Menu
കവിതകള്‍
Loading...

കാറ്റിനെപ്പോലൊരു വാക്ക്‌


കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ !
കാടും കടലും തഴുകി വന്നെത്തുന്ന 
പുലരിയുടെ തെളിവോടെ
പൂക്കളുടെ അഴകോടെ
കിളികളുടെ മൊഴിയോടെ
അരുവിയുടെ കുളിരോടെ
അലകളുടെ ചിരിയോടെ 
ഒരു നവരസ സുമനസ വചനം.

കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ 
കാടിനെ തൊട്ടു വിളിച്ചുണര്‍ത്താം.
കടലിനെ മടിയില്‍  പിടിച്ചിരുത്താം.
മലയുടെ നെറുകയില്‍ ഉമ്മ വക്കാം.
പുഴയുടെ പാട്ടിന് ചുവടുവക്കാം.
മഴയുടെ കൊലുസിന് താളമിടാം.

കാറ്റിനെപ്പോലൊരു വാക്കാവണം
കടിഞ്ഞാണിട്ടാലത് കാറ്റാവണം.
കയറു പൊട്ടിച്ചാല്‍‍ കടലാവണം.
കാറില്‍പറക്കുമ്പോള്‍ മഴയാവണം.
കരയിലിറങ്ങുമ്പോള്‍ കഥയാവണം.

കാറ്റിനെപ്പോലൊരു വാക്ക്..
ആ വാക്കിന് വാളിന്റെ മൂര്‍ച്ച വേണം
വായ്ത്തല നേരിന്‍റെ നിറവാകണം
വാക്കില്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ 
വന്മരങ്ങള്‍ പൊട്ടിവീഴുമ്പോള്‍
കാടും മലയും  പുഴയും  വെളുപ്പിച്ചു
നാടും നഗരവും നക്കിച്ചുവപ്പിച്ചു
രാജയോഗങ്ങളാഘോഷിച്ചു വാഴുന്ന
രാവണ,രാക്ഷസ ജന്മങ്ങള്‍ വാക്കിന്‍റെ
താരപ്രഭയില്‍ മനുഷ്യരായ്‌ത്തീരണം.

കാറ്റിനെപ്പോലുള്ളില്‍ വാക്കുണ്ടെങ്കില്‍ 
കാടിന്റെയുള്ളിലെ തീയടങ്ങും 
മഴയുടെയുള്ളിലെ മഞ്ഞടങ്ങും  
മലയുടെയുള്ളിലെ കൊതിയടങ്ങും 
പുഴയുടെയുള്ളിലെ ചതിയടങ്ങും  
കടലിന്റെയുള്ളിലെ കലിയടങ്ങും
പകലിന്റെയുള്ളിലെ പകയടങ്ങും.‍  
പരിവേഷമണിയുന്ന പുലരികളില്‍ ഭൂമി
പുതുലോക വാഴ്ച്ചയില്‍ ആനന്ദിക്കും.

കാറ്റിനെപ്പോലൊരുവാക്കുണ്ടെങ്കില്‍
നാക്കിലെപ്പോഴും ആ വാക്കുണ്ടെങ്കില്‍ 
ഒരു പുലര്‍ക്കാറ്റ്  മുഖത്തുണ്ടാവും
ഒരു പൂനിലാവിന്റെ ചിരിയുണ്ടാകും
ഒരു മഴവില്ലിന്റെ നിറമുണ്ടാവും
ഒരു പൂക്കാലത്തിന്‍ മണമുണ്ടാവും
ഒറ്റ മനസ്സിന്‍ കരുത്തുണ്ടാവും.

കാറ്റിനെപ്പോലൊരു വാക്ക്..
















‍ 
Post Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

25 comments :

  1. കാറ്റിനെപ്പോലൊരു വാക്ക്..

    വാചാലം, മനോഹരം !!!

    ReplyDelete
  2. അതിമനോഹരം മുഹമ്മദ്‌ ഭായ്.
    എന്ത് ഭംഗി ഓരോ വരികള്‍ക്കും.
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. വളരെയിഷ്ടമായി.

    കാറ്റിനൊരു നാവുമുണ്ടായിരുന്നെങ്കിലോ
    നാട്ടിൽ വിളയുന്നത്‌ നന്മ മാത്രം.

    ആശം സകൾ

    ReplyDelete
  4. മധുരമൊരു കുളിര്‍ കാറ്റിന്റെ സുഖദമൊരീണം കരളിളിലാരോ മീട്ടുന്ന പോലെ.സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ് നല്‍ വാക്ക് .നമയുടെ സുഗന്ധ ഹര്‍ഷം വീശുന്ന കുളിര്‍ കാറ്റാണ് ഇവിടെ ,കവി മൊഴി.അത് പുഴയേയും പൂക്കളേയും,മലയെയും കടലലകളേയും ...തഴുകിത്തഴുകി പൂനിലാവിന്റെ ചിരി തൂകുന്നു.മാരിവില്ലിന്റെ ചാരുത കൊലുന്നു.വസന്തര്‍ ത്തുവിന്റെ സൗരഭ്യം വിതറുന്നു...!
    ഇവിടെ ഓര്‍മയിലേക്ക് ഓടിവരുന്നു ,നല്ല വാക്കിന്റെ വിശുദ്ധമായ അരുള്‍ പൊരുളുകള്‍ ....
    പ്രിയ കവിക്ക്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. കാറ്റിനെപ്പോലൊരുവാക്കുണ്ടെങ്കില്‍
    നാക്കിലെപ്പോഴും ആ വാക്കുണ്ടെങ്കില്‍

    ReplyDelete
  6. കാറ്റിനെപ്പോലൊരു വാക്കാവണം
    കടിഞ്ഞാണിട്ടാലത് കാറ്റാവണം.
    കയറു പൊട്ടിച്ചാല്‍‍ കടലാവണം.
    കാറില്‍പറക്കുമ്പോള്‍ മഴയാവണം.
    കരയിലിറങ്ങുമ്പോള്‍ കഥയാവണം.

    ReplyDelete
  7. ഇത് കാറ്റത്തെ വാക്കാകാതിരുന്നെങ്കില്‍ :)

    ReplyDelete
  8. ഓരോ വരിയും മനോഹരം ..
    നന്നായി ഭായ്.

    ReplyDelete
  9. വാക്ക്‌ കാറ്റാകാതെ
    കാറ്റ് വാക്കാക്കാന്‍ നോക്കാം അല്ലെ.
    രസായിരിക്കുന്നു.

    ReplyDelete
  10. തിരയൂ സുഹൃത്തേ. കണ്ടെത്തിയാല്‍ അറിയിക്കൂ. ഞങ്ങളും ആ പുതുലോകവാഴ്ചയില്‍ പങ്കുചേരാം.

    ReplyDelete
  11. എന്ത് പറയേണ്ടു !
    ഞാന്‍ എന്ത് പറഞ്ഞാലും ഈ എഴുത്തിന്‌ ശരിയായ ഒരു നിരൂപണം ആവില്ല .
    ഭാവുകങ്ങള്‍ .

    ReplyDelete
  12. മുഹമ്മദ്‌ ഭായ് കവിത നന്നായി .

    ReplyDelete
  13. വളരെ നല്ല കവിത നല്ല ശൈലി,ലിപികള്‍ ... നന്നായിടുണ്ട് .............ആശംസകള്‍

    ReplyDelete
  14. ചിന്തയാകുന്ന കാറ്റില്‍ വന്ന നല്ല വരികള്‍ ഇഷ്ടമായി ചെറിയാക്ക ..ആശംസകള്‍

    ReplyDelete
  15. കാറ്റിനെപോലൊരു വാക്കുണ്ടാവോ മാഷേ...
    ഉണ്ടാവട്ടെ...
    ആശംസകൾ.

    ReplyDelete
  16. കാത്തിരിപ്പിനൊരു കൂട്ടിരിക്കാന്‍
    കാറ്റിനെപ്പോലും തടയുന്നതെന്താവണം..?
    പുതുമണ നിരാസത്തില്‍
    ശ്വാസമെടുപ്പു തന്നെയുമസഹ്യം.!

    ReplyDelete
  17. നന്മകളിലേക്ക് നയിക്കുന്ന വാക്കുകള്‍ ..കവിതയും ഏറെ ഇഷ്ടായി ട്ടോ..ആശംസകള്‍ ..

    ReplyDelete
  18. കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍
    കാടിനെ തൊട്ടു വിളിച്ചുണര്‍ത്താം.
    കടലിനെ മടിയില്‍ പിടിച്ചിരുത്താം.
    മലയുടെ നെറുകയില്‍ ഉമ്മ വക്കാം.
    പുഴയുടെ പാട്ടിന് ചുവടുവക്കാം.
    മഴയുടെ കൊലുസിന് താളമിടാം.


    എത്ര മനോഹരമായ വരികള്‍.

    ReplyDelete
  19. നാമെല്ലാം അങ്ങനെ ഒരു വാക്കിനെ കൊതിക്കുന്നു. അങ്ങനെ ഒരു വാക്കാകാന്‍, അല്ല കാറ്റാകാന്‍.

    ReplyDelete
  20. കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ !
    നല്ലവരികള്‍............

    ReplyDelete
  21. പറന്നു പോയ വാക്ക് ?

    ReplyDelete
  22. ഇതുപോലെ ചിന്ത നിറയും മനസ്സുണ്ടെങ്കില്‍ ഞാന്‍ ഒരു കവിയായി മാറിയെനേം
    നല്ല വരികള്‍ ഇഷ്ടമായി

    ReplyDelete
  23. കാറ്റ് - എത്താത്ത സ്ഥലമില്ല, തലോടാത്ത വസ്തുക്കളില്ല, സര്‍വവ്യാപി. അതുപോലെയാണ് വാക്ക്/വാക്കുകള്‍ എങ്കില്‍.... എന്തൊരു ഭാവന...

    ReplyDelete
  24. വളരെ ഇഷ്ട്ടമായി... കാറ്റിനെ പോലൊരു വാക്ക് .... നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  25. കാറ്റിനെപ്പോലെ............
    ആശംസകള്‍

    ReplyDelete


Powered by Blogger.