങളെ 
അവഗണിക്കുമ്പോളാടുന്നതിൻ    
ചില്ലയിൽ ചിരിമൊട്ടുകള്‍                   

ചിന്തകളെത്ര കാടുകയറിയാലും   
മനസ്സിൻ കടിഞ്ഞാണ്‍ പൊട്ടില്ല                                
വേടിറങ്ങിയ നിലനില്‍പ്പിലും             
വേരുറച്ചതാണതിന്‍  വേദനകള്‍               
ഉതിര്‍ന്നു വീഴാന്‍  കഴിയാതെ             
നെടുവീര്‍പ്പുകളില്‍ നിറയും 
ഉള്‍വിലാപങ്ങള്‍ .  
               
പൂവും കായും കൊഴിഞ്ഞാലും          
ചില തള്ളമരങ്ങളിങ്ങനെ 
വളര്‍ന്നു പന്തലിക്കുന്നു.     
തണലുകൊണ്ടും 
നിഴലുകൊണ്ടും   
കരിയിലകള്‍ കൊണ്ടുമൊക്കെ                                  
മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു,             
മണ്‍തരികളില്‍  കിളിര്‍ത്തുവരുന്ന                
മരുഭൂമിയുടെ മര്‍മ്മരങ്ങള്‍ .                 

Post a Comment

14 Comments

  1. athe.ചില തള്ളപ്പൂമരങ്ങള്‍..
    ellam kozhinjalum swayam kozhiyathe..puthappu nalki, kuda nalki, angane..

    ReplyDelete
  2. വേടിറങ്ങിയ നിലനില്‍പ്പിലും
    വേരുറച്ചതാണതിന്‍ വേദന
    നന്നായി....

    ReplyDelete
  3. തള്ളമരങ്ങള്‍, തണലും ജീവനും പകര്‍ന്ന് പകര്‍ന്നങ്ങിനെ...

    ReplyDelete
  4. പൂവും കായും കൊഴിയുമ്പോള്‍, വേരിടറുന്ന തള്ളമരങ്ങള്‍...
    വല്ലാത്ത ഒരു ഫീല്‍ ഉണ്ട് വരികളില്‍.

    ReplyDelete
  5. മരുഭൂമിക്കെതിരെ പ്രതിരോധം തീർക്കുന്ന വൃദ്ധമരങ്ങൾ-ഋതുഭേദസങ്കടങ്ങളില്‍ ആഴ്ന്നു പോകാതെ. ,മനോഹരമായി സാഹിബ്- മനസ്സിന്റെ കടിഞ്ഞാൺ പോവാതിരിക്കട്ടെ.

    ReplyDelete
  6. ശക്തമായ വരികള്‍.. ഇഷ്ടായി..

    ReplyDelete
  7. അതെ വളര്‍ന്നു പന്തലിക്കുന്നുണ്ട് ,ചില തള്ളപ്പൂമരങ്ങള്‍ ...മഴപ്പകലുകലുകളാണെന്കിലും...
    ഓരോ വരികളും കോരിത്തരിപ്പിക്കുന്നു-കവിതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് ...
    ആഗ്രഹിക്കുന്നു -ഇതുപോലെ എനിക്കും കഴിഞ്ഞിരുന്നുവെങ്കില്‍ !!

    ReplyDelete
  8. തള്ളമരങ്ങൾ സഹനത്തിന്റെ മരങ്ങളല്ലേ...അവ പെയ്തിടും കാരുണ്യത്തിന്റെ ഇറ്റുകൾ.

    ReplyDelete
  9. തളരാതെ നിലകൊള്ളുന്ന ചില തള്ളപ്പൂമരങ്ങള്‍. കവിത അസ്സലായി.

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. നിലനില്‍പ്പിന്റെ സമരമാണോരോജീവിതവും....
    ആശംസകള്‍...

    ReplyDelete
  12. ഈ ജീവിത വീക്ഷണത്തെ, എഴുത്തിനെ നമിക്കുന്നു. മരം മൂടാന്‍ ശ്രമിക്കുന്ന മരുഭൂമിയുടെ മര്‍മ്മരങ്ങള്‍.

    ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും..